BUSINESS OPPORTUNITIES

സൂക്ഷ്മസംരംഭകന്റെ കാലം

ഓരോ സംരംഭവും ഓരോ കലാസൃഷ്ടിയാണ്. നീളവും മട്ടവും വട്ടവും കൃത്യമായി കുറിച്ചെടുത്ത ഇതിവൃത്തത്തിന് അനുസരിച്ച് നാല് കോണിലും മകാര് ചേര്‍ത്ത് ചിന്തേരിട്ട് മിനുക്കി അരികും വക്കും ഉരുട്ടിയെടുത്ത് പണിക്കുറ്റം തീര്‍ത്ത ഒരു കൈക്കുറ്റപ്പാട്

കോവിഡാനന്തര കാലഘട്ടം ഒരു മരീചികയായി മുന്‍തുടരുന്ന ഊഷര മരുഭൂമിയുടെ കനല്‍ച്ചൂടിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ”കോവിഡിനൊപ്പം ജീവിക്കുക”എന്നെല്ലാം കാവ്യാത്മകമായി പറയാമെങ്കിലും അതെങ്ങനെയെന്ന് പ്രായോഗികമായി ആരും മാതൃക കാണിക്കുന്നില്ല. അടച്ചിടലുകള്‍ സമ്പദ്വ്യവസ്ഥയില്‍ മാത്രമല്ല, സംരംഭകന്റെ കീശയില്‍ വരുത്തിയ തുളയും അത്രവേഗം തുന്നിച്ചേര്‍ക്കാവുന്നതല്ല. സംരംഭം എത്രത്തോളം വലുതാണോ, തുളയും തദനുസൃതമായി വലുതായി, ഒടുവില്‍, തുള കാരണം കീശ കാണാത്ത അവസ്ഥ സംജാതമാവുന്നുണ്ട്.

Advertisement

ഇവിടെയാണ് സൂക്ഷ്മസംരംഭകന്റെ പ്രസക്തി. എല്ലാ കാര്യങ്ങളും സ്വയം നിര്‍വഹിക്കുന്ന, അല്ലെങ്കില്‍, തന്നോടൊപ്പം പരമാവധി ഒന്നോ രണ്ടോ സഹായികളെ മാത്രം നിയോഗിക്കുന്ന സംരംഭകനെയാണ് സൂക്ഷ്മസംരംഭകന്‍ എന്ന സംജ്ഞ കൊണ്ട് ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്. സേതുവിന്റെ പണ്ടത്തെ ഒരു കഥയില്‍ അഞ്ചടിയില്‍ കൂടുതല്‍ ഉയരം വരാതിരിക്കുവാന്‍ വേണ്ടി ചന്ദനമുട്ടി കൊണ്ട് തലമുതല്‍ താഴോട്ട് ഉഴിയുന്ന ഒരു കഥാപാത്രമുണ്ട്.

വളരാതിരിക്കുന്നതില്‍, അതുപോലെ, വലു
താവാത്തതില്‍ ആത്മസന്തോഷം നുകരുന്ന ആളല്ല, മറിച്ച്, ചെറുതായിരിക്കുന്നതില്‍ ആത്മസംതൃപ്തി നേടുന്ന സംരംഭകന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. വലിയ മോഹസങ്കല്‍പങ്ങളെക്കാള്‍ അയാളെ ഹഠദാകര്‍ഷിക്കുന്നത് ചെറുതിന്റെ കയ്യടക്കവും മനോഹാരിതയുമാണ്. വലുതാവുമ്പോഴുണ്ടാകാമാവുന്ന വലയും വണ്ടിയും അയാളെ അലോസരപ്പെടുത്തുന്നുമുണ്ട്.

വലിയ കച്ചവടത്തില്‍ എവിടെ നോക്കിയാലും അപകടസാധ്യതകള്‍ ആണ് ആദ്യം കാണുക. റിസ്‌ക് ലഘൂകരിച്ച് ലഘൂകരിച്ച് ഊതിക്കാച്ചിയാലേ അവസരങ്ങളെ ഉപ
യോഗപ്പെടുത്തുവാനാവൂ. കാര്‍ ഓടിക്കുന്നവന് റോഡിന്റെ വീതിയും കിടപ്പും വളവും മറ്റ് ഒരുപാട് കാര്യങ്ങളും ശ്രദ്ധിച്ച് വേണം മുന്നോട്ട് പോകാന്‍. ട്രക്ക് ഓടിക്കുന്നവന് കുറേക്കൂടി അധികം കാര്യങ്ങള്‍ നോക്കണം. അവന്‍ കാര്‍ ഡ്രൈവറെക്കാള്‍ കൂടുതല്‍ റിസ്‌ക് എടുത്താണ് വാഹനം ഡ്രൈവ് ചെയ്യുന്നത്.

വിമാനം പറത്തുന്ന പൈലറ്റ് അതിലുമൊക്കെ എത്രയോ അപകടസാധ്യതകള്‍ കണ്ടറിഞ്ഞ് ഒഴിവാക്കിയാണ് ആ സാഹസജോലി ചെയ്യുന്നത്. എന്നാല്‍ ഒരു സൈക്കിള്‍ സവാരിക്കാരന് ഏതിലേയും പോകാം, എവിടെയും നിര്‍ത്താം. ഒന്നും പറ്റിയില്ലെങ്കില്‍ സൈക്കിള്‍ കയ്യിലെടുത്ത് നടക്കാം.

ഈ ലാളിത്യമാണ് സൂക്ഷ്മസംരംഭകന് അനുഗ്രഹമാവുന്നത്. അയാള്‍ എവിടെ നോക്കിയാലും അവസരങ്ങളാണ് കാണുക; അവസരങ്ങള്‍ മാത്രം. അപകടസാധ്യതകള്‍ അല്ല. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ജീവിതമില്ല. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും കടന്നുപോകുന്നത് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച്, അവയെ തരണം ചെയ്താണ്. വലിയ സംരംഭകന്‍ ഒന്നിലധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ബിസിനസുകള്‍ സൃഷ്ടിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. എത്രയും പെട്ടെന്ന് സംരംഭത്തെ വളര്‍ത്തി വിപുലപ്പെടുത്താനുള്ള തത്രപ്പാട് പ്രയാണത്തിനിടിയില്‍ അവനെ തട്ടിത്തെറിപ്പിക്കുവാന്‍ ശ്രമിക്കാത്ത ആകസ്മിതകള്‍ ഇല്ല. അവന് തട്ടിത്തെറിപ്പിക്കേണ്ടി വരുന്ന തടസ്സങ്ങളും എണ്ണമറ്റതാണ്.

ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അളക്കാനാവാത്ത നഷ്ടം വരുത്തുന്ന സ്ഥിരസ്വഭാവച്ചെലവുകള്‍ ഉള്ളവന്റെ ചുമലില്‍ ഒരു മാസത്തെ ലോക്ക്ഡൗണ്‍ എടുത്തുവച്ചാലുള്ള അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. എന്നാല്‍ സൂക്ഷ്മസംരംഭകന്‍ സൂക്ഷ്മജീവിയാണ്; അവന്റെ സ്വപ്നങ്ങളെപ്പോലെ തന്നെ അവന്റെ പ്രശ്‌നങ്ങളും ചെറുതാണ്. പരിഹാരക്രിയകള്‍ തുലോം ലളിതവും. ലോക്ക്ഡൗണ്‍ കാലത്ത് അവന് വരുമാനനഷ്ടം ഉണ്ടാവും. എന്നാല്‍ കൈനഷ്ടം ഉണ്ടാവില്ല. അഥവാ വാടക, കറന്റ് ചാര്‍ജ്ജ് തുടങ്ങി ചില ഇനങ്ങളാല്‍ കൈനഷ്ടം വന്നാലും തീരെ ചെറിയ ഷോക്ക് മാത്രമേ അവ നല്‍കുകയുള്ളൂ.

സൂക്ഷസ്വഭാവിയല്ലാത്ത കച്ചവടങ്ങള്‍ പൊതുവില്‍ വാര്‍പ്പ് മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റയാള്‍ ചായക്കടകള്‍ പലരൂപത്തില്‍ കാണാമെങ്കിലും റസ്റ്ററന്റുകള്‍ നോക്കൂ, അവയ്ക്ക് ഭാരതമൊട്ടാകെ ഏകദേശം ഏകച്ഛായയാണ്. പക്ഷേ, സൂക്ഷ്മസംരഭകര്‍ അവരുടെ ബിസിനസ്സ് നടത്തുന്ന രീതി ഓരോരുത്തരുടെയും സവിശേഷമായ രീതിയിലാണ്; ഓരോ സൂക്ഷ്മസംരംഭകനും വ്യത്യസ്തനാണ്, അനുപനാണ്. അവര്‍ തമ്മിലുള്ള സാദൃശ്യമേഖലകള്‍ അവര്‍ എല്ലാവരും ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നു, അവര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്, എന്ന് മാത്രമല്ല അവര്‍ എല്ലായ്‌പ്പോഴും പരമാവധി ഉല്‍പാദനക്ഷമതയോടെ തുടരണമെന്ന് നല്ലപോലെ സ്വയം ബോദ്ധ്യമുള്ളവരുമാണ് എന്നിവ മാത്രമാവും.

എന്തുകൊണ്ടാണ് നാട്ടില്‍ പാര്‍ട്ണര്‍ഷിപ്പ് സംരംഭങ്ങള്‍ ഇത്രയധികം എന്ന് ആലോചിച്ചിട്ടുണ്ടോ? ഒറ്റയ്ക്ക് പോകാനുള്ള പേടി കൊണ്ടാണത്. പണ്ടാരാണ്ട് പറഞ്ഞപോലെ, ”പേടിയുള്ളവര്‍ എനിക്ക് ചുറ്റും നില്‍ക്കുക” എന്ന തത്വം. എന്നാല്‍, ഒറ്റയ്ക്ക് തുഴയുന്നവനാണ് സൂക്ഷ്മസംരംഭകന്‍. അവന് തുണ വേണ്ട. കൊതുമ്പുവള്ളക്കാരന് വള്ളപ്പാടകലം കണക്കാക്കാന്‍ പ്രയാസമില്ല. കാറ്റും കോളും നിറഞ്ഞ കടലിലല്ല അവന്റെ ജീവിതനൗക. അത് കരയോരം കാണുന്ന പ്രശാന്തസാന്ദ്രമായ ചെറുവെള്ളത്തിലാണ്. നോക്കിയാല്‍ കരകാണുന്ന ദൂരം താണ്ടുവാന്‍ അവന്റെ കൈത്തണ്ടിനും തുഴത്തണ്ടിനും കെല്‍പുണ്ട്. ഒരു കൂവ്വല്‍പ്പാടകലത്തിലേ അവന്റെ പ്രയാണമുള്ളൂ; ഒരു തുഴപ്പാടിനപ്പുറം അവന്‍ കൈ വീശില്ല. അതാണ് അവന്റെ ശക്തിയും.

ഓരോ സംരംഭവും ഓരോ കലാസൃഷ്ടിയാണ്. നീളവും മട്ടവും വട്ടവും കൃത്യമായി കുറിച്ചെടുത്ത ഇതിവൃത്തത്തിന് അനുസരിച്ച് നാല് കോണിലും മകാര് ചേര്‍ത്ത് ചിന്തേരിട്ട് മിനുക്കി അരികും വക്കും ഉരുട്ടിയെടുത്ത് പണിക്കുറ്റം തീര്‍ത്ത ഒരു കൈക്കുറ്റപ്പാട്. നാലാള് കണ്ടാല്‍ നല്ലതേ പറയാവൂ. സംരംഭം വലുതായാല്‍ കോണളവുകള്‍ ചാര്‍ത്തനുസരിച്ച് അത്ര കൃത്യമായി മരം കോര്‍ക്കാന്‍ ആവില്ല. സൃഷ്ടിയിലെ ഏങ്കോണിപ്പുകള്‍ കാഴ്ചക്കാരന്‍ അറിയാതെ പോയാലും വിശ്വകര്‍മ്മന് മനസ്സില്‍ തട്ടി നൊമ്പരമായി നീറിക്കത്തും. ജീവിതത്തിന്റെ ആഘോഷത്തിമിര്‍പ്പുകളാണ് ആ ഗൂഢാഗ്‌നിയില്‍ നീറി മരിക്കുന്നത്. സൂക്ഷ്മസംരംഭകന്‍ പണിയുന്ന കട്ടിളയും വാതിലും തമ്മാമ്മില്‍ ചെത്തവും ചൂരും ചോരാതെ ചേര്‍ക്കാനാവും. എന്ന് കരുതി, സംരംഭകന്‍ തന്റെ സ്ഥാപനത്തിന് വളര്‍ച്ച ആഗ്രഹിക്കരുത് എന്നല്ല ഇപ്പറഞ്ഞതിനൊന്നും അര്‍ത്ഥം. സംരംഭത്തിന്റെ വലിപ്പം സംരംഭകന്റെ കഴിവുകളേക്കാള്‍ അല്‍പം പോലും വലുതാവരുത് എന്നാണ്. അതനുസരിച്ച് ഭാവി ആസൂത്രണം ചെയ്യുക.

(ഗുരുഗ്രാമിലെ സ്റ്റേറ്റ് ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആന്‍ഡ് റിസ്‌ക് മാനേജ്മെന്റില്‍ ഫാക്കല്‍റ്റി അംഗമായിരുന്നു ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top