സംരംഭകത്വം എന്നത് ചിലര്‍ക്ക് വരുമാനത്തിനുള്ള മാര്‍ഗം മാത്രമായി മാറുമ്പോള്‍ വേറെ ചിലര്‍ക്ക് അത് സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഒരു പ്രവര്‍ത്തനം കൂടിയാണ്. ഈ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് കൊച്ചി തൃപ്പൂണിത്തുറ സ്വദേശിനിയായ പ്രജിന ദീപക്. ഐ ടി മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള പ്രജിന ഇപ്പോള്‍ ചെയ്യുന്നത് കളിമണ്‍ പത്രങ്ങളുടെ വിപണനമാണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഡ് ആന്‍ഡ് ക്ലേ എന്ന സ്ഥാപനത്തിലൂടെ പ്രജിന ശുദ്ധമായ കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങളും ഗൃഹോപകരണങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.
ചെറുപ്പം മുതല്‍ക്ക് പ്രകൃതിയോട് ഏറെ ഇണങ്ങി നില്‍ക്കുന്ന ഉല്പന്നങ്ങളോട് പ്രജിനയ്ക്ക് വലിയ താല്പര്യമായിരുന്നു. കഴിവതും പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുക എന്ന തത്വത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് പ്രജിന. ഐടി മേഖലയില്‍ ജോലി ചെയ്യുമ്പോഴും എക്കോ ഫ്രണ്ട്‌ലി ഉല്‍പ്പനങ്ങളോടുള്ള താല്പര്യം പ്രജിന മനസ്സില്‍ സൂക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കളിമണ്‍ പാത്രങ്ങളില്‍ കണ്ണുടക്കുന്നതും അതിന്റെ വിപണനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതും.
ഇന്ന് വിപണിയില്‍ കളിമണ്‍ പാത്രങ്ങള്‍ എന്ന് പറഞ്ഞു ലഭിക്കുന്ന പലതും ശുദ്ധമായ കളിമണ്ണില്‍ ഉണ്ടാക്കിയവയല്ല. റെഡ് ഓക്‌സൈഡ് ചേര്‍ത്ത് വരുന്ന ഇത്തരം വ്യാജ കളിമണ്‍ പാത്രങ്ങളുടെ ആധിക്യം മൂലം ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന. മാത്രമല്ല കളിമണ്‍ പാത്ര നിര്‍മാണത്തിലൂടെ വരുമാനം കണ്ടെത്തുന്നവരും കഷ്ടത്തിലാകുന്നു. ഈ രണ്ട് അവസ്ഥകള്‍ക്കും ഒരു പരിഹാരം എന്ന നിലയ്ക്കാണ് പ്രജിന 2019 ല്‍ മഡ് ആന്‍ഡ് ക്ലേ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്.
കപ്പുകള്‍, ജഗ്ഗുകള്‍, പ്‌ളേറ്റുകള്‍, പാചകത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍, തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ വിവിധ ആകൃതിയിലും വലുപ്പത്തിലും മഡ് ആന്‍ഡ് ക്ലേ ലഭ്യമാണ്.
കേരളത്തില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ച് യഥാര്‍ത്ഥ കളിമണ്‍ പാത്ര നിര്‍മാതാക്കളുമായി കരാറുണ്ടാക്കിയാണ് പ്രജിന തന്റെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചെടുക്കുന്നത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായ ഡിസൈനുകളില്‍ മോഡേണ്‍ അടുക്കളകള്‍ക്കും വീടുകള്‍ക്കും ചേരുന്ന രീതിയിലാണ് മണ്‍പാത്രങ്ങള്‍ നിര്‍മിച്ചെടുക്കുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂര് നിന്നുമാണ് മഡ് ആന്‍ഡ് ക്ലേ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം.
ഫേസ്ബുക്ക്, വെബ്സൈറ്റ് എന്നിവ വഴിയാണ് പ്രധാനമായും മഡ് ആന്‍ഡ് ക്ലേ ഉല്‍പ്പന്നങ്ങള്‍ വില്പനയ്ക്ക് എത്തിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കൊറിയര്‍ ചെയ്ത കൊടുക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഉപഭോക്താക്കളുടെ കയ്യില്‍ സുരക്ഷിതമായി എത്തത്തക്കരീതിയിലുള്ള പാക്കിംഗ് ആണ് പ്രജിന പിന്തുടരുന്നത്. വ്യത്യസ്തമായ ഡിസൈനുകള്‍ തന്നെയാണ് മഡ് ആന്‍ഡ് ക്ലേ ഉല്‍പ്പന്നങ്ങളുടെ പ്രധാന പ്രത്യേകത.
ഐടി ജോലി ഉപേക്ഷിച്ച് കളിമണ്‍ പാത്ര കച്ചവടം ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ എതിര്‍ത്തവരെല്ലാം ഇന്ന് സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനത്തിന് പ്രജിനയെ അനുമോദിക്കുകയാണ്. ഒരേ സമയം സമൂഹത്തില്‍ താഴെക്കിടയില്‍ ജീവിക്കുന്ന കളിമണ്‍ പത്ര നിര്‍മാണ തൊഴിലാളികളുടെ ഉന്നമനത്തിനും പ്രകൃതിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെയും അവരുടെ ആരോഗ്യത്തിന്റെയും ഉയര്‍ച്ചയ്ക്കുമായി തന്റെ സംരംഭത്തെ വിനിയോഗിക്കുകയാണ് പ്രജിന ദീപക്.