സ്വന്തം വരുമാനത്തിനെ കുറിച്ച് ബോധവാന്മാരാകാതെയുള്ള അധിക ചെലവുകള്‍ ഇനിയുള്ള കാലം ആരൊക്കെ മാറി മാറി ഭരിച്ചാലും കുടുംബ ബജറ്റുകള്‍ താളം തെറ്റിക്കും കുടുംബ നാഥന്റെ നടുവൊടിക്കും.
ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണ് സ്വന്തമായി ഒരു വീടെന്നത്.
ഏറ്റവും കൂടുതല്‍ പണം ചെലവാക്കപ്പെടുന്നത് ഒരു പക്ഷെ വീടിന് വേണ്ടിയായിരിക്കും.
കേരളത്തിന് പുറത്ത് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും, ബാംഗ്ലൂരിലും യാത്ര ചെയ്യുമ്പോള്‍ കണ്ട കാഴ്ച്ചയാണ്.ഓരോ വീട്ടിലും എന്തെങ്കിലും ഒരു സംരംഭം ഉണ്ടായിരിക്കും.
അതല്ലെങ്കില്‍ വീടിന്റെ മുകള്‍ ഭാഗത്ത് താമസിക്കുകയും താഴെ ഭാഗത്ത് എന്തെങ്കിലും ഷോപ്പ് തുടങ്ങിയിട്ടുണ്ടാകും.
അതുമല്ലെങ്കില്‍ താഴെ ഭാഗത്ത് താമസിക്കുകയും.മുകള്‍ ഭാഗം പുറത്തുള്ള മറ്റു ഫാമിലിക്ക് വാടകക്ക് കൊടുത്തിട്ടുണ്ടായിരിക്കും.
ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് വീടുണ്ടാക്കുമ്പോള്‍ ആ വീട് ഉപയോഗിച്ച് കൊണ്ടു തന്നെ അവര്‍ വരുമാനവും ഉണ്ടാക്കുന്നുണ്ട്.
എന്നാല്‍ കേരളത്തെ സംബന്ധിച്ച് ബഹുഭൂരിഭാഗം ആളുകള്‍ക്കും വീട് ഒരു ലയബിലിറ്റി മാത്രമാണ്.അതില്‍ നിന്ന് യാതൊരു വരുമാനവും ലഭിക്കുന്നില്ല.
അതു കൊണ്ട് കേരളത്തിന് പുറത്ത് കണ്ട കാഴ്ച്ചകളെ നമുക്ക് നമ്മുടെ നാട്ടിലേക്കും പറിച്ച് നടുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.
വീട് ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവര്‍ക്ക് കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാന്‍ മറ്റുള്ള വഴികള്‍ കൂടി ആലോചിക്കാവുന്നതാണ്.
ഒരു പാട് പണം ചിലവഴിച്ച് ഇന്റീരിയറും മറ്റു മോഡിഫിക്കേഷനുകളും ചെയ്യുന്നതിന് പകരം.ആ പണം കൊണ്ട് സാധ്യമായ രീതിയില്‍ ഒരോ വീടും സ്വയം പര്യാപ്തതയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുകയും അതിനു വേണ്ടി പ്ലാന്‍ തയ്യാറാക്കുകയും അവ നടപ്പിലാക്കുന്നതിനും പരിശ്രമിക്കേണ്ടതുണ്ട്.
പച്ചക്കറികളുടെ വിലക്കയറ്റ പ്രശ്‌നം പരിഹരിക്കപ്പെടുന്നതിന് വേണ്ടി വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ വീട്ടില്‍ തന്നെ ഉല്പാദിപ്പിച്ച് തുടങ്ങാവുന്നതാണ്.
വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി വീട്ടില്‍ തന്നെ ഉല്പാദിപ്പിക്കാന്‍ സോളാര്‍ സെറ്റ് ചെയ്യാം.വീട്ടിലെ വൈദ്യുതി ബില്ല് കുറയ്ക്കാം,അതോടൊപ്പം പെട്രോളിന്റെ വിലക്കയറ്റം നടുവൊടിക്കുന്നുണ്ടെന്ന് തോന്നുന്നവര്‍ക്ക് ഇലക്ട്രിക് വെഹിക്കിളിലേക്ക് മാറുന്നുണ്ടെങ്കില്‍ ഇതും ഒരു നേട്ടമായിരിക്കും.
പാചക വാതക വിലക്കയറ്റവും കൂടിയാകുമ്പോള്‍ ഒരു സാധാരണക്കാരനെ സംബന്ധിച്ച് കുടുംബ ബജറ്റ് ഏകദേശം തീരുമാനമാകും.
അതിന് പരിഹാരമായി വീട്ടില്‍ ബയോഗ്യാസ് സ്ഥാപിക്കുന്നതിനെ കുറിച്ച് പ്ലാന്‍ ചെയ്യാം.
അങ്ങനെ സാധ്യമായ രീതിയിലെല്ലാം സ്വയം പര്യാപ്തത കൈവരിച്ചാല്‍ മാത്രമേ ഇനിയൊരു നിലനില്‍പിനെ കുറിച്ച് പ്രതീക്ഷിക്കേണ്ടതുള്ളൂ…!
ഇവയൊക്കെ സെറ്റ് ചെയ്യാന്‍ ഒരുപാട് പണം ആകൂലെ എന്ന് ചിന്തിക്കുന്നവരോട് ദീര്‍ഘകാലത്തേക്ക് ലാഭം തന്നെയായിരിക്കുമെന്നും,ലക്ഷങ്ങള്‍ ഇന്റീരിയറിന് മാത്രം പൊട്ടിക്കുന്നതിനേക്കാള്‍ ഉപകാരമായിരിക്കുമെന്നേ പറയാനുള്ളൂ..
”വീട് നിര്‍മിക്കുന്നത് മറ്റുള്ളവരെ ഇംപ്രസ് ചെയ്യിപ്പിക്കുക എന്നതിലുപരി സ്വയം ഉപകാരമുള്ളതാക്കുക.”
”വീട് ഒരു ലയബിലിറ്റി ആക്കാതെ അസറ്റാക്കി മാറ്റുക”
രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും,പരിഹാരമാവും,രാഷ്ട്രീയ പാര്‍ട്ടികള്‍ രക്ഷിക്കും,ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകും എന്ന ധാരണയൊക്കെ വെറുതെയാണ്.!
”കോരന് കഞ്ഞി കുമ്പിളില്‍ തന്നെ ആയിരിക്കും”
മാറ്റങ്ങളെ കുറിച്ച് ചിന്തിച്ച് തുടങ്ങുക..!
മാറി നടന്ന് തുടങ്ങുക..!
(ഫൈനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)