News

ഹെല്‍ത്തി ഡ്രിങ്ക്സ് വിപണിയിലേക്ക് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ്

നേച്ചറഡ്ജ് ബിവറേജസില്‍ മുഖ്യ ഓഹരി പങ്കാളിത്തം നേടിയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ആരോഗ്യ-ഹെര്‍ബല്‍ പാനീയ രംഗത്തേക്ക് കടന്നിരിക്കുന്നത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) എഫ്എംസിജി വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് (ആര്‍സിപിഎല്‍), നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭത്തിലൂടെ പുതിയ ചുവട് വെക്കുന്നു. നേച്ചറഡ്ജിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുത്തുകൊണ്ടാണ് അതിവേഗം വളരുന്ന ആരോഗ്യ പാനീയ മേഖല(ഹെല്‍ത്തി ഫംഗ്ഷണല്‍ ബെവറേജസ്)യിലേക്ക് റിലയന്‍സ് പ്രവേശിച്ചിരിക്കുന്നത്. സംയുക്ത സംരംഭത്തിലൂടെ, ഉപഭോക്താക്കള്‍ക്ക് വിവിധതരം ഹെര്‍ബല്‍-പ്രകൃതി പാനീയങ്ങള്‍ ലഭ്യമാക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഒരു സമഗ്ര ബിവറേജസ് കമ്പനിയെന്ന തലത്തില്‍ സാന്നിധ്യം അരക്കിട്ടുറപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആയുര്‍വേദ ഉല്‍പ്പന്ന നിര്‍മ്മാണ സംരംഭങ്ങളിലൊന്നായ ബൈദ്യനാഥ് ഗ്രൂപ്പില്‍ നിന്നുള്ള മൂന്നാം തലമുറ സംരംഭകനായ സിദ്ധേഷ് ശര്‍മ്മ 2018-ല്‍ സ്ഥാപിച്ച കമ്പനിയാണ് നേച്ചറഡ്ജ് ബിവറേജസ്. ഇന്ത്യന്‍ ആയുര്‍വേദത്തിന്റെയും ആധുനിക പാനീയങ്ങളുടെയും ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. കമ്പനിയുടെ പതാകവാഹക ഉല്‍പ്പന്നമായ ‘ശുന്യ’, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയിരുന്നു. സീറോ-ഷുഗര്‍, സീറോ കലോറി ഡ്രിങ്കെന്ന നിലയിലാണ് ശൂന്യ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹെര്‍ബ് അധിഷ്ഠിത ബിവറേജാണ് ശൂന്യ. അശ്വഗന്ധ, ബ്രഹ്‌മി, ഖുസ്, കൊകം, ഗ്രീന്‍ ടീ തുടങ്ങിയ ഇന്ത്യന്‍ സൂപ്പര്‍ ഹെര്‍ബുകള്‍ അടങ്ങിയ പാനീയമാണ് ശൂന്യ.

‘ആയുര്‍വേദത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആരോഗ്യ കേന്ദ്രീകൃത ഫംഗ്ഷണല്‍ പാനീയങ്ങള്‍ ചേര്‍ത്തുകൊണ്ട് ഞങ്ങളുടെ ബിവറേജസ് പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്ന ഈ സംയുക്ത സംരംഭം പ്രഖ്യാപിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്,’ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കേതന്‍ മോദി പറഞ്ഞു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍, ആരോഗ്യ ബോധമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ ശുന്യ വ്യാപകമായ ശ്രദ്ധ നേടിയിട്ടുണ്ട്, കാരണം ഇത് സമകാലിക ഫോര്‍മാറ്റുകളില്‍ ഔഷധസസ്യങ്ങളുടെ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

‘ആര്‍സിപിഎല്ലുമായുള്ള പങ്കാളിത്തം, ഉപഭോക്താക്കളില്‍ ശൂന്യയുടെ അതിവേഗം വളരുന്ന സ്വീകാര്യതയുടെ തെളിവാണ്. ഉന്മേഷദായകവും രസകരവുമായ ഹെര്‍ബല്‍-നാച്ചുറല്‍ ഫംഗ്ഷണല്‍ പാനീയങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം മനസിലാക്കി, ദേശീയ ബ്രാന്‍ഡായി ശൂന്യയെ മാറ്റുന്നതിന് ഈ പങ്കാളിത്തം സഹായിക്കും. ആര്‍സിപിഎല്ലിന്റെ വിശാലമായ വിതരണ ശൃംഖലയിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ശൂന്യ ലഭ്യമാക്കും,’ നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സിദ്ധേഷ് ശര്‍മ്മ പറഞ്ഞു.

കാമ്പ, കാമ്പ എനര്‍ജി, റാസ്‌കിക് തുടങ്ങിയ പ്രധാന ബിവറേജസ് ബ്രാന്‍ഡുകളുടെ ഏറ്റെടുക്കലുകളിലൂടെ ഈ രംഗത്ത് സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. ഇതിനോടൊപ്പം ശൂന്യയുടെ ഏറ്റെടുക്കല്‍ കൂടി ആകുന്നതോടെ സമ്പൂര്‍ണ ബിവറേജസ് കമ്പനിയെന്ന തലത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള പദ്ധതികളിലാണ് ആര്‍സിപിഎല്‍.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top