പഠനമെന്നത് മനുഷ്യന്റെ മൗലികമായ ഗുണങ്ങളിലൊന്നാണ്, നമുക്ക് ഏറ്റവും നന്നായി ചെയ്യാന്‍ സാധിക്കുന്ന കാര്യം. പരിണാമപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ തലച്ചോറുകള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നതിന്റെ അപാരസാധ്യതകള്‍ ചാള്‍സ് ഡാര്‍വിന്‍ കാണിച്ചുതന്നിട്ടുണ്ട്. എന്നിട്ടും നമ്മളില്‍ പലര്‍ക്കും നമ്മുടെ യഥാര്‍ത്ഥ സാധ്യതകള്‍ എത്തിപ്പിടിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?
ലേണിങ്അണ്‍ലേണിങ്…പേര് പറയുന്ന പോലെ പഠനമാണ് ഈ പംക്തിയുടെ വിഷയം. പരമ്പരാഗത അര്‍ത്ഥത്തിലാകണമെന്നില്ല അത്. നമ്മുടെയെല്ലാം ജീവിതം കൂടുതല്‍ മികവുറ്റ രീതിയില്‍ ഡിസൈന്‍ ചെയ്തെടുക്കുന്നതിനും പുതിയ തലത്തിലേക്ക് വികസിപ്പിക്കുന്നതിനുമുള്ള കാര്യങ്ങളാണ് ഈ ലേഖന പരമ്പരയില്‍ ചര്‍ച്ച ചെയ്യുന്നത്. ജീവിതത്തെ സമഗ്ര കാഴ്ച്ചപ്പാടോടെ നോക്കിക്കാണുകയാണ് ഉദ്ദേശ്യം. നിങ്ങളുടെ ജോലി, പ്രൊഫഷന്‍, മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍… എല്ലാം ഇതില്‍ കടന്നുവരും. നിങ്ങളെ കുറിച്ചും നിങ്ങള്‍ക്ക് എങ്ങനെ അഭിവൃദ്ധി പ്രാപിക്കാം എന്നതിനെകുറിച്ചുമാണ് നമ്മള്‍ സംസാരിക്കുക.
അര്‍ത്ഥവത്തായ ഒരു ജീവിതം കെട്ടിപ്പടുത്ത് നയിക്കാന്‍ നിങ്ങളെ സഹായിക്കുന്ന അത്യാധുനിക വിവരങ്ങളും അറിവുമെല്ലാം പകര്‍ന്നു നല്‍കുകയാണ് എന്റെ ലക്ഷ്യം. തൊഴിലിടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പുതിയ കാര്യങ്ങള്‍ എന്തെല്ലാമാണെന്നത് നിങ്ങള്‍ ഇതിലൂടെ അറിയും.
പുതിയ സങ്കേതങ്ങളെ കുറിച്ചും വളര്‍ന്നുവരുന്ന വ്യവസായ മേഖലകളെ കുറിച്ചും അവ തുറന്നിടുന്ന പ്രധാനപ്പെട്ട അവസരങ്ങളെ കുറിച്ചുമെല്ലാം നമുക്ക് ചര്‍ച്ച ചെയ്യാം. നിങ്ങളുടെ കരിയറിനെയും ജോലി സാധ്യതകളെയും എങ്ങനെയാണ് ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങള്‍ ബാധിക്കുന്നതെന്ന് മനസിലാക്കാനുള്ള അവസരം കൂടിയായി ഈ ലേഖന പരമ്പരയെ കാണാവുന്നതാണ്. പഠനമെന്നത് പരിണാമപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണെന്ന തലത്തില്‍ നിന്നുകൊണ്ടാകും ഈ ലേഖന പരമ്പര മുന്നോട്ടു പോകുക.
ലൈഫ്‌ലോംഗ് ലേണിങ്
എന്താണ് പഠനം അഥവാ ലേണിങ്? അല്‍പ്പം സങ്കീര്‍ണവും പലപ്പോഴും വൈരുദ്ധ്യാത്മകവുമായ ഒരു പ്രതിഭാസമാണതെന്ന് പറയേണ്ടി വരും. സ്ഥാപനവല്‍ക്കരിച്ചാ
കും ചിലപ്പോഴത് നടക്കുക. സ്‌കൂളുകളിലും കോളെജുകളിലും യൂണിവേഴ്സിറ്റികളിലും ആരാധനാലയങ്ങളിലും ക്ലബ്ബുകളിലുമെല്ലാം പഠനത്തിന്റെ പല വകഭേദങ്ങള്‍ നടക്കും. എന്നാല്‍ അതിനപ്പുറം പഠനം നടക്കുന്ന ഇടങ്ങളുണ്ട്. തൊഴിലിടങ്ങളാണ് ഇതില്‍ പ്രധാനം. ചിലപ്പോള്‍ കൂട്ടായ്മയിലൂടെയായിരിക്കും പഠനം സാധ്യമാകുന്നത്. മറ്റ് ചിലപ്പോഴത് വ്യക്തിഗതമായിരിക്കും.വ്യക്തിഗത പഠനരീതികള്‍ മികച്ചതാണെങ്കിലും ഒരുമിച്ചുള്ള പഠനത്തിലൂടെ ലഭിക്കുന്ന പങ്കാളിത്ത അറിവിനെ അതടിച്ചമര്‍ത്തുന്നുവെന്ന അപകടവുമുണ്ട്. ചില പഠനങ്ങള്‍ക്ക് ഔപചാരികമായ അംഗീകരം വേണ്ടി വരും, അക്രഡിറ്റേഷനെല്ലാം പോലെ. ചില പഠനങ്ങള്‍ വ്യക്തിപരവും സ്വകാര്യവുമായിരിക്കും.
പൊതുവേ പഠനം ആസ്വാദ്യകരമാണെങ്കിലും ചിലപ്പോള്‍ വേദനാജനകവുമായിരിക്കും. അതിന് സഹനശക്തി അനിവാര്യമാണ് താനും. പഠനമെന്നത് ആത്യന്തികമായി നമ്മുടെ മനസിന്റെ ഒരു മനോഭാവമാണ്, നമ്മുടെ താല്‍പ്പര്യവും കൗതുകവും അറിയാനുള്ള ആഗ്രഹവുമെല്ലാം അതില്‍ പങ്കുവഹിക്കുന്നു. കേവലം വിഷയാധിഷ്ഠിതം മാത്രമല്ല പഠനം. പ്രായോഗികമായ നൈപുണ്യം നേടുകയെന്നതില്‍ മാത്രം ഒതുങ്ങുന്നതുമല്ല അത്. ഇത് രണ്ടും എങ്ങനെ സംയോജിപ്പിക്കാമെന്നതിനുള്ള, സമന്വയിപ്പിച്ച് ഉപയോഗിക്കാമെന്നതിനുള്ള ശേഷി ആര്‍ജിക്കുന്നതില്‍ കൂടിയാകണം പഠനം ശ്രദ്ധ നല്‍കേണ്ടത്. എങ്ങനെ പഠിക്കാം, പഠനം എങ്ങനെയാകണം, How to learn എന്നതിലേക്കാണ് മേല്‍പ്പറഞ്ഞ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ പലരും ഊന്നല്‍ നല്‍കുന്നത്.
ചില തരത്തിലുള്ള പഠനങ്ങള്‍ ആലങ്കാരികവും ചടങ്ങും മാത്രമായി തീരും. മറ്റ് ചിലത് നമ്മളെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കുന്നതും പരിവര്‍ത്തനപ്പെടുത്തുന്നതുമാകും. പണമുണ്ടാക്കാനാകും ചിലപ്പോള്‍ നമ്മള്‍ പഠിക്കുന്നത്, ജീവിക്കുന്നതിനും.
വ്യക്തിഗത വളര്‍ച്ചയിലും ചങ്ങലകളില്‍ നിന്നുള്ള മനുഷ്യന്റെ മോചനത്തിലും അവന്റെ അഭിവൃദ്ധിയിലും ഐക്യത്തിലും ആഗോള ഉത്തരവാദിത്തത്തിലുമെല്ലാം പഠനമെന്ന പ്രക്രിയ മുഴുനീള പങ്കുവഹിക്കുന്ന ഒരു സമൂഹം ഈ ദര്‍ശനമാണ് എനിക്കുള്ളത്. നമുക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ആരോഗ്യം, ക്ഷേമം, സത്യസന്ധത, സാംസ്‌കാരിക സ്വത്വം, ജനാധിപത്യപരമായ സഹിഷ്ണുത തുടങ്ങിയ സാമൂഹ്യ ഘടകങ്ങളുമായെല്ലാം ഇഴപിരിയാനാകത്ത തരത്തില്‍ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് പഠനമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ജീവിതത്തിലുടനീളം പഠിക്കാനുള്ള അവകാശമെന്നത് മൗലികപരമായ മനുഷ്യാവകാശം തന്നെയാണെന്ന് ഞാന്‍ കരുതുന്നു. അതിനാലാണ് സ്റ്റോറിയോ എന്ന പ്ലാറ്റ്‌ഫോം ഞാന്‍ ആരംഭിച്ചത്. ശേഷി ഉയര്‍ത്തുക, സ്വാതന്ത്ര്യം വികസിപ്പിക്കുക എന്നതാണ് അതിന്റെ ആപ്തവാക്യം തന്നെ. എന്നാല്‍ നമുക്കറിയാം, പഠനമെന്നത് മാത്രം മതിയാകില്ല മേല്‍പ്പറഞ്ഞ വ്യക്തിഗത, സാമൂഹ്യ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍. സാമൂഹ്യ നീതി, ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനം, സാമൂഹ്യ നിബന്ധനകള്‍, നിങ്ങളുടെ വ്യക്തിഗത മൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം അതിനോട് ബന്ധപ്പെട്ട് കിടക്കുന്നു.
ലൈഫ്‌ലോംഗ് ലേണിങ്ങിന് പല മാനങ്ങളുണ്ട്. ചിലപ്പോഴെല്ലാം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്ന് കൂടിയാണത്. എന്റെ കാഴ്ച്ചപ്പാടില്‍ ലൈഫ്‌ലോംഗ് എന്നതിന് ‘തൊട്ടില്‍ മുതല്‍ ശവക്കുഴി’ വരെ എന്നുതന്നെയാണ് അര്‍ത്ഥം. പഠനം നടക്കുക വിദ്യാഭ്യാസ സ്ഥാപനങ്ങളിലാകും തൊഴിലിടങ്ങളിലാകും കുടുംബങ്ങളിലാകും സാംസ്‌കാരിക, സാമുദായിക കൂട്ടായ്മകളിലുമാകും. ഞാന്‍ പഠനമെന്ന് പറയുന്നത് എല്ലാ തരത്തിലുമുള്ള സംഘടിത വിദ്യാഭ്യാസത്തെയും പരിശീലനത്തെയുമാണ്. അതിന് ചിലപ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുണ്ടാകും, ചിലപ്പോള്‍ ഉണ്ടാകില്ല. എന്തായാലും തന്നെ എന്റെ നിര്‍വചനത്തില്‍ അത് ബാധകമല്ല. അനൗപചാരിക പഠനത്തെ ഒരു പരിധി വരെ ഇതില്‍ ഉള്‍പ്പെടുത്താനും ഞാന്‍ തയാറാണ്.
നമ്മള്‍ നമ്മളെ തന്നെ സ്വയം ബീറ്റ ഉല്‍പ്പന്നങ്ങളായാണ് കരുതേണ്ടത്
ലൈഫ്‌ലോംഗ് ലേണിങ് എന്നതിനെ വിശാലാര്‍ത്ഥത്തില്‍ ഞാന്‍ ഇങ്ങനെ നിര്‍വചിക്കുന്നു. ”പലതരത്തിലുള്ള പശ്ചാത്തലങ്ങളില്‍ പഠിക്കുന്ന, പ്രായഭേദമന്യേ എല്ലാ വിഭാഗത്തില്‍ പെട്ട ജനങ്ങളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ തൊഴിലിടങ്ങളിലോ വീട്ടിലോ അങ്ങനെ എവിടെയുമാകാം ആ പഠനം നടക്കുന്നത്. വിദ്യാഭ്യാസകാലഘട്ടത്തിന്റെ പ്രാഥമിക ഘട്ടങ്ങളേക്കാള്‍ ഉപരി ഇത് ഊന്നല്‍ നല്‍കുന്നത് സംഘടിതമായ പഠനത്തിനലേക്ക് തിരിച്ചെത്തുന്ന യുവാക്കളെയാണ്.”
ലൈഫ്‌ലോംഗ് ലേണിങ്ങിനെ കുറിച്ചാണല്ലോ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. സ്വാഭാവികമായും ഉയരുന്ന ചോദ്യം എന്തിനാണ് അതെന്നാണ്. വിദ്യാഭ്യാസത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുകയാകും നിങ്ങള്‍… സ്‌കൂള്‍, യൂണിവേഴ്‌സിറ്റി, പ്രൊഫഷണല്‍ എജുക്കേഷന്‍ അങ്ങനെ… എന്നാല്‍ ചിലരാകാട്ടെ ഔപചാരിക വിദ്യാഭ്യാസം തീരെ ലഭ്യമാകാത്തവരുമാകും. എല്ലാവരുടെ മനസിലും അവശേഷിക്കുന്ന ചോദ്യം ഇതായിരിക്കും, ഞാന്‍ എന്തിന് പുതിയ കാര്യങ്ങള്‍ പഠിക്കണം?
ബീറ്റ പതിപ്പ്
സോഫ്റ്റ്‌വെയര്‍ ലോകത്ത് എപ്പോഴും കേള്‍ക്കുന്ന പദമാണ് ബീറ്റ വേര്‍ഷന്‍ (beta version). ഒരുല്‍പ്പന്നത്തിന്റെ ബീറ്റ പതിപ്പെന്ന് പറഞ്ഞാല്‍ എന്താണ്? ആ ഉല്‍പ്പന്നം പുറത്തിറങ്ങിയിട്ടുണ്ടാകും, എന്നാല്‍ ഇനിയും കുറേക്കാര്യങ്ങള്‍ അതില്‍ വികസിപ്പിക്കാനിരിക്കുന്നതേയുണ്ടാകൂ. അപൂര്‍ണമായ ഉല്‍പ്പന്നമാകും അത്, അവസാന ഘട്ടത്തിലേക്ക് ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. ഉല്‍പ്പന്നം ഒന്ന് പരീക്ഷിക്കാനും ഉപയോക്താക്കളുടെ ഫീഡ്ബാക്ക് അറിയാനും അതിലൂടെ കൂടുതല്‍ മെച്ചപ്പെടല്‍ സാധ്യമാക്കാനുമാണ് ബീറ്റ പതിപ്പുകള്‍ പുറത്തിറക്കുന്നത്.
നാമെല്ലാം ഇന്ന് സര്‍വസാധാരണമായി ഉപയോഗിക്കുന്ന ജിമെയില്‍ കുറേക്കാലം ബീറ്റ ഘട്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സോഫ്റ്റ് വെയര്‍ അല്ല നമ്മുടെ വിഷയം. എന്നാല്‍ ബീറ്റ പതിപ്പെന്ന ആശയം എനിക്ക് വളരെയിഷ്ടമായി. നമ്മള്‍ നമ്മളെ തന്നെ സ്വയം ബീറ്റ ഉല്‍പ്പന്നങ്ങളായാണ് കരുതേണ്ടത്… അപൂര്‍ണമായ, എപ്പോഴും മെച്ചപ്പെടല്‍ ആവശ്യമുള്ള, കൂടുതല്‍ വളര്‍ച്ച ആവശ്യമുള്ള ‘ഉല്‍പ്പന്നങ്ങള്‍’…അപ്പോള്‍ ലൈഫ്‌ലോംഗ് ലേണിങ് അര്‍ത്ഥമാക്കുന്നത് ലൈഫ്‌ലോംഗ് ബീറ്റ എന്നായി മാറും. അതായത്, സ്ഥിരമായി നമ്മള്‍ ബീറ്റയിലായിരിക്കുമെന്ന് സാരം.
അതെന്താ അങ്ങനെയെന്നല്ലേ…കാരണങ്ങള്‍ പലതുണ്ട്. അതിനെ കുറിച്ച് അടുത്ത ലക്കത്തില്‍ പറയാം.
(ലോകത്തെ ആദ്യ മ്യൂസിക് ഇതര പോഡ്കാസ്റ്റ് മാര്‍ക്കറ്റ്‌പ്ലേസായ സ്റ്റോറിയോയുടെ സ്ഥാപകനാണ് രാഹുല്‍ നായര്‍)