ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ റീട്ടെയ്‌ലര്‍മാരില്‍ പ്രമുഖരായ കേരളത്തിലെ കല്യാണ് ജുവല്ലേഴ്‌സ് ഐപിഒ (പ്രാരംഭ ഓഹരി വില്‍പ്പന) നടപടികള്‍ ഊര്‍ജിതമാക്കി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് 1,750 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഐപിഒയ്ക്കായുള്ള ഡ്രാഫ്റ്റ് പ്രോസ്പക്റ്റസ് കല്യാണ്‍ തിങ്കളാഴ്ച്ച സെബിക്ക് സമര്‍പ്പിച്ചു. കമ്പനിയുടെ പ്രൊമോട്ടറയാ ടി എസ് കല്യാണരാമന്‍ 250 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും. അതേസമയം കല്യാണില്‍ നിക്ഷേപമുള്ള യുഎസിലെ വിഖ്യാത സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് 500 കോടി രൂപയുടെ ഓഹരികളും വില്‍ക്കും.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ പ്രവര്‍ത്തന മൂലധനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കാകും ഉപയോഗപ്പെടുത്തുക. വാര്‍ബര്‍ഗ് പിന്‍കസിന് കല്യാണില്‍ 24 ശതമാനം ഓഹരിയാണുള്ളത്. ഇതുവരെ 1,700 കോടി രൂപയുടെ നിക്ഷേപം അവര്‍ കേരളം കേന്ദ്രമാക്കിയ സ്വര്‍ണ റീട്ടെയ്ല്‍ ശൃംഖലയില്‍ നടത്തിയിട്ടുണ്ട്.
2014ലായിരുന്നു 1200 കോടി രൂപയുടെ ആദ്യ നിക്ഷേപം വാര്‍ബര്‍ഗ് പിന്‍കസ് നടത്തിയത്. അതിന് ശേഷം 2017ലും നിക്ഷേപം നടത്തി.
2020 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 10,100.9 കോടി രൂപയാണ് കല്യാണിന്റെ വരുമാനം. 142.1 കോടി രൂപയായിരുന്നു ലാഭം. ഒറ്റ ഷോറൂമായി 1993ല്‍ തൃശൂര്‍ കേന്ദ്രമാക്കി കല്യാണരാമന്‍ തുടങ്ങിയ സംരംഭമാണ് ഇന്ന് പടര്‍ന്ന് പന്തലിച്ചിരിക്കുന്നത്.