News

ക്വാഡും മലബാര്‍ നാവികാഭ്യാസവും: കൂട്ടായ്മകള്‍ കളമൊരുക്കുമ്പോള്‍

ക്വാഡ് രാജ്യങ്ങളുടെ നയതന്ത്ര, സൈനിക സഹകരണം ചൈനയ്ക്ക് പുതിയ തലവേദനയാകുകയാണ്

ഈ മാസം നടക്കാനിരിക്കുന്ന മലബാര്‍ നാവിക അഭ്യാസങ്ങള്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് പലകാരണങ്ങളാല്‍ പ്രാധാന്യമേറെയാണ്. 1992ല്‍ ഇന്ത്യയും യുഎസുമാണ് ഈ പരിശീലനപരിപാടി ആവിഷ്‌ക്കരിച്ചത്. 2015ല്‍ ജപ്പാനെ ഉള്‍പ്പെടുത്തി ഇത് ത്രികക്ഷി സഖ്യമായി ഉയര്‍ത്തി. ഇതിനെത്തുടര്‍ന്ന് ഏഷ്യയിലെ പ്രമുഖ നേവല്‍ ഡ്രില്ലായി മലബാര്‍ ഉയര്‍ന്നു. എല്ലാക്കാലത്തും മലബാര്‍ ലക്ഷ്യമിട്ടത് ചൈനയെ ആയിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ബെയ്ജിംഗുമായി എല്ലാക്കാര്യങ്ങളിലും പൊരുത്തപ്പെടാത്തവര്‍തമ്മിലുള്ള സൈനിക കൂടിച്ചേരലായിരുന്നു ഇത്. ഇന്ന് ഈ പരിശീലനപരിപാടിയിലേക്ക് ഓസ്‌ട്രേലിയ വീണ്ടും എത്തുന്നു എന്നതാണ് ഇന്ന് ഇതിന്റെ പ്രത്യേകത. മുന്‍പ് 2007ല്‍ ഓസ്‌ട്രേലിയ ഇതില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പിന്നീട് ചൈനയുടെ ഭീഷണിക്കുമുമ്പില്‍ വഴങ്ങി തുടര്‍ന്നുള്ള പരിശീലനപരിപാടികളില്‍നിന്നും അവര്‍ പിന്മാറുകയായിരുന്നു. ഇന്ന് സാഹചര്യങ്ങളെല്ലാം മാറി.

Advertisement

കൊറോണ വ്യാപിക്കാന്‍ കാരണം ബെയ്ജിംഗാണെന്ന വാദം അവരുടെ വിശ്വാസ്യതയെ പാടേ തകര്‍ത്തുകളഞ്ഞു. അമേരിക്ക ചൈനയ്‌ക്കെതിരെ വ്യാപാര കരാര്‍ യുദ്ധങ്ങളിലേര്‍പ്പെടുന്ന കാലത്താണ് കോവിഡിന്റെ വരവ് എന്നതും പ്രത്യേകതയാണ്. അതിനുശേഷം ലഡാക്കില്‍ ചൈന നടത്തിയ ആക്രമണവും ഇന്ത്യ നടത്തിയ തിരിച്ചടികളും ലോകം ശ്രദ്ധിച്ചു.

കൂടാതെ ഡിജിറ്റല്‍ രംഗത്തും വ്യാപാരതലത്തിലും ചൈനക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് കഴിയുകയും ചെയ്തു. ഇതോടെ ബെയ്ജിംഗിനെ പിന്തുണച്ചിരുന്ന രാജ്യങ്ങള്‍ നിലപാടുകള്‍ പുനപരിശോധിക്കാന്‍ തുടങ്ങി. അവര്‍ ക്രമേണ ചൈനയുടെ പിടിയില്‍നിന്ന് പിന്മാറി. യൂറോപ്യന്‍ യൂണിയനിലെ പ്രമുഖരും കാനഡയും ഓസ്‌ട്രേലിയയും എല്ലാം ഇതില്‍പ്പെടുന്നു. തുടര്‍ന്നാണ് നാവിക പരിശീലനത്തിലേക്ക് കാന്‍ബറയെ ക്ഷണിക്കാന്‍ തീരുമാനമായത്. യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഒക്ടോബര്‍ 6 ന് ടോക്കിയോയില്‍ നടത്തിയ യോഗത്തിലായിരുന്നു തീരുമാനം.

യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു അനൗദ്യോഗിക നയതന്ത്ര പ്ലാറ്റ്‌ഫോം, ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ് എന്നാണ് അറിയപ്പെടുന്നത്. ഇന്തോ-പസഫിക് മേഖലയില്‍ വളര്‍ന്നുവരുന്ന ചൈനീസ് സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് ഈ കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്. കൂടുതല്‍ തുറന്നതും സ്വതന്ത്രവുമായ സാഹചര്യങ്ങള്‍ മേഖലയില്‍ ഉറപ്പാക്കുന്നതിനായി ഇത് പ്രവര്‍ത്തിക്കുന്നു.

2007ല്‍ ജപ്പാന്‍ പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ അബെ യുഎസ് വൈസ് പ്രസിഡന്റായിരുന്ന ഡിക് ചീനി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍ ഹൊവാര്‍ഡ്, ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുടെ പിന്തുണയോടെ കൂട്ടായ്മക്ക് തുടക്കം കുറിച്ചു. സാമ്പത്തികമായും സൈനികമായും ഉള്ള സഹകരണവും ഒപ്പം വളര്‍ച്ചയും ക്വാഡ് ലക്ഷ്യമിടുന്നുണ്ട്. ഈ കൂട്ടായ്മയുട സൈനിക സഹകരണത്തിനും നീക്കങ്ങള്‍ക്കുമെതിരെ തുടക്കം മുതല്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ക്വാഡ് രാജ്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രം, മധ്യ പസഫിക്, ദക്ഷിണ ചൈനാക്കടല്‍ എന്നിവിടങ്ങളില്‍ പിടിമുറുക്കുന്നത് തങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കും എന്ന് ബെയ്ജിംഗ് തിരിച്ചറിഞ്ഞു. ഈ കൂട്ടായ്മ നയതന്ത്ര, സൈനിക ശേഷിയും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിലും ചൈന ആശങ്കാകുലരാണ്. ഇതിനോടനുബന്ധിച്ചാണ് മലബാര്‍ നാവികാഭ്യാസം നടക്കുന്നത്. ഇക്കുറി കാന്‍ബറയുടെ തിരിച്ചുവരവോടെ ബെയ്ജിംഗിനു ക്വാഡ് നല്‍കുന്ന സന്ദേശം ഇവിടെ കൂടുതല്‍ വ്യക്തമാവുകയാണ്.

2008ല്‍ ചൈനീസ് ശ്രമങ്ങളെത്തുടര്‍ന്ന് ഓസ്‌ട്രേലിയ പിന്മാറിയതോടെ ക്വാഡിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം ഇല്ലാതായി. 2007 അവസാനത്തോടെ ജപ്പാനില്‍ ഭരണമാറ്റം സംഭവിച്ചതും ഒരു കാരണമായി. അബെയ്ക്കു പകരം യാസുവോ ഫുക്കുഡ ജപ്പാന്‍ പ്രധാനമന്ത്രിയായി. അദ്ദേഹം ചൈനയുമായി മികച്ച ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ച നേതാവായിരുന്നു. ഇതുകൂടാതെ 2008 ജനുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ ചൈനാ സന്ദര്‍ശനവും ക്വാഡിനെ നിശ്ചലമാക്കി. ഇന്ത്യാ-ചൈന ബന്ധത്തിനാണ് മുന്‍ഗണനയെന്ന് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ 1992ല്‍ ആരംഭിച്ച മലബാര്‍ നാവിക പരിശീലനം 1998നു മുമ്പ് മൂന്നു തവണ നടത്തി ഇന്ത്യയും അമേരിക്കയു അത് മുമ്പോട്ട് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് യുഎസ് പരിശീലന പരിപാടി താല്‍ക്കാലികമായി നിര്‍ത്തലാക്കി. വീണ്ടും പുനരാരംഭിച്ച പരിശീനം മുടക്കം കൂടാതെ ഇരു രാജ്യങ്ങളും തുടര്‍ന്നു.

2015ലാണ് ജപ്പാനെ ഈ പദ്ധതിയില്‍ സ്ഥിരാംഗമാക്കിയത്. അതിനുശേഷം 2017ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ മനിലയില്‍ നടത്തിയ ചര്‍ച്ചയിലാണ് സുരക്ഷാ കരാറായ ക്വാഡ് പുനുരുജ്ജീവിപ്പിക്കാന്‍ ധാരണയായത്.
ലോകത്തിലെ തിരക്കേറിയ കപ്പല്‍പ്പാതകളും ഒപ്പം തര്‍ക്കങ്ങളും നിറഞ്ഞ മേഖലയാണ് ദക്ഷിണ ചൈനാക്കടല്‍. അതായത് അപകടങ്ങളും അവസരങ്ങളും നിറഞ്ഞ മേഖല. ഇവിടെയുള്ള രാജ്യങ്ങള്‍ എന്നും ചൈനീസ് ഭീഷണിക്കു നിഴലിലാണ് എന്നു പറയേണ്ടിവരും. ഇവിടെ ബെയ്ജിംഗിന്റെ അപ്രമാദിത്തതിന് കടിഞ്ഞാണിടാന്‍ ക്വാഡ് രാജ്യങ്ങളുടെ സഹകരണത്തിനു സാധിക്കുമെന്ന് ചൈന ഭയപ്പെടുന്നുണ്ട്.

വിയറ്റനാം, ഫിലിപ്പീന്‍സ്, മലേഷ്യ, തായ്‌വാന്‍, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളുമായി ചൈന തര്‍ക്കങ്ങളിലാണ്. തായ്‌വാനാകട്ടെ ചൈനയുടെ പ്രവിശ്യയായാണ് അവര്‍ കരുതുന്നത്. ഒരു രാജ്യത്തിന്റെ സ്വതന്ത്ര പദവി നല്‍കാന്‍ മറ്റുരാജ്യങ്ങളെ ഷി ജിന്‍പിംഗ് ഭരണകൂടം അനുവദിക്കാറില്ല. ഒപ്പം ഹോങ്കോംഗില്‍ അവര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ കണ്ടില്ലെന്ന് നടിക്കാനും ലോകത്തിന് കഴിഞ്ഞിട്ടില്ല. ബ്രിട്ടന്റെ പക്കല്‍നിന്നും കരാര്‍പ്രകാരം സ്വന്തമാക്കിയ ഹോങ്കോംഗില്‍ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ബെയ്ജിംഗ് ഇന്ന് ശ്രമിക്കുന്നത്. അതിനെതിരെ ഈ കോവിഡ് മഹാമാരിക്കാലത്തും ജനങ്ങള്‍ പ്രതിഷേധിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേയാണ് ജപ്പാനുമായുള്ള തര്‍ക്കങ്ങള്‍. അത് പ്രധാനമായും സെന്‍കാകു ദ്വീപുകളെ സംബന്ധിച്ചാണ്. ഇതില്‍ പരിഹാരം കണ്ടെത്താനും ചൈനക്ക് കഴിഞ്ഞിട്ടില്ല.

ഇന്ത്യയുമായി നിലനില്‍ക്കുന്ന ബെയ്ജിംഗിന്റെ അതിര്‍ത്തി തര്‍ക്കങ്ങളാകട്ടെ ഇന്ന് നേരിട്ടുള്ള ഏറ്റുമുട്ടലുകളിലേക്ക്‌ നീങ്ങുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം ഇന്തോ-ചൈന അതിര്‍ത്തിയില്‍ രക്തം ചിന്തി. ഈ തര്‍ക്കം ഇന്ന് അപകടകരമായ നിലയിലാണ്. ഏതാണ്ട് 3488 കിലോമീറ്റര്‍ ദൂരം ഇരുരാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്നു. ഇതില്‍ മിക്ക സ്ഥലങ്ങളിലും അവര്‍ അവകാശവാദമുന്നയിക്കുന്നു. ഇത് പുതുമയൊന്നുമല്ല. കാരണം ലോകത്ത് ഏറ്റവുമധികം അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ചരിത്രം പരിശോധിച്ചാല്‍ ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അവര്‍ ഒരു കാലത്തും താല്‍പ്പര്യപ്പെട്ടിരുന്നില്ല എന്നുകാണാം. കാരണം ഇതുപോലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും നിര്‍ണായക ഘട്ടങ്ങളില്‍ യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവര്‍ ഉപയോഗിക്കുന്നു.

അതുവഴി പല കരാറുകളിലേക്കും രാജ്യങ്ങളെ തള്ളിവിടാന്‍ പ്രേരിപ്പിക്കുന്ന തന്ത്രമാണ് അവര്‍ ഉപയോഗിക്കുന്നത്. യുദ്ധവും സംഘര്‍ഷവും പ്രതിസന്ധികളുമെല്ലാം ചൈന അവരുടെ വ്യാപാരം വര്‍ധിപ്പിക്കാനുള്ള വഴികളായും കാണുന്നുണ്ട്. അവര്‍ക്ക് താല്‍പ്പര്യമുള്ള രീതിയില്‍ കരാറുകള്‍ ഉണ്ടാക്കി മറ്റുള്ളവരെ അതില്‍പ്പെടുത്താനുള്ള നീക്കവും ഇതിനുപിന്നിലുണ്ട് എന്നതാണ് വാസ്തവം. ഇതിനെല്ലാം പുറമേയാണ് വന്‍തുകകള്‍ വായ്പ നല്‍കി രാജ്യങ്ങളെ കടക്കെണിയില്‍ കുടുക്കുന്നത്.

മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് സമുദ്ര സുരക്ഷക്കായി മേഖലയിലെ മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായി ക്വാഡ് മുന്നോട്ടുവന്നത്. ഈ കൂട്ടായ്മ ചേര്‍ന്നുള്ള നാവികാഭ്യാസം ഭാവിയില്‍ ഒരു സൈനിക ചേരിയോ സഖ്യമോ ആയി മാറുന്നതിനെപ്പറ്റിപ്പോലും ഷി ജിന്‍പിംഗ് ഭരണകൂടം ചിന്തിക്കുന്നുണ്ടെന്നുവേണം കരുതാന്‍. ഈ നാവികാഭ്യാസം പങ്കെടുക്കുന്ന രാജ്യങ്ങളിലെ നാവികസേന തമ്മിലുള്ള ഏകോപനത്തെ ശക്തിപ്പെടുത്തും-എന്ന ഇന്ത്യയുടെ പ്രസ്താവന ചൈനയുടെ സംശയങ്ങളെ ബലപ്പെടുത്തുന്നതാണ്.

ഇന്ന് ചൈനക്കെതിരായി അന്താരാഷ്ട്രതലത്തില്‍ തന്നെ കൂട്ടുകെട്ടുകള്‍ ഉയരുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ക്രമേണ ഓസ്‌ട്രേലിയയുടെ ചൈനീസ് പ്രേമം അവസാനിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. ഈ അവസരത്തിനായി കാത്തിരുന്നത് യുഎസ് ആണ്. ഇതോടെ ക്വാഡ് വീണ്ടും സജീവമായി. കാന്‍ബറ ബീജിംഗിനെതിരായ നിലപാട് കടുപ്പിക്കുന്നതായാണ് അവരുടെ മലബാര്‍ നാവികാഭ്യാസത്തിലേക്കുള്ള വരവ് വ്യക്തമാക്കുന്നതെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇത് ഇന്തോ-പസഫിക് മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കൂടുതല്‍ പ്രാദേശിക സഹകരണത്തിനും ഇന്ത്യയെയും ഓസ്്‌ട്രേലിയയെയും സഹായിക്കുന്നു.

ക്വാഡ് കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങളും ചൈനീസ് ഭീഷണിയോ ശത്രുതയോ നേരിടുന്നവരാണ്. ഈ മാസം ആദ്യം ടോക്കിയോയില്‍ നടന്ന യോഗത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കുന്നതില്‍നിന്നും ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീരാജ്യങ്ങള്‍ വിട്ടുനിന്നിരുന്നത് ശ്രദ്്‌ധേയമായിരുന്നു. എന്നാല്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അതിനുവഴങ്ങിയില്ല. ചൈനാക്കടലിന്റെ തെക്ക്, കിഴക്ക് മേഖലകള്‍, ഹിമാലയം, മെകോംഗ്, തായ്‌വാന്‍ കടലിടുക്ക് എന്നിവിടങ്ങളില്‍ ചൈന കടന്നുകയറ്റം നടത്തിയതായി പോംപിയോ ആരോപിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൂഷണം,അഴിമതി,കടന്നുകയറ്റം എന്നിവയില്‍നിന്ന് തങ്ങളുടെ ജനങ്ങളെയും പങ്കാളികളെയും സംരക്ഷിക്കാന്‍വേണ്ടിയുള്ള സഹകരണം മുമ്പ് എന്നത്തെക്കാളും ഇന്ന് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനക്കെതിരായ നിലപാടുകള്‍ മയപ്പെടുത്തേണ്ട എന്ന തിരിച്ചറിവ് ക്രമേണ ഇന്ത്യിലും ശക്തമായി. തായ്‌വാനോടുള്ള ഇന്ത്യയുടെ സമീപനം അതാണ് സൂചിപ്പിക്കുന്നത്. ആ രാജ്യവുമായി കൂടുതല്‍ ബന്ധങ്ങള്‍ ഇന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. തായ്‌വാനിലുള്ള കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്് ബെയ്ജിംഗിനെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ അത് കാര്യമാക്കുന്നില്ല. തായ്‌വാന്‍ പ്രസിഡന്റും ഇന്ത്യയെ പ്രകീര്‍ത്തിച്ചത് ഈ അവസരത്തില്‍ കൂട്ടിച്ചേര്‍ത്തുവായിക്കാവുന്നതാണ്. ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ യുഎസ്, ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കുമെന്ന ഇന്ത്യയുടെ ഔപചാരിക പ്രഖ്യാപനം സമീപകാലത്തുതന്നെയുണ്ടാകുമെന്ന് കരുതപ്പെടുന്നു. യുഎസ്, ജപ്പാന്‍, ഇന്ത്യ എന്നിവരോടൊപ്പം മലബാര്‍ അഭ്യാസങ്ങളില്‍ ഓസ്ട്രേലിയ ചേരുന്നത് മേഖലയിലെ സഹകരണത്തിന്റെ സൂചനയായിരിക്കുമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓസ്ട്രേലിയ മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു. ക്വാഡ് ഒരു സൈനിക സഖ്യമല്ല.ഇത് ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ് സഹകരണ സംവിധാനമാണ്. അത് ശക്തിപ്പെടുത്തുന്നതില്‍ നാവിക അഭ്യാസങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കിയുണ്ട്. ഇത് തീര്‍ച്ചയായും ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമാണ്, ചൈനയുടെ ആധിപത്യ പെരുമാറ്റത്തെ എതിര്‍ക്കുന്ന ഇന്തോ-പസഫിക് രാജ്യങ്ങള്‍ പൊതുവായ ലക്ഷ്യത്തില്‍ ഒത്തുചേരുകയാണിവിടെ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ‘ഇന്ത്യ തനിച്ചല്ല’ എന്ന പോസിറ്റീവ് സിഗ്‌നല്‍ അത് അയയ്ക്കുകയും ചെയ്യുന്നു. ഇന്ന് ക്വാഡ് രാജ്യങ്ങളുടെ നയതന്ത്ര, സൈനിക സഹകരണം ചൈനക്ക് പുതിയ തലവേദനയാകുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top