അവെയര്‍നെസ് ഇന്‍സ്റ്റിങ്റ്റ്, വേണമെങ്കില്‍ എഐ എന്നും വിളിച്ചോളൂ. എഐ ആണല്ലോ ഇപ്പേള്‍ ട്രെന്‍ഡിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എന്നാല്‍ അതിനേക്കാള്‍ എല്ലാം ഉപരിയായി നമുക്ക് വേണ്ടതാണ് അവെയര്‍നെസ് ഇന്‍സ്റ്റിങ്റ്റ്. അവബോധ വാസന എന്നെല്ലാം പറയാം. എന്താണതെന്നല്ലേ… നോക്കാം.
അവെയര്‍നെസ് ഇന്‍സ്റ്റിങ്റ്റ് വിശദീകരിക്കും മുമ്പ് മറ്റൊരു കാര്യം നമുക്ക് ചര്‍ച്ച ചെയ്യാം. ജീവിതത്തിന്റെ ഗുണനിലവാരത്തെ കുറിച്ച്. നിങ്ങളുടെ മനസിന്റെ നിലവാരമനുസരിച്ചാണ് ജീവിതത്തിന്റെ നിലവാരവും നിര്‍ണയിക്കപ്പെടുക. അതാണ് ഒരു ബിസിനസ് ലീഡര്‍ എന്ന നിലയില്‍ നിങ്ങളുടെ നേതൃത്വത്തെയും മാറ്റുരയ്ക്കാന്‍ സഹായിക്കുക.
പറഞ്ഞുവരുന്നത്, നമ്മുടെ മനസിന്റെ ക്വാളിറ്റിയാണ് നമ്മുടെ സംരംഭങ്ങളുടെ ക്വാളിറ്റിയെയും നിശ്ചയിക്കുന്നത് എന്നാണ്. ഇവ രണ്ടും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. നമ്മുടെ ആശയങ്ങളും ചിന്തകളും മാനസികമായ പലതരത്തിലുള്ള മാതൃകകളുമെല്ലാം പ്രാവര്‍ത്തികമാക്കുന്നതാണല്ലോ ജീവിതം… അത് സ്ഥാപനങ്ങളുടെ പശ്ചാത്തലത്തിലെടുക്കുക. വ്യക്തികള്‍ ഇവിടെ ഒരുമിച്ചു ചേരുന്നു, ഒരു പൊതുലക്ഷ്യത്തിനായി പരിശ്രമിക്കുന്നു. അവിടെയും നമ്മുടെ മനസിന്റെ ഘടനകള്‍ക്കനുസരിച്ച് ഒരു കൂട്ടായ്മയായി കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് ചെയ്യുന്നത്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ മനസില്‍ വരുന്ന ക്രമങ്ങളും ഡിസൈനും ആദര്‍ശങ്ങളുമെല്ലാം വ്യക്തിഗതവും കൂട്ടായും പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഒരു ചാനലാണ് സ്ഥാപനങ്ങള്‍. മനസിന്റെ ഗുണത്തെയാണ് ജീവിതത്തിന്റെ നിലവാരം ആശ്രയിക്കുന്നത്. അതായാത് ഉന്നത ഗുണനിലവാരത്തിലുള്ള ഒരു ജീവിതം യഥാര്‍ത്ഥമായും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള മനസും വേണം. നമ്മുടെ മനസിന്റെ നിലവാരം ദുര്‍ബലമാണെങ്കില്‍ അതില്‍ നിന്നു വരുന്ന ജീവിതവും അങ്ങനെ തന്നെയായിരിക്കും. ഇത് സ്വാഭാവികമായും മറ്റൊരു ചോദ്യത്തിലേക്കാണ് നയിക്കുക, എന്താണ് ഉന്നത ഗുണനിലവാരത്തിലുള്ള മനസ്? എങ്ങനെയാണ് നമ്മള്‍ അതിനെ നിര്‍വചിക്കുക?
ക്വാളിറ്റി ഓഫ് മൈന്‍ഡ്
പരമ്പരാഗത രീതിയില്‍ പറയുന്ന പോലെ അറിവ് കുത്തിനിറച്ചുള്ള ഒന്നല്ല ഗുണനിലവാരമുള്ള മനസ്. നമ്മളില്‍ മിക്കവരും മികച്ച രീതിയില്‍ വിദ്യാഭ്യാസം നേടിയവരാണ്. തലയില്‍ വലിയ തോതില്‍ അറിവും വഹിച്ചാണ് നടപ്പ്. കൈയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുണ്ടാകും, മറ്റ് യോഗ്യതകളുടെ അകമ്പടി കാണും, ഒരുപാട് അനുഭവപരിചയവും. എന്നാല്‍ ഇതൊന്നും ഉന്നതഗുണനിലവാരത്തിലുള്ള ഒരു മനസിന്റെ ഉടമയാക്കി നിങ്ങളെ മാറ്റണമെന്നില്ല. ഇത് മനസിലാക്കാന്‍ നമ്മുടെ ചുറ്റുമൊന്ന് വെറുതെ നോക്കുക.
നമ്മുടെ ലൈഫ്‌സ്റ്റൈല്‍ തെരഞ്ഞെടുപ്പുകളും മറ്റ് തീരുമാനങ്ങളുമെല്ലാം രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ലോകത്തെ നയിച്ചത്. കാലങ്ങളായി നമ്മള്‍ എടുത്തുവരുന്ന ബിസിനസ്, രാഷ്ട്രീയ തീരുമാനങ്ങള്‍ സാമ്പത്തികവും സാമൂഹ്യവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനം തന്നെയാണ് കോവിഡും. വികാരപരമായുള്ള നമ്മുടെ രൂക്ഷപ്രതികരണങ്ങള്‍ ബന്ധങ്ങള്‍ വേര്‍പിരിയുന്നതിനും കുടുംബങ്ങള്‍ അസ്ഥിരമാകുന്നതിനും കാരണമാകുന്നു. ഇതെല്ലാം സൃഷ്ടിക്കപ്പെട്ടത് നിലവാരമില്ലാത്ത മനസുകളുടെ കൂട്ടായ്മകളിലൂടെയാണ്.
വളരെ ഉയര്‍ന്നതലത്തില്‍ അവബോധമുള്ളതാകും ഗുണനിലവാരമുള്ള മനസ്. അടുക്കും ചിട്ടയുമില്ലാത്ത ചിന്തകളിലും ആകസ്മികമായ വികാരങ്ങളിലുമൊന്നും അത് വ്യതിചലിക്കില്ല. കൊടുംകാറ്റിലും ഉലയാത്ത മരം പോലെയാകും ശ്രേഷ്ഠ നിലവാരത്തിലുള്ള മനസ്. സുവ്യക്തമായ ബോധ്യത്തോടെ എന്നാല്‍ ഒന്നിനോടും അറ്റാച്ച്‌മെന്റ് ഇല്ലാത്ത തരത്തില്‍ നമ്മുടെ മനസിനെയും ശരീരത്തെയും പരിവര്‍ത്തനപ്പെടുത്തുമ്പോഴാണ് എന്റെ കാഴ്ച്ചപ്പാട് പ്രകാരം അവബോധം ജനിക്കുന്നത്.
അവബോധമുള്ള അവസ്ഥയെന്നാല്‍ ശ്രദ്ധയുള്ള ജാഗ്രതയുള്ള ഉണര്‍ന്ന അവസ്ഥയെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. നേരത്തെ പറഞ്ഞ പോലെ അനിശ്ചിതത്വത്തിന്റെയും അസ്ഥിരതയുടെയും കാലമണല്ലോ ഇത്. ഇങ്ങനൊരു കെട്ടകാലത്ത് മേല്‍പ്പറഞ്ഞ അവബോധ വാസന ഉപയോഗിച്ച് നമ്മുടെ ചിന്താ പദ്ധതി തലയില്‍ നിന്നും ഹൃദയത്തിലേക്ക് വികസിപ്പിക്കുകയാണ് വേണ്ടത്.
ഈഗോ അധിഷ്ഠിത അവബോധത്തില്‍ നിന്നും ഇക്കോ അധിഷ്ഠിത അവബോധത്തിലേക്കുള്ള പരിവര്‍ത്തനമാണ് നടക്കേണ്ടത്. ഇതില്‍ ആദ്യത്തേത് ഒരാളുടെ ക്ഷേമത്തില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍ രണ്ടാമത്തേത് താന്‍ കൂടി ഭാഗമായ മൊത്തം ആവാസ വ്യവസ്ഥയുടേയും ക്ഷേമത്തിലാണ് കേന്ദ്രീകരിക്കപ്പെടുന്നത്. ഇക്കോ എന്ന വാക്ക് തന്നെ വന്നത് സമഗ്രം, അല്ലെങ്കില്‍ മുഴുവന്‍ വീടും എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ്. ഇക്കോണമിയെന്ന വാക്കിന്റെ വേരുകളും അതിലേക്കാണ് പോകുന്നത്. അതിനാല്‍ തന്നെ നമ്മുടെ മൊത്തം ആവാസവ്യവസ്ഥയെയും ഉള്‍ക്കൊള്ളിക്കുന്ന ഒരു ഇക്കോ ഇക്കോണമിയായിരിക്കണം പുതിയ കാലത്തിന്റെ ലക്ഷ്യം.
(തുടരും…)
(ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പായ സ്റ്റോറിയോയുടെ സ്ഥാപകനും സിഇഒയുമാണ് ലേഖകന്‍)