Branding

ചുമരില്‍ വരച്ചു തുടക്കം, ഇന്ന് രാഷ്വിസ് എന്ന ബ്രാന്‍ഡ് സ്വന്തം

ഇന്ന് ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ടെക്‌സ്‌റ്റൈല്‍ പെയിന്റിംഗ്. സ്വന്തം പാഷനെ പിന്തുടര്‍ന്ന്, നഴ്സിംഗ് ജോലി ഉപേക്ഷിച്ച് ഈ രംഗത്തേക്ക് കടന്നു വന്ന ആലപ്പുഴക്കാരി വിദ്യ മോഹന്‍ രാഷ്വിസ് എന്ന ബ്രാന്‍ഡിലൂടെ ശ്രദ്ധേയയാകുന്നു

ആലപ്പുഴക്കാരി വിദ്യ തിരക്കിലാണ്, ചായക്കൂട്ടുകളും ഒരുകെട്ട് തുണിയുമായി രാവിലെ ജോലിക്കിരുന്നാല്‍ രാത്രി എത്ര വൈകിയാണെങ്കിലും അത്പൂര്‍ത്തിയാക്കിയേ കിടക്കൂ. അതിനിടയ്ക്ക് സ്റ്റിച്ചിംഗും പാക്കിംഗും ഒക്കെയായി മറ്റു തിരക്കുകളും. എന്തൊക്കെയായാലും ശരി, ഏറ്റെടുത്ത ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കി നല്‍കുന്നതില്‍ വിദ്യയെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്നത് ഉപഭോക്താക്കളുടെ സാക്ഷ്യം. ഇത് തന്നെയാണ് രാഷ്വിസ് എന്ന ബ്രാന്‍ഡിന്റെ വിജയവും. വസ്ത്രങ്ങളില്‍ പെയിന്റ് ചെയ്തു നല്‍കുന്ന ഒരു സംരംഭം തുടങ്ങണം എന്ന് പറഞ്ഞപ്പോള്‍, അയ്യോ അതൊക്കെ കുറെയുണ്ടല്ലോ, എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തിയവര്‍ക്കുള്ള ഉത്തരമാണ് രാഷ്വിസ് എന്ന ബ്രാന്‍ഡിന്റെ വിജയം. തന്റെ കയ്യിലുള്ള കല മൂലധനമാക്കി വിദ്യ വളര്‍ത്തിയെടുത്തതാണ് രാഷ്വിസ്. ജീവിതത്തില്‍ അവിചാരിതമായി ചില പ്രതിസന്ധികള്‍ കടന്നു വരുന്നത് സ്വാഭാവികമാണ്.

Advertisement

എന്നാല്‍ ഈ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നു എന്നതിലാണ് കാര്യം. ഇത്തരത്തില്‍ തന്റെ ഹോബിയിലൂടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടം തരണം ചെയ്ത വ്യക്തിയാണ് വിദ്യ മോഹന്‍. മിനിസ്ട്രിയില്‍ നഴ്‌സ് ആയി ജോലിയില്‍ പ്രവേശിക്കണം എന്ന തീരുമാനത്തിലാണ് വിദ്യ വിവാഹശേഷം ഭര്‍ത്താവുമൊത്ത് കുവൈറ്റില്‍ എത്തിയത്. എന്നാല്‍ ഗര്‍ഭധാരണവും അവിചാരിതമായുണ്ടായ ട്യൂബെക്റ്റമിയും വിദ്യയെ തളര്‍ത്തി. ഈ വിഷമഘട്ടത്തില്‍ നിന്നും പുറത്ത്കടക്കാന്‍ ജോലി പോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഏറെ വിഷമകരം.

സ്‌ട്രെസ് അമിതമായപ്പോള്‍ നഴ്സിംഗ് ജോലി ഉപേക്ഷിച്ചിരുന്നു. വര്‍ഷങ്ങളുടെ ശ്രമഫലമായി നേടിയെടുത്ത നഴ്സിംഗ് ബിരുദം കൊണ്ട് വരുമാനം കണ്ടെത്താന്‍ കഴിയാതെ ആയതിന്റെ ദുഃഖം ഒരു വശത്ത്. ഏറെ ആഗ്രഹിച്ച കുഞ്ഞില്ലാതെ പോയ ദുഃഖം മറുവശത്ത്. ഭര്‍ത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ സമയം എങ്ങനെ തള്ളിനീക്കും എന്ന അവസ്ഥ. ഈ അവസ്ഥയിലാണ് വിദ്യ തന്റെ ചിത്രകലാ പൊടിതട്ടി എടുത്തത്.വരയ്ക്കാന്‍ ഇഷ്ടമായിരുന്നു എങ്കിലും ജീവിതം പച്ചപിടിപ്പിക്കുന്നതിനുള്ള തിരക്കിനിടയില്‍ ആ ആഗ്രഹം എവിടെയൊക്കെയോ ഉപേക്ഷിച്ചിരുന്നു.

വീണ്ടും ചായക്കൂട്ടുകള്‍ കയ്യിലെടുത്തപ്പോള്‍ കുവൈറ്റില്‍ താമ
സിച്ചിരുന്ന ഫ്‌ലാറ്റിന്റെ ഭിത്തിയായിരുന്നു ആദ്യ കാന്‍വാസ്. ഇത്തരത്തില്‍ ഭിത്തിയില്‍ വരച്ചിട്ട ചിത്രങ്ങള്‍ക്ക് മികച്ച പിന്തുണ കിട്ടിയതോടെ കൂടുതല്‍ ചിത്രങ്ങള്‍ വരക്കാനുള്ള ആവേശമായി. പിന്നീടാണ് കാന്‍വാസിലും ഭിത്തിയിലും വരയ്ക്കുന്ന ചിത്രങ്ങള്‍ എന്ത്‌കൊണ്ട് വസ്ത്രങ്ങളില്‍ പരീക്ഷിച്ചുകൂടാ എന്ന ചിന്തയുണ്ടായത്.

ഈ ചിന്ത വളര്‍ന്നതോടെയാണ് യുട്യൂബ് നോക്കി ഫാബ്രിക് പെയിന്റിംഗ് പഠിക്കുന്നത്. ഈ ശ്രമത്തിനു ഭര്‍ത്താവ് പൂര്‍ണ പിന്തുണ നല്‍കി. കുവൈറ്റില്‍ ഏറെ അന്വേഷിച്ചു നടന്നിട്ടാണ് ഫാബ്രിക് പെയിന്റുകള്‍ സംഘടിപ്പിച്ചത്. കുവൈറ്റിലെ സുഹൃത്തുക്കള്‍ക്കും മറ്റുമായി സാരിയിലും ഷര്‍ട്ടിലുമെല്ലാം വിദ്യ ചിത്രങ്ങള്‍ വരച്ചു നല്‍കി. ഫാബ്രിക് പെയിന്റിംഗ് ട്രെന്‍ഡായി വരുന്ന സമയമായിരുന്നു അത്. കൂടുതല്‍ വര്‍ക്കുകള്‍ കിട്ടാന്‍ തുടങ്ങുന്ന അവസ്ഥയിലാണ് വീണ്ടും നാട്ടിലേക്ക് ഒരു പറിച്ചുനടല്‍ ഉണ്ടാകുന്നത്.

”നാട്ടില്‍ വന്നപ്പോള്‍ ഭര്‍ത്താവിന്റെ അമ്മക്ക് സാരിയില്‍ മ്യൂറല്‍ പെയിന്റിംഗ് ചെയ്ത് കൊടുത്തു. ആ സാരി ധരിച്ച് ഒരു പേരിടല്‍ ചടങ്ങിന് പോയി വന്ന അമ്മ മികച്ച അഭിപ്രായമാണ് സാരിക്ക് കിട്ടിയതെന്ന് പറഞ്ഞതോടെ ആത്മവിശ്വാസം വര്‍ധിച്ചു. എത്രയും വേഗം മ്യൂറല്‍ പെയിന്റിങ് ഒരു ബിസിനസ് ആയി ആരംഭിക്കണം എന്ന് വിദ്യ തീരുമാനിച്ചു. എന്നാല്‍ തന്റെ ആഗ്രഹം പുറത്ത് പറഞ്ഞതോടെ പ്രോത്സാഹിപ്പിച്ചവരെക്കാള്‍ കൂടുതല്‍ നിരുത്സാഹപ്പെടുത്തിയവര്‍ ആയിരുന്നു” വിദ്യ തന്റെ മനസ്സ്് തുറക്കുന്നു.

നിരുത്സാഹപ്പെടുത്തുന്നവര്‍ നിരുത്സാഹപ്പെടുത്തട്ടെ, അത്തരം പരിഹാസങ്ങളില്‍ ഒന്നും വിദ്യ വീണില്ല. നഴ്സിംഗ് ഉപേക്ഷിച്ചു പടം വരയ്ക്കാന്‍ പോകുന്നു എന്നുള്ള ആക്ഷേപങ്ങള്‍ പലതും കണ്ടില്ലെന്നു വച്ചുകൊണ്ട് തന്റെ സംരംഭവുമായിവിദ്യ മുന്നോട്ട് പോയി. രാഷ്വിസ് എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ആരംഭിച്ചു .അമ്മയ്ക്കായി വരച്ച സാരിയാണ് ആദ്യം പോസ്റ്റ് ചെയ്തത്. ആ ചിത്രം കണ്ട് അന്ന് തന്നെ മറ്റൊരു ഓര്‍ഡര്‍ കൂടി ലഭിച്ചു. സമാനമായ രീതിയില്‍ ബിസിനസ് ചെയ്യുന്ന ധാരാളം ബ്രാന്‍ഡുകള്‍ വിദ്യക്ക് ചുറ്റുമുണ്ടായിരുന്നു എങ്കിലും അതൊന്നും വിദ്യയുടെ ബിസിനസിനെ ബാധിച്ചില്ല.

നിരന്തരം വര്‍ക്കുകള്‍ കൂടി വന്നതിനു പിന്നില്‍ വ്യത്യസ്തങ്ങളായ ഡിസൈനുകള്‍ അനായാസം വരച്ചെടുക്കാനുള്ള വിദ്യയുടെ കഴിവ് ഒന്നുമാത്രമാണ്. ചെയ്യുന്ന ഓരോ വര്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ തുടങ്ങിയതോടെ ഓര്‍ഡറുകളും വര്‍ധിച്ചു വന്നു. നഴ്സിംഗിലെ അവസരം പോകും, വലിയവരുമാനമൊന്നും ലഭിക്കാത്ത ഈ ബിസിനസ് മതിയാക്കി ജോലിക്ക് പോകാന്‍ ഉപദേശിച്ചവര്‍ക്കുള്ള മറുപടിയായി അഞ്ചക്ക മാസ വരുമാനം നേടുകയാണ് വിദ്യ ചെയ്തത്. അടുത്തഘട്ടത്തിലേക്ക് തന്റെ ബിസിനസ് വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് വിദ്യയിന്ന

”സ്വന്തമായി വരുമാനം നേടണം എന്നത് എന്റെ ആഗ്രഹമല്ല, വാശിയായിരുന്നു. ഏതൊരു വ്യക്തിയുടെയും അടിസ്ഥാന ആവശ്യവും അവകാശവുമാണത്. അതിനു പഠിച്ച മേഖലയെക്കാള്‍ ഏറെ ഞാന്‍ തെരെഞ്ഞെടുത്തത് മനസ്സിന് ഏറെ സന്തോഷം നല്‍കുന്ന ചിത്രരചനയെയായിരുന്നു എന്ന് മാത്രം. ബിസിനസ് തുടങ്ങിയപ്പോള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ സോഷ്യല്‍ മീഡിയ സഹായിക്കുകയും ചെയ്തു. സീസണ്‍ അനുസരിച്ചാണ് ഈ മേഖലയില്‍ നിന്നുള്ള വരുമാനം. എന്നിരുന്നാലും ശരാശരി 20000 രൂപയുടെ പ്രതിമാസവരുമാനം ഉണ്ട് വിദ്യക്ക്.

പെയിന്റിംഗ് മാത്രമല്ല, ഡ്രസ്സ് ഡിസൈനിംഗ്, ബീഡ് വര്‍ക്ക് ഒക്കെ വിദ്യ ചെയ്യുന്നുണ്ട്. ബുട്ടീക്ക്, ഡിസൈനര്‍ സ്റ്റുഡിയോ എന്നതൊക്കെയാണ് ഭാവിയില്‍ ലക്ഷ്യം വയ്ക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഓര്‍ഡറുകള്‍ സ്വീകരിച്ച ശേഷം വസ്ത്രം ഡിസൈന്‍ ചെയ്ത് കൊറിയറായി അയക്കുകയാണ് വിദ്യ ഇപ്പോള്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍ സ്‌ട്രോങ്ങ് ആയതോടെ മാള്‍ട്ടയില്‍ നിന്നുവരെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.

500 രൂപ മുതല്‍ 2000 രൂപ വരെയാണ് ഡിസൈനിംഗിനായി ഈടാക്കുന്നത്. കൈത്തറിയില്‍ മാത്രമാണ് വിദ്യ ഡിസൈന്‍ ചെയ്യുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. പട്ടുപാവാടകള്‍, കുര്‍ത്തകള്‍, സാരികള്‍ എന്നിവ കുത്താമ്പുള്ളിയില്‍ നിന്നുമാണ് വാങ്ങിക്കുന്നത്.കളര്‍ കോമ്പിനേഷന്‍ ആണ് വിദ്യയുടെ ഹൈലൈറ്റ്.കുറികളുടെ വസ്ത്രങ്ങള്‍ക്കും അവര്‍ക്കുള്ള ഡിസൈനുകള്‍ക്കും പ്രത്യേക ഫോക്കസ് നല്‍കുന്നുണ്ട്. ഇത്തരം വസ്ത്രങ്ങളുടെ വിപണി വളരെ വലുതാണെന്ന് വിദ്യ സാക്ഷ്യപ്പെടുത്തുന്നു. വരുംനാളുകളില്‍ നിലവില്‍ ലഭിക്കുന്ന വരുമാനം ഇരട്ടിയാക്കണം എന്നതാണ് വിദ്യ ആഗ്രഹിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top