Top Story

ന്യൂജെന്‍ സിഇഒമാര്‍ക്ക് വേണ്ട 7 ഗുണങ്ങള്‍ !

സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, സിഇഒ പ്രതിനിദാനം ചെയ്യുന്നത് ഒരു ബിസിനസ് ആശയത്തിന്റെ വ്യക്തിത്വവും പ്രവര്‍ത്തനക്ഷമതയുമാണ്

കോര്‍പ്പറേറ്റ് ലോകത്തിന് ഏറെ സുപരിചിതമായ ഒരു പദമാണ് ചീഫ് എക്‌സിക്യു്ട്ടീവ് ഓഫീസര്‍ (സിഇഒ ). സിഇഒ എന്നാല്‍ ഒരു സ്ഥാപനത്തിന്റെ മുഖമാണ്. സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, സിഇഒ പ്രതിനിദാനം ചെയ്യുന്നത് ഒരു ബിസിനസ് ആശയത്തിന്റെ വ്യക്തിത്വവും പ്രവര്‍ത്തനക്ഷമതയുമാണ്. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്. ഹാര്‍ഡ്‌വര്‍ക്കിനെക്കാള്‍ ഏറെ സ്മാര്‍ട്ട് വര്‍ക്ക് വിജയം കാണുന്ന ഇക്കാലഘട്ടത്തില്‍ മികച്ച സിഇഒമാര്‍ക്ക് വേണ്ടാതായി അംഗീകരിക്കപ്പെട്ട 7 ഗുണങ്ങള്‍ ഇവയാണ്…

Advertisement

മത്സരാധിഷ്ഠിതമായ ഈ ലോകത്ത് ബിസിനസ് വിജയം കൈവരിക്കണമെങ്കില്‍ രാപ്പകല്‍ ഇല്ലാതെ കഷ്ട്ടപ്പെട്ടത് കൊണ്ട് മാത്രം കാര്യമായില്ല. ഹാര്‍ഡ് വര്‍ക്കിന്റെ കാലം കഴിഞ്ഞു. ഇനിയങ്ങോട്ട് വിപണി പിടിക്കുന്നത് സ്മാര്‍ട്ട് വര്‍ക്ക് ചിന്തകളാണ്. അതിനാല്‍ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ക്ക് മാറിയകാലഘട്ടത്തിനനുസൃതമായ ചിന്തകളും പ്രവര്‍ത്തികളും അനിവാര്യമാണ്.

1. മുന്‍പേ പോയവര്‍ നല്‍കിയ അറിവ്

അച്ചടക്കത്തോടെയുള്ള സമീപനമാണ് ഒരു സിഇഒയുടെ വിജയം.സിഇഒ സ്ഥാനം കിട്ടിയ ഉടനെ ഒരു രാത്രികൊണ്ട് സ്ഥാപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെടുക്കാം എന്ന ചിന്ത വേണ്ട. തനിക്ക് മുന്‍പ് സിഇഒ സ്ഥാനത്ത് ഇരുന്ന വ്യക്തിയുടെ ഔദ്യോഗികമായ അനുഭവങ്ങളില്‍ നിന്നും സ്ഥപനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കാനും തുടര്‍ന്നുള്ള ഭരണ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകള്‍ വരുത്താതിരിക്കാനുമുള്ള കഴിവുണ്ടാകണം. ഇതിനുള്ള ക്ഷമ വളര്‍ത്തിയെടുക്കുക എന്നതാണ് ഏറ്റവും അനിവാര്യം. ഏതൊരു തീരുമാനം കൈകൊള്ളുന്നതിന് മുന്‍പും പലവട്ടം ആലോചിക്കണം.മാനേജ്‌മെന്റിന്റെ താല്‍പര്യങ്ങള്‍, ജീവനക്കാരുടെ ആവശ്യങ്ങള്‍, ഉപഭോക്താക്കളുടെ സംതൃപ്തി തുടങ്ങിയ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാവണം തീരുമാനങ്ങള്‍ എടുക്കേണ്ടത്.

2. ദ പവര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍

സിഇഒ എന്നാല്‍ ഒരു സ്ഥാപനത്തിന്റെ നട്ടെല്ലാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേതൃത്വം നല്‍കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അതിനാല്‍ മാനേജ്‌മെന്റിനോടും സഹപ്രവര്‍ത്തകരോടും ഉപഭോക്താക്കളോടുമെല്ലാം ഇടപെടുന്നതിനായി മികച്ച നേതൃപാഠവം ആവശ്യമാണ്.കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ആണ് ഇവിടുത്തെ താരം. തുറന്ന സംഭാഷണം, വ്യക്തമായ തീരുമാനങ്ങള്‍, ഉറച്ച വാക്കുകള്‍ എന്നിവ ഒരു മികച്ച സിഇഒക്ക് അനിവാര്യമായ ഘടകമാണ്.മാത്രമല്ല, സന്ദര്‍ഭത്തിനനുസൃതമായി കാര്യങ്ങള്‍ നിറവേറ്റുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ഒരു സിഇഒക്ക് കഴിയണം.

3. ചുറ്റിലും പാഠങ്ങള്‍

മാനേജ്‌മെന്റ് കോളെജുകളില്‍ നിന്നും നേടിയ അറിവ് മാത്രമല്ല ഒരു നല്ല സിഇഒയുടെ ശക്തി. വിദേശ സര്‍വകലാശാലകളില്‍ നിന്നും നേടിയ ഉയര്‍ന്ന ബിരുദം വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ ഒരു അലങ്കാരം മാത്രമായി മാറിയേക്കാം.സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന സിഇഒ സ്ഥാപനത്തിലെ അന്തരീക്ഷം നന്നായി പഠിച്ചിരിക്കണം. ടോപ് ലെവല്‍ മാനേജ്‌മെന്റില്‍ ഉള്ള വ്യക്തികള്‍, അവര്‍ക്ക് സ്ഥാപനത്തോടുള്ള മനോഭാവം എന്നിവ അറിഞ്ഞിരിക്കണം.സര്‍വ്വകലാശാലകളില്‍ നിന്നും നേടിയ ഉയര്‍ന്ന ബിരുദം പോലെ തന്നെ പ്രധാനമാണ് അനുഭവസമ്പത്തിലൂടെ ആര്‍ജിച്ച കഴിവെന്ന് മനസിലാക്കണം. സ്ഥാപനത്തിലെ മുന്‍നിരക്കാരായ ആളുകളുമായി തുറന്ന സംഭാഷണങ്ങള്‍ നടത്തുന്നത് ഇന്റേണല്‍ പൊളിറ്റിക്‌സ് പോലുള്ള അവസ്ഥകള്‍ മനസിലാക്കാന്‍ സഹായിക്കും.

4. വേണം നല്ല ബന്ധങ്ങള്‍

പല സിഇഓമാര്‍ക്കും പരാജയം സംഭവിക്കുന്നത് ഇവിടെയാണ്. സ്ഥാപനത്തിന്റെ ദീഘകാലാടിസ്ഥാനത്തിലുള്ള ഒരു വികസനമാണ് ലക്ഷ്യമെങ്കില്‍ മികച്ച ബിസിനസ്, വ്യക്തി ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും കഴിയണം.ജീവനക്കാര്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലും സ്വീകാര്യനായ ഒരു സിഇഒ ഒരു സ്ഥാപനത്തിന്റെ വിജയമാണ്. വ്യക്തിപരമായും പ്രൊഫഷണല്‍ പരമായും ബന്ധങ്ങള്‍ സൂക്ഷിക്കുക. പരിചയപ്പെടുന്ന ഓരോ വ്യക്തികളെയും മുഖവിലക്കെടുക്കുക. ഓരോ ബന്ധങ്ങളിലും പരമാവധി പോസിറ്റിവ് ആയിരിക്കുക. തുറന്ന സംഭാഷണത്തിലൂടെ മറ്റുള്ളവരെ ഉത്തേജിപ്പിക്കാനും പോസ്!റ്റിവിറ്റി നിലനിര്‍ത്താനും കഴിഞ്ഞാല്‍ അത് വ്യക്തിപരമായും ഔദ്യോഗികപരമായുമുള്ള വിജയമായിരിക്കും.

5. ഊര്‍ജം പകരുകന്ന സിഇഒ

ഒരു സ്ഥാപനത്തിന്റെ സിഇഒ പദവിയിലിരിക്കുന്ന വ്യക്തി ഊര്‍ജത്തിന്റെ ഉറവിടമാകണം. കമ്പനിക്കകത്ത് ചെലവിടുന്ന ഓരോ നിമിഷവും ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയണം. ഈഗോക്ക് ഇവിടെ സ്ഥാനമില്ല. വിജയത്തില്‍ മാത്രം ഫോക്കസ് ചെയ്ത് മുന്നേറുന്ന ഒരു വ്യക്തിയായിരിക്കണം സിഇഒ. പരാജയഭീതി വരുമ്പോള്‍ സഹപ്രവര്‍ത്തകരെ പഴിക്കുന്ന രീതി ഒരിക്കലും ഒരു മികച്ച സിഇഒയെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ കഴിയുന്നതല്ല. സ്ഥാപനത്തിന്റെ നേട്ടങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതെ സഹപ്രവര്‍ത്തകര്‍ക്ക് വീതിച്ചു നല്‍കണം. ഒപ്പം വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ കൂട്ടായ ചര്‍ച്ചകളിലൂടെ സഹപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും കരകയറാനുമുള്ള ആര്‍ജവം കാണിക്കണം.

6. കൃത്യമായ പ്‌ളാനിംഗ്

ഓഫീസുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും കൃത്യമായി പ്ലാന്‍ ചെയ്യാന്‍ സാധിക്കണം. തലപ്പത്തിരിക്കുന്നവര്‍ക്ക് വീഴ്ചപറ്റിയാല്‍ അതെ പാത തന്നെ കീഴ്ജീവനക്കാരും പിന്തുടരും. അതിനാല്‍ പറയുന്നതും ചെയ്യുന്നതുമായ ഓരോ കാര്യങ്ങളിലും വ്യക്തത കൊണ്ട് വരാന്‍ കഴിയണം. സ്ഥാപനത്തില്‍ സാമ്പത്തികവും ആശ്യപരവുമായ ധാരാളം പ്രതിസന്ധികള്‍ വന്നേക്കാം. എന്നാല്‍ ഈ പ്രതിസന്ധികളില്‍ തളരരുത്. അത്തരത്തിലുള്ള അവസരങ്ങളില്‍ സ്ഥാപനത്തിലെ പരിചയസമ്പന്നരായ അംഗങ്ങളില്‍ നിന്നും വിദഗ്‌ദോപദേശം നേടാനുള്ള മനസ്സ് കാണിക്കണം. തീരുമാനങ്ങള്‍ എടുത്ത് പ്രാവര്‍ത്തികമാക്കും മുന്‍പ് അത് മാനേജ്‌മെന്റ്, തൊഴിലാളികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ഏത് വിധത്തില്‍ പ്രയോജനപ്പെടും എന്ന് മനസിലാക്കണം. സ്ഥാപനത്തിനകത്തെ പ്രശ്‌നഭരിതമായ സാഹചര്യങ്ങള്‍ സമചിത്തത കൊണ്ട് ലഘൂകരിക്കാന്‍ കഴിയണം.

7. ചെറിയവന്‍ പറഞ്ഞാലും ചെവിട്ടില്‍ കൊള്ളണം

താന്‍ ആണ് സിഇഒ എന്നത്‌കൊണ്ട് തന്റെ തീരുമാനങ്ങള്‍ മാത്രമാണ് ശരിയെന്ന ചിന്തവേണ്ട. സ്ഥാപനത്തിലെ ഏതൊരു വ്യക്തിയുടേയും അഭിപ്രായം മുഖവിലക്കെടുക്കണം.ന്യൂജെന്‍ സിഇഒമാര്‍ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന ഒരു ഗുണമാണിത്. എടുത്തു ചാടി തീരുമാനം എടുക്കുകയും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ്സ് കാണിക്കാതിരിക്കുകയും ചെയ്യുന്നത് ആപത്തുകള്‍ ക്ഷണിച്ചു വരുത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top