കോവിഡ് കാലത്ത് വരുമാനം ഇല്ലാതായവര്‍ നിരവധിയാണ്. അവിചാരിതമായി എത്തിയ മഹാമാരിക്ക് മുമ്പില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ പകച്ചുപോയവരാണ് അവരില്‍ കൂടുതല്‍ പേരും. ആഘോഷങ്ങള്‍ക്കും ഒത്തുകൂടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നാട്ടിലെ ഫോട്ടോഗ്രാഫര്‍മാരുടെ ഉപജീവനവും പ്രതിസന്ധിയിലായി. കല്യാണ സീസണ്‍ അടക്കം കൊറോണയില്‍ മുങ്ങിയപ്പോള്‍ പലരും നിത്യവൃത്തിക്കായി പെടാപാട് പെടുകയാണ്.
എന്നാല്‍ ലോകം മുഴുവന്‍ ഒരു സൂക്ഷ്മാണുവുമായി മല്ലിടുമ്പോള്‍ പരാതിയും പരിദേവനങ്ങളുമായി ദിവസങ്ങള്‍ തള്ളിനീക്കാതെ കൃഷിയിലൂടെ പുതിയൊരു വരുമാന മാര്‍ഗം വെട്ടിത്തുറന്ന് സമൂഹത്തിന് മാതൃകയാവുകയാണ് വയനാട് മാനന്തവാടിയിലെ മൂന്ന് ഫോട്ടോഗ്രാഫര്‍മാര്‍. അജി കൊളോണിയ, മധു കുളങ്ങര, ബിജു വര്‍ഗീസ് എന്നീ മൂന്ന് സുഹൃത്തുക്കളാണ് മത്സ്യകൃഷിയിലൂടെയും ജൈവ നെല്‍കൃഷിയിലൂടെയും ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഒരുങ്ങുന്നത്. ക്യാമറ പിടിച്ച കൈകളില്‍ മണ്‍വെട്ടിയും മീന്‍വലയും ഒതുങ്ങുമെന്ന് തെളിയിക്കുകയാണ് ഇവരുടെ ലക്ഷ്യം.
തുടക്കം മത്സ്യക്കൃഷിയിലൂടെ..
അടുത്ത ഒന്നര വര്‍ഷത്തേക്കെങ്കിലും തങ്ങള്‍ക്ക് മുമ്പില്‍ ഒരു വാതിലുകളും തുറക്കില്ലെന്ന ബോധ്യമാണ് കാര്‍ഷികവൃത്തിയിലേക്ക് തങ്ങളെ എത്തിച്ചതെന്ന് അജി കൊളോണിയ പറയുന്നു. ആദ്യഘട്ടത്തില്‍ മത്സ്യകൃഷി പരീക്ഷിക്കാനായിരുന്നു ഇവരുടെ തീരുമാനം. മധുവിന്റെ ഉപയോഗശൂന്യമായി കിടന്നിരുന്ന കുളമാണ് ഇതിനായി ഉപയോഗിച്ചത്. ഏകദേശം മുപ്പത് സെന്റ് സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന, മുപ്പത് മീറ്റര്‍ വീതിയും നാല്‍പ്പത് മീറ്റര്‍ നീളവുമുള്ള അതിവിസ്താരത്തിലുള്ള ഈ കുളത്തില്‍ കാര്‍പ്പ് ഇനത്തിലുള്ള ആറായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്.
പ്രീ വെഡ്ഡിംഗ് ഷൂട്ടും പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുമൊക്കെയായി ലക്ഷങ്ങളുടെ വര്‍ക്ക് ചെയ്ത് ഫീല്‍ഡില്‍ തിളങ്ങി നിന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇക്കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് പട്ടിണി പുറത്തറിയാതിരിക്കാന്‍ മുണ്ട് മുറുക്കിയുടുക്കേണ്ടതായ സ്ഥിതി വന്നു
ആറുമാസം കൊണ്ട് ഇവ പൂര്‍ണ വളര്‍ച്ചയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂട്യൂബില്‍ നിന്നും വിജയിച്ച മത്സ്യകര്‍ഷകരില്‍ നിന്നും നിന്നും വേണ്ടത്ര അറിവ് സ്വന്തമാക്കിയതിനും മാര്‍ക്കറ്റിനെ കുറിച്ച് വിശദമായി പഠിച്ചതിനും ശേഷമാണ് ഇവര്‍ മത്സ്യകൃഷിയില്‍ ഹരിശ്രീ കുറിച്ചത്. കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ വെറുതെ നിക്ഷേപിക്കുന്നതിന് പകരം, വിപിവി പൈപ്പും കൊതുകുവലയും കൊണ്ട് തയ്യാറാക്കിയ നാലോളം താത്കാലിക കൂടുകളിലാണ് മീന്‍കുഞ്ഞുങ്ങളെ കുളത്തിലിട്ടിരിക്കുന്നത്.
നിശ്ചിത വലുപ്പം എത്തുന്നത് വരെ പാമ്പ്, തവള പോലുള്ള കുളത്തിലെ മറ്റ് ജീവികളില്‍ നിന്നും മീനുകള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണിത്. വലുപ്പമെത്തിക്കഴിഞ്ഞാല്‍ ഇവയെ കൂടുകളില്‍ നിന്ന് സ്വതന്ത്രമാക്കും. വലിയ കുളമായതിനാല്‍ ചങ്ങാടം ഉപയോഗിച്ചാണ് മീനുകള്‍ക്ക് തീറ്റ നല്‍കുന്നത്.
ആദ്യ പരീക്ഷണം വിജയിച്ചാല്‍ രണ്ടാംഘട്ടത്തില്‍ ഫിഷ് ഹാര്‍ച്ചറി തുടങ്ങാനും ഈ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പദ്ധതിയുണ്ട്. വിമാനത്താവളം മുഖേന വിതരണം ചെയ്യുന്ന നല്ല ഇനത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് നിശ്ചിത വലുപ്പത്തിലാക്കിയതിന് ശേഷം മത്സ്യകര്‍ഷകര്‍ക്ക് എത്തിച്ചുനല്‍കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ വില്‍ക്കുമ്പോള്‍ ഒരു മീനിന് നിന്നും ഏകദേശം രണ്ട് രൂപ വരെ ലാഭമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
ഫാമിനോട് ചേര്‍ന്ന് പാര്‍ക്കും കുക്കിംഗ് ഏരിയയും
മീനുകള്‍ വലുപ്പമെത്തിയാല്‍ വില്‍ക്കുന്നതിലും ഈ മൂവര്‍ സംഘത്തിന് പ്രത്യേക പ്ലാന്‍ ഉണ്ട്. കുളം നില്‍ക്കുന്ന സ്ഥലത്തിന്റെ പ്രകൃതിഭംഗി കണക്കിലെടുത്ത് അവിടം വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനും ഇവര്‍ ആലോചിക്കുന്നു. സന്ദര്‍ശകര്‍ക്കായി ഇരിപ്പിടങ്ങളും ഹട്ടുകളും ഒരുക്കുന്നതിനൊപ്പം മീന്‍ പിടിക്കാനും അവിടെ വച്ച് തന്നെ പാകം ചെയ്ത് കഴിക്കാനുമുള്ള സൗകര്യമൊരുക്കുമെന്ന് അജി പറഞ്ഞു. മാത്രമല്ല, കുളത്തിനുള്ളില്‍ അലങ്കരിച്ച കൊട്ടത്തോണിയും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തി ഇവിടം ഫോട്ടോഗ്രാഫിക്ക് വേണ്ടിയുള്ള ഔട്ട്‌ഡോര്‍ സൈറ്റാക്കാനും ഇവര്‍ക്ക് പരിപാടിയുണ്ട്.
ഫോട്ടോഗ്രാഫിയെ മുഖ്യ വരുമാന മാര്‍ഗമായി നിലനിര്‍ത്തി, ഇതര വരുമാനമാര്‍ഗമെന്ന നിലയിലാണ് ഈ ഫോട്ടോഗ്രാഫര്‍മാര്‍ കൃഷിയെ കാണുന്നത്. അതിനാല്‍ തന്നെ അവരുടെ പദ്ധതികളെല്ലാം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. അപ്രതീക്ഷിതമായി വരുമാനം നിലച്ചപ്പോള്‍ ഉണ്ടായ ആഘാതം ഇനിയുണ്ടാകരുതെന്ന ഉത്തമബോധ്യമാണ് ഭാവി കൂടി കണക്കിലെടുത്ത് കൊണ്ടുള്ള ഇവരുടെ പദ്ധതികള്‍.
കൊറോണയില്‍ പ്രതാപം നഷ്ടപ്പെട്ട് ഫോട്ടോഗ്രാഫി മേഖല
ഫോട്ടോഗ്രാഫി പോലുള്ള ഗ്ലാമറസ് ഫീല്‍ഡില്‍ പ്രീ വെഡ്ഡിംഗ് ഷൂട്ടും പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുമൊക്കെയായി തിളങ്ങി നിന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇക്കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് പട്ടിണി പുറത്തറിയാതിരിക്കാന്‍ മുണ്ട് മുറുക്കിയുടുക്കേണ്ട സ്ഥിതി വന്നു. പ്രധാനമായും സീസണുകളെ ആശ്രയിച്ച് കഴിയുന്ന ഇവര്‍ക്ക് കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് മുന്‍നിശ്ചയിച്ചിരുന്ന വര്‍ക്കുകള്‍ പോലും നഷ്ടമായി.
ഏകദേശം 5-6 ലക്ഷം രൂപയുടെ വെഡ്ഡിംഗ് വര്‍ക്കുകളാണ് തനിക്ക് ലോക്ക്ഡൗണ്‍ മൂലം നഷ്ടമായതെന്ന് അജി പറഞ്ഞു. കല്യാണങ്ങളും ആഘോഷങ്ങളും ഇരുപത് പേരിലേക്കായി ചുരുങ്ങിയതോടെ മിക്കവരും ഫോട്ടോഗ്രാഫി വേണ്ടെന്നുവെച്ചു. മാത്രമല്ല മാസ്‌ക് അണിഞ്ഞ ഫോട്ടോയുടെ അഭംഗിയെ കരുതിയും ആളുകള്‍ ഫോട്ടോഗ്രാഫര്‍മാരെ കല്യാണവീടുകളില്‍ നിന്നും അകറ്റിനിര്‍ത്തി.
ലക്ഷങ്ങളുടെ വെഡ്ഡിംഗ് വര്‍ക്കുകള്‍ ചെയ്തിരുന്നവര്‍ ലോക്ക്ഡൗണ്‍ കാലത്ത് ആയിരം രൂപയുടെ വര്‍ക്ക് പോലും ഇല്ലാതെ വീട്ടില്‍ വെറുതെ ഇരുന്നു. രോഗം വരുതിയിലാകുന്നത് വരെ ഫോട്ടോഗ്രാഫി മേഖലയ്ക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകില്ലെന്ന തിരിച്ചറിവില്‍ നിന്നുമാണ് അജിയും കൂട്ടുകാരും മറ്റൊരു വരുമാന മാര്‍ഗത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് മറ്റെല്ലാ തൊഴില്‍ മേഖലകളിലുമുള്ളവര്‍ വീട്ടിനുള്ളില്‍ കുത്തിയിരുന്നപ്പോള്‍ രാവിലെ എഴുന്നേറ്റ് പാടത്തും തൊടിയിലും പോവുകയും തങ്ങളുടെ കൃഷിക്കാര്യങ്ങള്‍ മുറ തെറ്റാതെ നടത്തുകയും ചെയ്ത കര്‍ഷകരാണ് കൃഷിയിലേക്ക് തങ്ങളെ എത്തിച്ചതെന്ന് ഇവര്‍ പറയുന്നു. വരുമാന മാര്‍ഗമെന്നതിനപ്പുറം ഫോട്ടോഗ്രാഫി പോലെ മാനസികോന്മേഷം നല്‍കുന്ന മറ്റൊരു തൊഴില്‍ മേഖലയാണ് കൃഷിയെന്നതും ആരോഗ്യസംരക്ഷണവും അതോടൊപ്പം നടക്കുമെന്നതും ഇവരെ കൃഷിയിലേക്ക് അടുപ്പിച്ചു. ഇതോടെ ക്യാമറ എടുത്ത് ഡ്രൈ കാബില്‍ വെച്ച് പൂട്ടി പകരം തൂമ്പയെടുത്ത് ഇവര്‍ മണ്ണിലേക്കിറങ്ങി.
മത്സ്യകൃഷിയോടൊപ്പം ജൈവ നെല്‍കൃഷിയും കോഴിഫാമും
മത്സ്യകൃഷിയെ കൂടാതെ അഞ്ചേക്കാര്‍ പാടം പാട്ടത്തിനെടുത്ത് ജൈവ നെല്‍കൃഷിയും ഇവര്‍ ചെയ്യുന്നുണ്ട്. ഫാസ്റ്റ്ഫുഡ് ജീവിതശൈലിയില്‍ നിന്നും പഴമയുടെ രുചികളിലേക്കുള്ള ഒരു തിരിച്ചുപോക്കിനായിരുന്നു ലോക്ക്ഡൗണ്‍ കാലം സാക്ഷ്യം വഹിച്ചത്. ആരോഗ്യദായകമായ ഭക്ഷണത്തിന് ആവശ്യക്കാരേറിയതോടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് കൂടി. ഇതാണ് മത്സ്യകൃഷിയോടൊപ്പം നെല്‍കൃഷിയും ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഇതില്‍ നിന്നും വലിയ ലാഭമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും രാസവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നവരേക്കാള്‍ ലാഭം ജൈവ നെല്‍കൃഷിയിലൂടെ നേടാന്‍ കഴിയുമെന്ന് അജി പറയുന്നു.
സ്വന്തമായി ബ്രാന്‍ഡ് വികസിപ്പിച്ച് ജൈവ അരി ഇടനിലക്കാരില്ലാതെ മാര്‍ക്കറ്റ് ചെയ്യാനാണ് പദ്ധതി. അതോടൊപ്പം ചെറിയ രീതിയില്‍ കോഴിഫാം തുടങ്ങാനും ഇവര്‍ക്ക് ആലോചനയുണ്ട്. നൂറോളം നാടന്‍ മുട്ടക്കോഴികളെയാണ് ആദ്യഘട്ടത്തില്‍ പരീക്ഷിക്കുന്നത്. മീന്‍ തീറ്റക്ക് വേണ്ടിവരുന്ന ചിലവ് ഇതിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.
മത്സ്യകൃഷി ലാഭകരവും ആയാസരഹിതവും
മീന്‍ കൂട്ടി ഉണ്ണാനുള്ള മലയാളിയുടെ അടങ്ങാത്ത ആവേശം തന്നെയാണ് മത്സ്യകൃഷിയുമായി മുന്നിട്ടിറങ്ങാന്‍ കാരണമെന്ന് അജി വ്യക്തമാക്കി. പൊന്നുംവില കൊടുത്തും മീന്‍ വാങ്ങാന്‍ ആളുണ്ട്. മത്സ്യകൃഷിക്ക് വേണ്ടിയുള്ള മീന്‍കുഞ്ഞുങ്ങള്‍ക്കും നല്ല ഡിമാന്‍ഡ് ആണ്. അലങ്കാരമത്സ്യങ്ങള്‍ക്ക് പറയുന്ന വില കിട്ടും. അധ്വാനം വളരെ കുറവാണെന്നുള്ളതാണ് മറ്റ് കൃഷികളെ അപേക്ഷിച്ച് മത്സ്യകൃഷിയുടെ പ്രധാന മേന്മ. കുളത്തിനുള്ളില്‍ മീനുകളെ നിക്ഷേപിച്ച് കഴിഞ്ഞാല്‍ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ തീറ്റ കൊടുക്കുക എന്നത് മാത്രമാണ് ജോലി.
മീന്‍ കൂട്ടി ഉണ്ണാനുള്ള മലയാളിയുടെ അടങ്ങാത്ത ആവേശം തന്നെയാണ് മത്സ്യകൃഷിയുമായി മുന്നിട്ടിറങ്ങാന്‍ കാരണമെന്ന് അജി
ക്യാമറയ്ക്ക് പകരം മീന്‍കുട്ട ചുമക്കാന്‍ തുടക്കത്തില്‍ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും ഇതിലെ സാധ്യതകള്‍ മനസിലാക്കിയപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഇവര്‍ പ്ലാനുമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാല്‍ ഇതിനായുള്ള പണച്ചിലവായിരുന്നു മുന്നിലുള്ള ഏക തടസ്സം. ഇതുവരെയുള്ള നീക്കിയിരിപ്പുകള്‍ കൊണ്ടാണ് പലരും ഫോട്ടോഗ്രാഫി മേഖലയില്‍ സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്തത്. പലര്‍ക്കും സമ്പാദ്യമായി വീടും സ്റ്റുഡിയോയും ക്യാമറകളും മാത്രമാണുള്ളത്. അപ്പോഴാണ് ഇവരുടെ ആശയത്തില്‍ ആകൃഷ്ടനായി മാനന്തവാടി കാനറ ബാങ്ക് മാനേജര്‍ ജോയി ലോണ്‍ തരപ്പെടുത്തിക്കൊടുക്കാന്‍ സന്നദ്ധത അറിയിച്ചത്.
എന്തുതന്നെയായാലും കൃഷിയില്‍ നിന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ഇവര്‍ ഉറപ്പിച്ചുകഴിഞ്ഞു. ന്യൂനതകള്‍ കണ്ടെത്തി തിരുത്തി മുന്നേറുകയെന്നതാണ് ഇവരുടെ നയം
ഫോട്ടോഗ്രാഫര്‍മാരുടെ ഉദ്യമം വാര്‍ത്തയായതോടെ നിരവധി പേരാണ് ഇവര്‍ക്ക് പ്രോത്സാഹനവും പിന്തുണയുമായി എത്തിയത്. തങ്ങളെ കൂടെ ഈ ശ്രമത്തിന്റെ ഭാഗമാക്കുമോ എന്ന് ചോദിച്ച് നിരവധി ഫോട്ടോഗ്രാഫര്‍മാര്‍ തന്നെയെത്തി. മറ്റുചിലര്‍ നെല്‍കൃഷിക്കായി പാടം വിട്ടുനല്‍കാന്‍ തയ്യാറായി. എന്നാല്‍ ആദ്യശ്രമം എത്രത്തോളം വിജയകരമാകുമെന്ന് കണ്ടറിഞ്ഞതിന് ശേഷം വരും പരിപാടികള്‍ വിപുലമാക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് അജി അറിയിച്ചു.
എന്തുതന്നെയായാലും കൃഷിയില്‍ നിന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ഇവര്‍ ഉറപ്പിച്ചുകഴിഞ്ഞു. ന്യൂനതകള്‍ കണ്ടെത്തി തിരുത്തി മുന്നേറുകയെന്നതാണ് ഇവരുടെ നയം. ഫോട്ടോഗ്രാഫി മേഖലയില്‍ വീണ്ടും സജീവമായാലും മറ്റൊരു വരുമാനമാര്‍ഗമെന്ന നിലയിലും മനസിന് സന്തോഷം നല്‍കുന്ന, പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന തൊഴില്‍ എന്ന നിലയിലും കൃഷി എന്നും തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഇവര്‍ നിസംശയം പറയുന്നു.
ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടും വരുമാനം ഇല്ലാതായും നിരാശരായി വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് ഈ സുഹൃത്തുകള്‍ക്ക് നല്‍കാനുള്ള സന്ദേശവും കൃഷിയുടേതാണ്. ലോകാവസാനം വരെ സാധ്യതകള്‍ അസ്തമിക്കാത്ത ഒരു തൊഴില്‍മേഖലയാണ് ഭക്ഷ്യോല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലകള്‍. വരാന്‍ പോകുന്നത് ജൈവയുദ്ധങ്ങളുടെ കാലമാണ്. പട്ടിണി കിടക്കാതിരിക്കണമെങ്കില്‍ നാം തന്നെ മുന്നിട്ടിറങ്ങണം. ആയാസരഹിതമായി, വളരെ എളുപ്പത്തില്‍ ധനം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് മത്സ്യകൃഷി.
ഫോട്ടോഗ്രാഫി പോലെ തന്നെ തുടക്കത്തിലുള്ള മുതല്‍മുടക്ക് മാത്രമാണ് മത്സ്യകൃഷിക്കും ആവശ്യം. മാത്രമല്ല, താല്‍പ്പര്യമുള്ളവര്‍ക്ക് ടെറസിന് മുകളിലോ മുറ്റത്തോ ഒരു ചെറിയ ടാങ്ക് സജ്ജീകരിച്ച് ചെറിയ രീതിയിലും മീനുകളെ വളര്‍ത്താം. അമ്പത് മീനുകളെ ഇട്ടാല്‍ വീട്ടാവശ്യത്തിനുള്ള, ഫ്രഷ് ആയുള്ള മീനുകള്‍ ലഭിക്കും.