Opinion

ഉയരട്ടെ കൂടുതല്‍ ചെറുകിട സംരംഭങ്ങള്‍

എംഎസ്എംഇകളാണ് ഇന്ത്യയുടെ നട്ടെല്ല്.

എംഎസ്എംഇകളാണ് ഇന്ത്യയുടെ നട്ടെല്ല്. അതിനാല്‍ തന്നെ അവയുടെ പുനരുജ്ജീവനം സാധ്യമാക്കുന്ന പദ്ധതികളിലൂടെ മാത്രമേ സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവ് സാധ്യമാകൂ.

Advertisement

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. നമുക്കെല്ലാവര്‍ക്കുമറിയാം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത് എംഎസ്എംഇകള്‍ എന്നറിയപ്പെടുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ഇവയുടെ അഭിവൃദ്ധിയാണ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ എന്നും നിര്‍ണായകമായിട്ടുള്ളത്. ബില്യണ്‍കണക്കിന് ഡോളര്‍ വിറ്റുവരവുള്ള കമ്പനികളുടെ കഥകള്‍ ആവേശപൂര്‍വം നാം വായിക്കാറുണ്ട്. എന്നാല്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ അത്രമാത്രമൊന്നും മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടാറില്ല.

കൂടുതല്‍ കൂടുതല്‍ ചെറുകിട സംരംഭങ്ങള്‍ ഉയര്‍ന്നു വരുന്ന വേളയില്‍ മാത്രമേ നമ്മുടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടൂ. കോവിഡ് മഹാമാരി വിതച്ച ദുരിതക്കയത്തില്‍ അനേകം ചെറുകിട സ്ഥാപനങ്ങളാണ് രാജ്യത്തുടനീളം പൂട്ടിപ്പോയത്. പ്രതിസന്ധിയുടെ വലിയ കയത്തിലേക്ക് പലരും അകപ്പെട്ടു. അതിജീവനത്തിനായി കടുത്ത പോരാട്ടം നടത്തുകയാണ് പല സ്ഥാപനങ്ങളും. ഈ സാഹചര്യത്തിലാണ് നമ്മള്‍ എംഎസ്എംഇകളെ ഉപാധികളില്ലാതെ പിന്തുണയ്‌ക്കേണ്ടത്.

എംഎസ്എംഇകള്‍ക്കായി കുറേയേറെ ആശ്വാസ നടപടികള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അത് പല തലങ്ങളില്‍ നടപ്പാക്കപ്പെടുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാരും ചെറുകിട സംരംഭങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ട്. ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുകയെന്നത് ചെറുകിടെ സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതുറപ്പാക്കാന്‍ ആകുന്നതെല്ലാം ചെയ്യാന്‍ ഭരണസംവിധാനങ്ങളുടെ ഭാഗമായ എല്ലാവരും ശ്രമിക്കേണ്ടതുമുണ്ട്.

ഇത്തരം സംരംഭങ്ങളിലൂടെ മാത്രമേ തകര്‍ന്നടിഞ്ഞ നമ്മുടെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെത്തുകയുള്ളൂ

എങ്കിലും കൂടുതല്‍ പേരെ സംരംഭകത്വത്തിലേക്ക് വരാന്‍ പ്രേരിപ്പിക്കേണ്ടതും വിജയിച്ച എംഎസ്എംഇകളുടെ കഥകള്‍ ആഘോഷിക്കപ്പെടേണ്ടതും ഈ കാലത്തിന്റെ അനിവാര്യതയായി മാറിയിട്ടുണ്ട്. ഈ ആശയം മുന്‍നിര്‍ത്തിയാണ് ഇത്തവണ ബിസിനസ് ഡേ മാസിക കവര്‍ സ്റ്റോറി തെരഞ്ഞെടുത്തിരിക്കുന്നത്. പപ്പട ബിസിനസിലൂടെ തലമുറകളുടെ വിശ്വാസമാര്‍ജിച്ചെടുത്ത എംഎസ്എംഇ സ്ഥാപനത്തിന്റെ കഥയാണ് ഈ ലക്കത്തില്‍ പറയുന്നത്. കൊച്ചി കേന്ദ്രമാക്കിയ വിശ്വാസ്. മൂന്ന് തലമുറകളുടെ വിശ്വാസം നേടിയെടുത്ത ഈ സംരംഭം വളര്‍ച്ചയുടെ പുതിയ പടവുകള്‍ കയറുകയാണ്. എംഎസ്എംഇ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുകയെന്ന ഞങ്ങളുടെ സുവ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.

സംരംഭകത്വം ജനകീയവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ ഈ കെട്ടകാലത്തെ അതിജീവിക്കാന്‍ നമുക്ക് സാധ്യമാകൂ. അതില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സമാനതകളില്ലാത്ത പങ്കുവഹിക്കാനുണ്ട്. ഇത്തരം സംരംഭങ്ങളിലൂടെ മാത്രമേ തകര്‍ന്നടിഞ്ഞ നമ്മുടെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെത്തുകയുള്ളൂ.

2025 ആകുമ്പോഴേക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 300 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ എംഎസ്എംഇകള്‍ക്ക് സാധ്യമാകുമെന്നാണ് അടുത്തിടെ പുറത്തുവന്നൊരു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ശരിയായ തലത്തിലുള്ള സാമ്പത്തിക പിന്തുണയും സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങളും സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ധാര്‍മിക പിന്തുണയുമെല്ലാം അവര്‍ക്ക് നല്‍കാന്‍ നമുക്ക് സാധിക്കണം. ഈ കാഴ്ച്ചപ്പാടില്‍ അധിഷ്ഠിതമായിട്ടാകണം നമ്മള്‍ നയങ്ങള്‍ രൂപപ്പെടുത്തേണ്ടതും നടപ്പിലാക്കേണ്ടതും.

എന്നാല്‍ ഇത്തരം സംരംഭങ്ങള്‍ക്ക് ശരിയായ വിപണി ലഭ്യമാകുന്നുണ്ടെന്നും അടുത്തഘട്ട വളര്‍ച്ചയിലേക്ക് കടക്കാനുള്ള സാഹചര്യമുണ്ടെന്നുമെല്ലാം ഉറപ്പ് വരുത്തേണ്ടതാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി. പ്രധാനമന്ത്രി മുന്നോട്ടുവെച്ച സ്വാശ്രയഭാരതം പദ്ധതിയില്‍ എംഎസ്എംഇകളുടെ സജീവ പങ്കാളിത്തവും ഉറപ്പുവരുത്തണം. ചെറുകിട സംരംഭങ്ങളെ പരമാവധി പിന്തുണച്ചുകൊണ്ടുള്ള സമീപനമായിരിക്കും തുടര്‍ന്നും ഞങ്ങള്‍ സ്വീകരിക്കുകയെന്ന് ഉറപ്പ് നല്‍കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top