യുഎഇയിലെ ജോലി നഷ്ടമായതിനെ തുടര്‍ന്നാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രിയ പെരുമ്പിലാവില്‍ മ്യുറല്‍ പ്രിയ എന്ന ബ്രാന്‍ഡ് ആരംഭിക്കുന്നത്.
ചില വ്യക്തികളുടെ ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാണ്. വിചാരിച്ചിരിക്കാത്ത നേരത്താണ് കയറ്റങ്ങളും ഇറക്കങ്ങളുമെല്ലാം ഉണ്ടാകുക. ഇത്തരത്തില്‍ ജീവിതത്തില്‍ പലവിധ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടും സംരംഭകത്വത്തിലൂടെ പ്രചോദിപ്പിക്കുന്ന വിജയകഥ നെയ്‌തെടുത്ത വ്യക്തിയാണ് മ്യൂറല്‍ പ്രിയ എന്ന ഹാന്‍ഡ് പെയിന്റഡ് ക്‌ളോത്ത് ബ്രാന്‍ഡ് ഉടമ പ്രിയ പെരുമ്പിലാവില്‍.
ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദധാരിയും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാന്തര ബിരുദവുമുള്ള പ്രിയ പെരുമ്പിലാവില്‍ വിവാഹത്തെ തുടര്‍ന്നാണ് യുഎഇയില്‍ എത്തുന്നത്. പ്രശസ്തമായ ഒരു കമ്പനിയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി ജോലി ലഭിക്കുക കൂടി ചെയ്തതോടെ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. എന്നാല്‍ പത്ത് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാകുന്ന വര്‍ഷം ഒട്ടും നിനച്ചിരിക്കാതെ കമ്പനി വലിയ സാമ്പത്തിക പ്രാരാബ്ധത്തിലേക്ക് പോകുകയും പ്രിയക്ക് ജോലി നഷ്ടമാകുകയും ചെയ്തു.
തുടക്കം സുഹൃത്തുക്കള്‍ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തുകൊണ്ടായിരുന്നു
മാനസികമായി ഏറെ തകര്‍ന്ന ഈ അവസരത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടതും പെയിന്റിംഗിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടതും അടുത്ത സുഹൃത്തായ സ്മിതയാണ്. പെയിന്റിംഗില്‍ മ്യൂറല്‍ ആര്‍ട്ടിലാണ് പ്രിയ പ്രധാനമായും ശ്രദ്ധിച്ചത്. കാന്‍വാസില്‍ ചെയ്യുന്ന പെയിന്റിംഗ് എന്ത്‌കൊണ്ട് തുണിത്തരങ്ങളില്‍ ചെയ്തുകൂടാ എന്ന ചിന്ത വന്നപ്പോഴാണ് മ്യൂറല്‍ പ്രിയ എന്ന സ്ഥാപനം ജനിക്കുന്നത്.
”പത്ത് വര്‍ഷത്തെ ഐ ടി ഉദ്ദ്യോഗത്തിനും പ്രവാസ ജീവിതത്തിനും ശേഷം സ്വന്തമായി ഒരു സ്ഥാപനം എന്ന ആശയം മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മ്യൂറല്‍ പ്രിയ എന്ന പേരില്‍ സ്ഥാപനം തുടങ്ങാം എന്ന് തീരുമാനിച്ചത്. ആ സമയത്താണ് കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ സംഘചിത്ര എക്‌സിബിഷന്‍ നടത്തുന്നത് അറിഞ്ഞത്, ഞാന്‍ വരച്ച ഒരു ചിത്രം അവിടെ പ്രദര്‍ശിപ്പിക്കുകയും നല്ല പ്രതികരണം അവിടെ വന്നവരില്‍ നിന്നും ലഭിക്കുകയും ചെയ്തതോടെ ആത്മ വിശ്വാസം വര്‍ദ്ധിച്ചു. പിന്നീട് മ്യൂറല്‍ ആര്‍ട്ടിനെ പറ്റി കൂടുതല്‍ പഠിക്കുകയും ഈ സംരംഭം തുണിത്തരങ്ങളിലൂടെ ജനകീയമാക്കുകയും ചെയ്തു,” പ്രിയ പറയുന്നു.
തുടക്കം സുഹൃത്തുക്കള്‍ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തുകൊണ്ടായിരുന്നു. പിന്നീട് പുറമെ നിന്നും ഓര്‍ഡറുകള്‍ എത്താന്‍ തുടങ്ങി. അതോടെ കൂടുതല്‍ സമയം ഇതിനായി മാറ്റിവച്ചു. ഇന്ന് ഈ പൗരാണിക കലാരൂപം വസ്ത്രങ്ങളിലൂടെ എല്ലാ വന്‍കരകളിലും ഒട്ടുമിക്ക യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളിലും എത്തിക്കാന്‍ പ്രിയക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ രംഗത്തു സജീവമാണ് പ്രിയ. പ്രതിമാസം 40000 രൂപയുടെ ശരാശരി വരുമാനം പ്രിയക്ക് ലഭിക്കുന്നുണ്ട്.
ഇ-കൊമേഴ്സ് ആണ് ഭാവി എന്ന് കണ്ട് ആമസോണിലും മറ്റ് ചില വിദേശ ഇ കൊമേഴ്‌സ് സൈറ്റുകളിലും തന്റെ ഉല്‍പ്പന്നങ്ങള്‍ വില്പനയ്ക്ക് എത്തിക്കുന്നുണ്ട് പ്രിയ. ഈ രംഗത്ത് സ്വന്തം ഇ കൊമേഴ്സ് വെബ്സൈറ്റ് കൊണ്ട് വരണം എന്നാണ് പ്രിയയുടെ ആഗ്രഹം.