Opinion

എച്ച് ആര്‍ മികവ്; റിക്രൂട്ട്‌മെന്റ് എന്ന ഹിമാലയന്‍ ടാസ്‌ക്

തൊഴിലില്‍ സമയനഷ്ടം, ധനനഷ്ടം, മനനഷ്ടം തുടങ്ങി ചീത്തപ്പേരുകള്‍ നിരവധി പിന്നാലെ കമ്പനിയെ തേടിയെത്തും. അതുകൊണ്ട് തന്നെയാണ് പല മുന്‍നിര കോര്‍പ്പറേറ്റുകളും അഭിമുഖ പരീക്ഷക്ക് ശേഷം ഉദ്യോഗാര്‍ത്ഥിയുടെ നാട്ടിലെത്തി വിശദവിവരങ്ങള്‍ അന്വേഷിച്ചറിയുന്നത്

ഒരു സ്ഥാപനത്തിന്റെ മുഖം അവിടുത്തെ സന്തുഷ്ടരായ തൊഴിലാളികളാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. എന്നാല്‍ മികച്ച തൊഴിലാളികളെയല്ല സ്ഥാപനത്തിന് ലഭിക്കുന്നത് എങ്കില്‍ തീര്‍ന്നില്ലേ കാര്യം? തൊഴിലില്‍ സമയനഷ്ടം, ധനനഷ്ടം, മനനഷ്ടം തുടങ്ങി ചീത്തപ്പേരുകള്‍ നിരവധി പിന്നാലെ കമ്പനിയെ തേടിയെത്തും. അതുകൊണ്ട് തന്നെയാണ് പല മുന്‍നിര കോര്‍പ്പറേറ്റുകളും അഭിമുഖ പരീക്ഷക്ക് ശേഷം ഉദ്യോഗാര്‍ത്ഥിയുടെ നാട്ടിലെത്തി വിശദവിവരങ്ങള്‍ അന്വേഷിച്ചറിയുന്നത്.

Advertisement

ഉന്നത വിദ്യാഭ്യാസ യോധ്യതയുണ്ടെന്നു കരുതി എല്ലാവരും മികച്ച തൊഴിലാളികളാകണം എന്നില്ല. സ്ഥാപനത്തിനകത്തിരുന്ന് നെഗറ്റിവിറ്റി പ്രചരിപ്പിക്കാത്ത, ചേരിതിരിവുകള്‍ ഉണ്ടാക്കാത്ത , സ്ഥാപനത്തിന്റെ നടത്തിനെയും മാനേജ്‌മെന്റിനെയും അകാരണമായി കുറ്റപ്പെടുത്താത്ത എന്നാല്‍ തൊഴിലിനോട് തികഞ്ഞ ആത്മാര്‍ത്ഥമായ സമീപനമുള്ള തൊഴിലാളികള്‍ കമ്പനിയുടെ സ്വത്താണ്.

ഇത്തരം ആളുകളെ കണ്ടെത്തുക എന്നതാകട്ടെ എച്ച് ആര്‍ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഒരു ഹിമാലയന്‍ ടാസ്‌ക് തന്നെയാണ്.എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ക്കുതകുന്ന സ്ഥാപനത്തോട് കൂറുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനാകും, പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് ‘നോ’ പറയുക എന്നതാണ് മികച്ച തൊഴിലാളികളെ ലഭിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത്.

തൊഴില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ പേരും രേഖപ്പെടുത്തിയിരിക്കുന്നു. അതേ സമയം പല സഥാപനങ്ങളിലും മികച്ച തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കിയാല്‍ എന്തൊരു വിരോധാഭാസമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംസ്ഥാനത്തെ തൊഴില്‍ മേഖല നേരിടുന്ന പ്രധാന പ്രശ്‌നം? തൊഴില്‍ അവസരങ്ങളുടെ അഭാവമാണോ അതോ തൊഴിലാളികളുടെ അഭാവമാണോ? ഉത്തരം വളരെ ലഘുവാണ് മാറേണ്ടത് മലയാളികളുടെ തൊഴില്‍ സമീപനമാണ്.

ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ഉടനെ ഇവിടെ ഒരു ഉദ്യോഗാര്‍ത്ഥി ആഗ്രഹിക്കുന്നത് മികച്ച ഒരു വൈറ്റ് കോളര്‍ ജോലി സ്വന്തമാക്കുക എന്നതാണ്. എന്നാല്‍ പ്രസ്തുത ജോലിക്ക് തന്‍ പ്രാപ്തനാണോ എന്ന് അവന്‍ ചിന്തിക്കുന്നില്ല. ജോലി ചെയ്യാനുള്ള കഴിവ് പലപ്പോഴും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ വലുപ്പത്തെ മാത്രം ആശ്രയിച്ചാണ് തീരുമാനിക്കപ്പെടുന്നത്. ഈ വ്യവസ്ഥിതിക്ക് മാറ്റം വന്നേ മതിയാകൂ. പഠനശേഷം സ്‌കില്‍ ഡെവലപ്‌മെന്റ് എന്ന കടമ്പകൂടി കടന്നിട്ടാണ് വിദേശരാജ്യങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ തേടിയിറങ്ങുന്നത്. ഏത് മേഖലയിലാണോ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനനുസരിച്ചുള്ള തൊഴില്‍ പരിശീലനം സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളിലൂടെ നേടിയെടുക്കാന്‍ കഴിയുന്നു.

എന്നാല്‍ കേരളത്തില്‍ ഇതല്ല അവസ്ഥ, മികച്ച ബിരുദം നേടിയാല്‍ മികച്ച ജോലി ലഭിക്കണം. തൊഴിലില്‍ കയറിയാലോ സ്ഥാപനം തന്നെ നേരിട്ട് സ്‌കില്‍ ഡെവലപ്‌മെന്റ് പരിശീലനങ്ങള്‍ നല്‍കേണ്ട അവസ്ഥയാണ്. ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ക്ക് മാത്രമായി മുന്‍നിര കോര്‍പ്പറേറ്റുകള്‍ പ്രതിവര്‍ഷം നല്ലൊരു തുക വിനിയോഗിക്കുന്നു. ഇതില്‍ മാറ്റമുണ്ടാകണമെങ്കില്‍ ഉദ്യോഗാര്‍ത്ഥികളുടെ തൊഴിലിനോടുള്ള സമീപനവും തൊഴില്‍ദാതാക്കളുടെ റിക്രൂട്ട്‌മെന്റ് ശൈലിയും മാറണം.

ഏത് തരം തൊഴിലാളികളെയാണ് ആവശ്യം ?

തസ്തിക ഏതുമാകട്ടെ, സ്ഥാപനത്തിലേക്ക് തൊഴിലാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ഏത് തരം തൊഴിലാളികളെയാണ് നമുക്ക് വേണ്ടതെന്ന് എന്ന് സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് തീരുമാനിക്കുക. ലഭിക്കുന്ന അപേക്ഷകള്‍ വ്യത്യസ്തമായ നിരവധി കഴിവുകള്‍ ഉള്ള വ്യക്തികളെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അവരുടെ കഴിവുകള്‍ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് ഏതെല്ലാം വിധത്തില്‍ ഗുണം ചെയ്യും എന്ന് മനസിലാക്കുക. ഉദാഹരണമായി ഒരു ക്ലെറിക്കല്‍ ജോലി ചെയ്യുന്നതിനായി മികച്ച നേതൃപാഠവവും ആശയവിനിമയ പാഠവവും ഉള്ള ഒരു വ്യക്തിയെ ആവശ്യമില്ല.

അത് പോലെ തന്നെ അന്തര്‍മുഖരായ വ്യക്തികളെ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് തുടങ്ങിയ തലങ്ങളില്‍ ആവശ്യമില്ല. ഒരുപാട് സംസാരിക്കുന്ന സ്വഭാവമുള്ള വ്യക്തിക്ക് ചേര്‍ന്ന ഒന്നല്ല അക്കൗണ്ടിംഗ്. അങ്ങനെ, ഓരോ തരത്തില്‍പെട്ട ജോലിക്കും അതിന്റേതായ രീതികളുണ്ട്. ഇത് അറിഞ്ഞശേഷം ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക എന്നതാണ് ഉചിതമായ മാര്‍ഗം. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന ബയോഡാറ്റയുടെ അടിസ്ഥാനത്തില്‍ അവരെപ്പറ്റി ശരിയായി പഠിക്കുക എന്നതാണ് ഉചിതമായ മാര്‍ഗം. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് എച്ച് ആര്‍ വിഭാഗമാണ്.

സ്വഭാവം പഠിക്കുക

അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ സ്വഭാവത്തെപ്പറ്റി നന്നായി പഠിക്കുക. അവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പെരുമാറ്റം, തൊഴില്‍ മാറ്റത്തിനുള്ള കാരണം, പുരോഗനാമ ചിന്താഗതിയാണോ ഉള്ളത് തുടങ്ങിയ കാര്യങ്ങളെ പറ്റി പഠിക്കുക. ഇതിനു പുറമെ, പ്രസ്തുത വ്യക്തിയെ ജോലിക്കെടുക്കുന്നത്‌കൊണ്ട് സ്ഥാപനത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ് എന്ന് ചിന്തിക്കുക. അതിനനുസരിച്ചുള്ള ഒരു ഡ്രാഫ്റ്റ് തയ്യറാക്കുക. ജോലിക്കെടുക്കുന്നതിനു മുന്‍പായി സ്ഥാപനത്തിന്റെ പുരോഗതിക്കായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഉദ്യോഗാര്‍ത്ഥിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.ഉദ്യോഗാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ പരിശോധിക്കുന്നത് ഇക്കാര്യത്തില്‍ ഗുണം ചെയ്യും.

ജോലിക്ക് പുറമെ സ്ഥാപനത്തെയും സ്‌നേഹിക്കുന്നവര്‍

ജോലിയോട് അമിത ആത്മാര്‍ത്ഥത കാണിക്കുന്ന നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ട്. എന്നാല്‍ തന്റെ ജോലി മാത്രം ചെയ്യുന്ന ഇത്തരക്കാരേക്കാള്‍ കമ്പനിക്ക് എന്തുകൊണ്ടും ഗുണം ചെയ്യുക സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും അതിനനുസരിച്ചുള്ള വികസനപദ്ധതികള്‍ക്ക് മുന്‍തുക്കം നല്‍കുകയും ചെയ്യുന്ന വ്യക്തികളെയായിരിക്കും. സ്ഥാപനം സ്വന്തമാണ് എന്ന ചിന്തയോട് കൂടി ജോലിയെ സമീപിക്കുന്ന തൊഴിലാളികള്‍ സ്ഥാപനത്തിന്റെ നേട്ടമാണ്.

എന്നാല്‍ ഇത്തരത്തിലുള്ള വ്യക്തികളെ കണ്ടെത്തുക എന്നത് ക്ലേശകരമാണ്. കൂടുതല്‍ മികച്ച വരുമാനം ലഭിക്കുമ്പോള്‍ പെട്ടന്ന് ജോലിയില്‍ നിന്നും വിട്ടുപോകുന്ന ഐടി മേഖലയിലെ ജോലിക്കാരിലാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ആത്മാര്‍ത്ഥതയുള്ള തൊഴിലാളികളെ ലഭിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള മികച്ച സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനും അവരുടെ വാക്കുകളെ മുഖവിലക്കെടുക്കുന്നതിനും കമ്പനി മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിക്കണം.

ശമ്പളത്തില്‍ വിട്ടു വീഴ്ചപാടില്ല

ഒരു സ്ഥാപനത്തിലേക്ക് തൊഴിലാളികളെ തെരഞ്ഞെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട സമീപനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ശമ്പളം നല്‍കുക എന്നത്. വരുമാനത്തിന് വേണ്ടിയാണു പ്രാഥമികമായും ആളുകള്‍ ജോലി ചെയ്യുന്നത്. അതിനാല്‍ ചെയ്യുന്ന തൊഴിലിനു ആനുപാതികമായ വരുമാനം ലഭിക്കുന്നുണ്ട് എന്ന് തോന്നിയാല്‍ തന്നെ തൊഴിലാളികള്‍ സ്ഥാപനത്തോടൊപ്പം നില്‍ക്കും. ഇന്‍ഡസ്ട്രി സ്റ്റാഡേര്‍ഡ്‌സിന് യോജിച്ച രീതിയിലുള്ള ശമ്പളം ഉറപ്പ് വരുത്തേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. സ്ഥാപനം നഷ്ടത്തിലാകുമ്പോള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ശമ്പളം തടഞ്ഞു വയ്ക്കുന്നത് തൊഴിലാളി വിരുദ്ധ സമീപനമാണ്. ഇത്തരം സാഹചര്യത്തിലാണ് തൊഴിലാളികള്‍ സ്ഥാപനത്തിന് എതിരായി പെരുമാറുന്നത്. സോഷ്യല്‍ മീഡിയയില്‍ തൊഴിലാളികള്‍ ശമ്പളപ്രശ്‌നം പങ്കുവച്ചതിനെ തുടര്‍ന്ന് പൂട്ടിപ്പോയ സ്ഥാപനങ്ങള്‍ ഇന്നത്തെകാലത്ത് തുടര്‍ക്കഥയാണ്.

തൊഴിലാളി സ്ഥാപനം ഉദ്ദേശിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നില്ല എന്ന് കരുതി ശമ്പളം വെട്ടിക്കുറക്കുന്ന രീതി നിങ്ങളുടെ സ്ഥാപനത്തിലുണ്ട് എങ്കില്‍, അത് മുന്‍കൂട്ടി പറയുക. മാത്രമല്ല, നിശ്ചിത കാലയളവില്‍ ശമ്പളം വര്‍ധിപ്പിക്കുകയും മികച്ച രീതിയില്‍ ജോലി ചെയ്ത് സ്ഥാപനത്തിന് നേട്ടമുണ്ടാക്കി നല്‍കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ് നല്‍കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

വ്യക്തമായ ടാര്‍ജറ്റുകളിലൂടെയും പ്ലാനുകളിലൂടെയും ബിസിനസ് വര്‍ധിപ്പിക്കുക എന്ന രീതി സ്ഥാപനത്തിന് സ്വീകരിക്കാം. ടാര്‍ജെറ്റുകളെ തലവേദനയായി കാണാതെ ഇതിനോട് ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഉയര്‍ന്ന ഊര്‍ജ്ജമുള്ള ആളുകളെ വേണം അത്തരം ജോലിക്കായി തെരഞ്ഞെടുക്കാന്‍.നല്ല ഒരാള്‍ക്ക് നല്ല ശമ്പളം നല്‍കി എടുക്കുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ്. ആശയവിനിമയം എളുപ്പമാകും. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കാം, ഇതിലൂടെ സ്ഥാപനത്തിന്റെ ഇമേജ് വര്‍ധിക്കുന്നു.

ഒരേ തസ്തികയിലുള്ളവര്‍ക്ക് രണ്ടുതരത്തില്‍ ശമ്പളം നല്‍കുക, അത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ സ്ഥാപനത്തില്‍ അസ്വസ്ഥത വളര്‍ത്തും. അതിനാല്‍ ശമ്പള സംബന്ധമായ കാര്യങ്ങള്‍ തീര്‍ത്തും രഹസ്യമായി സൂക്ഷിക്കുന്നതാണ് ഉചിതം.ഉയര്‍ന്ന ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളില്‍ മോട്ടിവേഷന്‍ ലെവലും ഉയര്‍ന്നതായിരിക്കും

സ്ഥാപനത്തോടൊപ്പം തൊഴിലാളയ്കളും വളരട്ടെ

ഒരു വ്യക്തി ഒരു സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുക എന്ന് വച്ചാല്‍ അദ്ദേഹത്തിന്റെ വ്യക്തി പരമായ വളര്‍ച്ച അവസാനിച്ചു എന്ന രീതി ഉണ്ടാകരുത്. വ്യക്തി പരമായും പ്രൊഫഷണല്‍ തലത്തിലും അടുത്ത ഘട്ടത്തിലേക്ക് വളരുന്നതിനായുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുക. ഇക്കാര്യത്തില്‍ ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ മള്‍ട്ടി നാഷണല്‍ സ്ഥാപനങ്ങളുടെ മാതൃകകള്‍ പിന്തുടരാം. ഇവര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായി വളരുന്നതിനും അവരുടെ കഴിവുകള്‍ പുറത്തെടുക്കുന്നതിനുമായുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കുന്നു. സ്ഥാപനത്തിന്റെ എച്ച് ആര്‍ വിഭാഗം ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. മികച്ച ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുത്തു എന്നത്‌കൊണ്ട് മാത്രം അവസാനിക്കുന്നതല്ല എച്ച് ആര്‍ വിഭാഗത്തിന്റെ ചുമതലകള്‍. അവരെ കമ്പനിയില്‍ തന്നെ നിലനിര്‍ത്തുന്നതിനും എച്ച് ആര്‍ വിഭാഗം ശ്രമിക്കണം. മികച്ച ശമ്പളം, ഓഫീസ് അന്തരീക്ഷം, മാനേജ്‌മെന്റിന്റെ പിന്തുണ എന്നിവയാണ് ഒരു നല്ല തൊഴിലാളിയെ നിലനിര്‍ത്തുന്നതിനായി അടിസ്ഥാനപരമായി വേണ്ട കാര്യങ്ങള്‍.

സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കാനും പുതിയ പ്രചോദനങ്ങള്‍ നേടാനും തൊഴിലാളികള്‍ക്ക് അവസരങ്ങള്‍ ഒരുക്കണം. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നതുമായി നടത്തിയ സര്‍വേകള്‍ വ്യക്തമാക്കുന്നത് ഐടി, മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് രംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കഴിവുള്ള ഇദ്യോഗാര്‍ത്ഥികളുള്ളത് കേരളത്തിലാണ്. എന്നാല്‍ ജോലി നല്‍കുന്ന സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് തത്വങ്ങളോട് ചേരുന്ന രീതിയില്‍ മലയാളികളുടെ കഴിവുകളെ പരിശീലിപ്പിക്കുക എന്നതാണ് അനിവാര്യം.

സ്ഥാപനത്തിന്റെ അടക്കും ചിട്ടയുമാര്‍ന്ന സമീപനം

മികച്ച തൊഴിലാളികളെ ലഭിക്കണമെങ്കില്‍ സ്ഥാപനത്തിന് അടക്കും ചിട്ടയുമാര്‍ന്ന ഒരു സമീപനം ആവശ്യമാണ്.മികച്ച ഉദ്യോഗാര്‍ത്ഥികള്‍ സ്ഥാപനം അവരെ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത് എന്ന് കൂടി വിലയിരുത്തുന്നു. ജോലിക്കായുള്ള അപേക്ഷകളോട് എങ്ങനെയാണു പ്രതികരിക്കുന്നത്, ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതില്‍ കാണിക്കുന്ന പ്രൊഫഷണല്‍ രീതി എങ്ങനെയാണ് തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രാഥമികമായി വിലയിരുത്തുന്നു. ഇക്കാര്യങ്ങളില്‍ എല്ലാം തന്നെ പ്രൊഫഷണല്‍ സമീപനം അനിവാര്യമാണ്. അതുപോലെ തന്നെയാണ് ഓഫീസ് അന്തരീക്ഷവും. സ്വസ്ഥമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കണം. ഫീല്‍ഡില്‍ പോകേണ്ടി വരുന്ന തൊഴിലാളികളുടെ ട്രാവലിംഗ് അലവന്‍സ് ഉറപ്പു വരുത്തണം. ആ സ്ഥാപനത്തിലെ ജോലി തന്റെ നിലനില്‍പ്പിന് അനിവാര്യമാണ് എന്ന് തൊഴിലാളിക്ക് തോന്നുന്നത് പോലെ, പ്രസ്തുത തൊഴിലാളിയുടെ സേവനം സ്ഥാപനത്തിനും ആവശ്യമാണ് എന്ന തോന്നല്‍ മാനേജ്‌മെന്റിനും ഉണ്ടാവണം.

മാനേജ്‌മെന്റിന്റെ ആവശ്യങ്ങള്‍ തുറന്നു പറയുക

ഓരോ സ്ഥാപനത്തിനും വ്യത്യസ്തമായ മാനേജ്‌മെന്റ് നയങ്ങളാണ് ഉണ്ടാകുക. പലപ്പോഴും ഇത് കൃത്യമായി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുന്നില്ല. ഇത് സ്ഥാപനത്തിന്റെ നടത്തിപ്പില്‍ വരുന്ന വലിയ പിഴവാണ്. റിക്രൂട്‌മെന്റ് പൂര്‍ണമാകണമെങ്കില്‍ എന്താണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും നയപരമായ കാര്യങ്ങളില്‍ എന്താണ് സമീപനമെന്നും തുറന്നു പറയുക.മികച്ച ഒരു തൊഴിലാളി പിന്നീട് സ്ഥാപനത്തിന്റെയും മാനേജ്‌മെന്റിന്റെയും മുഖം സംരക്ഷിക്കുന്ന രീതിയില്‍ മാത്രമേ പെരുമാറുകയുള്ളൂ. അതുപോലെ തന്നെ തൊഴിലാളികളുടെ എന്താവശ്യത്തിനും ഒരു കുടുംബം എന്ന പോലെ സ്ഥാപനം കൂടെ ഉണ്ടാകുമെന്ന ഉറപ്പ് നല്‍കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top