100 WOMEN ENTREPRENEURS

ക്ലൈമറ്റ്:‌ രേണുകയുടെ ഇക്കോ ഫ്രണ്ട്‌ലി സ്‌റ്റൈല്‍സ്റ്റേറ്റ്‌മെന്റ് !

വ്യത്യസ്തമായി ചിന്തിക്കുക, വ്യത്യസ്ത ആശയങ്ങള്‍ നടപ്പാക്കുക, ഭൂമിക്ക് തുണയാകുക ഇതാണ് തന്റെ സംരംഭത്തിലൂടെ രേണുക ലക്ഷ്യമിടുന്നത്

ചിലര്‍ക്ക് സംരംഭകത്വം എന്നാല്‍ ഒരു പാഷനാണ്, എന്നാല്‍ മറ്റ് ചിലര്‍ക്കാകട്ടെ സംരംഭകത്വമെന്നത് പാഷനൊപ്പം സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഒരു പ്രവര്‍ത്തി കൂടിയാണ്. ഈ വിഭാഗത്തില്‍ പെടുന്ന വ്യക്തിയാണ് രേണുക സി ശേഖര്‍. ഫാഷന്‍ ഡിസൈനര്‍, സ്‌റ്റൈലിസ്റ്റ്, കണ്‍സല്‍ട്ടന്റ് തുടങ്ങിയ മേഖലകളിലില്‍ ഇതിനോടകം ശ്രദ്ധേയയായ രേണുക സി ശേഖര്‍ ഇന്ത്യക്കകത്തും വിദേശരാജ്യങ്ങളില്‍ നിന്നുമായി നേടിയെടുത്ത അറിവും ആര്‍ജവവും ഉപയോഗിച്ചാണ് ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഐഡന്റിറ്റി സൃഷ്ടിച്ചിരിക്കുന്നത്.

Advertisement

ഇറ്റലിയിലെ മിലാനില്‍ ഉപരിപഠനം നടത്തിയ രേണുകയ്ക്ക് യൂറോപ്യന്‍ എക്‌സ്‌പോഷര്‍ ധാരാളം ലഭിച്ചിട്ടുണ്ട്. ഇന്ത്യക്കകത്ത് അഡിഡാസ് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച രേണുക അഡോറിയ എന്ന പേരില്‍ സ്വന്തം ബ്രാന്‍ഡിനും തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഇന്ന്, രേണുകയെ സംരംഭകരംഗത്ത് ശ്രദ്ധേയമാക്കുന്നത് രേണുക മുന്നോട്ട് വയ്ക്കുന്ന ‘ക്ലൈമറ്റ്‌’ എന്ന എക്കോ ഫ്രണ്ട്‌ലി ആശയമാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറെ സജീവമായ മിനിമലിസം എന്ന എക്കോ ഫ്രണ്ട്‌ലി കണ്‍സപ്റ്റിനെ കേരള വിപണിയില്‍ അവതരിപ്പിക്കുകയാണ് രേണുക. ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ഫാഷന്‍ ഇന്‍ഡസ്ട്രി. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് പുതിയ ഫാഷനുകള്‍ വരുന്നതും പോകുന്നതും. അതിനാല്‍ തന്നെ, മാറുന്ന ഫാഷനനുസരിച്ച് വസ്ത്രങ്ങള്‍ മാറ്റുക എന്നത് പണം അനാവശ്യമായി കളയുന്നതിനു തുല്യമാണ്.

ഇവിടെയാണ് മിനിമലിസം എന്ന ആശയത്തിന്റെയും രേണുക മുന്നോട്ട് വയ്ക്കുന്ന ക്‌ളൈമറ്റ് എന്ന മൂവ്‌മെന്റിന്റെയും പ്രസക്തി. പോലിസാറ്റര്‍ പോലുള്ള തുണിത്തരങ്ങള്‍ ഭൂമിക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ഈ ആഘാതം കുറയ്ക്കണമെങ്കില്‍ കയ്യിലുള്ള വസ്ത്രങ്ങള്‍ പരമാവധി ഉപയോഗിക്കണം. കഴിവതും പ്രകൃതി സൗഹൃദ വസ്ത്രങ്ങള്‍ എന്ന ആശയത്തിലേക്ക് മടങ്ങുകയും വേണം. ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങളും മറ്റ് വസ്തുക്കളും കൊണ്ട് പ്രകൃതി അനുദിനം മലിനമാകുകയാണ് എന്ന് മനസിലാക്കണം.

കൈവശമുള്ള വസ്ത്രങ്ങള്‍ പഴയതായി, ട്രെന്‍ഡ് പോയി എന്നെല്ലാം പറഞ്ഞുപേക്ഷിക്കാതെ അവയെ ഇന്നത്തെ ട്രെന്റിന് അനുസൃതമായി മാറ്റിയെടുക്കുകയാണ് ക്‌ളൈമറ്റ് എന്ന മൂവ്‌മെന്റിലൂടെ രേണുക ചെയ്യുന്നത്.അതായത് ഒരു ടെയ്ലറിന്റെ സഹായത്തോടെ പുതിയ മോഡലിലേക്ക് കയ്യിലുള്ള വസ്ത്രത്തെ മാറ്റിയെടുക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയാണിത്. മാത്രമല്ല, ഇതിലൂടെ നല്ലൊരു തുക ലഭിക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയുന്നു.

വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല ക്‌ളൈമറ്റ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനം. പ്രകൃതിക്ക് ഹാനികരമാകാത്ത രീതിയില്‍ എല്ലാ വസ്തുക്കളെയും റീസൈക്കിള്‍ ചെയ്ത് ഇപയോഗിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. റീ വെയര്‍, റീ പെയര്‍, റീ യൂസ് എന്ന ആശയത്തില്‍ അധിഷ്ടിതമാണ് ക്‌ളൈമറ്റ്. ധാരാളം ഡിസൈനര്‍മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും, സാധാരണ ടെയ്ലര്‍ ഷോപ്പുകള്‍ പോലും സാമ്പത്തികമായി പിന്തുണയ്ക്കാനും ഈ മൂവ്‌മെന്റിന് കഴിയും.

ക്‌ളൈമറ്റ് മൂവ്‌മെന്റിന്റെ ഭാഗമായി തങ്ങളുടെ പഴയ, ഉപയോഗിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ ശരീരത്തിന്റെ അളവ് അടക്കം അയച്ചു കൊടുത്താല്‍ അത് പുതിയൊരു മോഡലില്‍ ഡിസൈന്‍ ചെയ്ത് നല്‍കി ഉപഭോക്താക്കള്‍ക്കിടയില്‍ ക്‌ളൈമറ്റ് മൂവ്‌മെന്റിനെ ജനകീയവത്കരിക്കുകയാണ് രേണുക.

വ്യത്യസ്തമായി ചിന്തിക്കുക, വ്യത്യസ്ത ആശയങ്ങള്‍ നടപ്പാക്കുക, ഭൂമിക്ക് തുണയാകുക ഇതാണ് തന്റെ സംരംഭത്തിലൂടെ രേണുക ലക്ഷ്യമിടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top