Opinion

സംരംഭ സൗഹൃദമാണോ കേരളം?

സ്റ്റാര്‍ട്ടപ്പുകള്‍ വഴി സംസ്ഥാനത്തു കഴിഞ്ഞ നാല് കൊല്ലം മാത്രം 1200 കോടി രൂപയുടെ നിക്ഷേപം എത്തി

ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 28-ാം സ്ഥാനത്തേക്ക് പോയത് ഗൗരവത്തിലെടുക്കണം. സ്റ്റാര്‍ട്ടപ്പ് ലോകം പ്രതീക്ഷ നല്‍കുമ്പോഴും അന്തരീക്ഷം യോജ്യമല്ലെന്ന വിലയിരുത്തലുകള്‍ വളര്‍ച്ചയെ ബാധിക്കും

Advertisement

കേന്ദ്രം പുറത്തുവിട്ട ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇത്തവണ 28-ാം സ്ഥാനത്താണ്. സംരംഭക സൗഹൃദമാകാന്‍ കിണഞ്ഞ് ശ്രമിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം കടുത്ത നിരാശയാണത്. പോയ വര്‍ഷം കേരളത്തിന്റെ റാങ്ക് 21 ആയിരുന്നു. അതിന് മുമ്പ് 18 ഉം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 187 പരിഷ്‌കരണങ്ങളില്‍ 157 ഉം കേരളം നടപ്പാക്കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നിട്ടും ഇത്രയും പുറകിലായത് റാങ്കിംഗിന്റെ അശാസ്ത്രീയത കൊണ്ടാണെന്നും സംസ്ഥാനം വാദിക്കുന്നു്. ഇത് പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തു കേരളം.

തീര്‍ച്ചയായും, അതില്‍ അശാസ്ത്രീയത ഉണ്ടെങ്കില്‍ പരിഹരിക്കുക തന്നെ വേണം. ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ നിരവധി പദ്ധതികള്‍ കേരളം ആവിഷ്‌കരിച്ചിട്ടുണ്ട് താനും. സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന വ്യവസ്ഥ 2019-ലെ ആക്റ്റിലൂടെ കേരളം കൊണ്ടുവന്നിരുന്നു. ഇതു പ്രാവര്‍ത്തികമായ ശേഷം ഏഴ് മാസത്തിനുള്ളില്‍ 3559 സംരംഭങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതായാണ് സര്‍ക്കാര്‍ പറയുന്നത്.

നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധിച്ചു. നാല് വര്‍ഷത്തിനിടെ ഏകജാലക സംവിധാനം വഴി 3,604.7 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായും സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ ഇതുപോലുള്ള പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും പ്രായോഗികവല്‍ക്കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് നിക്ഷേപം നടത്തിയ സംരംഭകര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള ഭയമോ അസംതൃപ്തിയോ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് മാറ്റാന്‍ നയപരമായും അല്ലാതെയുമുള്ള ഇടപെടലുകള്‍ തന്നെ വേണം.

വ്യവസായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നോഡല്‍ ഏജന്‍സി കെഎസ്‌ഐഡിസി(വ്യവസായ വികസന കോര്‍പ്പറേഷന്‍)യാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളും ഭരണത്തിന്റെ അടിത്തട്ടില്‍ വരെ കൃത്യമായി എത്തുന്നുണ്ടോയെന്നും നടപ്പാക്കപ്പെടുന്നുണ്ടോയെന്നും മോണിറ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ അനിവാര്യമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം അഞ്ച് തവണയാണ് കെഎസ്‌ഐഡിസിയുടെ എംഡിമാര്‍ മാറിയത്. ഇത്രയും തന്ത്രപ്രധാനമായ സ്ഥാനത്തിരിക്കുന്നവരെ വളരെ ആലോചിച്ച് വേണം തെരഞ്ഞെടുക്കാന്‍, അഞ്ച് വര്‍ഷത്തേക്കായി തന്നെ നിയമനം നല്‍കുകയാണ് ബിസിനസ് പ്രോല്‍സാഹനത്തിന് ഉചിതം.

അതിനിടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ കേരളം മികവ് പ്രകടിപ്പിക്കുന്നു എന്നത് യുവസംരംഭകര്‍ക്ക് ആശ്വാസം പകരുന്ന കാര്യമാണ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാര്‍ട്ടപ്പ് റാങ്കിങ് 2019-ല്‍ കേരളത്തെ ടോപ് പെര്‍ഫോര്‍മറായി തെരഞ്ഞെടുത്തത് അടുത്തിടെയാണ്. മികവുറ്റ സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷം ഒരുക്കിയത് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ വിലയിരുത്തിയാണ് കേരളം നേട്ടം കൊയ്തത്. സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹനത്തിനായി കേരളം നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നത് കാണാതിരുന്നു കൂടാ.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം നാലു വര്‍ഷത്തിനകം 300 ല്‍ നിന്നും 2200 ആയി ഉയര്‍ന്നത് ആവേശകരമാണ്

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള സാമ്പത്തിക സഹായം, സബ്സിഡി, സീഡ് ഫണ്ടിങ്, പ്രീ ഇന്‍ക്യൂബേഷന്‍ പിന്തുണ, വെഞ്ച്വര്‍ ഫണ്ടിങ്, വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള പിന്തുണ, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണം, ഹാക്കത്തോണ്‍ സംഘാടനം എന്നിവയെല്ലാം മാതൃകാപരമാണെന്ന് കേന്ദ്രം തന്നെ വിലയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം നാലു വര്‍ഷത്തിനകം 300 ല്‍ നിന്നും 2200 ആയി ഉയര്‍ന്നത് ആവേശകരമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ വഴി സംസ്ഥാനത്തു കഴിഞ്ഞ നാല് കൊല്ലം മാത്രം 1200 കോടി രൂപയുടെ നിക്ഷേപം എത്തിയെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കെയില്‍ അപ്പിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്നും സുസ്ഥിരമായ സംരംഭക മാതൃകകളാണോ ഇവര്‍ മുന്നോട്ട് വയ്ക്കുന്നതെന്നും പരിശോധിക്കപ്പെടേണ്ടതുമുണ്ട്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന കാതലായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയില്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകുകയും വേണം. എങ്കിലേ കേരളത്തില്‍ നിന്നും ഒരു ആഗോള സ്റ്റാര്‍ട്ടപ്പെന്ന സ്വപ്‌നം സാധ്യമാകൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top