Auto

കോവിഡിലും വീഴാതെ 4 തകര്‍പ്പന്‍ എസ്‌യുവികള്‍

മന്ദഗതിയില്‍ ആയിരുന്ന വാഹന വിപണിയെ കൈപിടിച്ചുയര്‍ത്താന്‍ ഇതാ 4 തകര്‍പ്പന്‍ എസ്‌യുവികള്‍

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ചേതനയറ്റ വാഹനവിപണി തിരിച്ചു വരവിന്റെ പാതയിലാണ്. ഓണക്കാലത്ത് നാല് തകര്‍പ്പന്‍ എസ്യുവികള്‍ വിപണി പിടിക്കാനെത്തിയിരിക്കയാണ്

Advertisement

കഴിഞ്ഞ കുറേ കാലങ്ങളായി മന്ദഗതിയില്‍ ആയിരുന്ന വാഹനവിപണിയും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുങ്ങുകയാണിപ്പോള്‍. കേരളീയരുടെ സ്വന്തം ഓണത്തോടെയാണ് ഇന്ത്യയില്‍ ഉത്സവകാലത്തിനു തുടക്കമാവുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങാനിറങ്ങുന്നതും ഈ കാലത്തു തന്നെയാണ്. അതുകൊണ്ട് തന്നെ പുതിയ മോഡലുകള്‍ വിപണിയില്‍ ഇറക്കാനായി വാഹനനിര്‍മ്മാതാക്കള്‍ കാത്തിരിക്കുന്നതും ഇതേ കാലത്തിനായാണ്.

അങ്ങനെ ഈ ഓണക്കാലത്ത് കോവിഡ് വക വയ്ക്കാതെ വിപണിയില്‍ എത്തിയിരിക്കുന്ന ചില തകര്‍പ്പന്‍ വാഹനങ്ങളെ പരിചയപ്പെടാം.

കിയ സോനറ്റ്

ഇക്കുറി എത്തുന്ന പുതുമുഖങ്ങളില്‍ ഏറ്റവും വലിയ വിജയം കൊയ്യാന്‍ പോവുന്നത് ഒരുപക്ഷേ കിയയുടെ സോനറ്റ് എന്ന ചെറു എസ്യുവി ആവാം. സെല്‍റ്റോസിനും കാര്‍ണിവലിനും ശേഷം കിയ മോട്ടോഴ്‌സ് പുറത്തിറക്കുന്ന മോഡലാണ് സോനറ്റ്.

2020 ഓട്ടോ എക്‌സ്പോയില്‍ കണ്‍സപ്റ്റ് രൂപത്തിലായിരുന്നു നാം ഇവനെ ആദ്യമായി കണ്ടത്. അന്ന് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച കണ്‍സപ്റ്റില്‍ നിന്നും നാമമാത്രമായ മാറ്റങ്ങളുമായി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു സോനറ്റിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് അനാവരണം ചെയ്യപ്പെട്ടു.

ആധുനിക വാഹനങ്ങളില്‍ കണ്ടുവരുന്ന എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, മസ്‌കുലര്‍ ആയ ബമ്പറുകള്‍, കിയയുടെ സ്വന്തം ടൈഗര്‍ നോസ് ഗ്രില്‍ എന്നിങ്ങനെ സര്‍വ്വ കിടുവടികളുമുണ്ട് സോനറ്റില്‍.

കറുപ്പ് മുന്നിട്ടു നില്ക്കുന്ന ഉള്‍ഭാഗത്തും പ്രത്യേകതകള്‍ അനേകമാണ്. വലിയ 10.25 ഇഞ്ച് എച്ച്ഡി ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്‌മെന്റ് സിസ്റ്റം, സണ്‍റൂഫ്, കൂടുതല്‍ മെച്ചപ്പെടുത്തിയ UVO കണക്റ്റ്, ബോസിന്റെ പ്രീമിയം സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, എല്‍ഇഡി മൂഡ് ലൈറ്റിംഗ് എന്നിങ്ങനെ പോവുന്നു ഉള്ളിലെ കാഴ്ചകള്‍.

ഏറ്റവും വലിയ വിജയം കൊയ്യാന്‍ പോവുന്നത് ഒരുപക്ഷേ കിയയുടെ സോനറ്റ് ആവാം. സെല്‍റ്റോസിനും കാര്‍ണിവലിനും ശേഷം കിയ മോട്ടോഴ്‌സ് പുറത്തിറക്കുന്ന മോഡലാണ് സോനറ്റ്

ഹ്യുണ്ടായ് വെന്യുവില്‍ കണ്ടതുപോലെ, മൂന്ന് എന്‍ജിനുകളും അഞ്ച് ട്രാന്‍സ്മിഷനുകളുമുണ്ട് സോനറ്റിനും. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ പോവുന്നു എന്‍ജിനുകളെങ്കില്‍ 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസിടി, 6 എടി, ഐഎംടി എന്നിവയാണ് ഗിയര്‍ബോക്‌സുകള്‍. ഇതില്‍ ഐഎംടി ട്രാന്‍സ്മിഷനില്‍ ‘ക്ലച്ച് താങ്ങാതെ’ തന്നെ ഗിയര്‍ മാറ്റാം എന്നതു പ്രത്യേകതയാണ്.

സുരക്ഷയിലും മുന്നിട്ടു നില്ക്കുന്ന സോനറ്റില്‍ എബിഎസ്, ഇബിഡി, ഇഎസ്സി, ബ്രേക്ക് അസിസ്റ്റ്, മുന്‍-പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിങ്ങനെ അനേകം സുരക്ഷാസന്നാഹങ്ങളുണ്ട്. ഈ കുറിപ്പ് എഴുതുമ്പോള്‍ സോനറ്റിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. 7-12 ലക്ഷം പ്രതീക്ഷിക്കുന്നു.

ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍

മാരുതി സുസൂക്കിയും ടൊയോട്ടയും തമ്മിലുള്ള ജോയന്റ് വെന്‍ച്വറിനെ പറ്റി അറിയാത്തവര്‍ ഉണ്ടാവില്ല. ഗ്ലാന്‍സ എന്ന റീബാഡ്ജ് ചെയ്ത ബലേനോയ്ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ പിറക്കുന്ന വാഹനമാണ് ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍. ഏറെ ജനപ്രിയമായ മാരുതി സുസൂക്കി വിറ്റാര ബ്രെസയുടെ ടൊയോട്ട വേര്‍ഷന്‍ ആണിത്. കഴിഞ്ഞിടെയാണ് ഈ വാഹനത്തിന്റെ ടീസര്‍ ഇമേജുകള്‍ കമ്പനി പുറത്തു വിട്ടത്.

അതിന് പിന്നാലെ ഇന്റീരിയര്‍ ചിത്രങ്ങളും പുറത്തുവിട്ടു. അടിസ്ഥാന രൂപം നിലനിര്‍ത്തുമ്പോഴും ഹെഡ്ലാമ്പുകള്‍, ഗ്രില്‍, ബമ്പര്‍ തുടങ്ങിയവയില്‍ എല്ലാം ടൊയോട്ട മാറ്റങ്ങള്‍ കൊണ്ടുവരുമെന്നറിയുന്നു. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയോടു കൂടിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാവും ഉണ്ടാവുക. ബ്രെസയുമായി താരതമ്യം ചെയ്യാനാവുന്ന വിലയാണ് പ്രതീക്ഷിക്കുന്നത്.

റെനോ ഡസ്റ്റര്‍ ടര്‍ബോ

ജനപ്രിയ മോഡലായ റെനോ ഡസ്റ്ററിനൊരു ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ലഭിക്കുന്നു. ഈയിടെ നിസാന്‍ കിക്ക്‌സില്‍ പ്രത്യക്ഷപ്പെട്ട 156 പിഎസ്, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാവും ഡസ്റ്ററിലും എത്തുക. മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകള്‍ ഉണ്ടാവും. പുത്തന്‍ ഡസ്റ്ററിലെ മാറ്റങ്ങള്‍ എന്‍ജിനില്‍ മാത്രം ഒതുങ്ങും എന്നാണ് അറിയുന്നത്. ഓഗസ്റ്റ് 17ന് വാഹനം വിപണിയില്‍ എത്തും.

പുത്തന്‍ മഹീന്ദ്ര ഥാര്‍

മഹീന്ദ്രയുടെ കള്‍ട്ട് വാഹനങ്ങളില്‍ ഒന്നായ ഥാറിന് പിന്‍ഗാമിയെത്തിയത് ഓഗസ്റ്റ് 15നാണ്. ഒട്ടേറെ പുതുമകളാണ് കമ്പനി ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. പ്ലാറ്റ്ഫോമില്‍ അടക്കം മെച്ചപ്പെടുത്തലുകള്‍ ഉള്ള പുത്തന്‍ ഥാറിന് പെട്രോള്‍, ഡീസല്‍ പവര്‍ ട്രെയ്‌നുകളാണുള്ളത്.

രൂപത്തില്‍ എന്നപോലെ ഉള്‍ഭാഗത്തും അനേകം മാറ്റങ്ങളുണ്ട്. മികച്ച ക്വാളിറ്റി തോന്നിക്കുന്ന ക്യാബിനില്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്‌ന്മെന്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. മുന്നിലേക്ക് ഫേസ് ചെയ്യുന്ന പിന്‍ ബെഞ്ച് സീറ്റ് ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. ചരിത്രത്തില്‍ ആദ്യമായി ഥാറിന് ഒരു ഹാര്‍ഡ്‌ടോപ്പ് ലഭിക്കുന്നതും ഇതേ മോഡലിലൂടെയാവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top