BUSINESS OPPORTUNITIES

സ്റ്റാര്‍ട്ടപ്പ്; ആവേശമല്ല, ആശയമാണ് വേണ്ടത്

സ്റ്റാര്‍ട്ടപ്പുകള്‍ ടെസ്റ്റ്ട്യൂബ് ശിശുക്കളാണ്; പരീക്ഷണപ്പിറക്കലുകള്‍. ടെസ്റ്റ്ട്യൂബ് ശിശുക്കള്‍ക്കുണ്ടാവാവുന്ന എല്ലാ ആരോഗ്യപ്രശ്‌നങ്ങളും സ്റ്റാര്‍ട്ടപ്പ്ശിശുക്കള്‍ക്കും ഉണ്ടാവും. മരണനിരക്ക് വളരെ കൂടും. ഇത്തരമൊരു അവസ്ഥയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭകന്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ചോദ്യത്തിന് പ്രസക്തി ഏറെയാണ്

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഉത്തരോത്തരം ഉത്തേജനം നല്‍കി പരിപോഷിപ്പിക്കുവാനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി കോടി രൂപയുടെ വിവിധങ്ങളായ പദ്ധതികളും ഇളവുകളുമാണ് തങ്ങളുടെ ബജറ്റുകളിലൂടെ പ്രഖ്യാപിക്കുന്നത്. വളരെ ഗൗരവത്തോടെ, നവീനാശയങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നടപ്പിലാക്കുവാനായി സംരംഭങ്ങള്‍ ആരംഭിക്കുവാനുദ്ദേശിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനാണ് ലോകമെങ്ങുമുള്ള വ്യവസായസൗഹൃദ ഭരണകൂടങ്ങള്‍ ഈ വിധം ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്.

Advertisement

രാജ്യത്ത് തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുവാനും സമ്പത്ത് ഉല്‍പാദിപ്പിക്കുവാനും ജീവിത നിലവാരം വര്‍ദ്ധിക്കുവാനും ജിഡിപിയുടെ വളര്‍ച്ചയ്ക്കും സ്റ്റാര്‍ട്ടപ്പുകള്‍ വലിയ സംഭാവനയാണ് നല്‍കുക. കാരണം, സാങ്കേതികസങ്കേതങ്ങളില്‍ വിടരുന്ന പുത്തന്‍ ആശയങ്ങളെ, ഒരു വിധത്തില്‍ പറഞ്ഞാല്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങളെ, വ്യവസായികമായി ഉപയോഗിച്ച്, വന്‍തോതില്‍ പടര്‍ന്ന് പന്തലിക്കുന്ന ബൃഹത്തായ ഒരു സംരംഭം കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യപടിയായാണ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ മുളപൊട്ടുന്നത്.

അതാണ് അവയുടെ സാംഗത്യവും പ്രാധാന്യവും പ്രത്യേക പരിഗണനാര്‍ഹതയും. ആദ്യമാദ്യം വലിയ രീതിയിലുള്ള അനിശ്ചിതത്വവും പരാജയനിരക്കും നേരിട്ട് മിക്കതും പടുമുളയാവുമ്പോള്‍ ചിലതിന് മാത്രമാണ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് വിജയലക്ഷ്യത്തില്‍ എത്താനാവുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ ടെസ്റ്റ്ട്യൂബ് ശിശുക്കളാണ്. പരീക്ഷണപ്പിറക്കലുകള്‍. ടെസ്റ്റ്ട്യൂബ് ശിശുക്കള്‍ക്കുണ്ടാവാവുന്ന എല്ലാ ആരോഗ്യപ്രശ്‌നങ്ങളും സ്റ്റാര്‍ട്ടപ്പ് ശിശുക്കള്‍ക്കും ഉണ്ടാവും. മരണനിരക്ക് വളരെ കൂടും. അതിജീവനനിരക്ക് തുലോം പരിമിതമാണ്. ഇത്തരമൊരു ദുര്‍ബലമായ ആവാസവ്യവസ്ഥയിലാണ് സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ മുളപൊട്ടുന്നത് എന്നതിനാലാണ് അകാലപ്പിറവിയിലുണ്ടാകുന്ന കുഞ്ഞുങ്ങളെ അനുകൂലോഷ്മാവില്‍ കിടത്തി സംരക്ഷണം കൊടുക്കുന്നതിനുള്ള യന്ത്രമായി സര്‍ക്കാരുകള്‍ വര്‍ത്തിക്കുന്നത്.

ആധുനിക മനുഷ്യന്റെ ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും ചോദനകളേയും കാമനകളേയും തൃപ്തിപ്പെടുത്താനാവാതെ അലയുന്ന നിരവധി ചോദ്യങ്ങള്‍ ഉണ്ട്. അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടാനുള്ള നിയോഗമാവണം ഓരോ സ്റ്റാര്‍ട്ടപ്പ് ജന്മത്തിന്റെയും. എന്നാല്‍ മാത്രമേ സഫലമാവുന്ന ഒരു യാത്രയുടെ സമാരംഭമായി അത് പരിണമിക്കുകയുള്ളൂ. ആ അന്വേഷണത്തിനിടയില്‍ മനസ്സിലെന്തോ തീക്ഷ്ണതയോടെ കത്തുകയും ചിന്തകള്‍ക്ക് സൂചിമുനയുടെ മൂര്‍ച്ചയുണ്ടാവുകയും ചെയ്താല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകന് പിഴയ്ക്കാത്ത ചുവടുകളുമായി വിജയത്തിലേക്ക് നടന്നെത്താനാവും.

ആ ചവിട്ടുപാതയിലെ ആദ്യത്തെ കാല്‍വെയ്പ്പ് താന്‍ കണ്ടെത്തിയ ഉത്തരത്തെ ഒരു ചെറുരൂപമായി (പ്രോട്ടോടൈപ്പ്) ഭൗതികരൂപകല്‍പന ചെയ്യുക എന്നതാണ്. ഇവിടെ സ്വന്തം ഭാവന മാത്രമേ നിഴലിക്കുന്നുള്ളൂ. ഈ ഉല്‍പന്നത്തെ കുറച്ച് ഉപയോക്താക്കള്‍ക്ക് നല്‍കിയാല്‍, അവര്‍ക്കത് ചുരുങ്ങിയ രീതിയില്‍ എങ്കിലും ഉപയോഗിക്കാനാവണം. അതിനെയാണ് ‘മിനിമം വയബിള്‍ പ്രോഡക്റ്റ്’എന്ന് പറയുന്നത്. മിനിമം വയബിള്‍ പ്രോഡക്റ്റ് ഉപയോഗിച്ച ഉപഭോക്താവില്‍ നിന്ന് അതിനെ പറ്റിയുള്ള അഭിപ്രായങ്ങളും വരുത്തേണ്ട മാറ്റങ്ങളും തിരികെ സ്വീകരിച്ച് ഉല്‍പന്നം അതനുസരിച്ച് പരിഷ്‌കരിക്കണം. ഇത് തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കണം. ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭത്തില്‍ ഗവേഷണം ഒരിക്കലും അവസാനിക്കുന്നില്ല.

സ്റ്റാര്‍ട്ടപ്പ് സംരംഭകന് സ്വാഭാവികമായും സംഭവിക്കുന്ന കാല്‍പിഴവുകളിലേയ്ക്ക് ഒന്ന് കണ്ണോടിക്കാം. വസ്തുനിഷ്ഠമായ കൃത്യതയെ മറികടന്നും അവഗണിച്ചും ആത്മനിഷ്ഠമായ കണക്കുകൂട്ടലുകളെ അവലംബിക്കുന്നതാണ് ഇതിലൊന്ന്. അമിതമായ ആത്മവിശ്വാസത്തില്‍ നിന്നാണ് ഈ തെറ്റ് ഉടലെടുക്കുന്നത്. എല്ലാ സംരംഭങ്ങളുടെയും വിജയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് ധനകാര്യ അനുമാനങ്ങളും കണക്കുകൂട്ടലുകളുമാണ്. അവയില്‍ യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചുള്ള വ്യാമോഹങ്ങള്‍ വന്നുപെട്ടാല്‍ പരാജയമാണ് സംഭവിക്കുക. കച്ചവടം പ്രയോഗികമതികള്‍ക്കുള്ളതാണ്; വികാരജീവികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല.

അവസരങ്ങളാണ് വിജയപരാജയങ്ങള്‍ തീരുമാനിക്കുക. കച്ചവടത്തിലെ മെച്ചപ്പെട്ട പ്രകടനത്തിന് പ്രവര്‍ത്തിനൈപുണ്യം ആവശ്യമാണ്. എന്നാല്‍ അവസരങ്ങള്‍ ഇല്ലാതെ ഉല്‍പാദനവൈദഗ്ദ്ധ്യം യാതൊരു ഫലവും തരുന്നില്ല. കിട്ടുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നയാളോടൊപ്പം നടക്കുന്നു വിജയം.

ചെറിയ ലോകത്തെ കണ്ട് അതനുസരിച്ച് വലിയ ലോകത്തെ സങ്കല്‍പിക്കരുത്. സ്റ്റാര്‍ട്ടപ്പിന് അതിരുകള്‍ ഇല്ല. തൊട്ടുമുന്നില്‍ കാണുന്നതല്ല വിശാലമായ മേച്ചില്‍പ്പുറം. ജാലകത്തിലൂടെ കാണുന്നതിനപ്പുറം, വാതിലിലൂടെ പുറത്തിറങ്ങി നടക്കാനാവുന്നിടത്തോളം ദൂരം നടന്നെത്തി അടുത്ത് കാണുന്നതില്‍ നിന്നുവേണം അനുമാനങ്ങള്‍ ഉരുത്തിരിയിക്കുവാന്‍.

ചാടിയിട്ട് കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന് പറഞ്ഞ കുറുക്കന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകന് വലിയൊരു തത്വശാസ്ത്രമാണ് പറഞ്ഞുതരുന്നത്. കിട്ടുന്നില്ലെങ്കില്‍ അപ്പോഴേ വിട്ടേക്കുക. അതില്‍ പിടിച്ച് തൂങ്ങരുത്. റോബര്‍ട്ട് ബ്രൂസിന്റെ കഥ ചിലപ്പോഴക്കെ നമ്മള്‍ മറക്കണം. സ്റ്റാര്‍ട്ടപ്പ് അത്തരമൊരു രംഗമാണ്. സ്റ്റീഫന്‍ ഹാങ്ങ്, സേവ്യര്‍ ക്യൂട്ടോ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘സംരംഭകത്വത്തിലെ മുന്‍വിധികള്‍’എന്ന പഠനത്തില്‍ മേല്‍പറഞ്ഞവയടക്കം സംരംഭകന്‍ നേരിടുന്ന നിരവധി സംഭ്രമങ്ങളെ പറ്റി പറയുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങള്‍ നെയ്യുന്നവര്‍ ഓര്‍മ്മിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു സ്റ്റാര്‍ട്ടപ്പിന് ആവശ്യം ആവേശമല്ല, മറിച്ച് മുന്‍പദ്ധതികള്‍ ഒന്നുമില്ലാതെ യദൃച്ഛയാ ഒരു നിമിഷം പെട്ടെന്ന് മനസ്സില്‍ മിന്നിത്തെളിയുന്ന ഒരു ആശയകിരണത്തെ രൂപം നല്‍കി വാര്‍ത്തെടുത്ത് പൊലിപ്പിച്ചെടുക്കാമെന്ന ആത്മവിശ്വാസമാണ്.

(ഗുരുഗ്രാമിലെ സ്റ്റേറ്റ് ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആന്‍ഡ് റിസ്‌ക് മാനേജ്മെന്റില്‍ ഫാക്കല്‍റ്റി അംഗമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top