Branding

80 വര്‍ഷത്തെ പാരമ്പര്യം ; മൂന്നാം തലമുറ ഏറ്റെടുത്ത വിശ്വാസം

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഗുണമേന്മയാര്‍ന്ന ഉല്‍പ്പന്നത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞതാണ് ഈ ബ്രാന്‍ഡിന്റെ വിജയം. 1940 ല്‍ താമിക്കുട്ടി തുടക്കം കുറിച്ച ബ്രാന്‍ഡ് പിന്നീട് മകന്‍ വിശ്വനാഥന്‍ ഏറ്റെടുത്തു. അച്ഛന് പിന്തുണയുമായി മൂന്നാം തലമുറയില്‍ നിന്നും എംബിഎ ബിരുദധാരിയായ മകന്‍ പ്രണവ് വിശ്വനാഥ് സ്ഥാപനത്തിന്റെ നേതൃത്വത്തിലേക്ക്

80 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി എംഎസ്എംഇ രംഗത്ത് വേറിട്ട ചരിത്രമാകുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വാസ് പപ്പടം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഗുണമേന്മയാര്‍ന്ന ഉല്‍പ്പന്നത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞതാണ് ഈ ബ്രാന്‍ഡിന്റെ വിജയം. 1940 ല്‍ താമിക്കുട്ടി തുടക്കം കുറിച്ച ബ്രാന്‍ഡ് പിന്നീട് മകന്‍ വിശ്വനാഥന്‍ ഏറ്റെടുത്തു. അച്ഛന് പിന്തുണയുമായി മൂന്നാം തലമുറയില്‍ നിന്നും എംബിഎ ബിരുദധാരിയായ മകന്‍ പ്രണവ് വിശ്വനാഥ് സ്ഥാപനത്തിന്റെ നേതൃത്വത്തിലേക്ക് വരുമ്പോള്‍ മാര്‍ക്കറ്റിംഗ്, ഡിസ്ട്രിബൂഷന്‍ എന്നീ തലങ്ങളില്‍ സമൂലമായ മാറ്റത്തിനാണ് ഈ ബ്രാന്‍ഡ് സാക്ഷ്യം വഹിക്കുന്നത്

Advertisement

പരമ്പരാഗത കുടില്‍ വ്യവസായമായി ഒതുങ്ങി നിന്നിരുന്ന പപ്പട നിര്‍മാണത്തിന് ഒരു എംഎസ്എംഇ സ്ഥാപനത്തിന്റെ മികവും വളര്‍ച്ചയും നല്‍കിക്കൊണ്ടാണ് വിശ്വാസ് പപ്പടം എന്ന ബ്രാന്‍ഡ് ഇന്ന് കേരളത്തിന്റെ സംരംഭകത്വത്തിന്റെ സംരംഭകത്വ ഭൂപടത്തില്‍ ഇടം പിടിക്കുന്നത്. കൈത്തൊഴിലായി ഒതുങ്ങി നിന്നിരുന്ന പപ്പട നിര്‍മാണത്തില്‍ ഉല്പാദനത്തിനും വിതരണത്തിനും പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ യന്ത്രങ്ങളുടെ കടന്നു വരവ് ഈ പ്രതിസന്ധി ഇല്ലാതാക്കി. എന്നാല്‍ അപ്പോഴും വിശ്വാസ് പപ്പടം ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത് പൂര്‍ണമായും കൈകള്‍കൊണ്ട് ഉണ്ടാക്കിയ പപ്പടങ്ങളുടെ നിര്‍മാണത്തിലൂടെയായിരുന്നു. ഈ വ്യത്യസ്തമായ സമീപനമാണ് വിശ്വാസ് എന്ന ബ്രാന്‍ഡിന്റെ വിജയരഹസ്യം. കുടില്‍ വ്യവസായമായും പരമ്പരാഗത വ്യവസായമായും പപ്പട നിര്‍മാണം നടത്തുന്ന പല സംരംഭങ്ങളും നമ്മുടെ നാട്ടില്‍ ധാരാളമായുണ്ടെങ്കിലും വിശ്വാസ് എന്ന ബ്രാന്‍ഡിനെ അമൂല്യമാക്കുന്നത് മൂന്നു തലമുറകളുടെ കഠിന പ്രയത്‌നവും അവസരോചിതമായ മാനേജ്മെന്റ് ശൈലികളുമാണ്.

സിലോണില്‍ നിന്നെത്തിയ പപ്പടപ്പെരുമ

മലയാളികളെ സംബന്ധിച്ച് ഒഴിവാക്കാനാകാത്ത ഒരു ഭക്ഷ്യവിഭവമാണ് പപ്പടം. സദ്യക്കും ബിരിയാണിക്കുമൊപ്പം പപ്പടം തുല്യ സ്ഥാനം പങ്കിട്ടെടുക്കുന്നു. ഉഴുന്നുമാവ് കൊണ്ട് നിര്‍മിക്കുന്ന പപ്പടങ്ങളുടെ ചരിത്രം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ്. ഇത്തരത്തില്‍ പപ്പട നിര്‍മാണം പുത്തരിയല്ലാത്ത നാട്ടിലേക്കാണ് സിലോണില്‍ നിന്നും പപ്പട നിര്‍മാണത്തിന്റെ വ്യത്യസ്ത ചേരുവകളുടെ താമിക്കുട്ടി എത്തുന്നത്.

സിലോണില്‍ നിന്നും പഠിച്ചെടുത്ത പപ്പട നിര്‍മാണത്തെ വരുമാനമാര്‍ഗമാക്കുന്നതിലുള്ള തയ്യാറെടുപ്പിലാണ് കൊച്ചിയില്‍ ഇടപ്പള്ളി കേന്ദ്രീകരിച്ച് 1940 ല്‍ ഒരു ചെറിയ പപ്പട നിര്‍മാണ യൂണിറ്റ് താമിക്കുട്ടി ആരംഭിക്കുന്നത്. ഉഴുന്ന്, പപ്പടക്കാരം, ഉപ്പ് എന്നിവയായിരുന്നു പ്രധാന ചേരുവകള്‍. ചേരുവകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാതെ കൈകൊണ്ട്് മാവ് ഇടിച്ചു കുഴച്ചെടുത്തായിരുന്നു പപ്പടങ്ങള്‍ നിര്‍മിച്ചിരുന്നത്. പപ്പട നിര്‍മാണം കൊണ്ട് ജീവിക്കാനുള്ള വക കണ്ടെത്താനായതോടെ ഇളയമകനെ താമിക്കുട്ടി കൂടെചേര്‍ത്തു. തൃശ്ശൂരില്‍ ആയിരുന്നു താമിക്കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. എട്ടാം ക്ലാസ് പ്രായം മുതല്‍ക്ക് തന്നെ അച്ഛനൊപ്പം പപ്പട നിര്‍മാണത്തിലും വില്‍പ്പനയിലും വ്യാപൃതനായിരുന്നു മകന്‍ വിശ്വനാഥന്‍.

ചെയ്യുന്ന ജോലി ചെറുതോ വലുതോ എന്ന് ചിന്തിക്കാതെ, കൃത്യതയോടും സത്യസന്ധതയോടും കൂടി ചെയ്താല്‍ വരുമാനം ലഭിക്കുക തന്നെ ചെയ്യും എന്നതായിരുന്നു താമിക്കുട്ടി സംരംഭകത്വത്തില്‍ മകന് നല്‍കിയ ഉപദേശം. വിശ്വനാഥന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താമിക്കുട്ടി മരണപ്പെടുന്നത്. പപ്പട നിര്‍മാണവും അതില്‍ നിന്നുള്ള വരുമാനവും നിലച്ചു എന്ന് കരുതി പകച്ചു പോയ നാളുകളെ പിന്നിലാക്കിക്കൊണ്ട് വിശ്വനാഥന്‍ വിശ്വാസ് പപ്പടം എന്ന ബ്രാന്‍ഡിന്റെ ചുമതല ഏറ്റെടുത്തു.അക്കാലത്ത് നാല്പതോളം ജോലിക്കാരെ നിര്‍ത്തി പപ്പട നിര്‍മാണം നടത്തുക, ഷെല്‍ഫ് ലൈഫ് കുറവുള്ള എന്ന മികച്ച ഗുണനിലവാരമുള്ള പപ്പടങ്ങളെ വിപണിയിലെത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ കുഞ്ഞു വിശ്വനാഥന് അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ അച്ഛന്‍ തുടങ്ങി വച്ച ബിസിനസ് മുന്നോട്ട് കൊണ്ട് പോകണം എന്ന ആഗ്രഹം, അച്ഛന്‍ നല്‍കിയ ഉപദേശങ്ങളിലൂടെ നേട്ടങ്ങള്‍ കയ്യെത്തിപ്പിടിക്കണം എന്ന വാശി അതെല്ലാം തന്നെ വിശ്വനാഥനെ മുന്നോട്ട് നടത്തി.

അച്ഛന്റെ പാത പിന്തുടര്‍ന്ന മകന്‍

ബിസിനസില്‍ അച്ഛന്‍ അര്‍പ്പിച്ച വിശ്വാസം അതെ രീതിയില്‍ പിന്തുര്‍ന്നു നടപ്പാക്കാന്‍ മകന്‍ വിശ്വനാഥന് കഴിഞ്ഞു. ഗുണമേന്മയില്‍ വിട്ടു വീഴ്ചയില്ലാത്ത പപ്പട നിര്‍മാണത്തോടൊപ്പം വിതരണ ശൃംഖലയിലും വിശ്വനാഥന്‍ ശ്രദ്ധ പതിപ്പിച്ചു. ആളുകള്‍ പപ്പടം തേടി വന്നു വാങ്ങുന്ന അവസ്ഥയില്‍ നിന്നും പപ്പടവുമായി ആവശ്യക്കാരെ തേടി ചെല്ലുന്ന രീതി അദ്ദേഹം സ്വീകരിച്ചു. അതോടെ ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചു.”അക്കാലത്ത് ഇടപ്പള്ളി ഇന്നത്തെ പോലെ ജനസാന്ദ്രമായ പ്രദേശമൊന്നുമല്ല, ഇന്നത്തെ പോലെ സൗകര്യങ്ങളുമില്ല. പപ്പടം വില്‍ക്കണമെങ്കില്‍ അതും തലയിലേറ്റി നടക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. തുടക്കം അങ്ങനെ തന്നെയായിരുന്നു. കൊട്ടയില്‍ പപ്പടവുമായി കാല്‍നടയായി സഞ്ചരിച്ചായിരുന്നു വില്പന. പിന്നീട്, വരുമാനം കൂടിയപ്പോള്‍ ഒരു സൈക്കിള്‍ സ്വന്തമാക്കി. എന്നാല്‍ ഏറെക്കാലമെടുത്തു അതിനും. പിന്നെ സാവധാനം, യാത്ര ഒരു എം 80 വാഹനത്തിലേക്ക് മാറ്റി. അങ്ങനെ പടിപടിയായാണ് ഇന്ന് കാണുന്ന വിശ്വാസ് പപ്പടം എന്ന ബ്രാന്‍ഡ് ജനിക്കുന്നത്.

നിരവധി പപ്പട ബ്രാന്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും കല്യാണം പോലുള്ള വലിയ ആഘോഷങ്ങള്‍ക്ക് ആളുകള്‍ വിശ്വാസ് പപ്പടം തന്നെ ചോദിച്ചെത്തുന്നത് ഞങ്ങളുടെ വിജയമായാണ് കാണുന്നത്” വിശ്വാസ് മാനേജിംഗ് ഡയറക്റ്റര്‍ വിശ്വനാഥന്‍ പറയുന്നു. ഇടപ്പള്ളിയിലുള്ള പപ്പട നിര്‍മാണ യൂണിറ്റിനോട് ചേര്‍ന്ന് പിന്നീട് ചങ്ങമ്പുഴ സ്മാരക പാര്‍ക്ക്, ഗ്രന്ഥശാല എന്നിവ പ്രവര്‍ത്തനമാരംഭിച്ചതോടെ പപ്പടത്തിന്റെ കച്ചവടം വര്‍ധിച്ചു. കടകളും മറ്റും വ്യാപകമായതോടെ കടകള്‍ കേന്ദ്രീകരിച്ചും വിപണനം ആരംഭിച്ചു. ഘട്ടം ഘട്ടമായുള്ള വികസനത്തിലാണ് വിശ്വനാഥന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഓരോ മാസത്തെയും ലാഭ നഷ്ടങ്ങള്‍ കണക്കുകൂട്ടി ഉറപ്പിച്ച ശേഷമായിരുന്നു ഓരോ ഘട്ട വികസന പദ്ധതിയും ആവിഷ്‌ക്കരിച്ചത്.

”കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ പപ്പട നിര്‍മാണത്തില്‍ പലവിധത്തിലുള്ള വ്യത്യസ്തതകളും കടന്നു വന്നു. യന്ത്രവത്കരണത്തിനു പുറമെ ഉഴുന്നിന് വില കൂടിയപ്പോള്‍ കപ്പപ്പൊടി പോലുള്ള വസ്തുക്കള്‍ ബദലായി ഉപയോഗിക്കുന്ന രീതി വരെ വന്നു. എന്നാല്‍ 1940 മുതല്‍ നാളിതുവരെ വിശ്വാസ് പപ്പടം ഉഴുന്ന് കൊണ്ട്് മാത്രമാണ് നിര്‍മിക്കുന്നത്. ഭഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തുകൊണ്ടുള്ള ലാഭം ഒരിക്കലും സ്ഥാപനം ആഗ്രഹിക്കുന്നില്ല. അച്ഛന്‍ പഠിപ്പിച്ച ആ പാഠമാണ് ഞാന്‍ ഇന്നും പിന്തുടരുന്നത്. ഇപ്പോഴും കൈ പപ്പടത്തിന്റെ ശൈലി മാറാതെയുള്ള പപ്പട നിര്‍മാണമാണ് ഞങ്ങളുടേത്.പരമ്പരാഗതമായി പപ്പട നിര്‍മാണം തൊഴിലാക്കിയവരാണ് ഞങ്ങളുടെ ഭൂരിഭാഗം തൊഴിലാളികളും അവരിലുള്ള വിശ്വാസം ഞങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്” വിശ്വനാഥന്‍ പറയുന്നു.

മൂന്നാം തലമുറ ഏറ്റെടുത്തവിശ്വാസം

താമിക്കുട്ടിയില്‍ നിന്നും വിശ്വനാഥന്‍ പപ്പട നിര്‍മാണം ഏറ്റെടുത്ത് നടത്തിയത് പോലെ, തനിക്ക് പിന്തുടര്‍ച്ചയായി ആരുണ്ടാകും എന്ന വിശ്വനാഥന്റെ ആശങ്കയ്ക്കുള്ള ഉത്തരമായാണ് മകന്‍ പ്രണവ് വിശ്വനാഥ് വിശ്വാസ് എന്ന ബ്രാന്‍ഡിന്റെ അമരത്തേക്ക് വന്നത്. എംബിഎ ബിരുദധാരിയയായ പ്രണവ് വിശ്വനാഥ്, ഈ രംഗത്തെ സമൂലമായ ഒരു മാറ്റം മനസ്സില്‍ കണ്ടുകൊണ്ടാണ് കുടുംബ ബിസിനസ് ഏറ്റെടുത്തിരിക്കുന്നത്. കാലങ്ങളായി പിന്തുടരുന്ന നിര്‍മാണ രീതികളിലും കൂട്ടുകളിലും യാതൊരു മാറ്റവും വരുത്താതെ തന്നെ വിശ്വാസ് എന്ന ബ്രാന്‍ഡിനെ ജനകീയമാക്കുന്നതിനുള്ള നടപടികളിലാണ് പ്രണവ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

എംബിഎ ബിരുദധാരിയായ ഒരു വ്യക്തി, ജോലിക്ക് പോകാതെ, പരമ്പരാഗതമായി ചെയ്തുവരുന്ന പപ്പട നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നു എന്ന് കേട്ടപ്പോള്‍ എതിര്‍പ്പുമായി എത്തിയവര്‍ ധാരാളമായിയുന്നു. എന്നാല്‍ പഠിച്ചെടുത്ത എംബിഎ ബിരുദത്തിന്റെ പിന്‍ബലത്തില്‍ തന്നെ വ്യക്തമായ ബിസിനസ് പ്ലാന്‍ പ്രണവിനുണ്ടായിരുന്നു. ഉല്‍പ്പന്ന വൈവിധ്യവത്കരണം, മാര്‍ക്കറ്റിംഗ്, ഡിസ്ട്രിബൂഷന്‍ ശൃംഖലകളുടെ വ്യാപനം എന്നിവയ്ക്കായിരുന്നു പ്രണവ് മുന്‍തൂക്കം നല്‍കിയത്. ”മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്ക് ശേഷം മറൈന്‍ എഞ്ചിനീയറിംഗ് ചെയ്യണം എന്ന ആഗ്രഹവുമായി നില്‍ക്കുമ്പോഴാണ് എഫ്എംസിജി ബിസിനസുകളുടെ സാധ്യതകളെപ്പറ്റി ഞാന്‍ ചിന്തിക്കുന്നത്. ചെറുപ്പം മുതല്‍ക്ക് അച്ഛന്‍ പറഞ്ഞുതന്ന കഥകളിലൂടെ വിശ്വാസ് എന്ന ഞങ്ങളുടെ ബ്രാന്‍ഡിന്റെ വളര്‍ച്ചയും നേട്ടങ്ങളും അടുത്തറിയാം. ഞങ്ങള്‍ക്ക് സാമ്പത്തികമായി ഏറെ നേട്ടം ഉണ്ടാക്കിനല്‍കിയ വിശ്വാസ് പപ്പടം എന്ന ബ്രാന്‍ഡിന് എഫ്എംസിജി വിപണിയില്‍ ഏറെ സാധ്യതകള്‍ ഉണ്ടെന്ന് മനസിലാക്കി എഞ്ചിനീയറിംഗ് മോഹം ഉപേക്ഷിച്ച് ബിസിനസ് മാനേജ്മെന്റ് പഠിക്കുകയായിരുന്നു. എംബിഎക്ക് ശേഷം മുഴുവന്‍ സമയ ബിസിനസിലേക്ക് തിരിഞ്ഞു” പ്രണവ് വിശ്വനാഥ് പറയുന്നു.

പുതിയ പദ്ധതികള്‍, നിരീക്ഷണങ്ങള്‍

മൂന്നാം തലമുറയില്‍ നിന്നും പ്രണവ് വിശ്വനാഥ് വിശ്വാസ് എന്ന ബ്രാന്‍ഡിനെ ഏറ്റെടുത്തതോടെ, പപ്പട നിര്‍മാണ ബിസിനസിന് ഒരു യുവത്വം കൈവന്നു. കൊച്ചിയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന വിശ്വാസ് പപ്പടത്തിന്റെ വിപണി കേരളം മുഴുവന്‍ വ്യാപിപ്പിക്കുക എന്നതായിരുന്നു പ്രണവിനെ ആദ്യ ലക്ഷ്യം. പപ്പടത്തിന്റെ നിര്‍മാണത്തില്‍ അച്ഛന്‍ വിശ്വനാഥന്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, പ്രണവ് ശ്രദ്ധിച്ചത് വിപണത്തിലാണ്. ഒപ്പം പപ്പട നിര്‍മാണത്തിലെ വൈവിധവത്കരണത്തിനും പ്രണവ് തുടക്കം കുറിച്ചു. വ്യത്യസ്ത ഫ്‌ലേവറുകളിലായി 25 തരം പപ്പടങ്ങള്‍ ഇപ്പോള്‍ വിശ്വാസ് എന്ന ബ്രാന്‍ഡില്‍ ലഭ്യമാണ്. കപ്പ പപ്പടം, ചക്ക പപ്പടം, കുരുമുളക് പപ്പടം, മുളക് പപ്പടം എന്നിങ്ങനെ ഓരോ വ്യക്തിയുടെയും രുചികള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പപ്പട നിര്‍മാണത്തിലാണ് പ്രണവ് ശ്രദ്ധിച്ചത്.

”എംബിഎ വരെ പഠിച്ചത് പപ്പടം വില്‍ക്കാനാണോ എന്ന് മുഖത്ത് നോക്കി ചോദിച്ച ധാരാളം ആളുകളുണ്ട്. അത് പപ്പട ബിസിനസിന്റെ വ്യാപ്തി അറിയാത്തവരാണ്. ഇരുപതോളം വരുന്ന പണിക്കാരെ വ്യക്തമായി ഷെഡ്യൂള്‍ ചെയ്ത്, പ്രൊഡക്ഷന്‍, പാക്കിംഗ്, ഡിസ്ട്രിബൂഷന്‍ എന്നീ മേഖലകള്‍ കൂടി നോക്കി, തൊഴിലാളികളുടെ ശമ്പളം, ബിസിനസിന്റെ ലാഭം എന്നിവ തരം തിരിച്ചു നോക്കി വിജയം നേടുന്ന അച്ഛന്റെ 40 വര്‍ഷത്തെ എക്‌സ്പീരിയന്‍സിനു മുന്നില്‍ എന്റെ എംബിഎ ഒന്നുമല്ല” പ്രണവ് വിശ്വനാഥന്‍ പറയുന്നു. പ്രണവ് മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിച്ചപ്പോള്‍, പരമ്പരാഗതമായ രീതിയില്‍ തന്നെ പപ്പട നിര്‍മാണം നടത്തുന്നതില്‍ അച്ഛന്‍ വിശ്വനാഥനും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. പപ്പട നിര്‍മാണത്തിന്റെ എല്ലാ മേഖലയിലും യന്ത്രവത്കരണം കടന്നു വന്നു എങ്കിലും വിശ്വാസ് പപ്പടം ഇപ്പോഴും പരമ്പാഗതമായ കൈകൊണ്ടുള്ള പപ്പട നിര്‍മാണ ശൈലി തന്നെ പിന്തുടരുന്നു. മാവ് കുഴയ്ക്കുന്നതിനും അത് പപ്പിടികള്‍ (ചെറിയ ഉരുളകള്‍) ആക്കി മാറ്റുന്നതിനും വേണ്ടി മാത്രമാണ് ഇപ്പോഴും യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. പരത്തി പപ്പടമാക്കി ഉണക്കിയെടുക്കല്‍ കൈകൊണ്ടുതന്നെയാണ് ചെയ്യുന്നത്.ഇതിനായി മുപ്പത്തില്‍പരം പരമ്പരാഗത പപ്പട നിര്‍മാണ തൊഴിലാളികളുണ്ട്.

താമീസ് ഫുഡ് പ്രോഡക്റ്റ്‌സ്

ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പ്രണവ് വിശ്വനാഥിന്റെ നേതൃത്വത്തില്‍ പലവിധ ഉല്‍പ്പന്നങ്ങളും വിപണിയില്‍ അവതരിപ്പിക്കപ്പെട്ടു. ഇതില്‍ തന്നെ പപ്പടം പല വലുപ്പത്തില്‍ നിര്‍മിക്കുന്നുണ്ട്്. ആനച്ചുവടന്‍ പപ്പടം മുതല്‍ കുട്ടിപപ്പടം വരെ ഉപഭോക്താക്കളുടെ താല്പര്യം അറിഞ്ഞാണ് നിര്‍മാണം.സദ്യകള്‍ക്കായി സ്പെഷ്യല്‍ പപ്പടങ്ങളും നിര്‍മിക്കുന്നുണ്ട്്. ഇതിന് പുറമെ ഹോം മേഡ്, ഹാന്‍ഡ് മേഡ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കായി തമീസ് ഫുഡ് പ്രോഡക്റ്റ്‌സ് എന്ന ഉപബ്രാന്‍ഡും ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ നിര്‍മിക്കുന്ന രീതിയിലുള്ള മായം കലരാത്ത, പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാത്ത അച്ചാറുകള്‍, വിവിധയിനം കൊണ്ടാട്ടങ്ങള്‍ എന്നിവയാണ് ഇത്തരത്തില്‍ വില്പന നടത്തുന്നത്. ഇവയെല്ലാം തന്നെ ഇടപ്പള്ളിയിലെ വിശ്വാസ് ആര്‍ക്കേഡിലുള്ള ഔട്ട്‌ലെറ്റില്‍ നിന്നും ലഭ്യമാണ്. താമസിയാതെ ഈ ഉല്‍പ്പന്നങ്ങള്‍ കടകളിലും മറ്റും ലഭ്യമാകുന്ന രീതിയില്‍ ഉല്‍പ്പന്ന വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പ്രണവ് വിശ്വനാഥും അച്ഛനും.

”നിലവില്‍ കൊച്ചിയില്‍ മാത്രമാണ് ബിസിനസ് എങ്കിലും ഭാവിയില്‍ കേരളത്തിന്റെ എല്ലാ പ്രദേശത്തേക്കും വ്യാപിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. കൊറോണ വന്നില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ നടപടികള്‍ പൂര്‍ത്തിയായി വിശ്വാസ്, താമീസ് ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ എല്ലായിടത്തും ലഭ്യമായേനെ. കൊറോണ പല ബിസിനസുകളുടെയും തകര്‍ച്ചയ്ക്ക് ഇടയാക്കിയെങ്കിലും അത് നമ്മുടെ ബ്രാന്‍ഡിനെ ബാധിച്ചില്ല എന്നത് ബ്രാന്‍ഡിന്റെ വിജയമാണ്. നേരിട്ട് എക്‌സ്‌പോര്‍ട്ട് ഇല്ലെങ്കിലും ചില ഏജന്റുകള്‍ മുഖേന വിശ്വാസ് പപ്പടം അമേരിക്ക, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ വിപണി പിടിച്ചിട്ടുണ്ട്” പ്രണവ് പറയുന്നു.

പപ്പടം പോലെ എളുപ്പത്തില്‍ പൊടിയുന്നതല്ല, പപ്പട ബിസിനസിന്റെ സാധ്യതകള്‍ എന്ന് തിരിച്ചറിഞ്ഞ പ്രണവ് വരും നാളുകള്‍ക്കുള്ളില്‍ കേരളവിപണി പിടിക്കാനുള്ള ശ്രമത്തിലാണ്. താമീസ് എന്ന ബ്രാന്‍ഡിന് പുറമേ വിശ്വാസ് എന്റര്‍പ്രൈസസ് എന്ന ഡിസ്ട്രിബൂഷന്‍ സ്ഥാപനവും താമസിയാതെ പ്രവര്‍ത്തനം ആരംഭിക്കും.

”എഫ്എംസിജി ഒരുപാട് സാധ്യതകളുള്ള ബിസിനസ് മേഖലയാണ്. അതില്‍ ഒട്ടും ഫാഷനബിള്‍ അല്ലാത്ത ഒരുപാട് ഉല്പന്നങ്ങളുണ്ട്. അതേപ്പറ്റി വ്യക്തമായി പഠനം നടത്തി, പുതിയ ആശയങ്ങള്‍ ഉള്‍ച്ചേര്‍ത്ത് വിപണിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കും എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിനായുള്ള ശ്രമങ്ങളാണ് ഭാവിയെ മുന്‍നിര്‍ത്തി ഞങ്ങള്‍ ആവിഷ്‌കരിക്കുന്നത്” പ്രണവ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top