അദ്ധ്യായം 7
രണ്ടാഴ്ചക്കാലത്തെ ബാംഗ്ലൂര്‍ വാസത്തിന് ശേഷം രാഹുല്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷമായത് ശിവാനിക്കായിരുന്നു. അവള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചപ്പോള്‍ രാഹുല്‍ അവളെ കൈകളില്‍ കോരിയെടുത്ത് തന്റെ തലയ്ക്ക് മീതേക്ക് ഉയര്‍ത്തി. ശിവാനി തന്റെ കുഞ്ഞിപ്പല്ലുകള്‍ കാണിച്ച് ചിരിച്ചു. അച്ഛന്‍തനിക്കായി കൊണ്ടുവന്ന പട്ടികുട്ടിയുടെ പാവയുമായി പിന്നീട് കളിയിലുമായി.
അതിരാവിലെ എഴുന്നേറ്റ ക്ഷീണം ചെറിയൊരു മയക്കത്തിലൂടെ രാഹുല്‍ തീര്‍ത്തു. ഉച്ചഭക്ഷണം കഴിക്കുവാന്‍ മീര വന്ന് വിളിച്ചപ്പോഴാണ് അവന്‍ ഉണര്‍ന്നത്. കൈകള്‍ കഴുകി കസേരയില്‍ ഇരുന്നപ്പോള്‍ ശിവാനി വന്ന് മടിയില്‍ കയറി. രാഹുല്‍ അവള്‍ക്ക് ഭക്ഷണം വായില്‍ വെച്ച് കൊടുത്തു. സാധാരണ മീരയാണ് അത് ചെയ്യാറുള്ളത്. കുറച്ചുനാള്‍ അച്ഛനെ കാണാതിരുന്നത് കൊണ്ടാകാം ഇന്നവള്‍ക്കൊരു പുന്നാരം.
ഊണ് കഴിഞ്ഞ് ശിവാനി ഉറങ്ങിക്കഴിഞ്ഞപ്പോഴാണ് മീര ഒന്ന് ഫ്രീയായത്. കട്ടിലില്‍ രാഹുലിന്റെ മാറില്‍ തലചായ്ച്ച് കിടന്ന് അവള്‍ ബാംഗ്ലൂര്‍ വിശേഷങ്ങള്‍ കേട്ടു. മുന്‍പ് എത്രയോ തവണ രാഹുല്‍ ബാംഗ്ലൂരില്‍ തങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ യാത്ര വളരെ വ്യത്യസ്തമായിരുന്നു. ഒരു സംരംഭകന്റെ കാഴ്ചപ്പാടിലൂടെ സംഭവങ്ങളെ കാണുമ്പോള്‍, അനുഭവിക്കുമ്പോള്‍ മുന്‍പൊരിക്കലും ദൃശ്യമാവാതിരുന്ന പലതും ഇപ്പോള്‍ ദൃശ്യമായിത്തുടങ്ങുന്നു.
അന്വേഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും തേടുന്ന ഉത്തരങ്ങള്‍ക്കും കൂടുതല്‍ ദിശാബോധം കൈവരുന്നു. അറിവ് വ്യക്തിത്വത്തിലേക്കലിഞ്ഞ് തന്നെ പുതിയൊരു മനുഷ്യനാക്കി പരുവപ്പെടുത്തുന്നത് രാഹുല്‍ ഈ യാത്രയില്‍ തിരിച്ചറിഞ്ഞു. കണ്ടതും, കേട്ടതും, പഠിച്ചതും രാഹുല്‍ മീരയിലേക്ക് പകര്‍ന്നു. ഒരു കൊച്ചുകുട്ടി കഥ കേള്‍ക്കുന്ന കൗതുകത്തോടെ മീര അതെല്ലാം കേട്ടു.
”നീ പോകുവാന്‍ മടിച്ചപ്പോള്‍ ഞാന്‍ പറഞ്ഞില്ലേ രാഹുല്‍ ഈ യാത്ര വേറിട്ട ഒന്നായിരിക്കുമെന്ന്. ഒരു മാസം മുന്‍പ് നീയൊരു കമ്പനി ജീവനക്കാരനും ഞാനൊരു വീട്ടമ്മയുമായിരുന്നു. അങ്ങിനെ തന്നെയാവും ഈ ജീവിതം മുന്നോട്ട് പോകുകയെന്നും നമ്മള്‍ ധരിച്ചിരുന്നു. എന്നാല്‍ ഒരു സംരംഭകനാകുവാനുള്ള നിന്റെ തീരുമാനം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ്.
അത് നമ്മുടെ ചിന്തയില്‍ കൊണ്ടുവന്ന മാറ്റം അത്ഭുതകരമാണ്. ചിതറിക്കിടന്ന ചിന്തകള്‍ ഇപ്പോള്‍ ഒരു ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രവൃത്തികളിലും അത് പ്രതിഫലിച്ച് തുടങ്ങി. അതാണ് നിന്റെ വാക്കുകളില്‍ നിന്നും എനിക്ക് വായിച്ചെടുക്കുവാന്‍ കഴിയുന്നത്.” മീര സംസാരിച്ചു കൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി.
”ശരിയാണ്, ഇത്ര വലിയ വ്യവസായശാലകളും അവയുടെ പ്രവര്‍ത്തനങ്ങളും ഞാന്‍ ഇന്നേവരെ കണ്ടിട്ടുണ്ടായിരുന്നില്ല. എന്റെ ബിസിനസ് ലോകം വളരെ ചെറുതായിരുന്നു. പക്ഷേ ഇപ്പോഴതിന് വിശാലത കൈവന്നിരിക്കുന്നു. സാധാരണ ഇത്തരമൊരു ആഴവും പരപ്പും നമ്മെ ഭയപ്പെടുത്തും. നമുക്കൊക്കെ ഇങ്ങിനെയൊക്കെ ചെയ്യുവാന്‍ കഴിയുമോയെന്നും അതിനുള്ള പ്രാപ്തിയും നിപുണതയും നമുക്കുണ്ടോയെന്നും സംശയിക്കുകയും ആത്മവിശ്വാസം നഷ്ട്ടപ്പെടുകയും ചെയ്യും. എന്നാല്‍ ഇവിടെ എനിക്ക് നേരെമറിച്ചാണ് തോന്നിയത്. എനിക്കിപ്പോള്‍ ഒരു ത്രില്‍ ഫീല്‍ ചെയ്തു തുടങ്ങുന്നു. സ്വപ്നങ്ങള്‍ക്ക് അല്പ്പം കൂടുതല്‍ വലുപ്പം വെച്ചത് പോലെ.” രാഹുല്‍ അവളുടെ മുടിയില്‍ മെല്ലെ വിരലുകളോടിച്ചു.
”ജോലി രാജിവെച്ച് കഴിഞ്ഞിട്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു. എന്ത് ചെയ്ത് തുടങ്ങണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്താണ് പ്ലാന്‍?” മീരയുടെ ശബ്ദത്തില്‍ ഒളിഞ്ഞിരുന്ന ആശങ്ക അവന്‍ തിരിച്ചറിഞ്ഞു.
”നമുക്ക് എടുത്തുചാടി ഒന്നും ചെയ്യേണ്ട. ഞാന്‍ ആറ് മാസത്തെ സമയമാണ് കണ്ടിട്ടുള്ളത്. മികച്ചൊരു ആശയം കണ്ടെത്താതെ വെറുതെ എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. പ്ലാനിങ്ങിന് എടുക്കുന്ന സമയം ഒരിക്കലുമൊരു നഷ്ടമല്ല. നിയാസിക്ക പറഞ്ഞുതന്ന കാര്യങ്ങള്‍ നീ മറന്നോ?” രാഹുല്‍ ചോദിച്ചു.
”ഇല്ല. അതെല്ലാം എന്റെ മനസിലുണ്ട്. നീ ബാംഗ്ലൂരില്‍ ആയിരുന്നപ്പോള്‍ ഞാന്‍ ചെറുതായൊന്ന് റിസര്‍ച്ച് ചെയ്തു. വായനയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പുകളില്‍ നിന്നുമൊക്കെ കുറച്ച് കാര്യങ്ങള്‍ മനസിലാക്കിയെടുക്കാന്‍ സാധിച്ചു. ഞാന്‍ അതൊക്കെ നിന്നോട് പറയട്ടെ” അവള്‍ അവനോട് അനുവാദം ചോദിച്ചു.
അവളുടെ കണ്ണുകളില്‍ നിന്നും ഉത്സാഹം പ്രസരിക്കുന്നത് രാഹുല്‍ കണ്ടു. അവന്‍ ചിരിച്ചുകൊണ്ട് തലയാട്ടി. മീര എഴുന്നേറ്റ് കട്ടിലില്‍ ചമ്രംപടിഞ്ഞ് ഇരുന്നു. രാഹുല്‍ തലയിണ വലിച്ചു പൊക്കി തല അല്പ്പം കൂടി ഉയര്‍ത്തി വെച്ചു.ഒന്നിളകിയിരുന്ന് മീര സംസാരിച്ച് തുടങ്ങി.
”നാം ബിസിനസ് തുടങ്ങുന്നത് ഒരു ആശയത്തിലൂന്നിയായിരിക്കുമല്ലോ? അത്തരമൊരു മികച്ച ആശയം കൈയിലുണ്ടെങ്കില്‍ അതിനെക്കുറിച്ച് പഠിക്കുകയും അതിന് വിജയസാധ്യതയുണ്ടെങ്കില്‍ ആരംഭിക്കുകയും ചെയ്യാം. എന്നാല്‍ വ്യക്തമായ ഒരു ആശയം മനസില്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും?” മീര ഉത്തരത്തിനായി കാത്തിരുന്നു.
”ആശയം കണ്ടെത്തണം. ഇത് നമ്മള്‍ നേരത്തേ ചര്‍ച്ച ചെയ്ത കാര്യമല്ലേ?” രാഹുല്‍ നെറ്റിചുളിച്ചു.
”അതെ. വ്യക്തമായ ഒരു ബിസിനസ് ആശയം മനസിലില്ലെങ്കില്‍ എടുത്തുചാടി പെട്ടെന്നൊരെണ്ണം തിരഞ്ഞെടുത്ത് അതിലേക്ക് ഇറങ്ങരുത്. പകരം നമ്മുടെ അഭിരുചിക്കും, അറിവിനും, സ്‌കില്ലുകള്‍ക്കും, കഴിവിനും യോജിച്ച വിവിധങ്ങളായ കുറച്ച് ആശയങ്ങളെ ആദ്യം തിരഞ്ഞെടുക്കേണ്ടതുണ്ട്.” മീരക്കിപ്പോള്‍ ക്ലാസ് റൂമില്‍ പഠിപ്പിക്കുന്ന ഒരു ടീച്ചറുടെ മുഖം.
”എന്നിട്ട് ഈ ആശയങ്ങളെയെല്ലാം വെച്ച് എങ്ങിനെ ബിസിനസ് തുടങ്ങും? ഒരെണ്ണമല്ലേ ആവശ്യമുള്ളൂ?” രാഹുലിന് മീര പറഞ്ഞു വരുന്നത് മനസിലായില്ല.
”കറക്റ്റ്. അതിലേക്ക് നമുക്ക് വരാം. ആശയങ്ങളുടെ തിരഞ്ഞെടുപ്പ് എന്നത് ആദ്യ ഘട്ടമാണ്. രണ്ടാമത്തെ ഘട്ടത്തില്‍ നാം പഠനത്തിലേക്ക് കടക്കുകയാണ്.
തിരഞ്ഞെടുത്ത ഓരോ ആശയത്തെക്കുറിച്ചും വിശദമായ ഒരു പഠനം അല്ലെങ്കില്‍ ആഴത്തിലുള്ള ഒരു ഗവേഷണം. അതായത് നാം കണ്ടെത്തിയിരിക്കുന്ന ആശയങ്ങളില്‍ നിന്നും മികച്ചവയെ അരിച്ചെടുക്കുകയാണ് ലക്ഷ്യം.” മീര ഒന്ന് നിര്‍ത്തി വീണ്ടും തുടര്‍ന്നു.
”നാം കണ്ടെത്തിയിരിക്കുന്ന ആശയങ്ങളുടെ വിജയ മാതൃകകള്‍ നിലവിലുണ്ടെങ്കില്‍ അവ സന്ദര്‍ശിക്കണം. ആശയത്തിന്റെ ബിസിനസ് പ്രായോഗികതയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വിപണിയെക്കുറിച്ചുമെല്ലാം ആഴത്തില്‍ മനസിലാക്കുവാന്‍ ഇത് സഹായിക്കും. അത്തരം സംരംഭങ്ങള്‍ നടത്തുന്ന സംരംഭകരുമായി ആശയവിനിമയം നടത്തണം. തിരഞ്ഞെടുത്തിരിക്കുന്ന ബിസിനസ് ആശയത്തിനെക്കുറിച്ച് വലിയൊരു ഉള്‍ക്കാഴ്ച ഇത് കൊണ്ടുവരും.”
”വളരെ ശരിയാണ” രാഹുല്‍ പറഞ്ഞു. ”ബാംഗ്ലൂരിലെ വ്യവസായശാലകള്‍ ഇന്നുവരെ കാണാത്ത കാഴ്ച്ചകളിലേക്കാണ് എന്നെ കൂട്ടിക്കൊണ്ട് പോയത്. തീര്‍ച്ചയായും ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയ ബിസിനസുകളേയും സംരംഭങ്ങളേയും സന്ദര്‍ശിക്കുകയും പഠിക്കുകയും ചെയ്യുക എന്നത് അനിവാര്യമായ ഒന്നാണ്.”
”ഓരോ ആശയത്തേയും ഇങ്ങിനെ ആഴത്തിലിറങ്ങി വിശകലനം ചെയ്യണം. മൂലധനത്തിന്റെ ഒരു ഭാഗം ഇതിനായി മാറ്റിവെക്കേണ്ടതുണ്ട്.
ബിസിനസ് ആശയം കണ്ടെത്തി ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ മൂലധന ആവശ്യം കടന്നുവരുന്നു എന്ന് തന്നെ അര്‍ത്ഥം. സംരംഭകന്‍ യാത്ര ചെയ്യേണ്ടതുണ്ട്. സമാന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തികളെ, അത്തരം ബിസിനസുകളെ മനസിലാക്കേണ്ടതുണ്ട്. ഇവിടെ പലവിധ തടസ്സങ്ങളും ദുര്‍ഘടങ്ങളും ഉണ്ടായേക്കാം. അവയൊക്കെയും മറികടന്ന് വെല്ലുവിളികളെ നേരിട്ട് വിജയ സമുദ്രം നീന്തിക്കടന്ന ബിസിനസുകളെ തൊട്ടറിഞ്ഞ് പഠിക്കാന്‍ സംരംഭകന്‍ ശ്രമിക്കണം” മീരയുടെ വാക്കുകള്‍ രാഹുല്‍ സശ്രദ്ധം കേള്‍ക്കുകയാണ്.
”ഇത് കൂടാതെ ഓരോ ആശയത്തെക്കുറിച്ചും അതാത് മേഖലകളിലുള്ള വിദഗ്ദ്ധരുടെ ഉപദേശങ്ങള്‍ തേടണം. സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ ആവശ്യമുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, യന്ത്രങ്ങള്‍, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, ഉത്പന്നങ്ങളുടെ വിപണി, അതിന്റെ സാധ്യതകളും വിപണിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്‌നങ്ങളും, വിപണിയിലെ എതിരാളികള്‍, ഉത്പാദന പ്രക്രിയ, ആവശ്യമായി വരുന്ന മൂലധനം എന്നതൊക്കെ വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. തിരഞ്ഞെടുത്ത ഓരോ ആശയത്തിന്റേയും ഇത്തരം കാര്യങ്ങള്‍ മനസിലാക്കണം.”
”ഇത് ഓരോ ആശയത്തെക്കുറിച്ചും വ്യക്തമായ ധാരണ നല്‍കും. നാം ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ചില ആശയങ്ങള്‍ ഇപ്പോള്‍ ആകര്‍ഷകമല്ലാതെ തോന്നാം. വിജയസാധ്യത കൂടുതലുള്ള ആശയങ്ങള്‍ നോക്കി നമുക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യാം. മറ്റുള്ളവ ഒഴിവാക്കാം. നാം ആദ്യം തിരഞ്ഞെടുത്ത ആശയങ്ങളുടെ എണ്ണത്തില്‍ ഇപ്പോള്‍ കുറവ് വന്നിരിക്കുന്നു. അങ്ങിനെ പഠനത്തിലൂടെ ആശയങ്ങളുടെ ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ഇനിയാണ് നാം ഏറ്റവും പ്രധാനപ്പെട്ട അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നത്.”
മീരയുടെ വാക്കുകള്‍ മഴത്തുള്ളികള്‍ പോലെ രാഹുലിന്റെ കാതില്‍ പതിച്ചുകൊണ്ടിരുന്നു. ഈ തോണിയില്‍ മീരയും തനിക്കൊപ്പം സഞ്ചരിക്കുകയാണ്. ഈയൊരു ചിന്ത അയാളുടെ സിരകളില്‍ ആത്മവിശ്വാസത്തിന്റെ രക്തം നിറച്ചു.
മീര തുടരുകയാണ്.
(തുടരും)