നമ്മള്‍ വളരെ ചെറിയ പ്രായം മുതല്‍ തന്നെ വായിക്കാനും എഴുതാനും എണ്ണാനുമൊക്കെ പഠിക്കുന്നു. ആ പഠനം ഇന്ന് കോഡിംഗില്‍ വരെ എത്തി നില്‍ക്കുന്നു. എന്നാല്‍ എങ്ങനെ നമ്മള്‍ സ്വയം അറിയണമെന്നും ചുറ്റുമുള്ളവരെ എങ്ങനെ മനസിലാക്കണമെന്നും ആരും നമ്മളെ പഠിപ്പിക്കുന്നില്ല. നമ്മുടെ വികാരവിചാരങ്ങളെയും ചിന്തകളെയുമൊക്കെ എങ്ങനെയാണ് മനസിലാക്കേണ്ടതെന്ന് നിര്‍ദ്ദേശങ്ങള്‍ ആരും തരാറില്ല. നമുക്കുണ്ടാവുന്ന ദേഷ്യം, അസൂയ, വൈരാഗ്യം ഇതൊക്കെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന കാര്യത്തില്‍ ഇന്നും നമ്മള്‍ അജ്ഞരാണ്. നമ്മുടെ സഹജീവികളോട് എങ്ങനെ പെരുമാറണമെന്നോ അവരെ എങ്ങനെ മനസിലാക്കണമെന്നോ ഒന്നും ആരും പറഞ്ഞു തരുന്നില്ല.
വിദ്യഭ്യാസം നേടി എന്നതു കൊണ്ട് പിന്നെ നമ്മള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? നമ്മളെ ഓരോരുത്തരേയും നല്ലൊരു മനുഷ്യനാക്കി തീര്‍ക്കുന്നതില്‍ ഇന്നത്തെ വിദ്യാഭ്യാസ രീതികള്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. ആധുനിക ലോകത്ത് വ്യക്തിപരമായും സാമൂഹികപരമായും ഉന്നതിയിലേക്കെത്തുന്നതിന് മനശാസ്ത്രപരമായ അവബോധം അത്യന്താപേഷിതമാണ്. ഇന്ന് മനുഷ്യര്‍ ചെറുതും വലുതുമായ ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് ഓരോ ദിവസ
വും കടന്നു പോവുന്നത്. നമ്മള്‍ ആദ്യം നമ്മുടെ മനസിനെ അറിയുക എന്നുള്ളതാണ് ഇതിനെല്ലാം പരിഹാരം കണ്ടു പിടിക്കുന്നതിനുള്ള ആദ്യ പടി.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമുക്ക് ഏറ്റവും പ്രധാനമായി ഉണ്ടാവേണ്ടത് മനശാസ്ത്രപരമായ വിഷയങ്ങളിലുള്ള സാക്ഷരതയാണ്. ഇന്ത്യയില്‍ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വളരെ വലിയ ഒരു പ്രശ്‌നമാണ്. ഒരു മാനസികാരോഗ്യ പകര്‍ച്ചവ്യാധിയാണ് വരാനിരിക്കുന്നത് എന്ന് ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് 2017ല്‍ മുന്നറിയിപ്പ് നല്‍കിയത് വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്.
വിഖ്യാത മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് 2019 ല്‍ പുറത്തിറക്കിയ പഠനമനുസരിച്ച് 2017ല്‍ ആകെ ഇന്ത്യന്‍ ജനസംഖ്യയുടെ 15 ശതമാനത്തിലധികം പേരും മാനസികപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അവര്‍ പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് 45 മില്യണ്‍ ജനങ്ങള്‍ വിഷാദ രോഗം അനുഭവിക്കുന്നു. കൊവിഡ് 19 ന്റെ വ്യാപനം കാര്യങ്ങള്‍ കൂടുതല്‍ മോശമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു. യുവാക്കളുള്‍പ്പെടുന്ന ജനതയുടെ മാനസികാരോഗ്യത്തെ തുടര്‍ച്ചയായ ലോക്ക്ഡൗണുകള്‍ വിപരീതമായി ബാധിച്ചിട്ടുണ്ട്. ണഒഛയുടെ കണക്കനുസരിച്ച് 2012 – 2030 കാലയളവില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യയ്ക്ക് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം ഏകദേശം 1.03 ട്രില്യണ്‍ യുഎസ് ഡോളറാണ്.
മനശാസ്ത്രപരമായ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പ്രശ്‌നങ്ങളെയെല്ലാം നേരിടാനുള്ള ആദ്യ പടിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇത്തരം അവസ്ഥകള്‍ അനുഭവിക്കുന്ന ഒരാള്‍ക്കും ഒറ്റപ്പെട്ടു പോവുന്ന അവസ്ഥയോ സഹായം കിട്ടാതെ പോവുന്ന അവസ്ഥയോ ഉണ്ടാവരുത്. സന്തോഷകരവും അര്‍ത്ഥപൂര്‍ണവുമായ ഒരു ജീവിതം നയിക്കാനാവശ്യമായ അറിവുകള്‍ നേടുന്നതിനുള്ള ഒരു വേദിയായി ഹഡിലിനെ രൂപപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
മുതിര്‍ന്നവരെപ്പോലെ ഏകാന്തതയും, ഒറ്റപ്പെടലും കുട്ടികളും അനുഭവിക്കുന്നുണ്ട്. എന്നാല്‍ രക്ഷകര്‍ത്താക്കള്‍ പലപ്പോഴും ഇത്തരം ഘട്ടങ്ങളില്‍ നിസ്സഹായരുമാണ്. മാതാപിതാക്കള്‍ക്ക് ഒരു വഴികാട്ടിയായി, മോഡേണ്‍ പേരന്റിംഗിനുവേണ്ടി ഈ രംഗത്തെ വിദഗ്ധര്‍ തയ്യാറാക്കുന്ന ലേഖനങ്ങളും ഹഡില്‍ നിങ്ങള്‍ക്കായി ഒരുക്കുന്നു.
മലയാളത്തിലെ ഏറ്റവും വലിയ പോഡ്കാസ്റ്റ് നിര്‍മ്മാതാക്കളായ സ്റ്റോറിയോയുടെ സംരംഭമാണ് ഹഡില്‍. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്‌ധോപദേശങ്ങള്‍ അടങ്ങിയ ആര്‍ട്ടിക്കിളുകള്‍ ഹഡിലിലൂടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു. പ്രമുഖ എഴുത്തുകാര്‍, ചിന്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മനശാസ്ത്ര വിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുമായി സ്റ്റോറിയോ കൈകോര്‍ത്ത് ദിവസേന ഓരോ ആര്‍ട്ടിക്കിളുകള്‍ നിങ്ങളിലേക്കെത്തിക്കുന്നു.
ലോകോത്തര നിലവാരമുള്ളതും ആധികാരികവുമായ കണ്ടന്റുകള്‍ തയ്യാറാക്കുന്നതിനായി ചാരിറ്റികള്‍, എന്‍.ജി.ഒകള്‍, ജനങ്ങളുടെ മാനസികാരോഗ്യത്തി
നും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ഞങ്ങള്‍ പദ്ധതിയിടുന്നു. അവരുടെ ധീരവും നിസ്വാര്‍ത്ഥവുമായ സാമൂഹിക പ്രവര്‍ത്തനങ്ങളെ ഇതിലൂടെ പിന്തുണയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിനായി നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്കാവശ്യമാണ്.
ഞങ്ങളുടെ ഈ ദൗത്യം മുന്നോട്ടു കൊണ്ടു പോവുന്നതിനുള്ള ഏറ്റവും നേരായ മാര്‍ഗം ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാരില്‍ നിന്ന് ചെറിയ ഒരു തുക സബ്‌സ്‌ക്രിപ്ഷനായി ഈടാക്കുകയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പരസ്യങ്ങളുടെ പിന്തുണ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ നിങ്ങളുടെ ഡേറ്റ സുരക്ഷിതമാണ്.
മനശാസ്ത്രപരമായി സാക്ഷരരായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനുള്ള ഞങ്ങളുടെ ഉദ്യമത്തില്‍ എല്ലാവരും പങ്കു ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
(സോഷ്യല്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പായ സ്റ്റോറിയോയുടെ സ്ഥാപകനും സിഇഒയുമാണ് രാഹുല്‍ നായര്‍)