ഓഹരി ഇടപാടുകളും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും വാട്സ്ആപ്പിലൂടെ സാധ്യമാക്കുന്ന പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കയാണ് പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്.
ജിയോജിത് ടെക്നോളജീസാണ് വാട്‌സാപ്പ് ചാനല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിലൂടെ ഇടപാടുകാര്‍ക്ക് അനായാസമായി ഇനി ഇടപാടുകള്‍ നടത്താവുന്നതാണ്. വാട്സ് ആപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി രജിസ്ട്രേഡ് മൊബൈല്‍ നമ്പറുകളില്‍ നിന്ന് ഡീലര്‍മാരുമായി നേരിട്ടു ചാറ്റിംഗ് നടത്താനാകുമെന്നത് സവിശേഷതയാണെന്ന് ജിയോജിത് അധികൃതര്‍ അറിയിച്ചു.
ഫണ്ട് കൈമാറ്റത്തിനും ഫണ്ടിന്റെ ട്രാക്കിംഗിനും എല്ലാം ഇതിലൂടെ അവസരം ലഭിക്കും. ഇതോടൊപ്പം ജിയോജിത് റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെയുളള മറ്റു സേവനങ്ങളും വാട്സ് ആപ് ചാനലിലൂടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീടിനുള്ളിലെ സുരക്ഷിതത്വത്തിലിരുന്ന് ഇടപാടുകള്‍ നടത്താന്‍ ജിയോജിതിന്റെ ഇടപാടുകാര്‍ക്ക് വാട്‌സാപ്പ് ചാനലിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. വാട്സ് ആപ് ചാറ്റിംഗിലൂടെയുള്ള ഇടപാടുകള്‍ ഔദ്യോഗികവും, നിയമപരമായി അംഗീകൃതവുമാണെന്നും കമ്പനി പറയുന്നു.
വാട്സ്ആപ് ചാനലിലൂടെ ട്രേഡിംഗ് നടത്താനും പണമിടപാടുകള്‍ പരിശോധിക്കാനും മറ്റൊരു ആപ്ളിക്കേഷനും ഇനി ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത്
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും +9199955 00044 എന്ന നമ്പറിലേക്ക് വാട്സ് ആപ് മെസേജ് അയച്ചാല്‍ നിക്ഷേപകര്‍ക്ക് ജിയോജിത്തിന്റെ ചാനല്‍ ലഭ്യമാവും. ഡീലറുമായി നേരിട്ട് ചാറ്റ് ചെയ്യാനും സെല്‍ഫ് സര്‍വീസിനും പുറമെ സ്റ്റേറ്റ്മെന്റുകളും റിപ്പോര്‍ട്ടുകളും കാണാനും നിക്ഷേപകര്‍ക്ക് സാധിക്കും.
ഇടപാടുകാരും ഡീലര്‍മാരും തമ്മിലുള്ള എല്ലാ വിനിമയങ്ങളും സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടും. അതിനാല്‍ വാട്സ് ആപിലൂടെ ട്രേഡ് കണ്‍ഫര്‍മേഷനുകള്‍ ശേഖരിക്കാന്‍ ജിയോജിതിനു സാധ്യമാണ്.
വാട്സ്ആപ് ചാനലിലൂടെ ട്രേഡിംഗ് നടത്താനും പണമിടപാടുകള്‍ പരിശോധിക്കാനും മറ്റൊരു ആപ്ളിക്കേഷനും ഇനി ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ജോണ്‍സ് ജോര്‍ജ് പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചാനലില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം.
നമ്മുടെ വാര്‍ത്താവിനിമയ സംവിധാനങ്ങളിലെ വിപ്ലവാത്മക സങ്കേതമാണ് വാട്‌സാപ്പ്. ഫോണുകളിലെ യഥാര്‍ത്ഥ കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനാണിത്. ഇടപാടുകാരനുമായി നേരിട്ട് ഇടപഴകുന്ന പ്രതീതി അതുണ്ടാക്കുന്നു-ജിയോജിത് ടെകനോളജീസ് വൈസ്പ്രസിഡന്റ് ജയദേവ് എം വസന്തം പറഞ്ഞു.
ജിയോജിത്തിന്റെ ‘ഫണ്ട്സ് ജീനി’ മ്യൂച്വല്‍ഫണ്ട് നിക്ഷേപ പ്ളാറ്റ്ഫോമില്‍ എക്കൗണ്ടുള്ളവര്‍ക്ക് വാട്‌സാപ് വഴിയുള്ള സെല്‍ഫ് സര്‍വീസ് സംവിധാനത്തിലൂടെ മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാം.