BUSINESS OPPORTUNITIES

മാറ്റത്തിന്റെ കാറ്റുമായി പാക്കേജിംഗ് രംഗം

മാറ്റങ്ങളുമായി പാക്കേജിംഗ് എന്ന സാങ്കേതിക വിദ്യ മുന്നേറുമ്പോള്‍ കമ്പനികളും അതിനനുസരിച്ച് മാറുകയാണ്. പാക്കേജിങ്ങ് ടെക്‌നോളജി കഴിഞ്ഞവര്‍ക്ക് സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുവാനും കഴിയും

ലോറന്‍സ് മാത്യു

കവര്‍ നന്നായിരുന്നാല്‍ എന്തും വിറ്റ് പോകുമെന്നുള്ള ചൊല്ല് അല്‍പ്പം അതിശയോക്തിയാണെങ്കിലും ഒരു ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയില്‍ അതിന്റെപാക്കിംഗ് ചെലുത്തുന്ന സ്വാധീനം ചെറുതല്ല. വില്‍പ്പനക്ക് മാത്രമല്ല ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം കാത്ത് സൂക്ഷിക്കുന്നതിനും കയറ്റിയിറക്കങ്ങള്‍ക്കിടെ ഉണ്ടാകുന്ന കേടുപാടുകള്‍ ഒഴിവാക്കുന്നതിനുമെല്ലാം പാക്കിങ്ങ് അനുപേക്ഷണീയമായയൊന്നാണ്.

Advertisement

mockups-design.com

വ്യത്യസ്ത പ്രത്യേകതകളുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അതിനനുസരിച്ചുള്ള പാക്കിങ്ങുകള്‍ അത്യാവശ്യമാണ്. വ്യവസായങ്ങളില്‍ സാങ്കേതിക വിദ്യകളുടെ കടന്ന് കയറ്റം കാലഘട്ടത്തിന്റെ ആവശ്യമാകുമ്പോള്‍ പാക്കിങ്ങുകളും മാറി നില്‍ക്കുന്നില്ല. വ്യാവസായിക മേഖലയില്‍ ഒഴിച്ച് കൂടാനാവത്തയൊന്നാണ് പാക്കേജിംഗ്.

ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ് പാക്കേജിംഗ്. അത് തന്നെയാണ് ഈ രംഗത്തെ വ്യാവസായിക തൊഴില്‍ സാധ്യതകളുടെ പ്രസക്തിയും. പേപ്പറില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ കാര്‍ട്ടണുകള്‍ മുതല്‍ ഓരോ ഉല്‍പ്പന്നത്തിനും യോജിച്ച ഇക്കോ ഫ്രണ്ടിലി പാക്കേജിങ്ങ് വരെ ഈ മേഖല നീണ്ട് കിടക്കുന്നു.

അതിനാല്‍ത്തന്നെ പുതിയ ഗവേഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന മേഖലയാണിത്. ചെറുതും വലുതുമായ 22000 ലധികം കമ്പനികള്‍ ഈ രംഗത്ത് ഇന്ന് രാജ്യത്തുണ്ട്. ഗ്ലാസ് പാക്കേജിങ്ങ്, ഫ്‌ലക്‌സിബിള്‍ പാക്കേജിങ്ങ്, പേപ്പര്‍ പാക്കേജിങ്ങ്, വുഡന്‍ പാക്കേജിങ്ങ്, പ്ലാസ്റ്റിക് പാക്കേജിങ്ങ് എന്നിങ്ങനെ അനേകവിധം രീതികള്‍. ആധുനിക സാങ്കേതിക മെഷീനുകള്‍ ഉപയോഗിച്ചാണ് നടത്തുക.

പാക്കിംഗിന്റെ പ്രാധാന്യം

എല്ലാത്തരം കമ്പനികളും പാക്കിങ്ങില്‍ പുതുമകള്‍ തേടുന്നതിന് കാരണമുണ്ട്.

  1. വില

ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണ്ണയിക്കുന്ന ഘടകങ്ങളിലൊന്നാണ് അതിന്റെപാക്കിങ്ങ്. ആയതിനാല്‍ത്തന്നെ ഫ്‌ലെക്‌സിബിള്‍ പാക്കിങ്ങ് പോലുള്ള താരതമ്യേന ചിലവ് കുറഞ്ഞ രീതികള്‍ കമ്പനികള്‍ പരീക്ഷിക്കുവാന്‍ തയ്യാറാവുന്നു.

  1. ഷിപ്പിങ്ങും സ്റ്റോറേജും

ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങുകളുടെ ഭാരം കൂടുന്തോറും അതിന്റെ ഷിപ്പിങ്ങ് ചാര്‍ജ്ജും കൂടും. ഒപ്പം പാക്കിങ്ങിനുള്ള സമയവും. ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ നിത്യവും പാക്ക് ചെയ്യുന്ന കമ്പനികള്‍ പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ പോലുള്ളവക്ക് ഇത് ഏറെ പ്രധാനമാണ്.

  1. കസ്റ്റമര്‍ നോക്കുമ്പോള്‍

ഒരു ഉല്‍പ്പന്നത്തിലേക്ക് ആദ്യം ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന ഘടകം അതിന്റെ പാക്കിങ്ങ് തന്നെയാണ്. മാത്രവുമല്ല അത് കൊണ്ടു പോകുന്നതിനും സൂക്ഷിച്ച് വക്കുന്നതിനുമുള്ള എളുപ്പം ഉപഭോക്താവിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ആയതിനാല്‍ത്തന്നെ ഉല്‍പ്പന്നത്തിന്റെ പാക്കിങ്ങിന് ഏറെ പ്രാധാന്യമുണ്ട്.

പുത്തന്‍ പ്രവണതകള്‍

ഈ മത്സരാധിഷ്ടിത കാലഘട്ടത്തില്‍ പാക്കിംഗിലും പുത്തന്‍ പരീക്ഷണങ്ങള്‍ ഏറെയുണ്ടിന്ന്.

  1. ഹോളോഗ്രാഫിക് ഇഫക്ട്

മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഇപ്പോള്‍ ഏറെ പരീക്ഷിക്കുന്നയൊരു പാക്കേജിങ്ങ് രീതിയാണിത്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത് മാത്രമല്ല വളരെ
പെട്ടെന്ന് ഉപഭോക്താവിന്റെ കണ്ണില്‍ പെടുവാനും സഹായകരമാണ് ഈ രീതി. ഒരു 3 ഡി വിഷ്വല്‍ ഇഫക്ട് ആണ് ഇത് വഴി സൃഷ്ടിക്കപ്പെടുന്നത്.

  1. സെല്‍ഫ് ഹീറ്റിങ്ങ് & കൂളിങ്ങ് പാക്കേജിംഗ്

ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പാക്കിങ്ങിലിപ്പോള്‍ വരും കാലങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുവാന്‍ പോകുന്നയൊരു രീതിയാണിത്. സൗത്ത് കൊറിയയില്‍ നിന്നാണ് ഇതിന് അമേരിക്കന്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ചൂടോടെ ഇരിക്കേണ്ടുന്ന റെഡി റ്റു ഈറ്റ് ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങിലാണ് ഇത് വ്യപകമായി ഉപയോഗിക്കപ്പെടുവാന്‍ പോകുന്നത്.

നാനോ ടെക്‌നോളജിയും പാക്കേജിംഗും

നാനോ ടെക്‌നോളജിയുടെ വികാസം പാക്കിങ്ങ് വ്യവസായത്തിലും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഭക്ഷ്യ വസ്തുക്കളുടെ പാക്കിങ്ങില്‍. 100 നാനോ മീറ്ററില്‍ താഴെ വലിപ്പമുള്ള വസ്തുക്കളാണ് സാധാരണയായി നാനോ പാര്‍ട്ടിക്കളുകള്‍ എന്ന് വിവക്ഷിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള നാനോ സെന്‍സേഴ്‌സ് ഇപ്പോള്‍ പാക്കിങ്ങില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉള്ളിലുള്ള വസ്തുക്കളില്‍ അസ്വാഭികമായ മണമോ മറ്റെന്തെങ്കിലുമോ ഉണ്ടുവെങ്കില്‍ തിരിച്ചറിയുവാന്‍ ഇവക്ക് സാധിക്കും. ആക്ടീവ് പാക്കിങ്ങിലും ഇന്റലിജെന്റ് അഥവാ സ്മാര്‍ട്ട് പാക്കിങ്ങിലും നാനോ മെറ്റീരിയലുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്താം.

  1. ആക്റ്റീവ് പാക്കേജിംഗ്

ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പാക്കിങ്ങിലാണ് ഈ രീതി കൂടുതലായി അവലംബിക്കപ്പെടുവാന്‍ പോകുന്നത്. ഉല്‍പ്പന്നത്തിന്റെ ആയുസ്സ് (Shelf Life), ഗുണനിലവാരം എന്നിവ കൂട്ടുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്. പാക്കിങ്ങിന്റെ ഉള്ളില്‍ നിന്നും ഓക്‌സിജനെ എടുത്ത് കളയുന്നതാണ് ഇത്. സാധാരണയായി സാഷെ പാക്കറ്റുകള്‍ പാക്കിങ്ങിനുള്ളില്‍ ഇടുകയോ അല്ലായെങ്കില്‍ ആക്ടീവ് മെറ്റീരിയലുകള്‍ നേരിട്ട് പാക്കിങ്ങിനുള്ളില്‍ ഇടുകയോ ആണ് ചെയ്യാറുള്ളത്. പാക്കിങ്ങിന്റെ ഉള്ളിലെ ഓക്‌സിജനെ എടുത്ത് കളയുവാന്‍ കഴിവുള്ളതാണ് ഈ മെറ്റീരിയലുകള്‍. ഭക്ഷ്യോല്‍പ്പന്നങ്ങളിലെ ബാക്റ്റീരിയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നാല്‍ ഇതിലുള്ള ആന്റി ബാക്ടീരിയലുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യവും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

  1. ഇന്റലിജെന്റ് പാക്കേജിംഗ്

ഈ രീതിയിലുള്ള പാക്കിങ്ങില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം അളക്കുകയും ആയത് ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യുന്ന സംവിധാനമാണുള്ളത്. ഇതിലൊരു ടൈം റ്റെംപറേച്ചര്‍ ഇന്‍ഡിക്കേറ്ററുണ്ട്. ഗുണനിലവാരം മാറുമ്പോള്‍ പാക്കിങ്ങിലെ ഇന്‍ഡിക്കേറ്ററുകളുടെ കളര്‍ മാറുന്ന തരത്തിലാണ് പലപ്പോഴും ഇതിന്റെ പ്രവര്‍ത്തനം. എത്ര നേരം ഭക്ഷ്യോല്‍പ്പന്നങ്ങള്‍ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരാം എന്ന് കാണിക്കുന്ന ടൈം സ്ട്രിപ്പുകളുള്ള പാക്കിങ്ങുക
ളുമുണ്ട്. പാക്കിങ്ങില്‍ ക്യൂ ആര്‍ കോഡ് ഉപയോഗിക്കുന്നതുമെല്ലാം ഇന്റലിജെന്റ്പാക്കിങ്ങിന്റെ പരിധിയില്‍ വരും. കാരണം ഇത് ഉല്‍പ്പന്നത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉപഭോക്താവിന് നല്‍കുന്നതാണ്. കളര്‍ വ്യത്യാസം വരുവാനായി തെര്‍മോക്രോണിക് ഇങ്ക് ആണ് ഉപയോഗിക്കുന്നത്.

ഇക്കോ ഫ്രണ്ടിലി പാക്കേജിംഗ്

വ്യവസായങ്ങളും ഗ്രഹ നിര്‍മ്മാണങ്ങളുമെല്ലാം ഇക്കോ ഫ്രണ്ടിലി എന്നതിലേക്ക് ചുവട് മാറ്റിയപ്പോള്‍ പാക്കിങ്ങും മാറി നില്‍ക്കുന്നില്ല. പുനരുപയോഗിക്കാവുന്നതും മണ്ണിലലിയുന്നതുമായ പാക്കിങ്ങ് മെറ്റീരിയലുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കോണ്‍ സ്റ്റാര്‍ച്ച്, കാര്‍ഡ് ബോര്‍ഡ്, ബയോ ഡിഗ്രേഡബിള്‍ പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കളാണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

പാക്കിങ്ങിലുള്ള എഴുത്തുകള്‍ പോലും രാസ വസ്തുക്കളുപയോഗിക്കാതെ സോയാ ബീനില്‍നിന്നെടുക്കുന്ന സോയി ഇങ്ക് പോലുള്ളവ ഉപയോഗിക്കാന്‍ കഴിയുമോയെന്നാണ് ഈ രംഗത്തെ ഗവേഷകരുടെ ചിന്ത. അതായത് പെട്രോളിയത്തില്‍ നിന്നുള്ള മഷി ഉപയോഗിക്കുന്നതിന് പകരം വെജിറ്റബിള്‍ ബേസഡ് ആയിട്ടുള്ള മഷി ഉപയോഗിക്കുന്നത് വ്യാപകമാക്കുക എന്ന്.

മിനിമലിസം

അത്യാവശ്യത്തിന് മാത്രം പാക്കിങ്ങ് മെറ്റീരിയലുകള്‍ ഉപയോഗിക്കുക എന്നതാണ് ഇപ്പോള്‍ വ്യാപകമായി വരുന്നയൊരു ട്രെന്‍ഡ്. കാരണം പാക്കേജിംഗ് ഉല്‍പ്പന്നത്തിന്റെ വില നിര്‍ണ്ണയിക്കുന്ന ഘടകങ്ങളിലൊന്നാണ്. മ്യൂസിക് കോഡുകള്‍ പലപ്പോഴും ഈ രിതിയിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.

പാക്കേജിംഗ് കോഴ്‌സുകള്‍

ഇന്ന് പാക്കേജിംഗ് ടെക്‌നോളജി പഠിപ്പിക്കുന്ന സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ഈ രംഗത്തെ പ്രധാന സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് (http://www.iip-in.com). മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള സ്ഥാപനമായതിനാല്‍ ഫീസ് കുറവാണിവിടെ. ബി എസ് സി. ബി ടെക് ബിരുദ ധാരികള്‍ക്കായുള്ള രണ്ട് വര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണിവിടുത്തെ പ്രധാന കോഴ്‌സ്. അഖിലേന്ത്യാ എന്‍ട്രന്‍സ് വഴിയാണ് പ്രവേശനം. സ്ഥാപനത്തിന്റെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് സെന്ററുകളിലായാണ് പരിശീലനം. ആദ്യ മൂന്ന് സെമസ്റ്ററുകള്‍ സ്ഥാപനത്തിലും അവസാന സെമസ്റ്റര്‍ തിരഞ്ഞെടുത്ത വ്യവസായ സ്ഥാപനത്തിലുമാകും. ബി എസ് സി. ബി ടെക് ബിരുദ ധാരികള്‍ക്കായുള്ള 3 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും വിദൂര വിദ്യാഭ്യാസം വഴിയുള്ള 18 മാസത്തെ മറ്റൊരു കോഴ്‌സും ഇവിടെയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top