വിവാഹശേഷം കുട്ടികളൊക്കെയായപ്പോള്‍ അവര്‍ക്കായി കേക്ക് ഉണ്ടാക്കാന്‍ പഠിച്ചതാണ് മീര മനോജ് എന്ന എറണാകുളം സ്വദേശിനി. എന്നാല്‍ ഉണ്ടാക്കിത്തുടങ്ങിയതോടെ ബേക്കിംഗ് മീരയുടെ പാഷനായി മാറി. സ്വന്തം ആവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്ന കേക്കുകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ, മീരയുടെ കേക്കുകള്‍ക്ക് ആവശ്യക്കാര്‍ എത്തിത്തുടങ്ങി. കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഓര്‍ഡര്‍ നല്‍കാന്‍ ആരംഭിച്ചതോടെ ഹോബിയായി കണ്ട കേക്ക് നിര്‍മാണം വരുമാനമാര്‍ഗമായി മാറി.
ഇത്തരത്തില്‍ സുഹൃത്തുക്കള്‍ക്ക് കേക്ക് ഉണ്ടാക്കി കൊടുത്തപ്പോള്‍ അതില്‍ ഒരു വെറൈറ്റിക്ക് വേണ്ടി സ്വന്തം ഡിസൈനുകള്‍ പരീക്ഷിച്ചു. പിന്നീട് അത് മീരയുടെ ട്രേഡ് മാര്‍ക്ക് ആകുകയായിരുന്നു. ഇന്ന് ഏറ്റവും വ്യത്യസ്തമായ മോഡലുകളില്‍ കേക്കുകള്‍ ഉണ്ടാക്കുന്ന ഒരു ബേക്കര്‍ ആണ് മീര. പട്ടിയോ , പൂച്ചയോ, ആനക്കുട്ടിയോ, കാറോ , ജീപ്പോ ഏതു രൂപത്തില്‍ വേണമെങ്കിലും മീര കേക്ക് ഉണ്ടാക്കും. കസ്റ്റമൈസ്ഡ് കേക്കുകള്‍ തന്നെയാണ് മീരയുടെ പ്രത്യേകത. സോഷ്യല്‍ മീഡിയയാണ് മീരയെ ശരിക്കും വളര്‍ത്തിയത്. പിന്നെ കുറച്ചു പ്രൊഫഷണല്‍ ആകാന്‍ തന്നെ തീരുമാനിച്ച് ഒരു അഡ്വാന്‍സ് കോഴ്‌സ് പഠിച്ചു.
ഇപ്പോള്‍ കേക്ക് ബേക്കിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അതിനുള്ള പരിശീലനവും മീര നല്‍കുന്നുണ്ട്. നിലവില്‍ മീരയ്ക്ക് ഡിസൈനര്‍ കേക്കിന്റെ ഓര്‍ഡര്‍ ആണ് കൂടുതലും ലഭിക്കുന്നത്. പിറന്നാള്‍,വെഡിങ്ങ് ആനിവേഴ്‌സറി എന്നു വേണ്ട കോര്‍പ്പറേറ്റ് ബുക്കിങ്ങില്‍ സാലറി ഹൈക്കും ഫെയര്‍വെല്‍ പാര്‍ട്ടിയും എല്ലാം വരും. പണ്ടൊന്നും ബാപ്റ്റിസത്തിനും ഹോളി കംമ്യൂനിയനും ഒക്കെ വേണ്ടി മീര വ്യത്യസ്തമായ കേക്കുകള്‍ നിര്‍മിക്കുന്നു.
പേസ്ട്രി ഷോപ്പുകാര്‍ ചെയ്യുന്നതുപോലെ റെഡി മിക്‌സ് ഇല്ല, പ്രിസര്‍വേറ്റീവ്‌സ് ഇല്ല. ഇതൊക്കെയാണ് മീരയുടെ കേക്കുകളുടെ പ്രത്യേകത. ഡിസൈനര്‍ കേക്കുകളില്‍ തന്നെയാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കുക്കിങ് ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. അതു വിപുലീകരീച്ച് ഈ ഒരു ഫിനിഷിങ്ങ് സ്‌കൂളിലേക്ക് എത്താനാണ് പ്ലാന്‍.
ദിവസവും ചുരുങ്ങിയത് 5 കേക്ക് എങ്കിലും ഡെലിവറി ഉണ്ടാകും. ഓര്‍ഡര്‍ നല്‍കുന്നവര്‍ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വന്നു വാങ്ങിക്കൊണ്ട് പോകും. സോഷ്യല്‍ മീഡിയ വഴി ആണ് കൂടുതല്‍ ഓര്‍ഡറുകളും ലഭിക്കുന്നത്.ഫ്‌ളേവറുകളും ഡിസൈനുകളും മാറുന്നത് അനുസരിച്ച് കേക്കിന്റെ വിലയില്‍ വ്യത്യാസം വരും. 800 രൂപ മുതല്‍ 1800 രൂപ വരെ കിലോക്ക് വരുന്ന കേക്കുകളാണ് മീര നിര്‍മിക്കുന്നത്. അത്യാവശ്യം ഘട്ടത്തില്‍ ഹോം ഡെലിവറിയും ഉണ്ട്.