1951ല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ ഓഫ്-റോഡിംഗ് പ്രേമികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വാഹനമാണ് ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍. 70 കൊല്ലങ്ങള്‍ക്കും 13 തലമുറകള്‍ക്കും ഇപ്പുറം ലാന്‍ഡ് ക്രൂയ്‌സറിന്റെ രൂപഭാവങ്ങളില്‍ അവിശ്വസനീയമായ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

ഏതൊരു വാഹനപ്രേമിയുടെയും മനസ്സില്‍ ഇടം പിടിച്ച ഈ വാഹനത്തിന്റെ ഓരോ തലമുറമാറ്റവും അത്യധികം പ്രതീക്ഷയോടെയാണ് ഓരോ വാഹനപ്രേമിയും നോക്കിക്കണ്ടത്. J300 സീരീസില്‍ പെടുന്ന പുതിയ ലാന്‍ഡ് ക്രൂയ്‌സര്‍ ഈയിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ 14 കൊല്ലത്തിനിടയ്ക്ക് സംഭവിക്കുന്ന ആദ്യത്തെ മേജര്‍ മേക്കോവര്‍ കൂടിയാണിത്. പ്രധാനമായും മെക്കാനിക്കല്‍ മാറ്റങ്ങളാണ് പുത്തന്‍ ലാന്‍ഡ് ക്രൂയ്‌സറിനുളത്. അതോടൊപ്പം ഒരു പുതുപുത്തന്‍ ഡിസൈനും ഈ വാഹനത്തിനുണ്ട്.
ഡിസൈന്‍
ലാന്‍ഡ് ക്രൂയ്‌സര്‍ കുടുംബത്തിന്റെ തനത് രൂപഗുണങ്ങളില്‍ പലതും ഈ വാഹനത്തിനുമുണ്ട്. മുന്‍ മോഡലിന്റെ അത്ര തന്നെ വലുപ്പമുണ്ട്, ഒപ്പം പ്രാഡോയെ അനുസ്മരിപ്പിക്കുന്ന ചില ഘടകങ്ങളും ഡിസൈന്‍ രീതികളും ഉണ്ട്. മുന്‍ ഭാഗത്താണ് മാറ്റം ഏറ്റവും പ്രകടം. ഭീമാകാരമായ മുന്‍ ഗ്രില്ലും ഡേ ടൈം റണ്ണിംഗ് ലാമ്പുകളോടു കൂടിയ LED ഹെഡ്ലാമ്പുകളും, പുതുക്കിയ ബമ്പറുകളും രൂപമാറ്റം സംഭവിച്ച ഫെന്‍ഡറുകളുമൊക്കെ ചേര്‍ന്ന് മുന്‍ക്കാഴ്ച ഗംഭീരമാണ്. ആരും നോക്കി നില്‍ക്കുന്ന ആ പ്രൗഢി തന്നെയാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം.

എന്നാല്‍ വാഹനത്തിന്റെ വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ പഴയ മോഡലില്‍ നിന്നും കാര്യമായ മാറ്റം അനുഭവപ്പെടില്ല. മുന്‍ മോഡലില്‍ കണ്ടതരം കരുത്തന്‍ രൂപമാണ് ഇവനുമുള്ളത്. പല വേരിയന്റുകളിലായി 18,19,20 ഇഞ്ച് വീലുകള്‍ ലഭ്യമാണ്. വിങ്ങ് മിററുകളുടെ പൊസിഷനിലാണ് മറ്റൊരു മാറ്റം സംഭവിച്ചിരിക്കുന്നത്. മുന്‍ മോഡലില്‍ ഇവ ”വിന്‍ഡോ മൗണ്ടഡ്” ആയിരുന്നുവെങ്കില്‍ ഈ വാഹനത്തില്‍ ഇവ ഘടിപ്പിച്ചിരിക്കുന്നത് ഡോറുകളിലാണ്, എയ്രോഡൈനാമിക്‌സ് മുന്‍നിര്‍ത്തിയാണിത്.
പിന്‍ഭാഗത്തിന്റെ രൂപത്തിലും പ്രകടമായ മാറ്റങ്ങളുണ്ട്. ഒതുക്കം തോന്നിക്കുന്നതും സുന്ദരവുമാണ് പുത്തന്‍ ലാന്‍ഡ് ക്രൂയ്‌സറിന്റെ റിയര്‍ ഡിസൈന്‍. ഡിസൈനില്‍ വരുത്തിയ മാറ്റങ്ങള്‍ മൂലം പുത്തന്‍ LCയുടെ അപ്പ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ മെച്ചപ്പെട്ടിട്ടുണ്ട്. 32 ഡിഗ്രി അപ്പ്രോച്ച് ആംഗിളും 24 ഡിപ്പാര്‍ച്ചര്‍ ആംഗിളുമാണ് പുത്തന്‍ ലാന്‍ഡ് ക്രൂയ്‌സറിനുള്ളത്. അതിനാല്‍, കൂടുതല്‍ കട്ടിയേറിയ ഓഫ് റോഡ് യാത്രകളും ഇവന്‍ പുഷ്പം പോലെ പോയ്വരും.
ഇന്റീരിയര്‍
പുത്തന്‍ ലാന്‍ഡ് ക്രൂയ്‌സറിന്റെ ഉള്‍ഭാഗത്തും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ ഫീച്ചറുകള്‍ നിറച്ച, കൂടുതല്‍ സുഖകരമായ യാത്ര സമ്മാനിക്കുന്ന ക്യാബിനാണ് ഈ വാഹനത്തിനുള്ളത്. 12.3 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, ഹീറ്റഡ് വെന്റിലേറ്റഡ് സീറ്റുകള്‍, ഹീറ്റഡ് സ്റ്റീയറിംഗ് വീല്‍, JBL ഓഡിയോ സിസ്റ്റം, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക്ക് പാര്‍ക്കിംഗ് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയുണ്ട്.

കൂടാതെ ഫിംഗര്‍പ്രിന്റ് സെന്‍സറോടുകൂടിയ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ചാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഡ്രൈവറുടെ ഫിംഗര്‍ പ്രിന്റ് സെന്‍സ് ചെയ്ത അയാളുടെ പ്രീസെറ്റ് ചെയ്ത സീറ്റ്/ ക്ലൈമറ്റ്/ സ്റ്റീയറിംഗ് വീല്‍ പൊസിഷന്‍ എന്നിവ തനിയെ എന്‍ഗേജ് ചെയ്യുന്ന സംവിധാനമാണിത്.
മെക്കാനിക്കല്‍ മാറ്റങ്ങള്‍
പുത്തന്‍ ലാന്‍ഡ് ക്രൂയ്‌സറിലെ മെക്കാനിക്കല്‍ മാറ്റങ്ങള്‍ അതിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നും ആരംഭിക്കുന്നു. GA-Fഎന്ന അതിനൂതന പ്ലാറ്റ്‌ഫോമാണ് ഈ വാഹനത്തിനുള്ളത്. തുന്‍ഡ്ര പിക്കപ്പില്‍ കണ്ട TNGA മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ഉരുത്തിരിഞ്ഞതാണിത്. തന്റെ സാങ്കേതികമികവ് മൂലം ഈ പ്ലാറ്റ്‌ഫോമിന് 200 കിലോഗ്രാമോളം ഭാരക്കുറവുണ്ട്, ഒപ്പം ആകെ ദൃഢതയില്‍ 120 ശതമാനത്തോളം വര്‍ദ്ധനവും.

കടുപ്പമേറിയ ഓഫ് റോഡ് യാത്രകള്‍ പോലും താങ്ങാനാവുംവിധം രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ഷാസി റോഡ് യാത്രകളിലും അത്ര തന്നെ മിടുക്കു കാട്ടും. മുന്‍ മോഡലിനേക്കാള്‍ കൂടുതല്‍ വീല്‍ ആര്‍ട്ടിക്കുലേഷന്‍ ലഭിക്കുംവിധമാണ് പുത്തന്‍ ലാന്‍ഡ് ക്രൂയ്‌സറിന്റെ സസ്‌പെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ഓഫ് റോഡ് യാത്രകള്‍ക്കായി മള്‍ട്ടി ടെറെയ്ന്‍ സെലക്റ്റും ഹൈവേ പെര്‍ഫോമന്‍സിനായി ഇലക്ട്രോണിക്ക് കൈനറ്റിക്ക് ഡൈനാമിക്ക് സസ്‌പെന്‍ഷന്‍ സിസ്റ്റവും വാഹനത്തിലുണ്ട്.

പഴയ വി 8 എന്‍ജിന്‍ മാറി വി 6 എന്‍ജിനുകള്‍ വന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. 304 എച്ച്പി കരുത്തുള്ള 3.3 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസലും 409 എച്ച്പി തരുന്ന 3.5 ലിറ്റര്‍ ട്വിന്‍-ടര്‍ബോ പെട്രോളുമാണ് ഇപ്പോള്‍ എന്‍ജിനുകള്‍. ഇവയോടൊപ്പമെത്തുക 10 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാവും. ലോ റേഞ്ച് ട്രാന്‍സ്ഫര്‍ കേസോടുകൂടിയ 4 വീല്‍ ഡ്രൈവ് സംവിധാനവുമുണ്ട്. ലാന്‍ഡ് ക്രൂയ്‌സര്‍ 300 ഈ വര്‍ഷം തന്നെ ആഗോള വിപണിയില്‍ വില്പനയാരംഭിക്കും. മുന്‍ മോഡലുകള്‍ക്ക് ഇവിടെയുണ്ടായിരുന്ന ജനപ്രീതി കണക്കിലെടുത്താല്‍ പുത്തന്‍ LC ഇന്ത്യയില്‍ എത്താനുള്ള സാധ്യതയും വലുതു തന്നെയാണ്.
