Inspiration

വികാഷ് ദാസ് മാതൃകയാണ് ആദിവാസി ക്ഷേമത്തിലും സംരംഭകത്വത്തിലും

ഒഡീഷയിലെ ആദിവാസിഗോത്രങ്ങളെ ഇത്തരം സാമൂഹിക, സാമ്പത്തിക ചൂഷണങ്ങളില്‍ നിന്നും അസമത്വങ്ങളില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ വികാഷ് ദാസ്, തന്റെ വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച് 2013 ല്‍ വട് വൃക്ഷ്യ എന്ന സംഘടനക്ക് രൂപം നല്‍കിയത്

വികസനകാര്യത്തില്‍ ഏറെ മുന്നോട്ട് പോയി എന്ന് അവകാശപ്പെടുമ്പോഴും സാമൂഹികമായ അസമത്വം നേരിടുന്ന ഒരു വിഭാഗം ജനത നമുക്ക് ചുറ്റുമുണ്ട്. ഭൂമിയുടെ ആദിമ അവകാശികള്‍ എന്നറിയപ്പെടുന്ന ആദിവാസികള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്ന ഒരു വിഭാഗമാണ്. ഒഡീഷയിലെ ആദിവാസിഗോത്രങ്ങളെ ഇത്തരം സാമൂഹിക, സാമ്പത്തിക ചൂഷണങ്ങളില്‍ നിന്നും അസമത്വങ്ങളില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ വികാഷ് ദാസ്, തന്റെ വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച് 2013 ല്‍ വട് വൃക്ഷ്യ എന്ന സംഘടനക്ക് രൂപം നല്‍കിയത്. പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ ഉന്നമനമായിരുന്നു വികാഷ് ലക്ഷ്യമിട്ടത്. ഇപ്പോള്‍ 385 ആദിവാസി കുടുംബങ്ങളാണ് വട് വൃക്ഷയ്ക്ക് കീഴില്‍ പലവിധ തൊഴിലുകള്‍ ചെയ്ത് മാന്യമായ വേതനം നേടി ജീവിക്കുന്നത്.

Advertisement

”ലോകമേ തറവാട്” , ഈ ലോകം മുഴുവന്‍ തന്റെ കുടുംബത്തിന് സമാനമാണ്. സകല ചരാചരങ്ങളെയും തന്റെ കൂടപ്പിറപ്പുകളും കുടുംബാംഗങ്ങളുമായി കാണുന്ന മഹത്തായ ഈ ആശയത്തിലാണ് ഒഡീഷ സ്വദേശിയായ വികാഷ് ദാസ് വിശ്വസിച്ചിരുന്നത്. സമ്പന്ന കുടുംബത്തിലെ അംഗമായി ജനിച്ച വികാശിന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓര്‍മകളാണ് ബാല്യത്തിലും കൗമാരത്തിലും യുവത്വത്തിലുമെല്ലാം ഉണ്ടായിരുന്നത്.

കുലമഹിമ കൊണ്ടും സാമ്പത്തിക ഭദ്രതകൊണ്ടും സമൂഹത്തിന്റെ മുന്‍പന്തിയില്‍ നിന്നിരുന്ന വികാഷ് ദാസ് ഇന്ന് ജീവിക്കുന്നത് ഒഡീഷയിലെ ആദിവാസി ഗോത്രങ്ങള്‍ക്കൊപ്പം അവരില്‍ ഒരാളായാണ്. ജീവിതത്തിലെ സമ്പത്തും പ്രൗഢിയും എല്ലാം ഉപേക്ഷിക്കുവാന്‍ വികാഷിനെ പ്രേരിപ്പിച്ചതാകട്ടെ ആദിവാസി വിഭാഗത്തില്‍പെട്ട ആളുകള്‍ നേരിടുന്ന ചൂഷണവും.

സമ്പന്നതയുടെ നടുവില്‍ ജനിച്ച് പഠന മികവ് കൊണ്ട് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി മാറിയ വികാഷ് എങ്ങനെയാണ് ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വട് വൃക്ഷ്യ എന്ന സംഘടനയുടെ സാരഥിയായി മാറിയത് എന്ന കഥ ഏറെ പ്രചോദനാത്മകമാണ്. യഥാസ്ഥിതിക കുടുംബത്തിലെ അംഗമായി ജനിച്ച വികാഷ് തനിക് ചുറ്റിലും കണ്ടിരുന്നത് ആദിവാസികളുടെ ജീവിതമായിരുന്നു. എന്നാല്‍ ജാതി, മതം , കുലം തുടങ്ങിയ ഘടകങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ പടര്‍ന്നിറങ്ങിയ ഒരു കാന്‍സറാണ് എന്ന തിരിച്ചറിവ് വികാശിന് ചെറുപ്പത്തില്‍ ഉണ്ടായിരുന്നില്ല.

ഒരിക്കല്‍ താഴ്ന്ന വിഭാഗങ്ങളിലുള്ളവരോട് അടുക്കുന്നതിന് വീട്ടില്‍നിന്നും എതിര്‍പ്പുണ്ടായിരുന്നു. ഇവരുമായി സഹകരിക്കരുതെന്ന് വീട്ടില്‍നിന്ന് നിര്‍ദേശിച്ചിരുന്നു എന്നത് മാത്രമായിരുന്നു ഇത് സംബന്ധിച്ച് വികാഷിനുള്ള അറിവ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വേര്‍തിരിവ് എന്നറിയാന്‍ പിന്നെയും ഏറെക്കാലം കാത്തിരിക്കേണ്ടതായി വന്നു.

വികാഷ് ദാസ്

ഒരിക്കല്‍ വികാഷ് തന്റെ കുടുംബത്തോടൊപ്പം അടുത്തുള്ള ക്ഷേത്രത്തില്‍ തൊഴാന്‍ പോയപ്പോള്‍ അവിടെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ അവരുടെ ചെറുമകനുമായി ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ അവര്‍ ആദിവാസികളായതിന്റെ പേരില്‍ ക്ഷേത്രത്തില്‍ കയറിയാല്‍ അശുദ്ധിയാകുമെന്ന് പറഞ്ഞ് ക്ഷേത്രാധികാരികള്‍ അവരെ ഓടിച്ചു വിട്ടു.മനസ്സ്‌സില്‍ ഏറെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും ഈ സംഭവത്തോട് മൗനം പാലിക്കാന്‍ മാത്രമേ വികാശിന് കഴിഞ്ഞുള്ളു. എന്നാല്‍ ആ സംഭവം ആ ബാലനെ ഏറെ അസ്വസ്ഥനാക്കി.

നൂറ് ചോദ്യങ്ങള്‍ വികാഷിന്റെ മനസില്‍ ഉയര്‍ന്നു. എന്നാല്‍ കുട്ടിയായതിനാല്‍ എന്ത് കൊണ്ട് ഈ വിവേചനം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കുടുംബത്തില്‍ ആര്‍ക്കും സാധിച്ചില്ല. അവര്‍ നല്‍കിയ ഉത്തരങ്ങള്‍ വികാശിന് സ്വീകാര്യവുമല്ലായിരുന്നു . പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത്തരത്തില്‍ പലവിധ വിവേചനങ്ങള്‍ നേരിടേണ്ടി വന്ന ആദിവാസികളെ വികാഷ് നേരില്‍ കണ്ടു. എന്നാല്‍ അവരുടെ യഥാര്‍ത്ഥ പ്രശ്‌നം എന്തെന്ന് മനസ്സിലാക്കാനോ , പ്രതിവിധികള്‍ നല്‍കാനോ വികാശിന് കഴിഞ്ഞിരുന്നില്ല. ആദിവാസി വിഭാഗത്തിന്റെ അടുത്തേക്ക് പോകുവാണോ അവരുമായി അടുത്ത ഇടപഴകാനോ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല എന്നതായിരുന്നു പ്രധാനകാരണം. സ്വന്തമായി വരുമാനം ലഭിക്കുന്ന ഒരു തൊഴില്‍ ലഭിക്കുന്നത് വരെ ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്ന തന്റെ ആഗ്രഹം വികാഷ് മനസ്സ്‌സില്‍ സൂക്ഷിച്ചു.

പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വികാഷ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കി. തുടര്‍ന്ന്, ഐ ബി എം കമ്പനിയില്‍ ഐ ടി കണ്‍സള്‍ട്ടന്റായി ചേര്‍ന്നു. അപ്പോഴും ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.മൂന്നു വര്‍ഷത്തെ സേവനം പൂര്‍ത്തിയാകുന്ന ദിവസം ഐബിഎം വിട്ടിറങ്ങാന്‍ വികാഷ് തീരുമാനിച്ചു. ഇനിയും വൈകിയാല്‍ ആദിവാസികളുടെ ക്ഷേമത്തിനും ഉന്നമത്തിനുമായി തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്ത വികാശിനെ അസ്വസ്ഥനാക്കിയിരുന്നു. അതെ തുടര്‍ന്ന്, 2013ല്‍ വികാഷ് ജോലി ഉപേക്ഷിച്ച് ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനിറങ്ങി.

ആദിവാസികളില്‍ ഒരാളായി അവര്‍ക്കൊപ്പം

ആദിവാസികള്‍ എന്നും സമൂഹത്തില്‍ രണ്ടാം നിരക്കാരായി പരിഗണിക്കപ്പെടുന്നവരാണ് എന്ന അറിവിനപ്പുറം എന്താണ് അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്നതിനെ പറ്റി ഇനിയും ഏറെ അറിയേണ്ടതായിട്ടുണ്ടായിരുന്നു. അതിനാല്‍ ആദ്യഘട്ടത്തില്‍ അവരുടെ ജീവിത രീതി മനസിലാക്കിയെടുക്കുകയാണ് ചെയ്തത്. അതിനായി ആദിവാസി ഊരുകളില്‍ പോയി, അവരില്‍ ഒരാളായി ജീവിക്കാന്‍ വികാഷ് തീരുമാനിച്ചു. രണ്ടു മാസം അത്തരത്തില്‍ താമസിച്ചതോടെ എത്ര കഷ്ടപ്പാടിലൂടെയും ദുരിതത്തിലൂടെയുമാണ് ഓരോ ആദിവാസി കുടുംബവും കടന്നു പോകുന്നത് എന്ന് മനസിലാക്കാന്‍ വികാശിന് കഴിഞ്ഞു.

പല ആദിവാസി കുടിലുകളും മിക്ക ദിവസവും മുഴുപ്പട്ടിണിയില്‍ ആയിരുന്നു. കാടുവിട്ട് പുറത്തു പോയി സ്ഥിരവരുമാനം ലഭിക്കുന്ന തൊഴില്‍ ചെയ്യുന്നതിനുള്ള അറിവോ കഴിവോ ഇവര്‍ക്കില്ല. മാത്രമല്ല, വിദ്യാഭ്യാസപരമായും ഏറെ പിന്നിലാണ് ഈ ജനവിഭാഗം. ഇവരുടെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയിലും എത്രയോ താഴെയായിരുന്നു. ആദിവാസികള്‍ക്കൊപ്പം കഴിഞ്ഞ നാളുകളിലാണ് ജീവിതത്തില്‍ അന്ന് ആദ്യമായാണ് വിശപ്പ് എന്തെന്നും വിശപ്പിന്റെ വില എന്തെന്നും വികാഷ് മനസിലാക്കിയത്.ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍, തൊഴിലില്ലായ്മ, സ്വന്തമായി ഭൂമിയില്ലാത്തത്, നിരക്ഷരത, പോഷകാഹാരക്കുറവ്, ആരോഗ്യ പ്രശ്‌നങ്ങള്‍, ശുചീകരണം, ലാഭകരമല്ലാത്ത കാര്‍ഷികവൃത്തി, ഇടനിലക്കാരുടെ ചൂഷണം, ഇങ്ങനെ ഓരോ ആദിവാസിയും നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയായിരുന്നു.

ആദിവാസിക്ഷേമത്തിനായി വട് വൃക്ഷ്യ

ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഒന്നൊന്നായി പരിഹാരം കണ്ടെത്തണം എങ്കില്‍ ഒരു സംഘടനയുടെ പിന്‍ബലം ആവശ്യമാണ് എന്ന് വികാഷ് ദാസ് മനസിലാക്കി. അതിന്റെ ഭാഗമായാണ് വട് വൃക്ഷ്യ എന്ന എന്‍ജിഒക്ക് അദ്ദേഹം തുടക്കം കുറിച്ചത്. മികസിച്ച ശമ്പളം ലഭിച്ചിരുന്ന വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച് ആദിവാസികള്‍ക്കൊപ്പം ജീവിക്കുന്നു, അവര്‍ക്കായി പ്രവര്‍ത്തിക്കുന്നു തുടങ്ങിയ വികാശിന്റെ തീരുമാനങ്ങള്‍ക്ക് സമൂഹത്തില്‍ നിന്നും വീട്ടില്‍ നിന്നും തുക എതിര്‍പ്പാണുണ്ടായത്. പലരും വികാശിന് ഭ്രാന്താണ് എന്ന് വരെ പറഞ്ഞു. എന്നാല്‍ തന്റെ ലക്ഷ്യങ്ങളില്‍ നിന്നും പിന്തിരിഞ്ഞോടുവാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.

ആദിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു വരുമാന മാര്‍ഗം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തിനാണ് വട് വൃക്ഷ്യ പ്രഥമ പരിഗണന നല്‍കിയത്. മൂന്നു ഘട്ടങ്ങളിലൂടെയുള്ള വികസനമാണ് വികാഷ് സ്വപ്നം കണ്ടത്. ഇതിന്റെ ഭാഗമായി വികാഷ് സ്വന്തം സമ്പാദ്യത്തില്‍ നിന്നും 2000 രൂപ വീതം ആദിവാസികള്‍ക്ക് നല്‍കി. വീടുകളിലിരുന്ന് തന്നെ വരുമാനം ഉണ്ടാക്കാവുന്ന തരത്തില്‍ ചെറുകിട കച്ചവടങ്ങള്‍ നടത്തുന്നതിനായാണ് ഈ പണം നല്‍കിയത്.

ആദിവാസികളെകൊണ്ട് അച്ചാറുകള്‍, ലഘുഭക്ഷണങ്ങള്‍, പച്ചമരുന്നുകള്‍, എന്നിവ നിര്‍മിച്ച് പൊതുവിപണിയില്‍ വിപണനം ചെയ്ത പണം നേടുക എന്നതായിരുന്നു വികാശിന്റെ ഉദ്ദേശം .ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ആദിവാസികള്‍ക്ക് തന്നെ നല്‍കിപ്പോന്നു. എന്നാല്‍ പല ആദിവാസികള്‍ക്കും വില്‍പനക്ക് ഉതകുന്ന രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുവാന്‍ അറിയില്ലായിരുന്നു. അതിനാല്‍ ഇതിനുള്ള പരിശീലനം നല്‍കുകയാണ് ആദ്യം ചെയ്തത്. ആദ്യം ഇത്തരം പരിശീലന പരിപാടികളോടും മറ്റും സഹകരിക്കാന്‍ മടികാണിച്ചിരുന്ന ആദിവാസികള്‍ പിന്നീട് വികാശിന്റെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങി.

ആദ്യ ഉദ്യമം വിജയിച്ചതോടെ കരകൗശല വസ്തുക്കളുടെ നിര്‍മാണം, അച്ചാറുകള്‍, ലഘുഭക്ഷണങ്ങള്‍, പച്ചമരുന്നുകള്‍, കിഴങ്ങുകളും പച്ചിലകളും എന്നിങ്ങനെ നിരവധി ഉല്‍പ്പന്നങ്ങള്‍ ആദിവാസികളുടേതായി വട് വൃക്ഷ്യയുടെ ബ്രാന്‍ഡില്‍ വിപണിയിലെത്തി. ക്രമേണ ഓരോ സ്ത്രീകളും തങ്ങളുടെ കയ്യിലുള്ളതിന്റെ മൂന്ന് നാല് മടങ്ങ് തുക സമ്പാദിക്കാന്‍ തുടങ്ങി. രണ്ടാം ഘട്ടത്തില്‍ ആദിവാസികളെ കാര്‍ഷിക മേഖലയുടെ ഭാഗമാക്കാനാണ് വികാഷ് ശ്രമിച്ചത്.

ആദിവാസികള്‍ കൃഷി ചെയ്യാറുണ്ട് എങ്കിലും വിളവെടുപ്പ് പിഴച്ചാല്‍ ധനനഷ്ടം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. അശാസ്ത്രീയമായ കൃഷി രീതികള്‍ പിന്തുടരുന്നതാണ് ഇതിനുള്ള കാരണമെന്ന് വികാഷ് മനസിലാക്കി. ഇതൊഴിവാക്കാന്‍ കൃഷി വിദഗ്ധരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. ഏതെങ്കിലും ഒരു വിള പരാജയപ്പെട്ടാല്‍ മറ്റൊരു കൃഷിയിറക്കി നഷ്ടം നികത്തുന്നതിന് അവരെ പ്രാപ്തരാക്കി.

മൂന്നാംഘട്ടത്തിന്റെ ഭാഗമായി സബ്‌സിഡികളുള്ള ലോണുകളെക്കുറിച്ച് ആദിവാസികളെ ബോധവാ•ാരാക്കി. എങ്ങനെ ലോണ്‍ എടുക്കാം എന്നും അതുപയോഗിച്ച് എങ്ങനെ വരുമാനം ലഭിക്കുന്ന തൊഴിലുകള്‍ കണ്ടെത്താം എന്നും വികാഷ് പറഞ്ഞു മനസിലാക്കി.ഭൂരിഭാഗം ആളുകളും ലോണ്‍ എടുത്ത് കുമിള്‍ കൃഷി പോലുള്ളവ ചെയ്യാനായി. കുമിള്‍ കൃഷിക്ക് ചെലവ് വളരെ കുറവാണെന്ന് മാത്രമല്ല ഇതില്‍നിന്ന് വലിയ വരുമാനം നേടാനാകും എന്നതും ആദിവാസികള്‍ക്ക് തുണയായി.കുമിളക്കൃഷി പോലെ മറ്റനേകം ചെലവ് കുറഞ്ഞ കൃഷി രീതികളും വികാഷ് ആദിവാസികള്‍ക്കായി പരീക്ഷിച്ചു.

അടുത്ത ഘട്ടം ആദിവാസികളെ സാമൂഹികമായും സാംസ്‌കാരികമായും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരിക എന്നതായിരുന്നു. ഇതിന്റെ ഭാഗമായി ആദിവാസികുട്ടികളെ സ്‌കൂളുകളില്‍ ചേര്‍ത്തി. നിര്‍ബന്ധിത വിദ്യാഭ്യസം നടപ്പിലാക്കി. മുന്‍പ് സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് 95 ശതമാനം ആയിരുന്നത് ഇപ്പോള്‍ 32 ആയി കുറഞ്ഞു.ആദിവാസികള്‍ക്കിടയില്‍നിന്ന് തന്നെയുള്ള 12 പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് വട് വൃക്ഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്.

ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും പദ്ധതികളും മാസാമാസം റിവ്യൂ ചെയ്യുന്നതേ സംഘത്തിനൊപ്പമാണ്. ഇതോടൊപ്പം ആദിവാസികളുടെ തനത് ജീവിതരീതിയും ഭാഷയും സംസ്‌കാരവുമെല്ലാം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും സംഘടന നടത്തുന്നുണ്ട്.കാര്‍ഷിക കരകൗശല പ്രദര്‍ശനങ്ങള്‍ വഴിയും വട് വൃക്ഷ്യ മികച്ച വരുമാനം കണ്ടെത്തുന്നു.

ഇന്ന് ആദിവാസിമേഖലയിലെ 385 കുടുംബങ്ങളാണ് വട് വൃക്ഷയയുടെ ഭാഗമായി മികച്ച ജീവിതം നയിക്കുനന്നത്. ജോലി ഉപേക്ഷിച്ച് ഈ മേഖലയിലേക്ക് ഇറങ്ങുവാന്‍ തന്‍ എടുത്ത തീരുമാനം നൂറു ശതമാനം ശരിയായിരുന്നു എന്ന് വികാഷ് പറയുന്നു. വട് വ്യക്ഷ്യയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികത്തെക്കുറിച്ച് വികാഷിന് ഒട്ടും തന്നെ ഭയമില്ല. തന്റെ അസാന്നിധ്യത്തില്‍ പോലും ഒഡീഷയുടെ മണ്ണില്‍ വട് വ്യക്ഷ്യ പടര്‍ന്ന് പന്തലിക്കും എന്ന ഉറപ്പ് വികാശിനുണ്ട്. ആ ഉറപ്പ് തന്നെയാണ് വികാശിന്റെ വിജയവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top