100 WOMEN ENTREPRENEURS

അകക്കണ്ണിന്റെ കാഴ്ചയില്‍ ജിനി ജോലി നല്‍കുന്നത് 25 ലേറെപേര്‍ക്ക്

ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം ജീവിത വിജയം കയ്യെത്തിപ്പിടിച്ച വ്യക്തിയാണ് ആക്‌സിലിയോണ്‍ എച്ച് ആര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമയായ ജിനി ജോണ്‍

എല്ലാം കൊണ്ടും പൂര്‍ണരായി ആരും തന്നെ ഈ ലോകത്തില്ല. തന്റെ കുറവുകളെ ഒരു കുറവായി കാണാതെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിലാണ് ഒരു വ്യക്തിയുടെ വിജയം. ഇത്തരത്തില്‍ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം ജീവിത വിജയം കയ്യെത്തിപ്പിടിച്ച വ്യക്തിയാണ് ആക്‌സിലിയോണ്‍ എച്ച് ആര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമയായ ജിനി ജോണ്‍.

Advertisement

കാഴ്ചക്കുറവിന്റെ പേരില്‍ നിരവധി കമ്പനികള്‍ ജോലി നല്‍കാതെ ഒഴിവാക്കിയ ജിനി ഇന്ന് ജിനി 25 ലേറെപേര്‍ക്ക് ജോലി നല്‍കുന്നു. മാത്രമല്ല, ഇത്തരത്തില്‍ ജിനിയെ ഒഴിവാക്കിയ പല സ്ഥാപനങ്ങള്‍ക്കും വേണ്ടി എച്ച് ആര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതും ജിനിയുടെ നേതൃത്വത്തിലുള്ള ആക്‌സിലിയോണ്‍ ആണ്. കണ്ണുകള്‍ക്കുള്ളിലെ ഞരമ്പുകള്‍ ദ്രവിച്ചു പോകുന്നതിന്റെ ഭാഗമായി വലത്കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാണ് പത്തനംതിട്ട സ്വദേശിനിയായ ജിനി ജോണ്‍.

രണ്ടാം വയസില്‍ അമ്മയേയും തുടര്‍ന്നു അച്ഛനെയും നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ശൂന്യത തീരും മുന്‍പ് തന്നെ കാഴ്ച നഷ്ടപ്പെടുന്ന തീരാവേദനയിലേക്ക് ജിനി എത്തി. തുടര്‍ച്ചയായ ഓപ്പറേഷനുകള്‍ക്കും ചികിത്സയ്ക്കും ഒന്നുംതന്നെ കാഴ്ച വീണ്ടെടുക്കാനായില്ല. അങ്ങനെ എട്ടാം ക്ലാസ് മുതല്‍ കണ്ണടയുമായി പൊരുത്തപ്പെട്ട് ജീവിതം തുടങ്ങി.

അതിനിടെ ഓപ്പറേഷന്‍ ചെയ്ത കണ്ണ് അകത്തോട്ട് കുഴിയാന്‍ തുടങ്ങി.കാഴ്ചക്കാരില്‍ ഭയം ജനിപ്പിക്കുന്ന അവസ്ഥ. എന്നാല്‍ ഈ അവസ്ഥയിലും ജിനി പഠനം വിട്ടു കളഞ്ഞില്ല. അവശേഷിച്ച ഒരു കണ്ണിന്റെ കാഴ്ചയില്‍ വാശിയോടെ പഠിച്ചു . അകത്തേക്ക് കുഴിഞ്ഞു പോയ കണ്ണ് കാഴ്ചക്കാര്‍ക്ക് അരോചകമായതോടെ, പ്ലാസ്റ്റിക്ക് ഐ വച്ച് ആ കുറവ് താത്കാലികമായി പരിഹരിച്ചു.

ഏത് വിധേനയും നന്നായി പഠിക്കണം എന്നത് മാത്രമായിരുന്നു ജിനിയുടെ ആഗ്രഹം. പക്ഷെ അവിടെയും വിധി തിരിച്ചടിച്ചു.കണ്ണിനകത്ത് വലിയൊരു ഗ്രോത്ത്. ഐബോള്‍ മൊത്തത്തില്‍ റിമൂവ് ചെയ്യണമെന്ന് പറഞ്ഞു അങ്ങനെ അങ്ങനെ വീണ്ടും ഒരു സര്‍ജറി. ഐബോള്‍ റിമൂവ് ചെയ്തശേഷം അവിടെ വായില്‍ നിന്നും മാംസം എടുത്തുവച്ചു. അതുകൊണ്ടും തീര്‍ന്നില്ല പരീക്ഷണങ്ങള്‍ വീണ്ടും ആര്‍ട്ടിഫിഷ്യല്‍ പ്രോസ്തെടിക്സ് വച്ചു വീണ്ടും കുറെനാള്‍ മരുന്നും ഹോസ്പിറ്റലും ഒക്കെയായി നടന്നു. ഇതിനിടയ്ക്ക് ജിനി എംഎ ഇക്കണോമിക്സില്‍ പിജി പൂര്‍ത്തിയാക്കി

ഒടുവില്‍ 90 ശതമാനം കാഴ്ചക്കുറവുള്ള വ്യക്തിയായി ജോലി തേടി കൊച്ചിയില്‍ വന്നതോടെയാണ് ജീവിതത്തിലെ മറ്റൊരു പരീക്ഷണം ആരംഭിക്കുന്നത്. നല്ല വിദ്യാഭ്യാസ യോഗ്യത, മികച്ച രീതിയില്‍ ഇന്റര്‍വ്യൂ കടന്നു കൂടാനുള്ള കഴിവ്, എന്നാല്‍ ജോലി മാത്രം ഇല്ല. കാരണം കാഴ്ചക്കുറവ് തന്നെ. കാഴ്ചക്കുറവിന്റെ പേരില്‍ പല മുന്‍നിര സ്ഥാപനങ്ങളും ജോലി നിഷേധിച്ചു. എട്ടാം വയസ്സു മുതല്‍ ഒറ്റക്കണ്ണ് കൊണ്ടാണ് ജിനി യാത്ര ചെയ്തിട്ടുള്ളത്, കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും ഡ്രൈവിംഗ് ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും ചെയ്യാന്‍ തനിക്ക് പറ്റും എന്ന് തെളിയിച്ചതാണ് ജിനി. എന്നാല്‍ ജോലിയുടെ കാര്യം വന്നപ്പോള്‍ കാഴ്ചക്കുറവ് ഒരു തിരിച്ചടിയായി. എന്നാല്‍ ജിനി തളര്‍ന്നില്ല.

ഇതിനിടക്ക് ഫ്രീലാന്‍സ് ആയി റിക്രൂട്ട്‌മെന്റ് ചെയ്യാന്‍ ശ്രമിച്ചതാണ് ജിനിയുടെ ജീവിതം മാറ്റി മറിച്ചത്. അടുത്ത സുഹൃത്തായ മിഥിന്‍ ചാക്കോയെ വിവാഹം ചെയ്യുക കൂടി ചെയ്തതോടെ ജിനിയുടെ സ്വപ്നങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഒരാളായി. പിന്നെ രണ്ടാമതൊന്നു ആലോചിച്ചില്ല. കാക്കനാട് ആസ്ഥാനമായി ആക്‌സിലിയോണ്‍ എന്ന എന്റെ സ്ഥാപനം ആരംഭിച്ചു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കായുള്ള എച്ച് ആര്‍ റിക്രൂട്ട്‌മെന്റ് ആണ് ഇതിലൂടെ ജിനി നടത്തുന്നത്.

ഒരു കമ്പനിയിലെ എച്ച് ആര്‍ പോസ്റ്റില്‍ ഒതുങ്ങേണ്ടിയിരുന്ന ജിനി ഇന്ന് തന്റെ സ്ഥാപനത്തില്‍ 25 ലേറെ പേര്‍ക്ക് ജോലി കൊടുക്കുന്നു

ഒരു കമ്പനിയിലെ എച്ച് ആര്‍ പോസ്റ്റില്‍ ഒതുങ്ങേണ്ടിയിരുന്ന ജിനി ഇന്ന് തന്റെ സ്ഥാപനത്തില്‍ 25 ലേറെ പേര്‍ക്ക് ജോലി കൊടുക്കുന്നു. അതിലേറെ അഭിമാനിക്കാവുന്ന കാര്യം ജിനി പണ്ട് ജോലിക്കായി കയറിയിറങ്ങിയ പല കമ്പനികളും ഇന്ന് ജിനിയുടെ ക്ലയിന്റുകളാണ്. 90% ആണ് ജിനിയുടെ വലത് കണ്ണിന്റെ കാഴ്ചക്കുറവ്. ഇപ്പോള്‍ കാഴ്ചയുള്ള ഇടതു കണ്ണിന് കാഴ്ച കുറവുണ്ട് അതായത് ഡോക്ടര്‍മാര്‍ പറയുന്നത് റെടിനല്‍ ഡിറ്റാച്‌മെന്റ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ് എന്നാണ് ഡോകടര്‍മാര്‍ പറയുന്നത്. ഒരിക്കല്‍ കാഴ്ച നഷ്ട്ടപ്പെട്ടേക്കാം. എന്നാല്‍ അതോര്‍ത്ത് തളര്‍ന്നിരിക്കുന്നതില്‍ കാര്യമില്ല. ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യണം എന്നതാണ് ജിനിയുടെ പക്ഷം.

”ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ് സംരംഭകത്വം. മറ്റുള്ളവര്‍ക്ക് ജോലി നല്‍കാന്‍ കഴിയുക, അതിനുള്ള മാര്‍ഗമായി മാറുക എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. വൈകല്യത്തിന്റെ പേരില്‍ ജോലി ലഭിക്കാതെ പോകുന്ന മിടുക്കരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു ജോബ് പോര്‍ട്ടല്‍ തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം. അതിനായുള്ള ശ്രമങ്ങളിലാണ് ഞാന്‍,” ജിനി പറയുന്നു

ജീവിതത്തില്‍ ചെറിയൊരു വീഴ്ച വരുമ്പോഴേക്കും തളര്‍ന്നു പോകുന്ന വ്യക്തികളുടെ മുന്നില്‍ പുത്തന്‍ പ്രതീക്ഷയും വാഗ്ദാനവുമാകുകയാണ് ജിനി ജോണിനെ പോലുള്ള സംരംഭകര്‍. സംരംഭകത്വം ഒരു പാഷനാണ് എന്ന് അക്ഷരാത്ഥത്തില്‍ തെളിയിക്കപ്പെടുന്നത് ജിനിയെ പോലുള്ളവരുടെ സാന്നിധ്യത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top