BUSINESS OPPORTUNITIES

മൈക്രോ സംരംഭങ്ങള്‍; ചെറുതല്ല മൂല്യം

ഗ്രാമപ്രദേശങ്ങളിലെ മൈക്രോസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ മിഷന്‍ ഏറ്റെടുത്ത ആദ്യത്തെ പദ്ധതിയാണ് ആര്‍എംഇ. 2002-03 ല്‍ ആരംഭിച്ച ആര്‍എംഇ പദ്ധതി 18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്നു

സംസ്ഥാന സമ്പദ്വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ പാകുന്നതില്‍ എംഎസ്എംഇ സംരംഭങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ലക്ഷം കോടി രൂപയുടെ നിക്ഷേപവും പതിനായിരങ്ങള്‍ക്ക് തൊഴില്‍ സാധ്യതകളും തുറക്കുന്ന സംരംഭങ്ങള്‍ക്ക് മാത്രമല്ല, ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ സ്ഥാനമുള്ളത്. പലതുള്ളി പെരുവെള്ളം എന്ന പോലെ പെരുകുന്ന മൈക്രോ സംരംഭങ്ങള്‍ക്കും സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകമായ സ്ഥാനമാണുള്ളത്.

Advertisement

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മൈക്രോ സംരംഭങ്ങളുടെ എണ്ണത്തില്‍ 2019 മുതല്‍ വര്‍ധനവുണ്ടായതായാണ് കാണുന്നത്. കോവിഡ് വ്യാപനഘട്ടത്തിലും അതിനൊരു കുറവും ഉണ്ടായില്ല എന്നത് കൂടി പരിഗണിക്കുമ്പോള്‍, എത്രമാത്രം വലുതാണ് മൈക്രോ സംരംഭങ്ങളുടെ സ്ഥാനം എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒന്നര ലക്ഷത്തോളം സംരംഭങ്ങളെയാണ് കേരളത്തില്‍ ജിയോ ടാഗിങ് വഴി കണ്ടെത്തിയിട്ടുള്ളത്. 2019 ല്‍ ഇത് 1.24 ലക്ഷത്തോളം ആയിരുന്നു. ഇതില്‍ 1.14 ലക്ഷത്തോളം സംരംഭങ്ങള്‍ മൈക്രോ സംരംഭങ്ങളാണ്. ഇതിനു പുറമെ പതിനായിരത്തോളം ചെറുകിട സംരംഭങ്ങളും കേരളത്തിലുണ്ട്. ജിയോ ടാഗിങ് വഴി പ്രതിവര്‍ഷം കൂടുതല്‍ സംരംഭങ്ങളെ കൂട്ടിച്ചേര്‍ത്ത് വരുന്നു.

സംസ്ഥാനത്ത് ഇടത്തരം സംരംഭങ്ങളുടെ എണ്ണം കുറവാണ് എന്നതാണ് മറ്റൊരു വസ്തുത.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എറണാകുളം ജില്ലയിലാണ്. ഏറ്റവും കുറവ് സംരംഭങ്ങളുള്ളത് വയനാട് ജില്ലയിലും. ഭൂപ്രകൃതി, വിദ്യാഭ്യാസം, സാമൂഹികമായ ഉയര്‍ച്ച താഴ്ചകള്‍, എന്നിവയെല്ലാം തന്നെ സംരംഭകത്വത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കുടുംബശ്രീ പോലുള്ള സംഘടനകളും സംസ്ഥാനത്ത് മൈക്രോ സംരംഭങ്ങള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കി വരുന്നത്. കുടുംബശ്രീയുടെ നിര്‍വചനപ്രകാരം, അയ്യായിരം രൂപ മുതല്‍ രണ്ടര ലക്ഷം വരെ നിക്ഷേപം നടത്തുന്ന സംരംഭങ്ങളാണ് മൈക്രോ സംരംഭങ്ങളുടെ വിഭാഗത്തില്‍പ്പെടുന്നത്. ഒരു അംഗത്തിന് പ്രതിമാസം 1,500 രൂപയെങ്കിലും വേതനത്തിലൂടെയോ ലാഭത്തിലൂടെയോ അല്ലെങ്കില്‍ രണ്ടും കൂടി സൃഷ്ടിക്കാനുള്ള കഴിവുണ്ടായിരിക്കണം.

സംരംഭം പൂര്‍ണ ഉടമസ്ഥതയിലുള്ളതും മാനേജുചെയ്യുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും അംഗങ്ങളാണ്, ദാരിദ്ര്യരേഖയിലുള്ള കുടുംബങ്ങള്‍ക്ക് താഴെയുള്ള സ്ത്രീകള്‍ സംരംഭകരാണ്. മിനിമം വിറ്റുവരവ് ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയാണ് ഇത്തരം സംരംഭങ്ങളില്‍ നിന്നും കുടുംബശ്രീ പ്രതീക്ഷിക്കുന്നത്. തയ്യല്‍ യൂണിറ്റ്, ബാഗ് നിര്‍മാണ യൂണിറ്റ്, പലഹാര നിര്‍മാണ യൂണിറ്റ് എന്നിവയെല്ലാം മൈക്രോ സംരംഭങ്ങളുടെ ഭാഗമായി നടത്തുന്നു.

മൈക്രോ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൈക്രോ എന്റര്‍പ്രൈസ് സ്‌കീമുകള്‍ നടപ്പാക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ മൈക്രോ എന്റര്‍പ്രൈസസ് പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ മിഷന്‍ ഏറ്റെടുത്ത ആദ്യത്തെ പദ്ധതിയാണ് ആര്‍എംഇ. 2002-03 ല്‍ ആരംഭിച്ച ആര്‍എംഇ പദ്ധതി 18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ഉള്‍ക്കൊള്ളുന്നു. യുവശ്രീ പോലുള്ള മറ്റു പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.

ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്നും മൈക്രോ സംരംഭങ്ങള്‍ക്കായി പ്രത്യേക വായ്പ പദ്ധതികളും നടപ്പാക്കി വരുന്നു. ഇതെല്ലം വിരല്‍ചൂണ്ടുന്നത് മൈക്രോ സംരംഭങ്ങളുടെ സാധ്യതകളിലേക്ക് തന്നെയാണ്. സംരംഭകതത്വത്തില്‍ വലുത് ചെറുത് എന്നൊന്നുമില്ല, സംരംഭകത്വം എന്ന പാഷനെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിലാണ് കാര്യം. മൈക്രോ സംരംഭങ്ങള്‍ ഗതി നിര്‍ണയിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. നാളെയുടെ സാധ്യതകളെ വിലയിരുത്തുമ്പോള്‍ ചെറുതായി തുടങ്ങി വലുതായി വളരാന്‍ കെല്‍പ്പുള്ള മൈക്രോ സംരംഭങ്ങളെ ചേര്‍ത്ത് നിര്‍ത്തേണ്ടതിന്റെ ആവശ്യകത കൂടുതല്‍ വ്യക്തമാകും.

ലക്ഷ്മി നാരായണന്‍,
സിഇഒ, ബിസിനസ് ഡേ

(വനിതാ സംരംഭകത്വ കാമ്പയിനിന്റെ ഭാഗമായി തങ്ങളുടെ സംരംഭം ഫീച്ചര്‍ ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് 7907790219 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top