BUSINESS OPPORTUNITIES

മാതൃത്വ ഡയറി, ഐഐഎം ബിരുദധാരിയുടെ പാല്‍ക്കച്ചവടത്തിന്റെ കഥ

പോസിറ്റിവിറ്റിയുടെ പ്രതിഫലനമാണ് രാജസ്ഥാന്‍ നിറഞ്ഞൊഴുകുന്ന മാതൃത്വ ഡയറി പ്രൊഡക്റ്റ്‌സിന്റെ വിജയം

വ്യത്യസ്തങ്ങളായ വഴിയേ സഞ്ചരിക്കുന്നവര്‍…അക്കൂട്ടര്‍ എന്നും പിന്മുറക്കാര്‍ക്ക് മാതൃകകളാണ്. ഐഐഎം ബിരുദധാരിയായ രാജസ്ഥാന്‍ സ്വദേശിനി അങ്കിത കുമവത്ത് അത്തരത്തില്‍ ഒരു വ്യക്തിയാണ്. ടെക്‌നോളജിയുടെ ലോകത്തേക്കാള്‍ കന്നുകാലി വളര്‍ത്തലിനെ പ്രണയിച്ചവള്‍. അതിനാല്‍ തന്നെ ജോലിയുപേക്ഷിച്ച് 2016 ല്‍ പശുവളര്‍ത്തലിലേക്ക് തിരിയുമ്പോള്‍ അങ്കിത ഏറെ പോസിറ്റീവ് ആയിരുന്നു. ആ പോസിറ്റിവിറ്റിയുടെ പ്രതിഫലനമാണ് രാജസ്ഥാന്‍ നിറഞ്ഞൊഴുകുന്ന മാതൃത്വ ഡയറി പ്രൊഡക്റ്റ്‌സിന്റെ വിജയം.

Advertisement

അങ്കിത കുമവത്ത്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തില്‍ നായക കഥാപാത്രമായ ദാസനോട് പശുവിന്റെ കരച്ചില്‍ കേട്ട് സുഹൃത്ത് വിജയന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്ന പോലുണ്ടല്ലേ’ എന്ന്. മലയാളികളെ ഏറെ ചിരിപ്പിച്ച ആ ഡയലോഗ് രാജസ്ഥാന്‍ സ്വദേശിനിയായ അങ്കിത കുമവത്തിന്റെ ജീവിതത്തില്‍ അക്ഷരംപ്രതി ശരിയായിരുന്നു. കൃത്യം മൂന്നു വര്‍ഷം മുന്‍പ് തന്റെ അതുവരെയുള്ള സമ്പാദ്യം മുഴുവന്‍ വിനിയോഗിച്ച് സ്വന്തമായി 25 പശുക്കളെ വാങ്ങി പശുവളര്‍ത്തലിലേക്ക് തിരിഞ്ഞ ആ രാത്രി അങ്കിതയും ചിന്തിച്ചത് പശുക്കള്‍ തന്റെ ജീവിതത്തില്‍ കൊണ്ടുവരാന്‍ പോകുന്ന ഐശ്വര്യത്തെക്കുറിച്ചാണ്.

ടെക്ക് രംഗം ഉപേക്ഷിച്ച് കാര്‍ഷിക രംഗത്തേക്ക് തിരിയുക എന്നതാണല്ലോ ഇന്നത്തെ യുവാക്കള്‍ക്കിടയിലെ പ്രധാന ട്രെന്‍ഡ്. ഇത് തന്നെയാണ് അങ്കിതയും ചെയ്തത്. എന്നാല്‍ ആ തീരുമാനം യാഥാര്‍ത്ഥ്യമാക്കിയതോടെ നാട്ടുകാരും വീട്ടുകാരും അങ്കിതക്ക് ഒരു ചെല്ലപ്പേരിട്ടു..അഹങ്കാരി! ഐഐഎം ബിരുദധാരിയായ വ്യക്തി മികച്ച ശമ്പളമുള്ള ജോലി വേണ്ടെന്ന് വച്ച് പശുവിനെ വളര്‍ത്താന്‍ ഇറങ്ങിത്തിരിച്ചാല്‍ പിന്നെ വേറെന്ത് പറയാനാണ്. ഉറപ്പാപ്പയും ഈ കച്ചവടം എട്ട് നിലയില്‍ പൊട്ടുമെന്ന് നാട്ടുകാര്‍ വിധിയെഴുതി. എന്നാല്‍ ജയിച്ചു കാണിച്ചിട്ട് തന്നെ കാര്യമെന്ന് അങ്കിതയും. ആ വാശിയില്‍ നിന്നുമാണ് മാതൃത്വ ഡയറി എന്ന സ്ഥാപനത്തിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്.

പശുവളര്‍ത്തലിലൂടെ പണം നേടണം എന്ന ആഗ്രഹത്തേക്കാള്‍ പശുവളര്‍ത്തലിനോടുള്ള പാഷനാണ് രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ അങ്കിതയെ ഈ രംഗത്തേക്ക് എത്തിച്ചത്. ഐഐഎം കൊല്‍ക്കത്തയില്‍ നിന്നും മികച്ച മാര്‍ക്കോടെ പഠിച്ചിറങ്ങിയ അങ്കിതക്ക് തുടക്കത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ഉടനെ നല്ല ജോലി ലഭിച്ചിരുന്നു. എന്നാല്‍ വൈറ്റ് കോളര്‍ ജോലിയുടെ ഗ്ലാമറിനേക്കാള്‍ അങ്കിതക്ക് പ്രിയം പശുപരിപാലനമായിരുന്നു. വര്‍ഷങ്ങളോളം മറ്റുള്ളവര്‍ക്ക് കീഴില്‍ ഒരു ക്ലെറിക്കല്‍ ജോലി ചെയ്ത് ഒതുങ്ങാതെ ചെറുതെങ്കിലും സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന ചിന്ത മനസിലുദിച്ചതോടെയാണ് പശുവളര്‍ത്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ക്ഷീരകൃഷി എന്നത് വീട്ടുകാര്യം

കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തിലാണ് അങ്കിത ജനിച്ചത്. പിതാവിന് ക്ഷീരവ്യവസായമായിരുന്നു. ഇരുപത് വര്‍ഷത്തോളം പാല്‍ക്കച്ചവടത്തില്‍ പിതാവിനെ സഹായിച്ച അങ്കിതക്ക് പശുവളര്‍ത്തല്‍, തീറ്റ, കറവ എന്നുവേണ്ട ഈ മേഖലയുമായി ബന്ധപ്പെട്ട എന്ത്കാര്യം നന്നായി അറിയാമായിരുന്നു. പശുവളര്‍ത്തലിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതോടെ അങ്കിത ഈ മേഖലയെപ്പറ്റി കൂടുതല്‍ പഠിച്ചു. നാട്ടില്‍ വില്പനക്കെത്തുന്ന ഗുണനിലവാരമില്ലാത്ത പാലിന്റെ കഥകള്‍ അങ്കിതയെ ഏറെ വിഷമിപ്പിച്ചു. വെള്ളം ചേര്‍ക്കാത്ത, ശുദ്ധമായ പാല്‍ വിറ്റിരുന്ന അങ്കിതയുടെ പിതാവിന് പക്ഷെ തന്റെ തൊഴിലില്‍ നിന്നും വലിയ ലാഭമൊന്നും നേടാനായിരുന്നില്ല. ഇതിനുള്ള പ്രധാനകാരണം അദ്ദേഹത്തിന് തന്റെ ഉല്‍പ്പന്നത്തെ ബ്രാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു. ബ്രാന്‍ഡ് ചെയ്‌തെടുത്ത നാടന്‍ പാലിന് നല്ല വിപണിയാണ് ഉള്ളതെന്ന് അങ്കിതക്ക് മനസിലായി. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ലക്ഷണമൊത്ത 25 പശുക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കി.

തന്റെ അടുത്ത സുഹൃത്തായ ലോകേഷ് ഗുപ്തക്ക് ഈ രംഗത്ത് താല്‍പര്യമുണ്ടെന്ന് മനസിലാക്കിയ അങ്കിത ബയോകെമിസ്റ്റ് കൂടിയായ ലോകേഷിനോട്
തന്റെ സ്ഥാപനത്തിന് വേണ്ട മാനസിക പിന്തുണ നല്‍കുന്നതിനായി ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ബിസിനസ് പങ്കാളിയാവാനുള്ള താല്‍പര്യം ആണ് കാണിച്ചത്.അങ്ങനെ ഇരുവരുടെയും കൂട്ടുത്തരവാദിത്വത്തില്‍ 10 ലക്ഷം രൂപ നിക്ഷേപത്തില്‍ 2016 ല്‍ മാതൃത്വ ഡയറി പ്രൊഡക്റ്റ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു. 25 ഗീര്‍ പശുക്കളെയാണ് ഇവര്‍ വാങ്ങിയത്. ഈ പശുക്കളുടെ പാലിന് ഒരു പ്രത്യേകതയുണ്ടായിരുന്നു അ2 മില്‍ക്ക് എന്നാണ് അത് അറിയപ്പെട്ടിരുന്ന. ബീറ്റാ പ്രോട്ടീനുകള്‍ കൊണ്ട് സമ്പന്നമായിരുന്നു ഇത്തരം പാല്‍. അതിനാല്‍ അ2 മില്‍ക്ക് എന്ന പേരില്‍ തന്നെ തങ്ങളുടെ സ്ഥാപനത്തില്‍ നിന്നും പാല്‍ വിപണിയിലെത്തിക്കാന്‍ അങ്കിത തീരുമാനിച്ചു. ഫാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം ലോകേഷ് നോക്കി നടത്തി. അങ്കിത മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിച്ചു.

വിപണി പിടിക്കാന്‍ ആറ് മാസം

വ്യത്യസ്തമായ മാര്‍ക്കറ്റിംഗ് തന്ത്രം വിപണി പിടിക്കുന്നതിനു സഹായിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രാജസ്ഥാനില്‍ മാതൃത്വ ഡയറി പ്രൊഡക്ട്‌സ് പ്രശസ്തി നേടി. പാലിന് പുറമെ, നെയ്യ്, വെണ്ണ, തൈര്, പനീര്‍ തുടങ്ങിയ മൂല്യവര്‍ധിത വസ്തുക്കളും അങ്കിത വിപണിയില്‍ എത്തിച്ചു. തുടക്കത്തില്‍ അങ്കിതയും ലോകേഷും മാത്രമായിരുന്നു ഫാമിലെ പ്രധാന ചുമതലയുള്ളവര്‍. മാര്‍ക്കറ്റിംഗ് മുതല്‍ കറവ വരെ ഇരുവരും ചേര്‍ന്നാണ് നടത്തിയിരുന്നത്. ആറാം മാസം മുതല്‍ പാലിനുള്ള ഓര്‍ഡര്‍ വര്‍ധിച്ചതോടെ അങ്കിതയുടെ പാല്‍ക്കച്ചവടം കുട്ടിക്കളിയല്ല എന്ന് പിതാവിന് അതോടെ മനസിലായി. സാവധാനം അദ്ദേഹവും ഈ രംഗത്തേക്ക് ഇറങ്ങി. കൂടുതല്‍ പശുക്കളെയും കറവ യന്ത്രങ്ങളും വാങ്ങി. ഇന്ന് സകല ചെലവും കഴിച്ച് ഒരു ലക്ഷം രൂപക്ക് മുകളില്‍ വരുമാനം നേടാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ വിപണിയിലൂടെ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അങ്കിത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top