സംരംഭകത്വം എന്നത് ഉപജീവനമാര്‍ഗം എന്നതില്‍ ഉപരിയായി ഒരു പാഷനാണ്. അതിനു പ്രായ വ്യത്യാസമില്ല. ആറ് വയസിലും അറുപത് വയസിലും സംരംഭകരായ വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. ഈ മാതൃക പിന്തുടരുന്ന ഒരു മിടുക്കിയാണ് ആലപ്പുഴ കായംകുളം സ്വദേശിനിയായ അഭിരാമി. ചെറുപ്പം മുതല്‍ കൂടെക്കൂടിയ എബ്രോയ്ഡറി എന്ന ഹോബിയെ വരുമാനമാര്‍ഗമാക്കി മാറ്റിയിരിക്കുകയാണ് ബിഎസ്സി ബിരുദ വിദ്യാര്‍ത്ഥിനിയായ അഭിരാമി.
കഴിഞ്ഞ 13 വര്‍ഷമായി ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്യുന്ന അഭിരാമി രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അതിലെ സംരംഭകത്വ സാധ്യതകള്‍ മനസിലാക്കിയത്. ഹൂപ്പ് എംബ്രോയ്ഡറി എന്ന മേഖലയിലായിരുന്നു കൂടുതല്‍ താല്പര്യം . ബന്‍സൂരി എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങി അതിലൂടെയാണ് പ്രധാനമായും സംരംഭത്തിന്റെ പ്രൊമോഷനുകള്‍ നടത്തിയിരുന്നത്. പഠനത്തിനൊപ്പം സംരംഭകത്വ മോഹം വികസിപ്പിക്കുന്നതിനും അഭിരാമി സമയം കണ്ടെത്തി എന്നതാണ് ഈ മിടുക്കിയെ ഈ രംഗത്തെ വ്യത്യസ്തയാക്കുന്നത്.
ഹാന്‍ഡ് എംബ്രോയ്ഡറി എന്ന കലയെ ഒരു പ്രൊഫഷനാക്കി കൂടെ കൊണ്ട് പോകണം എന്നതാണ് അഭിരാമിയുടെ ആഗ്രഹം. ഇതിന്റെ ഭാഗമായി എംബ്രോയ്ഡറി പോര്‍ട്രൈറ്റ്കളും ചെയ്യാന്‍ ആരംഭിച്ചു. ഇത്തരത്തില്‍ അഭിരാമി നടന്‍ ടോവിനോയെ പോര്‍ട്രൈറ്റ് എംബ്രോയ്ഡറി ചെയ്തതോടെയാണ് അഭിരാമിയുടെ ബന്‍സൂരി ശ്രദ്ധിക്കപ്പെട്ടത്. ഒരു പോര്‍ട്രൈറ്റ് എംബ്രോയ്ഡറി ചെയ്യുന്നതിന് 1500 രൂപ മുതല്‍ 2000 രൂപ വരെയാണ് ലഭിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം അകൗണ്ട് വഴിയാണ് കൂടുതലും ഉപഭോക്താക്കള്‍ അഭിരാമിയെ തേടി എത്തുന്നത്. ഒരിക്കല്‍ ഉപഭോക്താക്കളായവര്‍ നല്‍കുന്ന ലീഡ്‌സ് വഴിയും പുതിയ ഉപഭോക്താക്കള്‍ എത്തുന്നുണ്ട്. ഇപ്പോഴും സംരംഭകരംഗത്തെ മാറുന്ന ട്രെന്‍ഡിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന അഭിരാമി ഹൂപ്പ് എംബ്രോയ്ഡറിക്കൊപ്പം ജെവെള്ളരി മേക്കിംഗ്, ഡിസൈനര്‍ മാസ്‌ക് മേക്കിംഗ്, ബോട്ടില്‍ ആര്‍ട്ട് എന്നിവയും ചെയ്യുന്നുണ്ട്.
ശരാശരി 20000 രൂപയാണ് ഇത്തരത്തില്‍ പ്രതിമാസം അഭിരാമി ഉണ്ടാക്കുന്നത്. ബിസിനസ് തീരെ കുറവായ മാസങ്ങളില്‍ അത് 12000 രൂപയായി കുറയും. എന്നിരുന്നാലും പഠനത്തോടൊപ്പം ചെയ്യുന്ന ബിസിനസ് ആയതിനാല്‍ അഭിരാമിക്ക് എത്ര വരുമാനം ലഭിച്ചാലും സന്തോഷം മാത്രം. ചെയ്യുന്ന കാര്യം പൂര്‍ണതയോടെ ചെയ്യുക, അതില്‍ മാക്‌സിമം ഡെഡിക്കേറ്റഡ് ആയിരിക്കുക എന്നതാണ് സംരംഭകരംഗത്ത് താന്‍ പാലിക്കുന്ന ചിട്ടയെന്ന് അഭിരാമി പറയുന്നു.