സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 33,640 രൂപയും ഗ്രാമിന് 4,205 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും. വിപണിയിലെ ഈ ചാഞ്ചാട്ടം നിക്ഷേപകരെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.
ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു .എംസിഎക്സില്‍ 44,680 രൂപയാണ് സ്വര്‍ണത്തിന്റെ പിന്തുണ നില. പ്രതിരോധ നില 46,200 രൂപയും.
സ്വര്‍ണത്തിന് സമാനമായി വെള്ളി, പ്ലാറ്റിനം, പലേഡിയം ലോഹങ്ങളിലും വിലയിടിവ് ദൃശ്യമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നേട്ടമാണ് അടുത്തകാലത്തായി 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകള്‍ കാഴ്ച്ചവെക്കുന്നത്. നഷ്ടസാധ്യതയില്ലാത്ത ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം നല്‍കുമ്പോള്‍ പലിശ ലഭിക്കാത്ത സ്വര്‍ണത്തില്‍ നിന്നും നിക്ഷേപകര്‍ പിന്‍വാങ്ങാന്‍ ആഗ്രഹിക്കുകയാണ്.
ഇത്തരത്തില്‍ പല കാരണങ്ങള്‍കൊണ്ടും വിപണിയില്‍ സ്വര്‍ണത്തിന്റെ മാറ്റ് കുറയുകയാണ്.ഇത്തരം ഒരവസ്ഥ നിലനില്‍ക്കുമ്പോഴും ദീര്‍ഘകാലത്തേക്ക് സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
