News

മാലിന്യത്തെ പൊന്നാക്കി മാറ്റുന്ന സ്വീഡന്‍

ലോകത്തില്‍ ഏറ്റവും മികച്ച രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്ന രാജ്യമാണ് സ്വീഡന്‍. മാലിന്യത്തില്‍ നിന്നും ഇവര്‍ വൈദ്യുതി നിര്‍മിക്കുന്നു

വിദേശ രാജ്യങ്ങളില്‍ നിന്നും മാലിന്യം ഇറക്കുമതി ചെയ്യാന്‍ സ്വീഡന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ഏറെ അത്ഭുതത്തോടെയാണ് ലോക ജനത വരവേറ്റത്. ഏതൊരു വികസ്വര രാജ്യത്തെ കാര്യം പരിഗണിച്ചാലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് മാലിന്യം. മാലിന്യസംസ്‌കരണം വേണ്ട രീതിയില്‍ നടക്കാത്തതിനെ തുടര്‍ന്ന് ചിലവര്‍ഷങ്ങളില്‍ ഇന്ത്യയിലെ ടൂറിസം വരുമാനത്തില്‍ത്തന്നെ ഇടിവുണ്ടായിട്ടുണ്ട്.

Advertisement

ഈ അവസ്ഥയിലാണ് സ്വീഡന്‍ തങ്ങളുടെ രാജ്യത്തുള്ള മാലിന്യങ്ങള്‍ക്ക് പിറമെ വിദേശരാജ്യങ്ങളില്‍ നിന്നും മാലിന്യം ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുമാനം എടുക്കുന്നത്. ലോകത്തില്‍ ഏറ്റവും മികച്ച രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്ന രാജ്യമാണ് സ്വീഡന്‍. മാലിന്യത്തില്‍ നിന്നും ഇവര്‍ വൈദ്യുതി നിര്‍മിക്കുന്നു. മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കാകമാനം പിന്തുടരാന്‍ കഴിയുന്ന ഒരു മാതൃകയാണ് ബ്രിട്ടന്‍.

നേരം മെല്ലെ വെളുത്തുവരുമ്പോഴേക്കും വ്യവമത്തിനായി എന്നവണ്ണം നടക്കാന്‍ ഇറങ്ങുന്ന ആളുകളെ എണ്ണം നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം ഇത്തരത്തില്‍ നഗര പ്രദേശങ്ങളില്‍ പ്രഭാത സവാരിക്ക് ഇറങ്ങുന്ന ആളുകളുടെ കൈവശം ഒരു കവര്‍ ഉണ്ടായിരിക്കും. തലേ ദിവസത്തെ ഭക്ഷണത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും മറ്റും അവശിഷ്ടങ്ങള്‍ നിറഞ്ഞ ആ കവര്‍ ആളൊഴിഞ്ഞ ഒരു കോണില്‍ കൊണ്ട് വന്ന് ഉപേക്ഷിക്കും.

പുറകെ പ്രഭാത സവാരിക്കയെത്തുന്നവരും ഇതുതന്നെ ചെയ്യും. ക്രമേണ ആ സ്ഥലം മാലിന്യങ്ങള്‍ നിറഞ്ഞ ഒരു പറമ്പായി മാറും. ഇതാണ് ഇന്ന് നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ കണ്ടു വരുന്ന മാലിന്യ സംസ്‌കരണം. ഇരുട്ടിന്റെ മറപറ്റി എങ്ങനെയെങ്കിലും തന്റെ വീട്ടിലെ മാലിന്യങ്ങള്‍ പുറന്തള്ളണം എന്ന് മാത്രമേ ഇന്നത്തെ തലമുറ ചിന്തിക്കുന്നുള്ളൂ. ഏത് വിധേനയും തന്റെ വീടും പരിസരവും വൃത്തിയാവണം. എന്നാല്‍ അതിന്റെ പേരില്‍ പൊതുവഴികളും തുറസ്സായ പ്രദേശങ്ങളും മാലിന്യക്കൂമ്പാരങ്ങളാക്കിമാറ്റുന്നത് എന്തിനു എന്ന ചോദ്യത്തിന് ഇക്കൂട്ടര്‍ക്ക് വ്യക്തമായ ഉത്തരങ്ങളില്ല.

വീടുകളില്‍ നിന്നും ഫാക്റ്ററികളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നുമൊക്കെയായിയി മാലിന്യം ശേഖരിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രദമായി മുന്നോട്ട് പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാലിന്യങ്ങളെ പ്രത്യേകം തരംതിരിച്ച് നല്‍കുവാന്‍ ആളുകള്‍ തയ്യാറാകുന്നില്ല എന്നതാണ് നമ്മുടെ നാട്ടിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇത്തരം കാര്യങ്ങളില്‍ സ്വീഡന്‍ നമുക്ക് മാതൃകയാണ്.

ലോകത്തെ ഏതൊരു വികസിത രാജ്യത്തോടും കിടപിടിക്കുന്ന രീതിയിലുള്ളതാണ് സ്വീഡന്റെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍. സ്വീഡന്‍ മാലിന്യങ്ങള്‍ വളരെ മികച്ച രീതിയില്‍ സംസ്‌കരിക്കുന്നു എന്ന് മാത്രമല്ല, അവയില്‍ നിന്നും പല വസ്തുക്കളും നിര്‍മിക്കുകയും വൈദ്യുതി നിര്‍മാണ രംഗത്തും ടെക്‌സ്‌റ്റൈല്‍ രംഗത്തും ഉപയോഗിക്കുകയും ചെയ്യുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് മാലിന്യം ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് സ്വീഡന്‍. കേള്‍ക്കുമ്പോള്‍ത്തന്നെ വിചിത്രമായി തോന്നാം. എന്നാല്‍ വാസ്തവമാണത്. മൂല്യവര്‍ധിത വസ്തുക്കളുടെ നിര്‍മാണത്തിനും വൈദ്യുതിയുടെ ഉല്‍പ്പാദനത്തിനും മറ്റുമായി സ്വീഡനിലെ മാലിന്യങ്ങള്‍ പര്യാപ്തമാകാതെ വന്നപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യാനായി ഒരുങ്ങുകയാണ് സ്വീഡന്‍.

മാലിന്യം എങ്ങനെയാണ് നിര്‍മാര്‍ജനം ചെയ്യേണ്ടതെന്ന ആശയക്കുഴപ്പത്തില്‍ മിക്ക രാജ്യങ്ങളും പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുമ്പോളാണ് ഒരു രാജ്യം അവിടെയുള്ള മാലിന്യം തികയാഞ്ഞിട്ട് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതിക്ക് ശ്രമിക്കുന്നത്.കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും കാര്യം അങ്ങനൊക്കെയാണ്.1991ല്‍ ഫോസില്‍ ഇന്ധങ്ങള്‍ക്ക് വര്‍ദ്ധിച്ച നികുതി ഏര്‍പ്പെടുത്തിയ രാജ്യമാണ് സ്വീഡന്‍. അതിനു ശേഷമാണ് മാലിന്യങ്ങളില്‍ നിന്നും വൈദ്യുതിയും മറ്റ് ഊര്‍ജ രൂപങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. സ്വീഡനിലെ മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത മൂലം കഴിഞ്ഞ വര്‍ഷം ഒരു ശതമാനം മാലിന്യം മാത്രമേ കുഴിച്ചു മൂടിയുള്ളൂ എന്ന വസ്തുത ഏറെ പ്രാധാന്യത്തോടെ തന്നെ നാം നോക്കിക്കാണണം.

സ്വീഡനിലെ ജനങ്ങള്‍ മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്നതില്‍ വിമുഖതയുള്ളവരാണ്. ഏറെക്കാലം ബോധവല്‍ക്കരണം നടത്തിയതിനു ശേഷമാണ് ജനങ്ങളെ ഇത്തരത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞതെന്ന് സ്വീഡിഷ് വേസ്റ്റ് മാനേജ്‌മെന്റ് റീസൈക്ലിംഗ് അസോസിയേഷന്‍ ഡയറക്ടര്‍ ഓഫാള്‍ സ്വെറിഷ് പറയുന്നു. കൃത്യമായ ബോധവത്കരണമാണ് ഇത്തരം ഒരു നേട്ടത്തിലേക്ക് സ്വീഡനെ എത്തിച്ചത്. നമ്മുടെ നാട്ടില്‍ ഏറെ ശ്രമിച്ചിട്ടും പ്രാവര്‍ത്തികമാകാതെ പോകുന്ന കാര്യവും അത് തന്നെയാണ്.

സ്വീഡനില്‍ മഞ്ഞുകാലത്ത് വീടുകള്‍ക്ക് ചൂടുപകരാനുള്ള നാഷണല്‍ ഹീറ്റിംഗ് നെറ്റ് വര്‍ക്കിലേക്കാണ് മാലിന്യത്തില്‍ നിന്നുള്ള ഊര്‍ജ്ജം നല്‍കുന്നത്. അത്തരത്തില്‍ കാര്യക്ഷമമായ നെറ്റ് വര്‍ക്കാണ് ജില്ലാതലത്തില്‍ സ്വീഡനില്‍ നടപ്പാക്കിയിരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് ഹീറ്റിംഗ് എന്ന പദ്ധതി യൂറോപ്പിന്റെ തെക്കന്‍ മേഖലകളില്‍ വിജയകരമായി നടക്കുന്നില്ല.

ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദലായി മാലിന്യത്തെ മാറ്റാന്‍ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമായി സ്വീഡന്‍ മാറുകയാണ്.ഇത്തരത്തില്‍ ഒരു അവസ്ഥയിലേക്ക് സ്വീഡന്‍ എത്തിയത് ഘട്ടം ഘട്ടമായ പ്രവര്‍ത്തന പദ്ധതികളിലൂടെയാണ്. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന കാര്യത്തില്‍ 1990 കാലില്‍ തന്നെ ബ്രിട്ടന്‍ വ്യക്തമായ ഒരു പദ്ധതി കൊണ്ടുവന്നു. ഇതിലൂടെയാണ് സ്വീഡനിലെ 90 ശതമാനം ഖരമാലിന്യങ്ങളും ശേഖരിക്കപ്പെട്ടത്.

സ്വീഡന്‍ എങ്ങനെ മാലിന്യത്തെ വരുതിയിലാക്കി ?

വളരെ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞ ആര് നടപടികളിലൂടെയാണ് സ്വീഡന്‍ കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി മാലിന്യങ്ങളെ പിടിച്ചുകെട്ടുന്നത്

1. എല്ലായിടത്തും റീസൈക്ലിംഗ് സ്റ്റേഷനുകള്‍

മാലിന്യ നിര്‍മാരാജനത്തിന്റെ ആദ്യ പടിയായി സ്വീഡന്‍ ആരംഭിച്ച പദ്ധതിയാണിത്. ഓരോ ഒരു കിലോമീറ്റര്‍ ചുറ്റളവിലും റീസൈക്ലിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഓരോ അറ കിലോ മീറ്ററിലും മാലിന്യം ശേഖരിക്കുന്നതിനായുള്ള ബാസ്‌കറ്റുകള്‍ സ്ഥാപിച്ചതിനു പിന്നാലെയാണിത്. ഇതിലൂടെ മാലിന്യങ്ങള്‍ പല രൂപത്തില്‍ റീസൈക്കിള്‍ ചെയ്യപ്പെട്ടു. ജൈവ മാലിന്യങ്ങള്‍ വളമായി മാറിയപ്പോള്‍ ഖര മാലിന്യങ്ങളെ തരം തിരിച്ച് മറ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി നല്‍കി. ഇത്തരത്തില്‍ സമൂഹത്തിന്റെ മൊത്തം ന•ക്കായി മാലിന്യങ്ങളെ രൂപാന്തരപ്പെടുത്തുന്ന ഒരു കേന്ദ്രമായി സ്വീഡനിലെ റീസൈക്ലിംഗ് സ്റ്റേഷനുകള്‍ രൂപാന്തരപ്പെട്ടു എന്നതാണ് വാസ്തവം. ഇന്ന് സ്വീഡന്റെ ഏതൊരു മുക്കിലും മൂലയിലും നമുക്ക് ഇത്തരം റീസൈക്ലിംഗ് സ്റ്റേഷനുകള്‍ കാണാന്‍ കഴിയും.

2. ബാക്കി വരുന്ന മരുന്നുകള്‍ ഫാര്‍മസിക്ക്

മണ്ണില്‍ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന ഒന്നാണ് മരുന്നുകളും അവയുടെ ബോട്ടിലുകളും. ഈ അവസ്ഥ മാറ്റിയെടുക്കുന്നതിനായി സ്വീഡന്‍ കണ്ടെത്തിയ മാര്‍ഗം ഉപയോഗ ശേഷം ബാക്കി വരുന്ന മരുന്നുകള്‍ കുപ്പിയോടെ ഫാര്മസിയെ ഏല്‍പ്പിക്കുക എന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്ന പൗര•ാരുടെ എണ്ണം വളരെപ്പെട്ടെന്നാണ് വര്‍ധിച്ചത്. സ്വീഡനിലെ 43 ശതമാനത്തോളം വരുന്ന ജനങ്ങളും ഇന്ന് ഈ പോളിസി അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വര്ഷം മാത്രം ഇത്തരത്തില്‍ ഒരു നയത്തിലൂടെ 378 ടണ്‍ പ്ലാസ്റ്റിക്ക് ഭൂമുഖത്ത് നിന്നും മാറ്റാന്‍ സ്വീഡനെക്കൊണ്ട് സാധിച്ചു എന്ന് പറയുന്നിടത്താണ് ഈ പദ്ധതിയുടെ വിജയം.

3. ഉപയോഗിച്ച വസ്ത്രങ്ങള്‍ക്ക് ഡിസ്‌കൗണ്ട്

നമ്മുടെ കൊച്ചു കേരളത്തില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നിന്നും സമ്മിശ്ര പ്രതികരണം ഉണ്ടായിരുന്നു. വാസുകി ഐഎഎസ് മറ്റൊരാള്‍ ഉപയോഗിച്ച സാരി ഉപയോഗിച്ച് നമുക്ക് മാതൃകയായിരുന്നു. എന്നാല്‍ ഈ പദ്ധതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്വീഡനില്‍ വിജയകരമായി പരീക്ഷിച്ചതാണ്. ഇത്തരത്തില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ മാലിന്യമായി പുറന്തള്ളാതെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള അവസരം സ്വീഡന്‍ നല്‍കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ സഹായിക്കാം എന്നായിരുന്നു പദ്ധതിയെങ്കിലും ഇന്ന് സാമ്പത്തിക വ്യത്യാസങ്ങള്‍ ഒന്നും കൂടാതെ ആളുകള്‍ ഈ പദ്ധതിയുടെ ഉപഭോക്താക്കളാകുന്നു. ഇത്തരത്തില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ വില്‍ക്കുന്ന നിരവധി സെന്ററുകള്‍ സ്വീഡനില്‍ കാണാന്‍ സാധിക്കും. മാത്രമല്ല, ഇത്തരത്തില്‍ പുനരുപയോഗം ചെയ്യപ്പെടുന്ന വസ്ത്രങ്ങള്‍ക്ക് മികച്ച ഡിസ്‌കൗണ്ടും ലഭിക്കുന്നു.

4. മ്യൂസിക്കല്‍ വേസ്റ്റ് ബിന്നുകള്‍

മാലിന്യങ്ങള്‍ ബിന്നുകളില്‍ തന്നെ നിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീഡന്‍ കണ്ടെത്തിയ മാര്‍ഗമാണിത്. ഓരോ വ്യക്തി പിന്നില്‍ മാലിന്യനിക്ഷേപം നടത്തുമ്പോഴും ശുദ്ധ സംഗീതം കേള്‍ക്കാനായി കഴിയും. മനസ്സിനെയും പ്രവര്‍ത്തിയെയും ഒരേ പോലെ സന്തോഷിപ്പിക്കുന്ന ഒന്നാണിത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

5. മാലിന്യങ്ങള്‍ തരം തിരിച്ചു മാത്രം നല്‍കുക

ഇന്ത്യ ഉള്‍പ്പെടെയുള്ള സമൂഹം സ്വീഡനില്‍ നിന്നും പഠിക്കേണ്ട പ്രധാന പാഠമാണിത്. ഏതൊരു ചെറിയ മാലിന്യമാണെങ്കിലും അത് കൃത്യമായി വേര്‍തിരിച്ചു മാത്രം നല്‍കുക. ജൈവ മാലിന്യങ്ങള്‍, ദ്രാവക മാലിന്യങ്ങള്‍, കെമിക്കല്‍ മാലിന്യങ്ങള്‍, ഇലക്ട്രോണിക്ക് മാലിന്യങ്ങള്‍, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എന്നിവക്കായി പ്രത്യേകം സംഭരണ ശാലകളുണ്ട് സ്വീഡനില്‍. പ്ലാസ്റ്റിക്ക്, ഗ്ലാസ്, റബ്ബര്‍, പേപ്പര്‍ തുടങ്ങി എല്ലാ വസ്തുക്കളും പ്രത്യേകം തരം തിരിച്ചു മാത്രമാണ് നല്‍കുന്നത്. വിദ്യാലയങ്ങളില്‍ നിന്ന് തന്നെ ഇത്തരം നല്ല പഠിപ്പിക്കല്‍ ആരംഭിക്കുന്നു. സ്വന്തം ചുറ്റുപാട് സംരക്ഷിക്കേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ടെന്ന് സ്വീഡനിലെ ഓരോ കുഞ്ഞിനും അറിയാം.

6. സെലിബ്രിറ്റികളുടെ ക്‌ളാസുകള്‍

ഒരു വ്യക്തിയുടെ മേല്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നത് ഒരു സെലിബ്രിറ്റിക്കായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അതിനാല്‍ തന്നെ ആര്‍ട്ടിസ്റ്റുകള്‍, അഭിനേതാക്കള്‍, ഗായകര്‍ തുടങ്ങിയ സെലിബ്രിറ്റികളുടെ സമ്മതം സ്വീഡന്‍ വാങ്ങി. അവര്‍ മുഖാന്തരം മാലിന്യസംസ്‌കരണം എന്ന വലിയ ആശയം ജനങ്ങളിലേക്ക് എത്തിച്ചു. നാലാള്‍ കൂടുന്ന ഇടങ്ങളിലൊക്കെ ആളുകളോട് താരങ്ങള്‍ മാലിന്യ സംസ്‌കരണത്തെപ്പറ്റി പറഞ്ഞു. അങ്ങനെ മെല്ലെ മെല്ലെ, മാലിന്യസംസ്‌കരണം എന്ന വലിയ ആശയത്തെ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

ഇതിനെല്ലാം പുറമെ മരം നട്ട്വളര്‍ത്തല്‍, പ്രകൃതി പ്രതിപാലനം എന്നിവയ്‌ക്കെല്ലാം സ്വീഡന്‍ ശ്രദ്ധ നല്‍കി. ശേഖരിക്കപ്പെടുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് സംസ്‌കരിച്ചു. ഇതില്‍ നല്ലൊരു ശതമാനം വൈദ്യുതി നിറമാണത്തിനായി ഉപയോഗിച്ചു.വേസ്റ്റ് റ്റു എനര്‍ജി എന്ന തത്വം രാജ്യത്താകമാനം നടപ്പിലാക്കിയതിലൂടെയാണ് സ്വീഡന്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടത്. മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് രാജ്യം നികുതിയിളവ് നല്‍കിയിരുന്നു.ചിട്ടയായ നടപടികളിലൂടെ രാജ്യത്തെ കാര്‍ബണ്‍ എമിഷന്റെ അളവ് 20 ശതമാനം കുറയ്ക്കാനായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top