വിജയത്തിലേക്ക് കുതിക്കുന്ന ഏതൊരു സ്ഥാപനത്തിന്റെയും പിന്നില്‍ ഉല്‍പ്പാദനക്ഷമതയുള്ള തൊഴിലാളികളാണുള്ളത് എന്ന് പ്രത്യേകം പറയേണ്ടതില്ല. മികച്ച വേതനം നല്‍കിയിട്ടും തൊഴിലാളികള്‍ ഉല്‍പ്പാദനക്ഷമതയുടെ കാര്യത്തില്‍ പിന്നിലാണെങ്കില്‍ അത് സ്ഥാപനത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ബാധിക്കും.നിക്ഷേപം നഷ്ടത്തിലാകും എന്ന് മാത്രമല്ല, സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ വളര്‍ച്ചയെ അത് ബാധിക്കുകയും ചെയ്യും. ഇതിനാലാണ് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ അടിക്കടി എച്ച് ആര്‍ ട്രൈനിംഗ് പരിപാടികളും ഉല്‍പ്പാദനക്ഷമതാ വര്‍ധനവിനായുള്ള ക്‌ളാസുകളും നടത്തുന്നത്.
വളരെ നിസാരമെന്ന് കരുതുന്ന ചില കാര്യങ്ങളായിരിക്കും പലപ്പോഴും ശരിയായ രീതിയില്‍ ഗൗനിക്കപ്പെടാതെ പോകുമ്പോള്‍ വലിയ പ്രശ്‌നങ്ങളായി മാറുന്നത്. അതിനാല്‍ തൊഴിലാളികളെ ജോലി സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നതിനും അവരുടെ ഉല്‍പാദനക്ഷമത, ക്രിയേറ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുന്നതിനായി ഇന്ന് ഒരുമിക്ക സ്ഥാപനങ്ങളും അവരവരുടേതായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ദുശ്ശീലങ്ങളെ പിടിച്ചുകെട്ടാനും സ്വയം നിയന്ത്രിക്കാനുമുള്ള കഴിവുള്ളവര്‍ക്കാണ് ജീവിതത്തില്‍ നേട്ടങ്ങളും സന്തോഷവും ആര്‍ജിക്കാനാവുകയെന്ന് മിനെസോട്ട യൂനിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.ഈ പഠനത്തില്‍ അധിഷ്ഠിതമായി ജോലി സ്ഥലത്ത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി നയങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന തിരക്കിലാണ് കോര്‍പ്പറേറ്റ് കമ്പനികളുടെ എച്ച് ആര്‍ വിഭാഗം
എത്ര വലിയ നിക്ഷേപത്തില്‍ തുടങ്ങിയ സ്ഥാപനമായാലും എത്ര മികച്ച ആശ്യമായാലും ഒരു സ്ഥാപനം വിജയിക്കുന്നതിന് നിര്‍ണായകമായ ഘടകം സ്ഥാപനത്തിലെ തൊഴിലാളികളാണ്. മാനേജ്‌മെന്റിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍കണ്ടറിഞ്ഞു കമ്പനിക്ക് വേണ്ടി സേവനം നടത്തുന്നവരാണ് തൊഴിലാളികള്‍. ഒരു ബിസിനസിനെ ശരിയായ ദിശയില്‍ കൊണ്ടുവരാനും അടച്ചു പൂട്ടിക്കാനും തൊഴിലാളികള്‍ വിചാരിച്ചാല്‍ കഴിയും. അതിനാല്‍ സ്ഥാപനം മികച്ച രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ തൊഴിലാളികളെ സ്ഥാപനത്തോട് ചേര്‍ത്തു നിര്‍ത്തുകയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യണം.
ഒരാളുടെ ഉല്‍പ്പാദനക്ഷമതയ്ക്കു വിലങ്ങുതടിയായി നില്‍ക്കുന്നത് പലപ്പോഴും ബാഹ്യഘടകങ്ങളല്ല, മറിച്ച് സ്വന്തം ദുശ്ശീലങ്ങളാണ്. അതിനാല്‍ ഒരു വ്യക്തിയെ ജോലിക്കായി തെരഞ്ഞെടുക്കുമ്പോള്‍ തന്നെ അത്തരത്തില്‍ ഒരു പഠനം നടത്തുക. മികച്ച എച്ച് ആര്‍ ട്രൈനിംഗ്, ഗ്രൂപ്പ് ആക്റ്റിവിറ്റി എന്നിവയുടെ പിന്‍ബലത്തോടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. എന്നാല്‍ ഇതിനായി ആദ്യം തൊഴിലാളികളെ അടുത്തറിയണം. ദുശ്ശീലങ്ങളെ പിടിച്ചുകെട്ടാനും സ്വയം നിയന്ത്രിക്കാനുമുള്ള കഴിവുള്ളവര്‍ക്ക് ജീവിതത്തില്‍ വിജയം കയ്യെത്തിപ്പിടിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഇതിനു സ്വയം കഴിയാത്തവര്‍ക്ക് അതിനായുള്ള സാഹചര്യം ഒരുക്കി നല്‍കുക എന്നതാണ് ഒരു മികച്ച എച്ച് ആര്‍ വിഭാഗത്തിന്റെ ചുമതല. ഇതനുസരിച്ച് സ്വയം മാറ്റം കൊണ്ട് വരാന്‍ ഓരോ തൊഴിലാളിയും ശ്രമിക്കുകയും വേണം
ടെക്‌നോളജിക്ക് അടിമപ്പെടേണ്ട
ഓഫീസില്‍ കൃത്യനിഷ്ഠയോടെ ജോലി ചെയ്യണം എണ്ണ ആഗ്രഹവുമായി വരും. എന്നാല്‍ വൈകിട്ട് തിരിച്ചു പോകുമ്പോഴേക്കും പകുതി ജോലിയും പെന്‍ഡിംഗ് ആയിരിക്കും. എന്താണ് ഇങ്ങനെ എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല. ഒട്ടുമിക്ക ദിവസങ്ങളിലും അവസ്ഥ ഇത് തന്നെയാണ് എങ്കില്‍ സ്വയം ഒരു വിലയിരുത്തല്‍ നടത്തേണ്ട സമയമായി എന്ന് ചുരുക്കം. ഇത്തരം പ്രശ്‌നങ്ങളില്‍ ഭൂരിഭാഗത്തിന്റെയും കാരണം ടെക്‌നോളജിയുടെ കടന്നുകയറ്റമായിരിക്കും.
രാത്രിയിലെ മൊബൈല്‍, കംപ്യൂട്ടര്‍ ഉപയോഗം ഉറങ്ങാന്‍ കിടന്നാല്‍ പോലും മൊബൈലോ ടാബോ നോക്കുന്ന ശീലമുള്ളവരാണ് ഇന്നത്തെ തലമുറ. ഉറക്കം വരുന്ന വരെയേ തുമല്ലെങ്കില്‍ ചാര്‍ജ് തീരുന്നവരെ എന്നാണ് കണക്ക്. ഇതിനിടക്ക് ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ അറിയണോ വിലയിരുത്താനോ സമയമില്ല. കേള്‍ക്കുമ്പോള്‍ വളരെ നിസാരമെന്ന് തോന്നുമെങ്കിലും ഇത് നമ്മുടെ ശരീരത്തിലും മനസിലും ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.
മൊബീല്‍ സ്‌ക്രീനില്‍ നിന്ന് വരുന്ന തരംഗദൈര്‍ഘ്യം കുറഞ്ഞ നീലവെളിച്ചം ശരീരത്തെ ഉറക്കിലേക്ക് നയിക്കുന്ന മെലറ്റോണിന്‍ ഉല്‍പ്പാദനം മെല്ലെയാക്കും. സാധാരണ ഗതിയില്‍ പ്രഭാത സൂര്യന്റെ ഈ നീല വെളിച്ചമാണ് നമ്മില്‍ ഉറക്കച്ചടവുകള്‍ ഇല്ലാതാക്കി ഉന്‍മേഷം പരത്തുന്നത്. വൈകുന്നേരമാവുമ്പോള്‍ സൂര്യന്റെ നീല വെളിച്ചം അപ്രത്യക്ഷമാവുകയും നമ്മുടെ ശരീരത്തെ ഉറക്കിനായി ഒരുക്കുകയും ചെയ്യുന്നു.
രാത്രി വൈകിയുള്ള കംപ്യൂട്ടര്‍, മൊബൈല്‍ ഉപയോഗം നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കും. ഇറങ്ങിയാല്‍ തന്നെ നല്ല ഉറക്കം ലഭിക്കാതിരിക്കാന്‍ അത് ഇടവരുത്തും. ഉറക്കമില്ലായ്മ ഒരാളുടെ ഉല്‍പ്പാദനക്ഷമതയെയും കാര്യക്ഷമതയെയും എത്രത്തോളം ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ അവസ്ഥ ഓഫിസ് അന്തരീക്ഷത്തിലും തുടരുകയാണെങ്കില്‍ ഉല്‍പ്പാദനക്ഷമതയുടെ കാര്യം പ്രത്യേകം പറയണ്ടല്ലോ. ഇതുകൊണ്ടാണ് പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ജോലി സമയത്ത് മൊബീലിന്റെ ഉപയോഗം നിയന്ത്രിച്ചിരുന്നത്.
മൊബീല്‍ ഉപയോഗം നിയന്ത്രിച്ച സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ആവശ്യമായി സാങ്കേതികവിദ്യക്ക് അടിമപ്പെടുന്ന തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നും വ്യക്തി സാഹചര്യങ്ങളില്‍ നിന്നും അകലം പാലിക്കുന്നതാണ് തൊഴിലിടത്തില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് നല്ലത്.
ഇന്റര്‍നെറ്റ് സര്‍ഫിംഗ് പരിധിവിടരുത്
ഒരു വ്യക്തിക്ക് അറിവ് പകര്‍ന്നു നല്‍കുന്ന ഏറ്റവും മികച്ച ഉപാധിയാണ് ഇന്ന് ഇന്റര്‍നെറ്റ്. എന്ന് കരുതി ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമപ്പെടരുത്. ഇടയ്ക്കിടെയുള്ള ഇന്റര്‍നെറ്റ് സര്‍ഫിംഗ് ഒരാള്‍ക്ക് ഒരു ജോലിയില്‍ മുഴുകിയ അവസ്ഥയില്‍ പ്രശ്‌നം സൃഷ്ടിക്കും. ജോലിക്കായുള്ള ഇന്റര്‍നെറ്റ് സര്‍ഫിംഗ് പോലും ഏകാഗ്രതയോടെ ചെയ്താല്‍ മാത്രമേ അതിന് ഉല്‍പ്പാദനക്ഷമതയുണ്ടാകൂ. ചുരുങ്ങിയത് 15 മിനുട്ടെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്താനാവണം.
ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ജോലിയില്‍ ഏകാഗ്രത നഷ്ടപ്പെട്ടു എന്ന് ചുരുക്കം. ഇത്തരത്തിലുള്ള തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് വരുന്നതിനായുള്ള അവസരമൊരുക്കി നല്‍കേണ്ടത് എച്ച് ആര്‍ വിഭാഗത്തിന്റെ കൂടി ചുമതലയാണ്. കോര്‍പ്പറേറ്റ് ലെവല്‍ ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍ ഇതിനു സഹായിക്കും. വാര്‍ത്തകള്‍ അറിയാനോ വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ നോക്കാനോ ക്രിക്കറ്റ് സ്‌കോറുകള്‍ അറിയാനോ ഇടയ്ക്കിടെ ഇന്റര്‍നെറ്റിലേക്ക് തിരിയുന്നവര്‍ക്ക് ജോലിയില്‍ ഏകാഗ്രത ലഭിക്കുകയില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതിനാല്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അത് മാത്രം ചെയ്യുക. ഒന്ന് പൂര്‍ത്തിയാക്കാതെ മറ്റൊന്നിലേക്ക് കടക്കുന്നത് മികച്ച ഫലം നല്‍കില്ല.
പ്രവര്‍ത്തന സ്വാതന്ത്യം വേണം
ഓരോ വ്യക്തികളും ഒന്നിനൊന്നു വ്യത്യസ്തരാണ്. എല്ലാവര്‍ക്കും കോര്‍പ്പറേറ്റ് വ്യവസ്ഥിതിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്തരത്തിലുള്ളവരുടെ പ്രധാനപ്രശ്‌നം വ്യവസ്ഥാപിത നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും ഇടക്ക് മതിയായ സ്വാതന്ത്ര്യം ലഭിക്കുന്നില്ല എണ്ണ തോന്നലാണ്. ഈ തോന്നല്‍ മാറ്റുക എന്നതാണ് തൊഴിലാളിയില്‍ നിന്നും മികച്ച ഉല്‍പ്പാദനക്ഷമത ലഭിക്കുവാന്‍ ഏറ്റവും അനിവാര്യമായ കാര്യം. പ്രത്യക്ഷത്തില്‍ തന്റെ സ്ഥാപനം തനിക്കൊപ്പം ഉണ്ട് എന്നും ആവശ്യത്തിന് പ്രവര്‍ത്തന സ്വാതന്ത്ര്യം തനിക്ക് ലഭിക്കുന്നുണ്ട് എന്നുമുള്ള തോന്നല്‍ തൊഴിലാളികള്‍ക്ക് ഉണ്ടാകണം.
ഇതിനായി മുന്‍കൈ എടുക്കേണ്ടത് സ്ഥാപനം തന്നെയാണ്. തൊഴില്‍മേഖലയിലെ വിശ്വാസ്യത വര്‍ധിപ്പിക്കുക എന്നതാണ് ആദ്യപടി. ഇക്കാര്യത്തില്‍ വിജയിച്ചാല്‍ പിന്നെ ഒരു തിരിച്ചുപോക്കില്ല. അതിനാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ ഒരു ഓഫീസ് അന്തരീക്ഷം ഓരോ തൊഴിലാളിക്കും നല്‍കുവാന്‍ ശ്രമിക്കുക. ഒട്ടുമിക്ക ന്യൂജെന്‍ സംരംഭങ്ങളും ഇക്കാര്യത്തില്‍ അയവുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അത് തന്നെയാണ് അവരുടെ വിജയവും.
പെര്‍ഫെക്ഷനിസം തലവേദനായകരുത്
ചെയ്യുന്ന കാര്യങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണം എന്ന ആഗ്രഹം മുതലാളിക്കും തൊഴിലാളിക്കും ഒരേ പോലെ വേണ്ടതാണ്. എന്നാല്‍ ഈ ആഗ്രഹം ഒരിക്കലും ഒരു തലവേദനായകരുത്. പെര്‍ഫെക്ഷനിസ്റ്റുകള്‍ ഓഫീസില്‍ ഉള്ളത് നല്ലത് തന്നെ , എന്നാല്‍ ഇതുകൊണ്ട് സമയനഷ്ടം ഉണ്ടാകുന്ന ഒരു സ്ഥിതി വരരുത്. ഒരു വ്യക്തിയുടെ പ്രൊഡക്ടിവിറ്റിയെ തുരങ്കം വയ്ക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്. ഏറ്റെടുക്കുന്ന കാര്യം പൂര്‍ണതോതില്‍ ശരിയായി ചെയ്യാന്‍ കഴിയുമോ എന്ന ആശങ്ക പല കാര്യങ്ങളില്‍ നിന്നും അവരെ പിറകോട്ടുവലിക്കും. അതോടെ കരിയറില്‍ പിന്നോട്ടുള്ള യാത്ര ആരംഭിക്കും.
എന്ത് ജോലിയും ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് നടപ്പാക്കാനുള്ള നേതൃപാഠവമാണ് ഒരു വ്യക്തി സ്വന്തമാക്കേണ്ടത്. ഒന്നിന് വേണ്ടിയും കാത്തു നില്‍ക്കരുത്. അവസരങ്ങള്‍ വരുമ്പോള്‍ അതിനൊത്ത് മാറുക എന്നതാണ് ഉചിതം. അല്ലാതെ പെര്‌ഫെക്ഷന്റെ പേരില്‍ ലഭിക്കുന്ന അവസരങ്ങള്‍ നഷ്ട്ടപ്പെടുത്തുന്നതിലല്ല. തന്നാലാവുന്നതില്‍ ഏറ്റവും മികച്ചത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുകയെന്നതാണ് ഏത് ജോലിയിലും പ്രധാനം. മോശമായെഴുതിയ പേജ് എഡിറ്റ് ചെയ്ത് നന്നാക്കാം. പക്ഷെ കാലി പേജ് ഒരിക്കലും എഡിറ്റ് ചെയ്യാനാവില്ല. അതിനാല്‍ പിന്നേക്ക് എന്ന് കരുതി അമാന്തിച്ച് നില്‍ക്കാതെ ഈ നിമിഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുക.
മീറ്റിങ്ങുകള്‍ക്ക് നിയന്ത്രണമാകാം
തുറന്ന ചര്‍ച്ചകള്‍ ഇപ്പോഴും നല്ലത് തന്നെ. എന്നുകരുതി ഒരിക്കലും തീരാത്ത ചര്‍ച്ചകള്‍ ഒരാളുടെ സമയം കൊല്ലുന്ന പ്രധാന ഏര്‍പ്പാടാണ് . സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്ടമാകുന്നത്. അതിനാല്‍ മീറ്റിങ് വിളിക്കുന്ന വ്യക്തിക്ക് താന്‍ എടുക്കേണ്ട സമയത്തെപ്പറ്റി വ്യക്തമായ ഒരു ധാരണയുണ്ടായിരിക്കണം.നിയന്ത്രണമില്ലാതെ യോഗങ്ങള്‍ സ്ഥപനത്തിന്റെ മൊത്തം ഉല്‍പ്പാദനക്ഷമത നശിപ്പിക്കുന്നു. അതിനാല്‍ ചര്‍ച്ചയുടെ വിഷയം മുന്‍കൂട്ടി നല്‍കി, ചര്‍ച്ചക്കെടുക്കുന്ന സമയം കുറയ്ക്കുക എന്നതാണ് ഉചിതം.
ഒരു സമയത്ത് പലകാര്യങ്ങള്‍
സ്വയം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും സ്ഥാപനത്തിനകത്ത് തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഏറ്റവും യോജിച്ച മാര്‍ഗമാണ് മള്‍ട്ടി ടാസ്‌കിംഗ് രീതിയില്‍ നിന്നും അകലം പാലിക്കുക എന്നത്. മള്‍ട്ടിടാസ്‌കിംഗ് മള്‍ട്ടി ടാസ്‌കിംഗ് വലിയ കാര്യമാണെന്നാണ് പലരും കരുതാറ്. എന്നാല്‍ ഒരു സമയത്ത് കുറേ കാര്യങ്ങള്‍ ചെയ്യുന്ന ശീലം പ്രൊഡക്ടിവിറ്റിയുടെ അന്തകനാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഒരു സമയത്ത് ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഉല്‍പ്പാദനക്ഷമത വര്‍ധിക്കാന്‍ നല്ലതെന്ന് സ്റ്റാന്‍ഫോഡ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന പഠനം തെളിയിക്കുന്നത്. ചെയ്യുന്ന കാര്യം കൃത്യനിഷ്ഠയോടെ ചെയ്യാന്‍ കഴിയുക എന്നതാണ് പ്രധാനം. ആവശ്യമെങ്കില്‍ സ്വയം ഒരു ടൈം ടേബിള്‍ ഉണ്ടാക്കി അതനുസരിച്ചാവാം പ്രവര്‍ത്തനം. ഒത്തിരിക്കാര്യങ്ങള്‍ ഒരേ സാമ്യം ചിട്ടയില്ലാത്ത ചെയ്യുമ്പോള്‍ മറവി ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്