Entertainment

യുദ്ധഭൂമിയിലെ മറ്റൊരു തന്ത്രം

ജീവിതത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കഴിവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുക ഓരോ വ്യക്തിയുടേയും കര്‍ത്തവ്യമാണെന്ന് ആരോ പറഞ്ഞത് രാഹുല്‍ ഓര്‍ത്തു. അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കുക മടുപ്പുളവാക്കുന്ന, പ്രയോജനരഹിതമായ പ്രവൃത്തിയാകുന്നു. ബുദ്ധിമാന്മാര്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.

അദ്ധ്യായം 8

Advertisement

മലയാളത്തിലെ ആദ്യത്തെ സംരംഭകത്വ നോവലെറ്റാണ് സംരംഭകന്റെ യാത്ര

കോളേജില്‍ പഠിക്കുന്ന സമയത്തേ രാഹുല്‍ മീരയുടെ പ്രത്യേകത ശ്രദ്ധിക്കുന്നതാണ്. കാര്യങ്ങള്‍ ഗ്രഹിക്കുവാനും അപഗ്രഥിക്കുവാനും മറ്റുള്ളവരെ പറഞ്ഞ് മനസിലാക്കുവാനുമുള്ള മീരയുടെ അസാമാന്യമായ കഴിവ് രാഹുലിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. വിവാഹം കഴിഞ്ഞ് വീട്ടമ്മയായി മാറിയതോടെ മീര വീടിന്റെ നാല് ചുമരുകളിലേക്ക് ഒതുങ്ങി. ഭൂരിഭാഗം പെണ്‍കുട്ടികളും അവരുടെ സ്വപ്നങ്ങള്‍ കുഴിച്ചുമൂടിയാവും കുടുംബജീവിതത്തിലേക്ക് കടക്കുന്നത്.

മീരയും വ്യത്യസ്തയായിരുന്നില്ല. മീരയുടെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ഒരു മിന്നായം പോലെ ഈ ചിന്തകള്‍ രാഹുലിനുള്ളിലേക്ക് കടന്നുവന്നു. കടന്നുവരുന്ന അവസരങ്ങള്‍ ഓരോരുത്തരുടേയും കഴിവുകള്‍ പുറത്തെടുക്കും. ജീവിതത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കഴിവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുക ഓരോ വ്യക്തിയുടേയും കര്‍ത്തവ്യമാണെന്ന് ആരോ പറഞ്ഞത് രാഹുല്‍ ഓര്‍ത്തു. അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കുക മടുപ്പുളവാക്കുന്ന, പ്രയോജനരഹിതമായ പ്രവൃത്തിയാകുന്നു.

ബുദ്ധിമാന്മാര്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.സംരംഭം തുടങ്ങുക എന്ന കര്‍മ്മം താന്‍ അങ്ങിനെ ഉണ്ടാക്കിയെടുത്ത അവസരമാണ്. അത്തരമൊരു അവസരം ഉയര്‍ന്നപ്പോള്‍ ഇതാ മീരയുടേയും അടച്ചുവെച്ച കഴിവുകള്‍ പുറത്തേക്ക് വരുന്നു. ശാന്തമായ നദിയിലൂടെ തോണി തുഴയുക ഒട്ടും ദുഷ്‌ക്കരമായ പ്രവൃത്തിയേയല്ല.

എന്നാല്‍ പ്രക്ഷുബ്ദമായ കടലിലൂടെയാണെങ്കില്‍ അതൊട്ടും സുഖകരവുമല്ല മറിച്ച് അപകടകരവുമാണ്. സംരംഭം ശാന്തമായ ഒരു നദിയല്ല. അവിടെ ഒറ്റയ്ക്ക് തോണി തുഴയുക ഒട്ടും തന്നെ എളുപ്പമാവില്ല. മീരയുടെ സാന്നിദ്ധ്യം തനിക്കൊരു ശക്തിയാണെന്ന് ഇപ്പോള്‍ പല സമയങ്ങളിലും രാഹുല്‍ തിരിച്ചറിയുന്നുണ്ട്.

ജനലിലൂടെ ഒരു ചെറുകാറ്റ് കിടപ്പുമുറിയിലേക്ക് ഊളിയിട്ട് കയറി ഒന്ന് വട്ടം ചുറ്റി തിരിച്ചുപോയി. മുഖത്തേക്ക് വീണ മുടിയിഴകള്‍ മാടി ഒതുക്കി മീര സംസാരം തുടര്‍ന്നു.”പ്രാഥമികമായ ഒരു പഠനത്തിനു ശേഷം ചില പ്രോജക്റ്റുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞല്ലോ. ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നത്. തിരഞ്ഞെടുക്കുന്ന സംരംഭത്തിന്റെ വിജയ പരാജയങ്ങളെ നിര്‍ണ്ണയിക്കുവാന്‍ ഈ ഘട്ടത്തില്‍ നടത്തുന്ന ചില ടെസ്റ്റുകള്‍ക്ക് സാധിക്കും. അതിലേക്ക് പോകുന്നതിന് മുന്‍പ് വിപണിയുടെ സ്വഭാവവും പ്രതികരണങ്ങളും നമ്മള്‍ മനസിലാക്കിയിരിക്കേണ്ടതുണ്ട്.”രാഹുല്‍ സാകൂതം കേട്ടിരുന്നു.

”വിപണിയിടം, Market Space എന്ന് പറയുന്നത് വളരെ വിശാലമായ ഒരു കോണ്‍സെപ്റ്റ് ആണ്. ഒരു ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ വിപണിയിടം എന്ന് പറയുന്നത് അവയ്ക്കുള്ള ആവശ്യകത ഏതൊക്കെ വിപണിയിലുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. എവിടെയൊക്കെ അവയ്ക്ക് ആവശ്യകതയുണ്ടോ അവിടെയൊക്കെ അതിന്റെ വിപണിയിടമാണ് എന്ന് നമുക്ക് പറയാം. വിപണിയിടം രണ്ട് തരത്തിലുണ്ട്. ഒന്ന് ഇപ്പോള്‍ നിലവിലുള്ള വിപണിയിടം മറ്റൊന്ന് സംരംഭകന്‍ ഉണ്ടാക്കിയെടുക്കുന്ന പുതിയൊരു വിപണിയിടം.

”തീര്‍ച്ചയായും ഇതൊക്കെ ആദ്യമായി കേള്‍ക്കുകയാണ്. മീര നടത്തിയ പഠനത്തിന്റെ ആഴം രാഹുലിന് ബോധ്യപ്പെട്ട് തുടങ്ങുകയാണ്. വിപണി എന്നതിന്റെ ആകെ മൊത്തം ഐഡിയ ഉണ്ടെന്നല്ലാതെ അതിന്റെ യഥാര്‍ത്ഥ വിഷയങ്ങള്‍ ആഴത്തില്‍ ഇന്നുവരെ ഗ്രഹിച്ചിട്ടില്ല. മീര പറയുന്നത് പുതിയ അറിവുകളാണ്. അത് രസകരമായി അവതരിപ്പിക്കുവാന്‍ അവള്‍ക്ക് സാധിക്കുന്നുമുണ്ട്.

രാഹുല്‍ ചിന്തിച്ചുകൊണ്ട് അവളുടെ വാക്കുകളെ ശ്രദ്ധിക്കുകയാണ്.”നിലവിലുള്ള വിപണിയിടം നോക്കുക. അത് തിങ്ങി നിറഞ്ഞിരിക്കുകയാണ്. പരസ്പരം പോരാടുന്ന ബിസിനസുകളെ നമുക്കവിടെ കാണാം. രക്തരൂക്ഷിതമായ പോരാട്ടം എന്നതിനെ വിശേഷിപ്പിക്കാം. ബിസിനസുകള്‍ തമ്മില്‍ തമ്മില്‍ രൂക്ഷമായ യുദ്ധത്തിലാണ്. ഉല്‍പ്പന്നങ്ങളുടെ, സേവനങ്ങളുടെ മേന്മയില്‍, വിലയില്‍, വ്യത്യസ്തതയില്‍ എല്ലാം യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഇതിലേക്ക് കടന്നു വരുന്ന ഓരോ ബിസിനസും ഈ യുദ്ധഭൂമിയില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. രക്തം ചീന്തുന്ന ഈ യുദ്ധഭൂമിയില്‍ കുറേയെണ്ണം നിലനില്‍ക്കും മറ്റുള്ളവ പരാജയപ്പെട്ട് ഇല്ലാതെയാകും.”

ശിവാനി ഉറക്കത്തില്‍ ഒന്ന് അനങ്ങി. അവളെ കൈകൊണ്ട് മെല്ലെയൊന്ന് തട്ടിയശേഷം മീര തുടര്‍ന്നു.”ഇത്തരമൊരു വിപണിയിടത്തില്‍ വിജയം വരിക്കുക അത്ര എളുപ്പമല്ല. അസാധ്യമാണ് എന്നല്ല ഞാന്‍ പറഞ്ഞത് പക്ഷേ അത് നിസാരമായ പ്രവൃത്തിയല്ല എന്നാണ് അര്‍ത്ഥമാക്കിയത്. വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യകതയുണ്ടാകും എന്നാല്‍ അവയുടെ ലഭ്യതയും കൂടുതലായിരിക്കും. പരസ്പരം പോരാടിയാലേ ഇവിടെ നിലനില്‍പ്പുള്ളൂ. Survival of the fittest എന്ന നിലനില്‍പ്പിന്റെ തത്വശാസ്ത്രം ഇവിടെ പ്രായോഗികമാകുന്നത് കാണാം. ബിസിനസുകളുടെ രക്തം വീണ് നനഞ്ഞ ഇത്തരമൊരു വിപണിയിടത്തെ റെഡ് ഓഷ്യന്‍ എന്ന് നമുക്ക് വിളിക്കാം.”

”Wow” രാഹുല്‍ പോലും അറിയാതെ അവന്റെ വായില്‍ നിന്നും ശബ്ദം അടര്‍ന്നു വീണു. മീര ചിരിച്ചു. പുതിയ കാര്യങ്ങള്‍ പഠിക്കുവാനുള്ള രാഹുലിന്റെ ഉത്സാഹവും ശ്രദ്ധയും മീരക്കറിയാം. പരസ്പരമുള്ള ഈ അറിവിന്റെ പങ്കുവെക്കല്‍ സമാനചിന്താഗതിയുള്ള വ്യക്തികള്‍ തമ്മിലാകുമ്പോള്‍ അതിലൊരു രസമുണ്ട് ശക്തിയുണ്ട്.


”ഇതല്ലാതെ രണ്ടാമതൊരു വിപണിയിടം കൂടി നമുക്ക് കാണുവാന്‍ സാധിക്കും. അതിനെക്കുറിച്ച് വിശദീകരിക്കുന്നതിന് മുന്‍പ് രാഹുലിന് പ്രിയമുള്ള സംഗീതത്തെക്കുറിച്ച് ഒന്ന് സംസാരിക്കാം. രാഹുല്‍ ആപ്പിള്‍ ഐ-ട്യൂണ്‍ ഉപയോഗിക്കുന്നയാളല്ലേ അതിനെക്കുറിച്ചുള്ള അഭിപ്രായം പറയൂ.”
മീര രാഹുലിന്റെ മുഖത്തേക്ക് ചോദ്യഭാവത്തില്‍ നോക്കി.

”ആസ്വാദകന് ഏറ്റവും മികച്ച അനുഭവമാണ് ആപ്പിള്‍ ഐ-ട്യൂണ്‍ നല്‍കുന്നത്. നമുക്കാവശ്യമുള്ള ഗാനങ്ങള്‍ തിരഞ്ഞെടുക്കാം ഡിജിറ്റല്‍ ക്വാളിറ്റിയില്‍ ശ്രവിക്കാം. ഡിജിറ്റല്‍ സംഗീത ലോകത്തില്‍ അത്ഭുതം കൊണ്ടുവരാന്‍ ആപ്പിളിന് കഴിഞ്ഞു.” രാഹുല്‍ പറഞ്ഞു നിര്‍ത്തി.


”അതേ, രാഹുല്‍ പറഞ്ഞത് ശരിയാണ്. സി ഡികള്‍ അരങ്ങുവാഴുന്ന കാലത്താണ് ആപ്പിള്‍ ഐ-ട്യൂണ്‍ അവതരിപ്പിക്കുന്നത്. കുറഞ്ഞ ചെലവില്‍ മികച്ച അനുഭവം പ്രദാനം ചെയ്യാന്‍ ഈ പുതിയ ഉല്‍പ്പന്നത്തിന് സാധിച്ചു. സംഗീതം ശ്രവിക്കുന്നതിന്റെ മേന്മ വര്‍ദ്ധിച്ചു. ആവശ്യമുള്ള പാട്ടുകള്‍ മാത്രം വാങ്ങിയാല്‍ മതി. സി ഡി വാങ്ങുമ്പോള്‍ നമുക്ക് ആവശ്യമില്ലാത്ത ഗാനങ്ങള്‍ക്ക് കൂടി വില നല്‍കേണ്ടി വരും.

ആപ്പിള്‍ ഐ-ട്യൂണ്‍ വിപണിയിലേക്ക് കടന്നുവന്നത് ഒരു വിപ്ലവത്തിന് തിരികൊളുത്തിക്കൊണ്ടാണ്. ആപ്പിള്‍ നിലവില്‍ വിപണിയിലുള്ള സി ഡി ബിസിനസിലേക്കാണ് കടന്നുവന്നിരുന്നതെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?”
”റെഡ് ഓഷ്യനില്‍ യുദ്ധം ചെയ്യേണ്ടി വന്നേനെ” രാഹുല്‍ ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറഞ്ഞു.

”ആപ്പിള്‍ ഇവിടെ മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്. നിലവിലുള്ള ബിസിനസുകളുമായി യുദ്ധം ചെയ്യാന്‍ നില്‍ക്കാതെ സ്വന്തമായി മറ്റൊരു വിപണിയിടം ആപ്പിള്‍ തുറന്നെടുത്തു. അത്തരമൊരു വിപണിയിടത്തില്‍ എതിരാളികളില്ല. നിലവിലുള്ള ഒരു ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതിന് പകരം തികച്ചും നവീനമായ ഒരു ഉല്‍പ്പന്നം ആപ്പിള്‍ വിപണിയില്‍ അവതരിപ്പിച്ചു. രക്തരൂക്ഷിതമായ ബിസിനസ് യുദ്ധത്തില്‍ ഏര്‍പ്പെടാതെ അത്യന്തം തന്ത്രപരമായ നീക്കം. എതിരാളികളില്ലാതെ വിപണിയില്‍ രാജാവായി മാറുക. ഏതൊരു സംരംഭകന്റേയും സ്വപ്നമാണത്.”

ആപ്പിള്‍ ഐ-ട്യൂണ്‍ എത്രയോ കാലമായി ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മനസിലേക്ക് വന്നിട്ടില്ല അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. നിത്യവും
നാം ഉപയോഗിക്കുന്ന ഓരോ വസ്തുവിനും എന്തൊക്കെ കഥകള്‍ പറയുവാനുണ്ടാകും. രാഹുല്‍ ഓര്‍ത്തു.


”ഈ വിപണിയിടത്തെ നമുക്ക് ബ്ലൂ ഓഷ്യന്‍ എന്ന് വിളിക്കാം. എതിരാളികളില്ലാത്ത, പോരാട്ടമില്ലാത്ത വിപണിയിടം. വളരാനും ലാഭം കൊയ്യുവാനും പറ്റിയ വിളഭൂമി. വിതയ്ക്കുന്നതെല്ലാം ഇവിടെ നൂറുമേനിയാകും. എതിരാളികളുമായി യുദ്ധം ചെയ്ത് രക്തം ചീന്തണോ സ്വന്തമായി ഒരു വിപണിയിടം ആസ്വദിക്കണമോ എന്നത് സംരംഭകന്റെ തീരുമാനമാണ്.”

”ഈ തന്ത്രമാണ് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി. വിപണിയില്‍ വലിയൊരു ചലനം ഉണ്ടാക്കുവാന്‍ ഈ തന്ത്രത്തിന് കഴിയും. തമ്മില്‍ തല്ലി മരിക്കണോ അതോ അതില്‍ നിന്നൊക്കെ അകന്നുമാറി സ്വതന്ത്രമായ വിപണിയിടം സ്വന്തമാക്കണോ? സംരംഭകന്‍ ചിന്തിക്കുകയും ഉത്തരം കണ്ടെത്തുകയും വേണം.”


മീര എഴുന്നേറ്റിരുന്നു. രാഹുല്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു. വീണ്ടും ഒരു കാറ്റ് കടന്നുവന്നു മുറിയില്‍ നിറഞ്ഞിരുന്ന നിശബ്ദതയെ പൊതിഞ്ഞ് അത് അവരെ തഴുകി.
”ചായയിടാം” മീര മുടി മാടിക്കെട്ടി കട്ടിലില്‍ നിന്നും ഇറങ്ങി. രാഹുല്‍ കൈകള്‍ തലയ്ക്ക് പിന്നില്‍ ചേര്‍ത്തുപിടിച്ച് പിന്നിലേക്ക് ചാഞ്ഞു.

(തുടരും…)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top