വിപണിയില്‍ വലിയ തോതില്‍ ഐപിഒ കുതിപ്പുണ്ടായിക്കൊണ്ടിരിക്കുകയാണ്. റീട്ടെയ്ല്‍ നിക്ഷേപകര്‍ അമിതാവേശം കാണിക്കാതെ പക്വതയോടെ വേണം ഈ അനുകൂല സാഹചര്യത്തെ സമീപിക്കാന്‍. അതേസമയം സൊമാറ്റോ ഉള്‍പ്പടെയുള്ള കമ്പനികളുടെ ഐപിഒകള്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നത് പുതു ഊര്‍ജ്ജമാണെന്നതും കണക്കിലെടുക്കണം.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇപ്പോള്‍ ഐപിഒ വസന്തമാണെന്ന് തന്നെ പറായം. വന്‍കിട കോര്‍പ്പറേറ്റുകളല്ല, മറിച്ച് പരമ്പരഗത ബിസിനസ് സമ്പ്രദായങ്ങളെ വെല്ലുവിളിച്ച് ഡിസ്‌റപ്ഷന് നേതൃത്വം നല്‍കിയ ന്യൂജെന്‍ ടെക് കമ്പനികളാണ് ഐപിഒ മേളയ്ക്ക് ആവേശം പകരുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ 28 കമ്പനികളാണ് തങ്ങളുടെ പ്രഥമ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കിയത്. 34 സ്ഥാപനങ്ങള്‍ ഐപിഒയ്ക്കായി പേപ്പറുകള്‍ ഫയല്‍ ചെയ്തു കഴിഞ്ഞു.
ഓഹരി വില്‍പ്പന നടത്താനായി 50 കമ്പനികള്‍ വരിയിലുമുണ്ട്. ഇതില്‍ നല്ലൊരു ശതമാനം നവസംരംഭങ്ങളുടെ ഗണത്തില്‍ പെടുത്താവുന്നതാണ്. സൊമാറ്റോയുടെ ഐപിഒയാണ് അടുത്തിടെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയത്. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഐപിഒ വലിയ ആത്മവിശ്വാസമാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നല്‍കുന്നത്.
പണ്ടൊരു വിശ്വാസമുണ്ടായിരുന്നു, ഇത്തരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ലിസ്റ്റ് ചെയ്ത് നേട്ടമുണ്ടാക്കണമെങ്കില്‍ വിദേശ വിപണികളില്‍ പോകണമെന്ന്. അതാണ് സൊമാറ്റോ തകര്‍ത്തത്. വന്‍നഷ്ടം രേഖപ്പെടുത്തുന്ന കമ്പനികളാണെങ്കില്‍ കൂടിയും മികച്ച ബിസിനസ് മോഡലുണ്ടെങ്കില്‍ ജനങ്ങള്‍ നിക്ഷേപിക്കാന്‍ തയാറാണെന്ന വ്യക്തമായ സൂചനയാണ് സൊമാറ്റോ നല്‍കിയത്. നവ ബിസിനസ് ആശയങ്ങളുടെ പുറത്ത് സംരംഭം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍ക്ക് വലിയ പ്രതീക്ഷയാണ് ഇത് നല്‍കുന്നത്.
സൊമാറ്റോയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത് 116 രൂപയ്ക്കാണ്. പ്രതി ഓഹരിയുടെ ഐപിഒ വിലയായ 76 രൂപയെ അപേക്ഷിച്ച് 53 ശതമാനം വര്‍ധനയാണുണ്ടായത്. ഇത് സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലിന്റെ സമ്പത്തിലും വന്‍കുതിപ്പുണ്ടാക്കി. രാജ്യത്തെ അള്‍ട്രാറിച്ച് സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ പട്ടികയിലേക്കാണ് അദ്ദേഹം അടുത്തിടെ ഉയര്‍ന്നത്.
നിലവില്‍ സൊമാറ്റോയില്‍ 4.7 ശതമാനം മാത്രം ഓഹരിയുള്ള ഗോയലിന്റെ സമ്പത്ത് 650 മില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. സൊമാറ്റോ ഐപിഒക്ക് ലഭിച്ച മികച്ച പ്രതികരണം വലിയ ആത്മവിശ്വാസമാണ് തന്നെപ്പോലുള്ള സംരംഭകരില്‍ ജനിപ്പിച്ചിരിക്കുന്നതെന്ന് ഗോയല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
വളര്‍ന്നുവരുന്ന കമ്പനികള്‍ക്ക് സന്തോഷം നല്‍കുന്ന കണക്കുകളാണ് ഐപിഒ വിപണി നല്‍കുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ലിസ്റ്റ് ചെയ്ത 26 കമ്പനികളില്‍ മൂന്നെണ്ണം മാത്രമാണ് ഓഫര്‍ പ്രൈസിന് താഴെ വ്യാപാരം നടത്തുന്നത്. ആറ് കമ്പനികള്‍ 100 ശതമാനത്തിലധികം നേട്ടവുമായി വ്യാപാരം നടത്തുമ്പോള്‍ 12 കമ്പനികള്‍ 40-100 ശതമാനം നേട്ടത്തിനിടയില്‍ വ്യാപാരം നടത്തുന്നു. നൂതനാത്മകമായ ആശയമുണ്ടെങ്കില്‍ ധൈര്യത്തില്‍ നിക്ഷേപം സമാഹരിച്ച് സംരംഭം കെട്ടിപ്പടുക്കാം എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.
ഭാവിയില്‍ ഐപിഒ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം തന്നെ നടത്തുകയുമാകാം. സ്റ്റാര്‍ട്ടപ്പ് നഷ്ടത്തിലാണെങ്കിലും അടിസ്ഥാനപരമായി മികച്ച ബിസിനസ് മോഡലുണ്ടെങ്കില്‍ മൂല്യം കുതിക്കുമെന്നത് തീര്‍ച്ചയാണ്. ഐപിഒ ഹിറ്റാകുകയും ചെയ്യും. ഈ നല്ല കണക്കുകളില്‍ ആവേശം കൊണ്ടാകണം ഓരോ സംരംഭകനും പുതിയ ആശയങ്ങളുമായി ബിസിനസ് ലോകത്തേക്ക് ഇറങ്ങേണ്ടത്.
ലക്ഷ്മി നാരായണന്‍, സിഇഒ, ബിസിനസ് ഡേ
(വനിതാ സംരംഭകത്വ കാമ്പയിനിന്റെ ഭാഗമായി തങ്ങളുടെ സംരംഭം ഫീച്ചര്‍ ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് 7907790219 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്)
