350 കിലോ കണ്ണിമാങ്ങയുമായി എന്ത് ചെയ്യണം ഇതെന്നറിയാതെ പകച്ചു നിന്ന ഒരു കാലമുണ്ടായിരുന്നു കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിനി വിജയശ്രീ എന്ന വീട്ടമ്മയ്ക്ക്. കൃത്യമായി പറഞ്ഞാല്‍ 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിട്ടിയ ആ തിരിച്ചടിയില്‍ നിന്നുമാണ് ആര്യാസ് ഫുഡ്‌സ് എന്ന സ്ഥാപനം ജനിക്കുന്നത്. സംരംഭകയാകണം എന്ന ആഗ്രഹം കൊണ്ട് ബിസിനസിലേക്ക് എത്തിയതല്ല വിജയശ്രീ. സാഹചര്യങ്ങള്‍ വിജയശ്രീയെ സംരംഭകയാക്കുകയായിരുന്നു. രസകരമായ ആ കഥ ഇങ്ങനെ…
ചെറുപ്പം മുതലേ പാചകത്തില്‍ അല്പം താല്പര്യമുള്ള വ്യക്തിയായിരുന്നു വിജയശ്രീ. വിജയശ്രീയുടെ കൈപ്പുണ്യം ചേരുന്ന അച്ചാറുകള്‍ക്ക് വീടിനകത്തും സുഹൃത്തുക്കള്‍ക്കിടയിലും ആരാധകര്‍ ഏറെയായിരുന്നു. അങ്ങനെയിരിക്കെയാണ്, 2007 ല്‍ ഒരു കൂട്ടായ്മയ്ക്ക് വേണ്ടി 300 കിലോ കണ്ണിമാങ്ങ അച്ചാറിട്ടു തരുമോ എന്ന് ചോദിച്ച് ഒരു വ്യക്തി വിജയശ്രീയെ സമീപിക്കുന്നത്. താനും കൂടി അംഗമായ കൂട്ടായ്മ ആയതിനാലും പാചകം ഇഷ്ടമായതിനാലും ഇടം വലം നോക്കാതെ വിജയശ്രീ ആ ദൗത്യം ഏറ്റെടുത്തു.
അന്നത്തെക്കാലത്ത് 12000 രൂപ മുടക്കിയാണ് ഓര്‍ഡര്‍ ലഭിച്ച 300 കിലോയും വ്യക്തിപരമായ ആവശ്യത്തിനായി 50 കിലോയും ചേര്‍ത്ത് 350 കിലോ കണ്ണിമാങ്ങ വിജയശ്രീ വാങ്ങിയത്. എന്നാല്‍ കണ്ണിമാങ്ങ എത്തിയ വിവരം പറയാന്‍ വിളിച്ചപ്പോള്‍ ഓര്‍ഡര്‍ തന്ന വ്യക്തി വിദഗ്ദമായി മുങ്ങി. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുന്നു എന്ന് അദ്ദേഹം ഒരു ദയയും കൂടാതെ തന്നെ പറഞ്ഞു. തന്റെ കയ്യിലുള്ള 350 കിലോ കണ്ണിമാങ്ങ എന്ത് ചെയ്യണം എന്നറിയാതെ, നഷ്ടപ്പെട്ട പണത്തെ ഓര്‍ത്ത് വിഷമിച്ചിരുന്നപ്പോഴാണ് വിജയശ്രീയുടെ ഭര്‍ത്താവ് 350 കിലോ മാങ്ങയും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അച്ചാറിടാന്‍ പറഞ്ഞത്.
“ബിസിനസില്‍ എനിക്ക് യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. അത്‌കൊണ്ട് തന്നെ തുടക്കത്തില്‍ കിട്ടിയ ആ തിരിച്ചടിയില്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. എന്നിരുന്നാലും ഭര്‍ത്താവിന്റെ വാക്ക് കേട്ട് ഞാന്‍ ആ 350 കിലോ കണ്ണിമാങ്ങയും അച്ചാറിട്ടു. ഏത് വിധേനയും അത് വിറ്റ് മുടക്കിയ പണം തിരികെ നേടണം എന്നതായിരുന്നു ഏക ലക്ഷ്യം. രണ്ടു മാസം കൊണ്ടാണ് ഞാന്‍ 350 കിലോ കണ്ണിമാങ്ങ അച്ചാര്‍ വിറ്റത്,”സംരംഭകയായ കഥ വിജയശ്രീ ബിസിനസ് ഡേയോട് പറയുന്നു.
വനിതകള്‍ മാത്രമുള്ള സംരംഭം കൂടിയാണ് ആര്യാസ് ഫുഡ്‌സ് എന്ന പ്രത്യേകതയും ഈ സ്ഥാപനത്തിനുണ്ട്.
“അച്ചാര്‍ വാങ്ങി ഉപയോഗിച്ചവര്‍ നല്ല അഭിപ്രായം പറയാന്‍ തുടങ്ങിയതോടെ, കൂടുതല്‍ അച്ചാറുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചു തുടങ്ങി,” വിജയശ്രീ പറയുന്നു.
അടുത്തറിയാവുന്ന വ്യക്തികള്‍ക്കായി വിജയശ്രീ വീണ്ടും അച്ചാറ് നിര്‍മാണം തുടര്‍ന്നു. പിന്നീട് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ അതൊരു ചെറുകിട അച്ചാറ് നിര്‍മാണ യൂണിറ്റ് ആയി. 2009 ആയപ്പോള്‍ ആര്യാസ് ഫുഡ്‌സ് എന്ന പേരില്‍ വിജയശ്രീ തന്റെ ഉല്‍പ്പന്നത്തെ ബ്രാന്‍ഡ് ചെയ്യുകയും സംരംഭം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കണ്ണിമാങ്ങഅച്ചാര്‍, നാരങ്ങാ, ചെത്തുംങ്ങ, വാടുകാപ്പുളി, ഇഞ്ചിപ്പുളി തുടങ്ങി വ്യത്യസ്തങ്ങളായ അച്ചാറുകള്‍, ചമ്മന്തിപ്പൊടികള്‍, വെന്ത വെളിച്ചെണ്ണ, വിവിധതരം കൊണ്ടാട്ടങ്ങള്‍, കറി പൗഡറുകള്‍ എന്നിവ വിജയശ്രീ വിപണിയില്‍ എത്തിച്ചു.
കഴിഞ്ഞ 13 വര്‍ഷങ്ങളായി വിജയകരമായി പ്രവര്‍ത്തിക്കുന്ന ആര്യാസ് ഫുഡ്സിന് ഇന്ന് കേരളത്തിലുടനീളം ഉപഭോക്താക്കളുണ്ട്. പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാത്തതാണ് ഉല്‍പ്പന്നങ്ങള്‍ എന്നത് തന്നെയാണ് പ്രധാന പ്രത്യേകത. ഒരു വനിത നേതൃത്വം നല്‍കുന്ന സംരംഭം എന്നതില്‍ ഉപരിയായി തൊഴിലാളികളായി വനിതകള്‍ മാത്രമുള്ള സംരംഭം കൂടിയാണ് ആര്യാസ് ഫുഡ്‌സ് എന്ന പ്രത്യേകതയും ഈ സ്ഥാപനത്തിനുണ്ട്. ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് കൊറിയര്‍ ആയും ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്‍കും.
ഇളം തലമുറ ബിസിനസിലേക്ക് കടന്നു വരുന്ന പക്ഷം കൂടുതല്‍ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാനുള്ള തയാറെടുപ്പിലാണ് വിജയശ്രീ.