കേരളത്തിലെ പ്രമുഖ കമ്പനികളിലൊന്നായ കല്യാണ്‍ ജൂവല്ലേഴ്‌സ് ഐപിഒ (പ്രഥമ ഓഹരി വില്‍പ്പന)യ്ക്കുള്ള തയാറെടുപ്പുകള്‍ സജീവമാക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. മലയാളിയുടെ നേതൃത്വത്തിലുള്ള മറ്റൊരു കമ്പനി കൂടി ഐപിഒയ്ക്ക് തയാറെടുക്കുകയാണ്.
ബൈജു രവീന്ദ്രന്റെ സംരംഭമായ ബൈജൂസ് ആപ്പാണ് ഐപിഒയ്ക്ക് തയാറെടുക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഐപിഒ ഉണ്ടാകുമെന്നാണ് ബൈജു രവീന്ദ്രന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
2011ല്‍ പ്രവര്‍ത്തനമാരംഭിച്ച ബൈജൂസ് കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും എന്‍ട്രന്‍സ് ഉള്‍പ്പടെയുള്ള മല്‍സരാധിഷ്ഠിത പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ലേണിങ് ക്ലാസുകള്‍ ലഭ്യമാക്കുന്ന എജുക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ്.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്
നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. ഏകദേശം 80,000 കോടി രൂപയ്ക്ക് മേലുണ്ട് ബൈജൂസിന്റെ വിലമതിപ്പെന്നാണ് വിലയിരുത്തല്‍. 16 ഫണ്ടിംഗ് റൗണ്ടുകളില്‍ നിന്നായി ഇതിനകം 12,000 കോടിയോളം രൂപയാണ് ബൈജൂസ് സമാഹരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവ്, ചൈനയുടെ ടെന്‍സന്റ് തുടങ്ങിയ വമ്പന്മാര്‍ ബൈജൂസിലെ നിക്ഷേപകരാണ്.
കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ് 39കാരനായ ബൈജൂസ്. ഇന്ത്യയിലും യുഎസിലും ലിസ്റ്റ് ചെയ്യാനാണ് ബൈജൂസിന്റെ പദ്ധതി.
