100 WOMEN ENTREPRENEURS

വെറും സൂചിയും നൂലും കൊണ്ട് ബ്ലെസ്സി നേടുന്നത് 15000 രൂപ!

ഇഴകള്‍ എന്നപേരില്‍ ആരംഭിച്ച സംരംഭത്തിന് കരണമായതും അവന്‍ തന്നെ, കൊറോണ!

കൊറോണ വൈറസ് വ്യാപനം മൂലം പലര്‍ക്കും ജോലി നഷ്ടമായ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് സ്വന്തം സ്വംരംഭം കെട്ടിപ്പടുത്ത വ്യക്തിയാണ് ചാലക്കുടി സ്വദേശിനിയായ ബ്ലെസ്സി രാജേഷ്.

Advertisement

വര്‍ഷങ്ങളായി കുടുംബവുമൊത്ത് ബഹറിനില്‍ സ്ഥിര താമസമാക്കിയ ബ്ലെസി ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരവെയാണ് സ്വന്തം സ്ഥാപനം എന്ന ആശയം ജനിക്കുന്നത്. വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട ബിസിനസുകള്‍ ചെയ്യാനായിരുന്നു തുടക്കം മുതല്‍ക്കുള്ള ആഗ്രഹം.

ആയിടയ്ക്കാണ് ബന്ധുവിന്റെ കല്യാണാവശ്യവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് എത്തുന്നത്. ആ കല്യാണത്തിനായി ബ്ലെസ്സി സ്വന്തമായി ത്രെഡ് വര്‍ക്ക് ചെയ്ത വസ്ത്രമാണ് ധരിച്ചത്. കണ്ടവരെല്ലാം എംബ്രോയ്ഡറിയില്‍ ബ്ലെസ്സിക്കുള്ള കഴിവിനെ പുകഴ്ത്തി. എന്നാല്‍ അപ്പോഴൊന്നും തന്നെ എംബ്രോയ്ഡറിയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തുടങ്ങുന്നതിനെപ്പറ്റി ബ്ലെസ്സി ചിന്തിച്ചു പോലുമില്ല. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍, കസ്റ്റമൈസ്ഡ് എംബ്രോയ്ഡറി വര്‍ക്കുകള്‍ വസ്ത്രങ്ങളില്‍ ചെയ്താലോ എന്ന് തോന്നി. അടുത്ത ബന്ധുവുമായി ചേര്‍ന്ന് അത്തരത്തിലുള്ള ഒരു സ്ഥാപനത്തിന് മനസ്സില്‍ രൂപം നല്‍കി.

എന്നാല്‍ കല്യാണമെല്ലാം കഴിഞ്ഞു തിരികെ ബഹറിനില്‍ എത്തിയപ്പോഴേക്കും കൊറോണ മൂലം ലോക്ക് ഡൌണ്‍ ആയി. അങ്ങനെയാണ് ഹൂപ്പ് എംബ്രോയ്ഡറി അല്ലെങ്കില്‍ പോര്‍ട്രൈറ്റ് എംബ്രോയ്ഡറി എന്നതില്‍ കൈവയ്ക്കുന്നത്. മുന്‍പും സുഹൃത്തുക്കള്‍ക്കായി ഇത്തരത്തിലുള്ള പോര്‍ട്രെയ്റ്റുകള്‍ ചെയ്ത് സമ്മാനമായി നല്‍കുമായിരുന്നു. എന്നാല്‍ കൊറോണക്കാലത്ത് ത്രെഡ് പോര്‍ട്രൈറ്റ് എന്ന രീതിയില്‍ ഇതിനെ ബിസിനസ് ആക്കി മാറ്റുകയായിരുന്നു ബ്ലെസ്സി.

സുഹൃത്തായ സന്ധ്യ രാധാകൃഷ്ണനാണ് ഹോബിക്കായി ചെയ്തിരുന്ന എംബ്രോയ്ഡറി വര്‍ക്കുകളുടെ ബിസിനസ് വശത്തെപ്പറ്റി ബ്ലെസ്സിയെ പറഞ്ഞു മനസിലാക്കിയത്. തുടര്‍ന്ന് ഇഴകള്‍ എന്ന പേരില്‍ ത്രെഡ് പോര്‍ട്രൈറ്റ് വര്‍ക്കുകള്‍ ആരംഭിക്കുകയായിരുന്നു. കൊറോണ മൂലം ലോക്ക് ഡൌണ്‍ ആയതും മക്കള്‍ക്ക് സ്‌കൂള്‍ അടച്ചതുമെല്ലാം മൂലം ധാരാളം സമയം ഫ്രീ ആയി ലഭിച്ചതോടെയാണ് ഇഴകള്‍ ബിസിനസ് എന്ന രീതിയില്‍ പച്ച പിടിച്ചത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ വഴിയാണ് പ്രധാന മാര്‍ക്കറ്റിങ് നടക്കുന്നത്. ഓരോ വര്‍ക്കുകള്‍ തീരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും. പോസ്റ്റ് വന്ന് അധികം താമസിയാതെ പുതിയ ഓര്‍ഡറുകളും ലഭിക്കും. നിലവില്‍ ജോലി ഉള്ളതിനാല്‍ സൈഡ് ബിസിനസ് എന്ന നിലയ്ക്കാണ് ഇഴകള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ദിവസത്തില്‍ രണ്ടു മണിക്കൂര്‍ ആണ് ഇഴകള്‍ക്കായി നിലവില്‍ ബ്ലെസ്സി മാറ്റി വയ്ക്കുന്നത്. പ്രതിമാസം ശരാശരി 15000 രൂപയാണ് ഇതില്‍ നിന്നും ബ്ലെസ്സിക്ക് വരുമാനമായി ലഭിക്കുന്നത്.
കൊറോണ മൂലം ആദ്യം പ്ലാന്‍ ചെയ്ത ടെക്‌സ്‌റ്റൈല്‍ ബിസിനസ് നടന്നില്ല എങ്കിലും നിലവില്‍ ചെയ്യുന്ന ത്രെഡ് പോര്‍ട്രൈറ്റ് മേക്കിംഗില്‍ ബ്ലെസ്സി ഏറെ സന്തോഷവതിയാണ്.

കുടുംബത്തിലെ വ്യക്തികളുടെ ഫോട്ടോകള്‍ ഒരേ തുണിയില്‍ തുന്നിയെടുത്ത അതൊരു ഫാമിലി ഫോട്ടോയാക്കി മാറ്റുന്നതില്‍ വിദഗ്ദയാണ് ബ്ലെസ്സി. ഈ കഴിക്ക തന്നെയാണ് ബ്ലെസ്സി രാജേഷ് എന്ന പോര്‍ട്രൈറ്റ് എംബ്രോയ്ഡറി ആര്‍ട്ടിസ്റ്റിന്റെ വിജയവും.ഇഴകളിലില്‍ തന്നെ സംഗീതവും തുന്നി ചേര്‍ക്കുന്നുണ്ട് ബ്ലെസ്സി. ഇത് പ്രകാരം ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ മൊബൈലില്‍ പാട്ട് പ്രസ്തുത കേള്‍ക്കാനുള്ള അവസരവും ഉണ്ട്.

ഓരോ വര്‍ക്കും കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതിലാണ് ബ്ലെസ്സി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. കൊറോണ മാറിയാലും ത്രെഡ് പോര്‍ട്രെയ്റ്റുമായി മികച്ച രീതിയില്‍ മുന്നോട്റ്റ് പോകുക എന്നതാണ് ബ്ലെസ്സി പദ്ധതിയെടുന്നത്. ഭാവിയില്‍ ജോലിയില്‍ നിന്നും വിരമിക്കുമ്പോഴേക്കും ഇത് മികച്ച വരുമാനമാര്‍ഗമാക്കുക എന്നതാണ് പദ്ധതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top