BUSINESS OPPORTUNITIES

ഗോ ഡിജിറ്റല്‍; ഡിജിറ്റലാവാം… അതീവ ശ്രദ്ധയോടെ

ഉപഭോക്താക്കളെ സ്വാധീനിക്കാനും ബിസിനസില്‍ മുന്നേറാനും ശരിയായ ഡിജിറ്റല്‍ പ്ലാനുകള്‍ സ്വീകരിക്കുക എന്നതാണ് ഇന്ന് ഏതൊരു ബിസിനസ് സ്ഥാപനവും ചെയ്യുന്നത്

ഇത് ഡിജിറ്റല്‍ യുഗമാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള കാര്യങ്ങളില്‍ ഡിജിറ്റല്‍ മേഖലയുടെ സ്വാധീനം വളരെ വലുതാണ്. സംരംഭകത്വ മേഖലയില്‍ മാത്രമല്ല, സര്‍വീസ് മേഖലയിലും ഡിജിറ്റല്‍ സ്വാധീനം പിടിമുറുക്കിക്കഴിഞ്ഞു. ഉപഭോക്താക്കളെ സ്വാധീനിക്കാനും ബിസിനസില്‍ മുന്നേറാനും ശരിയായ ഡിജിറ്റല്‍ പ്ലാനുകള്‍ സ്വീകരിക്കുക എന്നതാണ് ഇന്ന് ഏതൊരു ബിസിനസ് സ്ഥാപനവും ചെയ്യുന്നത്. ഇന്റര്‍നെറ്റിന്റെ ലഭ്യതയും സാങ്കേതികതയുടെ വളര്‍ച്ചയുമാണ് സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമായ ഒന്നായി ഡിജിറ്റല്‍ പ്രൊമോഷനുകളെ മാറ്റിയത്. എന്നാല്‍ ഡിജിറ്റല്‍ മേഖലയില്‍ തങ്ങളുടെ ഐഡന്റിന്റി ഉറപ്പിക്കുന്നതിനു മുന്‍പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

Advertisement

ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ തുടങ്ങിയ മേഖലകള്‍ സുപരിചിതരാകാത്ത വ്യക്തികള്‍ ഇന്ന് വളരെ കുറവാണ്. തുടക്കത്തില്‍ വിനോദം എന്ന നിലക്ക് മാത്രം ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് ഏറ്റവും മികച്ച കമ്മ്യൂണിക്കേഷന്‍ ഉപാധിയായി മാറിക്കഴിഞ്ഞു. ബിസിനസ് , ബിസിനസ് പ്രമോഷന്‍, ചാരിറ്റി, ഗുഡ് വില്‍ മാനേജ്‌മെന്റ്, പബ്ലിക് റിലേഷന്‍സ് തുടങ്ങി ഒട്ടനവധി മേഖലകള്‍ ഇന്ന് സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു സ്ഥാപനത്തിന് ഉപഭോക്താക്കള്‍ക്കിടയിലേക്ക് എളുപ്പത്തില്‍ ഇറങ്ങിച്ചെല്ലുവാന്‍ വഴിയൊരുക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞതും എന്നാല്‍ എഫക്റ്റിവ് ആയതുമായ ഉപാധിയായി ഇന്റര്‍നെറ്റും അനുബന്ധ സോഷ്യല്‍ മീഡിയയും മാറിക്കഴിഞ്ഞു. അതിനാല്‍ തന്നെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന പരസ്യ തന്ത്രത്തിന്റെ ഏറ്റവും മികച്ച ഉപാധിയായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നതും. എന്നാല്‍; ഗുഡ് വില്‍ സംരക്ഷിക്കുന്നതിന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എത്രമാത്രം ഫലപ്രദമാണോ, അത്ര തന്നെ വലുതാണ് ഡിജിറ്റല്‍ മീഡിയയുടെ ശരിയല്ലാത്ത പ്രയോഗങ്ങള്‍ വരുത്തി വയ്ക്കുന്ന നഷ്ടങ്ങളും. പഭോക്താക്കള്‍ക്ക് ബ്രാന്‍ഡുകളുമായി സംവദിക്കാനുള്ള അവസരങ്ങളും ബിസിനസുകള്‍ക്ക് അവരുടെ ഉപഭോക്താക്കളിലേക്ക് വ്യത്യസ്ത രീതികളില്‍ എത്തിച്ചേരാനും അവസരമൊരുക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അപ്‌ഡേറ്റഡ് ആയിരിക്കാന്‍ ശ്രദ്ധിക്കുക.

സര്‍വ വ്യാപിയാകുക

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയാണ് ഒരു സ്ഥാപനം തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ ആരംഭിക്കുന്നത് എങ്കില്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും ഒരേ പോലെ ഉധഅയോഗപ്പെടുത്തുക. ഇന്റര്‍നെറ്റ് സുലഭമായ ഇക്കാലത്ത് ആളുകള്‍ കമ്പ്യൂട്ടറുകളില്‍ കൂടി മാത്രമല്ല ഇ ലോകത്ത് വ്യാപൃതരാകുന്നത്. അതിനാല്‍ സ്ഥപനത്തിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളും നല്‍കുന്ന വിവരങ്ങളും സ്മാര്‍ട്ട് ഫോണുകള്‍, ടാബുകള്‍ , ലാപ്‌ടോപ്പുകള്‍ , ടി.വി, ഗെയിം കണ്‍സോളുകള്‍ തുടങ്ങി എല്ലാ മേഖലകളിലും ലഭിക്കത്തക്കരീതിയില്‍ ചെയ്യുക. വെബ്‌സൈറ്റുകള്‍, മറ്റ് ഡിജിറ്റല്‍ പ്രമോഷനുകള്‍ എന്നിവ ഉണ്ടാക്കുമ്പോള്‍ ഈ ഓരോ ഉപകരണങ്ങളിലും നല്ല രീതിയില്‍ കാണാന്‍ സാധിക്കുന്ന രീതിയില്‍ തന്നെ ഡിസൈന്‍ ചെയ്യാന്‍ കഴിയണം.മൊബീല്‍ കോംപാക്റ്റബിള്‍ അല്ലാത്ത വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നത് ഇക്കാലത്ത് വലിയ വിഡ്ഢിത്തമാണ്. അതിനാല്‍ അടിസ്ഥാന ഘടകമായ വെബ്‌സൈറ്റ് നിര്‍മാണം മുതല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സോഷ്യല്‍ മീഡിയ

ഇന്ന്പല തരത്തിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന്, ഫേസ്ബുക്ക് , ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, യൂട്യൂബ്, ഗൂഗിള്‍, ഇന്‍സ്റ്റാഗ്രാം, ടിക് ടോക് എന്നിങ്ങനെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ കോടിക്കണക്കിന് ആളുകളാണ് വ്യാപൃതരായിരിക്കുന്നത്. വ്യത്യസ്ത പര്‍ച്ചേസിംഗ് പവര്‍ ഉള്ള, വ്യത്യസ്ത അഭിരുചികള്‍ ഉള്ള ആളുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരിക്കും. ഓരോ വ്യക്തികളും അവരവരുടെ താത്പര്യങ്ങള്‍ക്കനുസൃതമായാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തെരഞ്ഞെടുക്കുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ ട്വിറ്റര്‍ കൂടുതല്‍ ഇന്‍ഫര്‍മേറ്റിവ് കണ്ടന്റ് ആണ് നല്‍കുന്നത്. അതെ സമയം ടിക്‌ടോക് പൂര്‍ണമായും എന്റര്‍ടൈന്‍മെന്റ് ആണ്. ലിങ്ക്ഡ് ഇന്‍ ആകട്ടെ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് ആണ്. അതിനാല്‍ സ്ഥാപനത്തിന്റെയും ഉല്‍പ്പന്നത്തിന്റെയും സ്വഭാവമനുസരിച്ച് വേണം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്താന്‍ സോഷ്യല്‍ മീഡിയ തെരഞ്ഞെടുക്കാന്‍

ഡിജിറ്റല്‍ മീഡിയയെ അറിയുക

അഡ്വര്‍ടൈസിംഗ്, പ്രമോഷന്‍സ്, ഇമെയ്ല്‍, മെസേജിംഗ്, ബ്ലോഗ്, മൈക്രോ കണ്ടന്റ് മാര്‍ക്കറ്റിംഗ്, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ എന്നിങ്ങനെ പല തരത്തിലുള്ള കമ്യൂണിക്കേഷന്‍ ചാനലുകള്‍ ഇന്ന് നിലവിലുണ്ട്. ഇത് ഓരോന്നും എടുത്ത് നമ്മുടെ ഉല്‍പ്പന്നത്തിന് ഏതാണ് ഏറ്റവും യോജിക്കുന്നത് എന്ന് ആദ്യമേ കണ്ടെത്തണം . സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍ പറഞ്ഞത് പോലെ തന്നെ എല്ലാം നമുക്കാവശ്യമില്ല. സ്ഥപനത്തിന്റെ അടിസ്ഥാന ഉപഭോക്താക്കള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് തെരഞ്ഞെടുക്കേണ്ടത്. ഏറ്റവും ബുദ്ധിപരമായി ചെയ്യേണ്ട ഒരു കാര്യമാണിത്. പരസ്യങ്ങള്‍ വീഡിയോകള്‍; എന്നിവ നല്‍കും മുന്‍പായി ഉപഭോക്താക്കളുടെ അഭിരുചിയുമായി ചേരുന്നവയാണോ നിങ്ങള്‍ തയ്യാറാക്കിയത് എന്ന് ഉറപ്പിക്കണം.

വേണം മികച്ച പ്ലാന്‍

ശരിയായ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടക്കം മുതല്‍ക്ക് തന്നെ അനിവാര്യമാണ്. അത്തരത്തില്‍ ഒരു പ്ലാന്‍ തയ്യാറാക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വിദഗ്ദര്‍, ബ്രാന്‍ഡിംഗ് വിദഗ്ദര്‍ , പബ്ലിക് റിലേഷന്‍സ് മാനേജര്‍ തുടങ്ങിയവരുടെ സാന്നിധ്യം അനിവാര്യമാണ്. കാരണം വ്യത്യസ്ത തരത്തിലുള്ള ഉപഭോക്തൃ സമൂഹവുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും സ്ഥാപനത്തെപ്പറ്റി നന്നായി അറിയാവുന്നവരുമാണ് ഇക്കൂട്ടര്‍. അതിനാല്‍ ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് സംബന്ധിച്ച പ്ലാനിംഗില്‍ ഇവര്‍ക്ക് ഏറെ സഹായിക്കാനാകും. സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, ഡിജിറ്റല്‍ മീഡിയയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുക എന്നത് ഏറെ അനിവാര്യമായ കാര്യമാണ്.

സാങ്കേതിക വിദ്യക്കൊപ്പം

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് ബിസിനസ് മേഖലയിലുണ്ടായ വളര്‍ച്ചയുടെ നിര്‍ണായക കാരണം. അതിനാല്‍ മാറി മാറി വരുന്ന ടെക്‌നോളജി ശരിയായി ഉപയോഗിക്കുക . എന്നും ഈ മേഖലയില്‍ അപ്‌ഡേറ്റഡ് ആയിരിക്കുക എന്നതും പ്രധാനമാണ്. ഐ.ഒ.ടി, ബ്ലോക്ക്‌ചെയ്ന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള പുതിയ രീതികള്‍ മനസിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക. ഡിജിറ്റല്‍ ലോകത്തെ സ്വയം നിയന്ത്രിക്കുന്ന രീതിയില്‍ വളരുവാന്‍ കഴിയുക എന്നതാണ് ഏറെ പ്രധാനം .കാലഹരണപ്പെട്ട പഴഞ്ചന്‍ മാര്‍ക്കറ്റിംഗ് രീതികളോട് ബൈ പറയേണ്ട സമയം ആയിക്കഴിഞ്ഞു.

ഡാറ്റ സുരക്ഷിതമാക്കുക

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് സജീവമാകുമ്പോള്‍ സ്ഥാപനത്തിന് അത്രമേല്‍ വിശ്വാസമുള്ള വ്യക്തികളെ മാത്രം കൂടെ നിര്‍ത്തുക. കാരണം സ്ഥാപനത്തെ സംബന്ധിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നതുമായ വാര്‍ത്തകള്‍ ഏറെ പ്രധാനമാണ്. ഇത് അതീവ ശ്രദ്ധയോടെ സംരക്ഷിക്കാന്‍ കഴിയണം. മാത്രമല്ല, സോഷ്യല്‍ മീഡിയ റെസ്‌പോണ്‍സില്‍ നിന്നും ഡാറ്റ അനലറ്റിക്‌സ് വഴി ഉപഭോക്താക്കളെയും അവരുടെ താല്‍പര്യങ്ങളെയും മനസിലാക്കാന്‍ കഴിയണം.ഇതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ഏറ്റവും നിര്‍ണായകമായ ഘടകം. ഒരു സ്ഥാപനത്തിന്റെ ഇമേജ് സംരക്ഷിക്കുന്നതും തകര്‍ക്കുന്നതും അതില്‍ പങ്കു വയ്ക്കുന്ന ഡാറ്റകളാണ് . അതിനാല്‍ ഈ വിഭാഗം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top