വ്യക്തിഗത ബന്ധങ്ങളുടെ കാര്യത്തില്‍ ഓണ്‍ലൈന്‍ മാച്ച്‌മേക്കിംഗ് സാധ്യമാണെങ്കില്‍ അതെന്തുകൊണ്ട് ബിസിനസ് ബന്ധങ്ങളുടെ കാര്യത്തിലും സാധ്യമായിക്കൂടാ? ബിസിനസ് ചെയ്യുന്നതും മനുഷ്യര്‍ തന്നെയല്ലേ. ഒരു നിക്ഷേപകനെ തേടുന്ന സംരംഭകനും ഒരു ജീവിത പങ്കാളിയെ തേടുന്ന വ്യക്തിയും തമ്മില്‍ സാമ്യം ഏറെയാണ്. മുതലാളിത്ത സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹം എന്ന് വേണമെങ്കില്‍ വിളിച്ചോളൂ. ഇവിടെയാണ് പ്രൈവറ്റ് മാര്‍ക്കറ്റ് നെറ്റ് വര്‍ക്ക് (പിഎംഎന്‍) എന്ന സംവിധാനത്തിന്റെ പ്രസക്തി. ഒരു ഫൈനാന്‍ഷ്യല്‍ മാച്ച്‌മേക്കറാണ് പിഎംഎന്‍. ഇവര്‍ക്ക് വലിയ സാധ്യതകളാണുള്ളത്.
പ്രൈവറ്റ് മാര്‍ക്കറ്റ് നെറ്റ്വര്‍ക്ക്
ഏതൊരു മാച്ച്മേക്കിംഗ് സേവനവും പ്രവര്‍ത്തിക്കുന്നതു പോലെ തന്നെയാണിത്. സംരംഭങ്ങളും നിക്ഷേപകരും ഒരു വ്യവസ്ഥാപിത സേവന ദാതാവിന്റെ പ്ലാറ്റ്‌ഫോമിലെ അംഗങ്ങളായിരിക്കും. അവരുടെ തനതായ പ്രൊഫൈലുകള്‍ എതിര്‍പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യമുള്ളതു പോലെ ഡിസ്പ്ലേ ചെയ്തിട്ടുമുണ്ടാകും. ഓണ്‍ലൈന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ രംഗത്തെ ടെക്നോളജി ഉപയോഗപ്പെടുത്തി പ്രൈവറ്റ് കമ്പനികളുടെ സ്വകാര്യവും രഹസ്യാത്മകവുമായ വിവരങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. മൂലധനം ആവശ്യമുള്ള സംരംഭകരുമായും കമ്പനികളുമായും മാച്ച് ചെയ്യുന്ന നിക്ഷേപകരെ ബന്ധിപ്പിക്കുകയാണ് സിസ്റ്റം ചെയ്യുന്നത്.
വിര്‍ച്വല്‍ മീറ്റിംഗ് റൂമുകളില്‍ പ്രൊപ്പോസലുകള്‍ പ്രസന്റ് ചെയ്യുന്നതിന് മുമ്പ് ഓണ്‍ലൈന്‍ ടൂളുകളുപയോഗിച്ച് നോണ്‍-ഡിസ്‌ക്ലോഷര്‍ കരാറുകളിലും ഇവര്‍ക്ക് ഏര്‍പ്പെടാവുന്നതാണ്. ഇന്റര്‍നെറ്റിന്റെ ശക്തിയും സ്വാധീനവും ഉപയോഗപ്പെടുത്തി മൂലധന ലഭ്യത കൂട്ടാന്‍ പിഎംഎന്നുകള്‍ക്ക് സാധിക്കും. സ്വകാര്യകമ്പനികള്‍ക്കായി ഒരു ‘ലിക്വിഡ് മാര്‍ക്കറ്റ്’ ക്രിയേറ്റ് ചെയ്യുകയാണ് ഇതിലൂടെ നമ്മള്‍. നിക്ഷേപകരുടെ ഓണ്‍ലൈന്‍ ശൃംഖലയുടെ വലുപ്പം പരമാവധി കൂട്ടുകയാണ് വേണ്ടത്. നിലവില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചാല്‍ അവര്‍ വിചാരിക്കുന്ന സമയത്ത് സ്റ്റാര്‍ട്ടപ്പില്‍ നിന്ന് പുറത്തുപോകാന്‍ സാധിച്ചെന്നു വരില്ല.
ഓണ്‍ലൈന്‍ നിക്ഷേപക ശൃംഖല സജീവമാണെങ്കില്‍ നിക്ഷേപം നടത്തിയവര്‍ക്ക് അവരുടെ ആവശ്യാനുസരണം എക്സിറ്റ് നടത്താനുള്ള സാഹചര്യവുമുണ്ടാകും. തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്വകാര്യ കമ്പനികളെ സ്‌ക്രീന്‍ ചെയ്യാനും ഫില്‍റ്റര്‍ ചെയ്യാനുമെല്ലാം നിക്ഷേപകര്‍ക്ക് എളുപ്പം സാധിക്കുകയും ചെയ്യും. അതുപോലെ തന്നെ തങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള നിക്ഷേപകരെ കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകളെയും ഇത് സഹായിക്കും.സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ പ്രതിനിധീകരിക്കുന്ന പൊതു വിപണികളെ പോലെ സംരംഭകത്വത്തിനും ഇന്നവേഷനും ഉത്പ്രേരകമായി വര്‍ത്തിക്കാന്‍ ലിക്വിഡ് പ്രൈവറ്റ് മാര്‍ക്കറ്റിന് സാധിക്കും. വിപണികളുടെ സഹവര്‍ത്തിത്വത്തിനും അവസരങ്ങളുടെ പുനര്‍വിതരണത്തിനും മുതലാളിത്തത്തിന്റെ നല്ല ഫലങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും കഴിയും. ഇതായിരിക്കും ബിസിനസ് ഇന്‍കുബേഷന്റെ ഭാവി.
സംയോജനം
മനുഷ്യ മൂലധന ഇന്‍കുബേഷനെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. അതിനോടൊപ്പം ബിസിനസ് ഇന്‍കുബേഷന്‍ കൂടി സംയോജിപ്പിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. സംരംഭകത്വത്തില്‍ ഒരാളുടെ വ്യക്തിഗത ആഗ്രഹങ്ങള്‍ സാമ്പത്തിക മൂലധനവുമായി മാച്ച് ചെയ്യുന്നുണ്ടെങ്കില്‍ മാത്രം മുന്നോട്ട് പോകുക. കൃത്യമായ മെന്ററിംഗ് ഇല്ലാതെ സാമ്പത്തിക മൂലധനം മാത്രം കിട്ടിയതുകൊണ്ട് കാര്യമില്ല. പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്നതിലേക്കേ അത് നയിക്കൂ.