BUSINESS OPPORTUNITIES

പ്രൊപ്പറേറ്റര്‍ഷിപ്പോ പാര്‍ട്ട്ണര്‍ഷിപ്പോ സ്റ്റാര്‍ട്ടപ്പില്‍ നല്ലതേത് ?

സംരംഭത്തിന്റെ സ്വഭാവം , മൂലധന നിക്ഷേപം, നിക്ഷേപത്തിന്റെ ഘടന , സംരംഭകരുടെ എണ്ണം എന്നിവ പരിഗണിച്ചാണ് ഒരു സ്റ്റാര്‍ട്ടപ്പ് ഏത് ബിസിനസ് ഘടനയില്‍ ആരംഭിക്കണം എന്ന് തീരുമാനിക്കുന്നത്.

സ്വന്തമായി ഒരു സ്ഥാപനം ആരംഭിച്ച അതില്‍ നിന്നും മികച്ച വരുമാനം നേടി വിജയിച്ച ഒരു സംരംഭകനായി മരണം എന്ന ആഗ്രഹത്തോടെയാണ് ഇന്ന് ഓരോ വ്യക്തിയും ബിരുദം നേടി സര്‍വകലാശാലക്ക് പുറത്തേക്കിറങ്ങുന്നത്. വൈറ്റ് കോളര്‍ ജോലിക്ക് പിന്നാലെ അലയാനും എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കാനുമൊന്നും ഇന്നത്തെ തലമുറ ഇഷ്ടപ്പെടുന്നില്ല, ചടുലതയോടെ കാര്യങ്ങള്‍ നടക്കണം , ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്ന കാര്യത്തിലും അത് തന്നെയാണ് ഇവരുടെ ലക്ഷ്യം.

Advertisement

സ്വന്തമായി സംരംഭം തുടങ്ങാനായി പുറപ്പെടുമ്പോള്‍ വിജയസാധ്യതയേറെയുള്ള ഒരു ആശയത്തിനപ്പുറം വേറെ ചില കാര്യമാണ് കൂടി അറിഞ്ഞിരിക്കേണ്ടതായുണ്ട്. അതില്‍ പ്രധാനം കമ്പനിയുടെ ഘടനയാണ്. ബിസിനസ് തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ ഏതുതരം കമ്പനി ഘടനയാണ് നിങ്ങള്‍ തെരഞ്ഞെടുക്കാന്‍ പോകുന്നതെന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. കമ്പനി രജിസ്‌ട്രേഷന് മുന്‍പായി തന്നെ വിവിധതരം ബിസിനസ് സ്ട്രക്ച്ചറുകള്‍ മനസിലാക്കി തങ്ങളുടെ നിക്ഷേപത്തിനുതകിയത് കണ്ടെത്തണം

സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്

സ്റ്റാര്‍ട്ടപ്പ് ബിസിനസുകളില്‍ ബഹുഭൂരിപക്ഷം ആളുകളും സ്വീകരിക്കുന്ന ഒരു ഘടനയാണ് സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്.ഇത്തരം ബിസിനസ് മാതൃകകളില്‍ ഒറ്റ വ്യക്തി മാത്രമാണ് ബിസിനസ് നയിക്കുന്നത്. കുറഞ്ഞ നിക്ഷേപത്തില്‍ ബിസിനസ് ആരംഭിക്കുന്ന ആളുകള്‍ക്ക് യോജിച്ച ബിസിനസ് മാതൃകയാണിത്. സാധാരണയായി എഫ്എംസിജി വിഭാഗത്തില്‍ പെടുന്ന ബിസിനസുകളില്‍ ഈ രീതി കൂടുതലായും കണ്ടുവരുന്നു. പ്രൊപ്രൈറ്ററുടെ പാന്‍ നമ്പര്‍ ഉപയോഗിച്ച് ബിസിനസ് തുടങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. ആവശ്യമായ ഘട്ടത്തില്‍ ബിസിനസ് ഘടനയില്‍ മാറ്റം വരുത്താനും സാധിക്കും. എന്നാല്‍ ഈ രീതിയുടെ പ്രശ്‌നം എന്തെന്നാല്‍ വായ്പയെടുത്ത് ബിസിനസ് തുടങ്ങി നഷ്ടം സംഭവിച്ചാല്‍ പ്രൊപ്രൈറ്ററുടെ ആസ്തികളേയും ഇത് ബാധിക്കും. ബാധ്യതകള്‍ തീര്‍ക്കാന്‍ പ്രൊപ്രൈറ്ററുടെ ആസ്തികളും കണ്ടുകെട്ടാം എന്നര്‍ത്ഥം.

വണ്‍ പേഴ്‌സണ്‍ കമ്പനി

കാഴ്ചയില്‍ പ്രൊപ്പറേറ്റര്‍ഷിപ്പിന് സമാനമാണെകിലും ഘടനാപരമായി ഏറെ വ്യത്യസ്തപ്പെട്ട ഒന്നാണ് വണ്‍ പേഴ്‌സണ്‍ കമ്പനി എന്ന ബിസിനസ് ഘടന. 2013ലാണ് ഇത്തരത്തില്‍ ഒരു മാതൃക നിലവില്‍ വന്നത്. ഒറ്റ ഉടമയോ പ്രൊമോട്ടറോ മാത്രമുള്ള കമ്പനി തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ രീതിയാണിത്.ബാങ്കിതര സ്ഥാപങ്ങള്‍ OPC യില്‍ തുടങ്ങാന്‍ പാടില്ല. സ്ഥാപനത്തിന്റെ ഉടമക്ക് വിവിധങ്ങളായ ചുമതലകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അവസരം ഈ ഘടനയില്‍ ലഭിക്കുന്നു. കമ്പനിയുടെ പ്രൊപ്രൈറ്റര്‍ക്ക് തന്റെ ജോലി തടസമില്ലാതെ നിര്‍വഹിക്കുന്നതിനോടൊപ്പം കോര്‍പറേറ്റ് ഫ്രേംവര്‍ക്കിന്റെ ഭാഗമാകാനും സാധിക്കും.

ഇത്തരത്തില്‍ ആരംഭിക്കുന്ന കമ്പനികള്‍ക്ക് മൂലധന നിക്ഷേപമായി 50 ലക്ഷം രൂപ വിനിയോഗിക്കാന്‍ മാത്രമേ അവകാശമുള്ളൂ. കമ്പനി തുടങ്ങിയ ആദ്യ 3 വര്‍ഷങ്ങളില്‍ വിറ്റുവരവ് 2 കോടി രൂപയില്‍ കൂടാന്‍ പാടില്ല എന്നും നിയമം അനുശാസിക്കുന്നു. മൂലധന നിക്ഷേപമോ വരുമാനമോ പരിധിക്കപ്പുറം പോയാല്‍ വണ്‍ പേഴ്‌സണ്‍ കമ്പനി എന്ന ഘടനക്കുള്ള അര്‍ഹത നഷ്ടമാകും.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

ബിസിനസ് ലോകത്ത് ഏറെ സുപരിചിതമായ പദമാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. നിലവില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതും ഈ ഘടനയ്ക്ക് കീഴിലാണ് എന്ന പ്രത്യേകതയും ഉണ്ട്. കോര്‍പറേറ്റ് കാര്യ മന്ത്രാലയം, കമ്പനീസ് ആക്ട് 2013, കമ്പനീസ് ഇന്‍കോര്‍പറേഷന്‍ റൂള്‍സ് 2014 എന്നിവയുടെ അധികാര പരിധിയില്‍പ്പെടുന്നതാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ഉത്തരവാദിത്വങ്ങള്‍ സമാസമം വീതിക്കുന്ന വ്യത്യസ്ത വ്യക്തികള്‍ക്ക് കീഴിലാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുക.ഷെയറുകളുടെ ഉടമസ്ഥാവകാശം ആരുടെ കൈവശമാണ് എന്നുള്ളതിനെ അടിസ്ഥാനമാക്കിയാണ് ഒരു കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അല്ലെങ്കില്‍ പബ്ലിക് ലിമിറ്റഡ് ആകുന്നത്.പ്രൈവറ്റ് ലിമിറ്റഡായി രജിസ്റ്റര്‍ ചെയ്യുന്നതിന് കുറഞ്ഞത് രണ്ട് ഷെയര്‍ ഹോള്‍ഡര്‍മാരാണ് വേണ്ടത്.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ ഷെയര്‍ഹോള്‍ഡേഴ്‌സ് എണ്ണം 50തില്‍ കൂടുവാന്‍ പാടില്ല. ഇത്തരം കമ്പനികള്‍ അതിന്റെ ഷെയറുകള്‍ പുറമേയുള്ള ജനങ്ങള്‍ക്ക് വില്‍ക്കാറില്ല. സാധാരണഗതിയില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ സ്ഥാപകര്‍ തന്നെയായിരിക്കും ഇതിന്റെ ഷെയര്‍ഹോള്‍ഡേഴ്‌സ്. ഈ രീതി പ്രകാരം ഒരു വ്യക്തിക്ക് ഒരേസമയം ഷെയര്‍ഹോള്‍ഡറും ഡയറക്ടറും ആകാം.വിദേശ പൗര•ാര്‍, വിദേശ കോര്‍പറേറ്റ് എന്റിറ്റികള്‍, എന്‍ആര്‍ഐകള്‍ എന്നിവര്‍ക്ക് ഡയറക്ടറോ ഷെയര്‍ഹോള്‍ഡറോ ആകാം.ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് സ്ഥാപനത്തിന് ബാധ്യതകളില്‍ നിന്നും സംരക്ഷണവും ഉണ്ട്.

പബ്ലിക് ലിമിറ്റഡ് കമ്പനി

ഒരു കമ്പനിയുടെ ഷെയറുകള്‍ ഒരു സ്റ്റോക്ക് മാര്‍ക്കറ്റ് ലിസ്റ്റ് ചെയ്ത് സ്ഥിരമായി വ്യാപാരം നടത്തുന്ന തരത്തിലുള്ള കമ്പനികളാണ് പബ്ലിക് ലിമിറ്റഡ് കമ്പനികള്‍. ഇതിന്റെ ഷെയറുകള്‍ സാധാരണ ജനങ്ങള്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുഖാന്തിരം വാങ്ങാവുന്നതാണ്.ഇത്തരം കമ്പനികളില്‍ ഷെയര്‍ഹോള്‍ഡേഴ്‌സിന്റെ എണ്ണത്തിന് പരിധി ഇല്ല. ഏറ്റവും കുറഞ്ഞത് ഏഴ് പേരെങ്കിലും വേണമെന്നാണ് നിയമം.ഇത്തരം കമ്പനികള്‍ക്ക് സര്‍ക്കാരിന്റെയും സെബിയുടെയും ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്.ഇതിനെ ലിമിറ്റഡ് കമ്പനികള്‍ എന്നും വിശേഷിപ്പിക്കുന്നു. സാധാരണഗതിയില്‍ വന്‍കിട കമ്പനികള്‍ എല്ലാം പബ്ലിക് ലിമിറ്റഡ്. കാരണം ഇവയുടെ മൂലധനത്തിനുള്ള ഉള്ള ആവശ്യം വളരെ വലുതായിരിക്കും. അത് കുറച്ചു ആളുകളുടെ കയ്യില്‍ നിന്ന് മാത്രമായി ലഭ്യമാക്കാന്‍ കഴിയില്ല.

ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്

സംരംഭകര്‍ക്കിടയില്‍ വളരെയധികം സ്വീകാര്യത ലഭിച്ച ഒന്നാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് അഥവാ എല്‍എല്‍പി. ഒരേ സമയം പാര്‍ട്ണര്‍ഷിപ് സ്ഥാപനത്തിന്റെയും കമ്പനിയുടേയും ആനുകൂല്യങ്ങള്‍ ലഭിക്കും എന്നതാണ് ഇതിന്റെ മെച്ചം.ഇന്ത്യയില്‍ പുതിയതാണെങ്കിലും ലോകത്ത് ഏറ്റവും പ്രചാരമുള്ള ബിസിനസ് സങ്കല്‍പ്പമാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്ന എല്‍.എല്‍.പി. സാധാരണയായി സര്‍വീസ് മേഖലയിലെ കമ്പനികളാണ് ഈ രജിസ്‌ട്രേഷന്‍ സ്വന്തമാക്കാറുള്ളത്. ഇത്തരത്തില്‍ കമ്പനി രൂപീകരിക്കുമ്പോള്‍ ചെലവ് വളരെ കുറവാണ്.

ഒരു കമ്പനിയുടെ എല്ലാ ഗുണങ്ങളോടൊപ്പം പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തിന്റെ മെച്ചങ്ങളും എല്‍.എല്‍.പിയില്‍ ലഭിക്കും.ഒരു പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതിന്റെ ബാധ്യത നമ്മുടെ പേരിലുള്ള മറ്റു വസ്തുവകകളിലേക്കും നീളും. എന്നാല്‍ എല്‍.എല്‍.പി കമ്പനിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ബാധ്യത കമ്പനിയോടെ തീരും എന്നത് ഒരു മെച്ചമാണ്.ഇത്തരത്തില്‍ സ്ഥാപനം ആരംഭിക്കുന്നവര്‍ക്ക് ഉയര്‍ന്ന സുരക്ഷാബോധം ഉണ്ടായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top