Agri

അതിജീവനത്തിനും ആദായത്തിനും കൊപ്ര നിര്‍മ്മാണം

പ്രതിദിന കൊപ്ര ഉപഭോഗത്തിന്റെ 65% ഇന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. അതിനാല്‍ ധാരാളം വിപണിയുള്ള കൊപ്ര സംസ്ഥാനത്തുതന്നെ ഉല്‍പാദിപ്പിച്ചാല്‍ വിപണി ലാഭം ഉറപ്പ്

കേരളം മഹാമാരിയുടെ രണ്ടാം വരവിനെ പ്രതിരോധിക്കാനുള്ള തീവ്രയജ്ഞത്തിലാണ്. സാമ്പത്തിക വളര്‍ച്ചാനിരക്ക് മുരടിക്കുന്നതിനൊപ്പം തൊഴില്‍ നഷ്ടം നേരിടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും സാധ്യതയേറെയാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ആവശ്യമുള്ളവയില്‍ നമ്മുടെ സാഹചര്യങ്ങള്‍ക്കിണങ്ങുന്നതും ഇവിടെ നിര്‍മ്മാണം നടത്താന്‍ സാധിക്കുന്നതുമായ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി അവയുടെ ഉല്‍പ്പാദനം സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.

Advertisement

ചെറുകിട മേഖലയില്‍ കൂടുതല്‍ ഉല്‍പാദന യൂണിറ്റുകള്‍ ഉണ്ടാവുക വഴി തൊഴില്‍ നഷ്ടം നേരിടുന്നവരുടെ പുനരധിവാസം ഒരു പരിധിവരെ സാധ്യമാക്കാന്‍ കഴിയും. അതോടൊപ്പം അന്യസംസ്ഥാനങ്ങളിലേക്കുള്ള പണമൊഴുക്ക് തടയുന്നതിനും സാധിക്കും. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉണര്‍വേകും. പൊതുജനത്തിന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ക്കും അവയുടെ അസംസ്‌കൃത വസ്തുക്കളുടെ നിര്‍മ്മാണത്തിനും വലിയ പ്രസക്തിയുണ്ട്. പാരിസ്ഥിതിക സൗഹൃദ നിര്‍മ്മാണ രീതികള്‍ പിന്തുടരുന്ന സംരംഭങ്ങള്‍ക്കും സ്വീകാര്യത ലഭിക്കും.

കൊപ്ര നിര്‍മ്മാണം

കേരളത്തിന്റെ പാരമ്പര്യ വ്യവസായങ്ങളില്‍പെട്ട ഒന്നാണ് കൊപ്ര നിര്‍മ്മാണം. എന്നാല്‍ ഇടക്കാലം കൊണ്ട് ഉത്തരമലബാറിലെ അപൂര്‍വം ചിലത് ഒഴിച്ച് ബാക്കി കൊപ്ര നിര്‍മ്മാണ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടപ്പെട്ടു. ഇതേ സമയം തമിഴ്നാട്ടിലെ കാങ്കയത്തും കര്‍ണ്ണാടകയിലെ തിപ്തൂരുമെല്ലാം കൊപ്ര നിര്‍മ്മാണം വന്‍ വ്യവസായമായി വളര്‍ന്നു. കേരളത്തില്‍ ചെറുകിട വെളിച്ചെണ്ണ നിര്‍മ്മാണ വിപണന കേന്ദ്രങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ചക്കിലാട്ടിയ വെളിച്ചെണ്ണ ഒരു ട്രെന്‍ഡായി മാറിയതോടെ നിരവധി സംരംഭകര്‍ ഈ രംഗത്തേക്ക് കടന്നുവന്നു. പ്രതിദിന കൊപ്ര ഉപഭോഗത്തിന്റെ 65% ഇന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ തന്നെ ധാരാളം വിപണിയുള്ള കൊപ്ര നമ്മുടെ സംസ്ഥാനത്തുതന്നെ ഉല്‍പാദിപ്പിക്കുന്നതിനുള്ള അവസരമുണ്ട്.

പുതിയകാലത്തെ സാധ്യതകള്‍

കൊപ്ര നിര്‍മ്മാണം ലാഭകരമായ വ്യവസായമാക്കി മാറ്റിയെടുക്കുന്നതിന് നവീകരിച്ച യന്ത്രങ്ങളും നിര്‍മ്മാണരീതികളുമൊക്കെ ഇന്ന് ലഭ്യമാണ്. പരമ്പരാഗതമായി വലിയ കളങ്ങള്‍ സ്ഥാപിച്ച് നടത്തിയിരുന്ന വ്യവസായം ഇന്ന് 500 – 1000 സ്‌ക്വയര്‍ ഫീറ്റ് ഷെഡിനുളളിലേക്ക് ഒതുക്കാനാകും. സ്ത്രീ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് കൊപ്ര നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനാകും. പ്രാദേശീകമായുള്ള 15-20 എണ്ണമില്ലുകള്‍ക്ക് ഗുണമേന്മയുള്ള കൊപ്ര സപ്ലൈ ചെയ്തുകൊണ്ട് തന്നെ ചെറിയ ഉല്‍പാദനയൂണിറ്റുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയും. കാരണം ചെറുകിട എണ്ണമില്ലുകളെല്ലാം തന്നെ അന്യസംസ്ഥാന കൊപ്രയാണ് ആശ്രയിക്കുന്നത്.

ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള അന്യസംസ്ഥാന കൊപ്ര മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതുകൊണ്ടാണ് പലരും വാങ്ങി ഉപയോഗിക്കുന്നത്. തൊഴില്‍ വര്‍ദ്ധനവിനും ഗ്രാമീണ സാമ്പത്തിക വളര്‍ച്ചയ്ക്കും ഇട നല്‍കുന്ന പരമ്പരാഗതവ്യവസായത്തെ കാലഘട്ടത്തിനനുസരിച്ച് നവീകരിച്ച് തിരിച്ച് കൊണ്ടുവരുന്നത് സംരംഭകത്വ രംഗത്തിനും പുത്തനുണര്‍വായിരിക്കും പ്രധാനം ചെയ്യുക. പാഴായി പോകുന്ന തേങ്ങാവെള്ളം സ്വാദിഷ്ഠമായ ”കേരകൂള്‍” ശീതളപാനീയമാക്കി കൂടുതല്‍ വരുമാനം ആര്‍ജിക്കുന്നതിനുള്ള സാങ്കേതികവിദ്യയും ഇന്ന് ലഭ്യമാണ്.

നവീകരിച്ച യന്ത്രങ്ങള്‍

  1. കോക്കനട്ട് കട്ടര്‍

തേങ്ങ ഉടച്ചെടുക്കുന്നതിന് ഇന്ന് യന്ത്രം ലഭ്യമാണ്. മണിക്കൂറില്‍ 700 തേങ്ങ ഉടച്ചെടുക്കുന്നതിന് ഒരു സ്ത്രീ തൊഴിലാളിയുടെ സേവനം മാത്രം മതിയാകും.

  1. ഇലക്ട്രിക് ഡ്രയര്‍

ഊര്‍ജ്ജക്ഷമതയുള്ള ഇലക്ട്രിക് ഡ്രയറുകള്‍ കൊപ്രാനിര്‍മ്മാണത്തിന് സ്പെഷ്യലായി രൂപകല്‍പ്പന ചെയ്തത് ലഭ്യമാണ്. വിറകും ചിരട്ടയും കത്തിച്ച് ഉണക്കിയെടുക്കുന്ന പാമ്പപര്യ മോഡലില്‍ നിന്ന് വിഭിന്നമായി മനുഷ്യ അധ്വാനം നന്നേ ലഘൂകരിക്കപ്പെടും. ഇലക്ട്രോണിക് താപനിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും താപ സംരക്ഷണങ്ങള്‍(ഹീറ്റ് ഇന്‍സുലേഷന്‍) കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതുമായ ഡ്രയറുകള്‍ ഉപയോഗിച്ച് കൊപ്ര നിര്‍മ്മാണം ലാഭകരമാക്കാം.

  1. കൊപ്ര ടെസ്റ്റിംഗ് മീറ്റര്‍

6% ഈര്‍പ്പണമാണ് കൊപ്രയില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. നിര്‍മ്മിക്കുന്ന കൊപ്ര ഗുണമേന്മ നിലനിര്‍ത്താന്‍ ഈര്‍പ്പം പരിശോധിക്കുന്നതിനും ആവശ്യാനുസരണം താപനില ക്രമീകരിക്കുന്നതിനും കൊപ്ര ടെസ്റ്റിംഗ് മീറ്ററുകള്‍ ഇന്ന് ലഭ്യമാണ്.

ഈ യന്ത്രങ്ങളൊക്കെ ലാഭകരമായി കൊപ്ര നിര്‍മ്മാണം നടത്താന്‍ സംരംഭനെ സഹായിക്കും.

മൂലധന നിക്ഷേപം

(പ്രതിദിനം 1000Kg ഉല്പാദനശേഷിയുള്ള കൊപ്ര നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചിലവ്)

ഡ്രയര്‍ – ഇലക്ട്രിക്കല്‍ ഡബിള്‍ ചേമ്പര്‍ മോഡല്‍ = 5,60,000.00
കൊപ്ര കട്ടര്‍ = 75,000.00
ടെസ്റ്റിംഗ് മീറ്റര്‍ അനുബന്ധ സംവിധാനങ്ങള്‍ = 25,000.00
ആകെ= 6,60,000.00

പ്രവര്‍ത്തന മൂലധനം = 2,50,000.00

പ്രവര്‍ത്തന വരവ് – ചിലവ് കണക്ക്
(ആധാരം : 2021 ഏപ്രില്‍ 15 ലെ വിലനിലവാരം )

ചിലവ്

(പ്രതിദിനം 1000Kg കൊപ്ര ഉല്‍പാദിപ്പിക്കുന്നതിന് )
തേങ്ങ 3250kg *Rs 38.00 = 1,23,500.00
വേതനം 12 nos = 5000.00
വൈദ്യുതി ചാര്‍ജ്ജ് = 800.00
മറ്റ് ഇതരചിലവുകള്‍ = 00.00

ആകെ= 1,29,800.00

വരവ്

(പ്രതിദിനം 1000Kg കൊപ്ര വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത് )

1000kg Rs. 140.00= 1,40,000.00 ചിരട്ടയില്‍ നിന്നുള്ള വരുമാനം 60 Rs.15.00= 2400.00
ആകെ = 1,42,400.00

ലാഭം

വരവ് = 1,42,400.00
ചിലവ് = 1,29,800.00
ലാഭം= 1,42,400.001,29,800.00=12,600.00

സാങ്കേതികവിദ്യ പരിശീലനം

നവീകരിച്ച കൊപ്ര നിര്‍മ്മാണ യന്ത്രങ്ങളും സാങ്കേതിക വിദ്യയും സൗജന്യ പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ നിന്നും സംരംഭകര്‍ക്ക് ലഭിക്കും. ഫോണ്‍ നമ്പര്‍ : 0485 2242310

ലൈസന്‍സ്, സബ്സിഡി

ഉദ്യം രജിസ്‌ട്രേഷന്‍, ഫുഡ് സേഫ്റ്റി ലൈസന്‍സ്, ജി.എസ്.ടി. എന്നീ ലൈസന്‍സുകള്‍ നേടണം. മൂലധനനിക്ഷേപത്തിന് അനുപാദികമായി നാളികേര വികസന ബോര്‍ഡില്‍ നിന്നോ വ്യവസായ വകുപ്പില്‍ നിന്നോ സബ്സിഡി ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top