Auto

പത്ത് ലക്ഷം ബഡ്ജറ്റില്‍ 7 സണ്‍റൂഫ് കാറുകള്‍

ഇന്ത്യക്കാര്‍ക്ക് സണ്‍റൂഫെന്നു വെച്ചാല്‍ ജീവനാണ്. റൂഫിലെ ചില്ലു ജാലകത്തോടുള്ള ഈ ഭ്രമം മനസിലാക്കി പല വാഹന കമ്പനികളും വിലകുറഞ്ഞ മോഡലുകളില്‍ പോലും ഇപ്പോള്‍ (ഒരുകാലത്ത് ആഡംബരമായി നിന്നിരുന്ന) സണ്‍റൂഫ് നല്‍കുന്നുണ്ട്. പത്തു ലക്ഷത്തിനു താഴെ വിലയുള്ള, സണ്‍റൂഫുമായി എത്തുന്ന 7 വാഹനങ്ങളെ പരിചയപ്പെടാം.

വാഹനങ്ങള്‍ കേവലം യാത്രാ ഉപാധികളില്‍ നിന്നും ‘ലിവിംഗ് സ്‌പേസുകള്‍’ ആയി മാറുകയാണ്. ഒരു നിത്യോപയോഗ വസ്തു ആയതുകൊണ്ട് വാഹനത്തില്‍ നാം ചിലവഴിക്കുന്ന സമയം നമുക്ക് ആസ്വദിക്കാനാവണം, കാറിന്റെ ക്യാബിന്‍ നമുക്കു നല്‍കുന്ന അനുഭവം പ്രസന്നമായിരിക്കണം. ഈ ഉദ്ദേശത്തോടെയാണ് വാഹന നിര്‍മ്മാതാക്കള്‍ ‘ടണ്‍ കണക്കിനു ഫീച്ചറുകള്‍’ തങ്ങളുടെ മോഡലുകളില്‍ കുത്തി നിറയ്ക്കുന്നത്. ഇവയില്‍ പലതും പല കാലങ്ങളിലും വമ്പന്‍ ട്രെന്‍ഡുകളായി മാറാറുണ്ട്. പിന്‍ എസി വെന്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം എന്നിവയൊക്കെ ഇത്തരത്തില്‍ വലിയ ജനപ്രീതി ആര്‍ജ്ജിച്ച ഫീച്ചറുകളാണ്. ഇന്ന് ആളുകള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന, അല്ലെങ്കില്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ഫീച്ചറാണ് സണ്‍റൂഫ്.

Advertisement

ടാറ്റ നെക്‌സോണ്‍ XM (S)

ഇന്ത്യക്കാരുടെ സണ്‍റൂഫ് പ്രേമത്തെ ഏറ്റവും നന്നായി മനസിലാക്കിയത് ടാറ്റയാണ്. വമ്പിച്ച വില്‍പനയുള്ള നെക്‌സോണില്‍ ആദ്യകാലത്ത് ഒപ്ഷണല്‍ ആക്‌സസറി ആയി മാത്രമാണ് സണ്‍റൂഫ് എത്തിയിരുന്നത്. എന്നാല്‍ ഫേസ്ലിഫ്റ്റ് വന്നപ്പോള്‍ ഉയര്‍ന്ന വേരിയന്റുകളില്‍ ഇത് സ്റ്റാന്‍ഡേര്‍ഡായി എത്തിത്തുടങ്ങി. XZ Plus S, XZA Plus S എന്ന ഈ വേരിയന്റുകളുടെ വില പക്ഷേ 10 ലക്ഷത്തിനു മുകളിലായിരുന്നു. പിന്നീട് സണ്‍റൂഫ് എന്ന ‘ആഡംബരത്തെ’ കൂടുതല്‍ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെ 2020 സെപ്തംബറില്‍ നെക്‌സോണിന്റെ XM (S) വേരിയന്റ് ഇറങ്ങി.

നെക്‌സോണ്‍ XM (S)-ല്‍ സണ്‍റൂഫ് ഒഴികെ മറ്റു ഫീച്ചറുകളെല്ലാം XM നു സമാനമാണ്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമാവുന്ന നെക്‌സോണ്‍ XM (S) ആണ് ഇപ്പോഴും ഇന്ത്യയിലെ സണ്‍റൂഫുള്ള ഏറ്റവും വിലകുറഞ്ഞ വാഹനം. 8.67 ലക്ഷമാണ് പെട്രോള്‍ മാനുവല്‍ XM (S)ന്റെ കൊച്ചി എക്‌സ് ഷോറൂം വില. (സണ്‍ റൂഫ് ഇല്ലാത്ത XM വേരിയന്റിനേക്കാള്‍ 52,000 രൂപ കൂടുതല്‍.) ഡീസല്‍ എന്‍ജിനുള്ള XM (S)നു എക്‌സ് ഷോറൂം വില 9.99 ലക്ഷമാണ്. AMT ഗിയര്‍ബോക്‌സുള്ള ഓട്ടോമാറ്റിക്ക് XMA (S) (പെട്രോള്‍) വേരിയന്റിനു വില 9.35 ലക്ഷമാണ്.

പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, റൂഫ് റെയിലുകള്‍, പൂര്‍ണ്ണമായും ഇലക്ട്രിക്കായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, LED ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഇരട്ട എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓട്ടോമാറ്റിക്ക് ഹെഡ്ലാമ്പുകള്‍. ഹില്‍ അസിസ്റ്റ്, 2 DIN മ്യൂസിക് പ്ലെയര്‍, 4 സ്പീക്കര്‍ ഹാര്‍മന്‍ ഓഡിയോ, എന്നിവയാണ് മറ്റു പ്രത്യേകതകള്‍120 എച്ച്പി കരുത്തുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 110 എച്ച്പി. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് നെക്‌സോണിനുള്ളത്.

വില: 8.67 ലക്ഷം മുതല്‍

ഹോണ്ട WRV VX

ജാസിനെ ആധാരമാക്കി നിര്‍മ്മിച്ച ക്രോസോവറാണ് WRV. ജാസിന്റെ പ്ലാറ്റ്ഫോമും എന്‍ജിനുമൊക്കെയാണ് ഈ വാഹനവും ഉപയോഗിക്കുന്നത്. ഇതിന്റെ വിഎക്‌സ് എന്ന മിഡ് സ്‌പെക്ക് വേരിയന്റാണ് ഇന്ന് ഏറ്റവും അധികം വിറ്റഴിയുന്നത്. ഇതില്‍ വണ്‍ ടച്ച് ഓപ്പറേഷനോടുകൂടിയ സണ്‍റൂഫ്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്‌ന്മെന്റ് സിസ്റ്റം എന്നിങ്ങനെ അനവധി ഫീച്ചറുകളുണ്ട്. 9.93 ലക്ഷമാണ് എക്‌സ് ഷോറൂം വില.
വില: 9.93 ലക്ഷം

ഹ്യുണ്ടായ് ഐ20 Asta (O)

ഏറ്റവും പുതിയ ഹ്യുണ്ടായ് ഐ20 നല്ല ഒരു പാക്കേജാണ്. കാലികമായ അനവധി ഫീച്ചറുകളും മികച്ച ഒരു ഡ്രൈവ്ട്രെയിനുമൊക്കെ ഈ വാഹനത്തിനുണ്ട്. ആകെ മൂന്ന് എന്‍ജിനുകളും (1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ടര്‍ബോ പെട്രോള്‍) നാലു ട്രാന്‍സ്മിഷനുകളുമാണ് പുത്തന്‍ ഐ20ക്ക് ഉള്ളത്. ഈ മൂന്ന് ഡ്രൈവ് ട്രെയിനുകളിലും മാഗ്‌ന, സ്‌പോര്‍ട്ട്‌സ്, ആസ്ത, ആസ്ത ഒപ്ഷണല്‍ എന്നീ വേരിയന്റുകളുണ്ട്. ഇവയില്‍ ആസ്ത (O) എന്ന ടോപ്പ് വേരിയന്റിനു മാത്രമാണ് സണ്‍റൂഫുള്ളത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും മാനുവല്‍ ഗിയര്‍ബോക്‌സുമുള്ള ആസ്ത ഒപ്ഷണല്‍ വേരിയന്റിനു കേരളത്തില്‍ വില 9.40 ലക്ഷമാണ്. ഡ്യുവല്‍ ടോണ്‍ വേണമെങ്കില്‍ 15000 അധികം നല്‍കേണ്ടിവരും (9.55 ലക്ഷം). ഈ രണ്ടു വേരിയന്റുകള്‍ മാത്രമാണ് പത്തു ലക്ഷത്തിനുള്ളില്‍ വാങ്ങാനാവുക. ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഉള്ള വേരിയന്റുകള്‍ക്ക് 10.69 ലക്ഷം മുതല്‍ 11.42 ലക്ഷം വരെ വില വരും.

വില: 9.40 ലക്ഷം മുതല്‍

മഹീന്ദ്ര എക്‌സ്യുവി 300 W6

മഹീന്ദ്രയുടെ കോംപാക്ട് ഏസ്യുവിയായ എക്‌സ്യുവി 300ന്റെ ബേസ് വേരിയന്റ് ഒഴികെ എല്ലാ ട്രിമ്മുകളിലും സണ്‍റൂഫ് സ്റ്റാന്‍ഡേര്‍ഡായുണ്ട്. പെട്രോളിലും ഡീസ
ലിലുമായി W4, W6, W8 എന്നിങ്ങനെ 3 ട്രിം ലെവലുകളാണുള്ളത്. ഇതില്‍ ബേസ് സ്‌പെക്കായ W4ല്‍ ഒഴികെ ബാക്കി രണ്ട് ട്രിമ്മുകളിലും സണ്‍റൂഫ് ലഭ്യമാണ്. എന്നാല്‍ 10 ലക്ഷത്തിനു താഴെ വില വരിക പെട്രോള്‍ എന്‍ജിനോടുകൂടിയ ‘എക്‌സ് യുവി 300 W6 സണ്‍റൂഫ്’ വേരിയന്റിനു മാത്രമാവും. 9.91 ലക്ഷമാണ് ഈ വാഹനത്തിന് വില.

സണ്‍റൂഫിനു പുറമെ ഇരട്ട എയര്‍ബാഗുകള്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്‌ന്മെന്റ് സിസ്റ്റം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നവിംഗ് മിററുകള്‍ എന്നിവയുമുണ്ട്. ഓട്ടോമാറ്റിക്ക് എസി (ക്ലൈമറ്റ് കണ്‍ട്രോള്‍), പിന്‍ ഡീഫോഗര്‍, അലോയ് വീലുകള്‍, പിന്‍ എസി വെന്റുകള്‍ എന്നിവയില്ല എന്നതും ശ്രദ്ധേയമാണ്.

വില: 9.91 ലക്ഷം

ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് Titanium

കോംപാക്ട് എസ്യുവികള്‍ക്കിടയിലെ താരമായ ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടില്‍, ടൈറ്റാനിയം എന്ന മിഡ് സ്‌പെക് വേരിയന്റ് മുതല്‍ മുകളിലേക്ക് എല്ലാ ട്രിമ്മുകളിലും സണ്‍റൂഫ് ലഭ്യമാണ്. ഇവയില്‍ ടൈറ്റാനിയത്തിനു മാത്രമാണ് 10 ലക്ഷത്തില്‍ താഴെ വിലയുള്ളത്. 9.99 ലക്ഷമാണ് പെട്രോള്‍/ഡീസല്‍ എന്‍ജിനുകളുള്ള എക്കോസ്‌പോര്‍ട്ട് ടൈറ്റാനിയത്തിന്റെ എക്‌സ് ഷോറൂം വില. പ്രസ്തുത വേരിയന്റില്‍ സണ്‍റൂഫിനു പുറമെ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, നാവിഗേഷനോടുകൂടിയ 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്‌ന്മെന്റ് യൂണിറ്റ്, കീ ലെസ് എന്‍ട്രി, എന്നിവയുമുണ്ട്. 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഈ വാഹനത്തിനുള്ളത്.

വില: 9.99 ലക്ഷം

ഹ്യുണ്ടായ് വെന്യുസ്സ്

സബ് 4 മീറ്റര്‍ എസ്യുവിയായ ഹ്യുണ്ടായ് വെന്യുവിന്റെ SX, SX (O), SX Plus Sport എന്നീ വേരിയന്റുകളില്‍ സണ്‍റൂഫ് ലഭ്യമാണ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ പ്രസ്തുത വേരിയന്റുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവയുടെ കേരളത്തിലെ എക്‌സ് ഷോറൂം വിലകള്‍ 10 ലക്ഷത്തിനും മുകളിലാണ്. വെന്യു SX-\p (ഡീസല്‍/ടര്‍ബോ പെട്രോള്‍) 10.07 ലക്ഷമാണ് വിലവരിക. അങ്ങനെ നോക്കുമ്പോള്‍ പത്തു ലക്ഷത്തിനു താഴെ സണ്‍റൂഫുള്ള വെന്യു ഇല്ല എന്നു പറയേണ്ടിവരും.

വില: 10.07 ലക്ഷം

കിയ സോനറ്റ് HTX

ഹ്യുണ്ടായ് വെന്യുവിന്റെ കിയ വേര്‍ഷനാണ് സോനറ്റ്. വെന്യുവിന്റെ അതേ എന്‍ജിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളുമുള്ള കിയയുടെ സബ്-4 മീറ്റര്‍ എസ്യുവി. 2021 മോഡല്‍ എത്തിയപ്പോള്‍ സോനറ്റിന്റെ ഫീച്ചര്‍ നിരയില്‍ വലിയ അഴിച്ചുപണികള്‍ നടന്നിരുന്നു. ടെക് ലൈന്‍, ജിടി ലൈന്‍ എന്നിങ്ങനെ രണ്ട് ട്രിമ്മുകളില്‍ സോനറ്റ് ലഭ്യമാണ്. ടെക് ലൈനില്‍ HTX നും ജിടി ലൈനില്‍ GTX നുമാണ് സണ്‍റൂഫുള്ളത്. ടര്‍ബോ പെട്രോള്‍ എന്‍ജിനും iMT ഗിയര്‍ബൊക്‌സുമുള്ള HTX ടര്‍ബോ വേരിയന്റിനു 9.99 ലക്ഷമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില. GTX മോഡലുകള്‍ക്കു 11 ലക്ഷത്തിനും മുകളിലാണ് വില.

വില: 9.99 ലക്ഷം

**ഇവിടെ പറഞ്ഞിരിക്കുന്ന വിലകളെല്ലാം കേരളത്തിലെ എക്‌സ് ഷോറൂം വിലകളാണ്, മറ്റു സംസ്ഥാനങ്ങളിലെ എക്‌സ് ഷോറൂം വിലകളില്‍ നേരിയ വ്യതിയാനങ്ങള്‍ ഉണ്ടായേക്കാം. വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നപക്ഷം ഈ വിലകള്‍ക്കു പുറമെ ടാക്‌സും ഇന്‍ഷുറന്‍സും മറ്റു ചിലവുകളും അധികം പ്രതീക്ഷിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top