Success Story

ഇച്ഛാശക്തി കരുത്തായി 6 വര്‍ഷം കൊണ്ട് 300 കോടിയുടെ വിജയം

2013 ല്‍ സഹോദരന്മാരയ രജത് ജെയിന്‍, മോഹിത് ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് ഒറ്റമുറി ഫാക്റ്ററിയില്‍ തുടക്കം കുറിച്ച കിമിരിക ഹണ്ടര്‍ രാജ്യത്തെ ഏറ്റവും മികച്ച ഹോട്ടല്‍ ടോയ്ലെട്ടറീസ് വിതര ശൃംഖലയാണ്

സംരംഭകത്വ വിജയത്തില്‍ സാഹോദര്യത്തിനും സ്ഥാനമുണ്ട് എന്ന് തെളിയിക്കുന്നു ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിമിരിക ഹണ്ടര്‍ എന്ന സ്ഥാപനത്തിന്റെ വിജയം. 2013 ല്‍ സഹോദരന്മാരയ രജത് ജെയിന്‍, മോഹിത് ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് ഒറ്റമുറി ഫാക്റ്ററിയില്‍ തുടക്കം കുറിച്ച കിമിരിക ഹണ്ടര്‍ രാജ്യത്തെ ഏറ്റവും മികച്ച ഹോട്ടല്‍ ടോയ്ലെട്ടറീസ് വിതര ശൃംഖലയാണ്. വെറും ആറ് വര്‍ഷം കൊണ്ട് ഇന്ത്യക്കകത്തും പുറത്തുമുള്ള പഞ്ച നക്ഷത്ര ഹോട്ടലുകളിലെ അവിഭാജ്യ ഘടകമായി മാറിയ കിമിരികക്ക് 300 കോടി രൂപയുടെ ആസ്തിയും 90 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുമാണുള്ളത്. ആയുര്‍വേദിക് ഉല്‍പ്പന്ന നിര്‍മാണത്തിലും വിതരണത്തിലുമുള്ള നൈപുണ്യവും കൃത്യമായി നടപ്പാക്കിയ ബിസിനസ് തന്ത്രങ്ങളും സംരംഭകത്വത്തോടുള്ള തികഞ്ഞ അഭിനിവേശവുമാണ് രജതിനെയും മോഹിത്തിനെയും രാജ്യത്തെ ഏറ്റവും മികച്ച യുവ സംരംഭകരില്‍ മുന്‍നിരക്കാരായി മാറ്റിയത്.

Advertisement

സംരംഭകത്വത്തിലേക്ക് ഇറങ്ങുക എന്നത് എളുപ്പമുള്ള കാര്യമാണ് എന്ന് ചിന്തിക്കുന്ന തലമുറയാണ് ഇന്നത്തേത്. പഠിച്ചിറങ്ങുന്ന ഓരോ വ്യക്തിക്കും ഇന്ന് താല്‍പര്യം സ്വന്തമായി ഒരു ബിസിനസ് തുടങ്ങുവാനാണ്. എന്നാല്‍ ഇതില്‍ സംരംഭക്തവത്തോടു യഥാര്‍ത്ഥ പാഷനുള്ള എത്രയാളുകള്‍ ഉണ്ടെന്ന് മനസ്സിലാക്കണമെങ്കില്‍ നിഃശ്ചിത്ത കാലയളവില്‍ രാജ്യത്ത് തുടക്കം കുറിച്ച സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും അവയുടെ വിജയശതമാനവും തമ്മില്‍ താരതമ്യം ചെയ്യണം. ഇങ്ങനെ നോക്കിയാല്‍ ഒരു കാര്യം എളുപ്പത്തില്‍ മനസിലാകും, സംരംഭം തുടങ്ങണം എന്ന് ചിന്തിക്കുന്ന പോലെ എളുപ്പമല്ല അത് നടത്തിക്കൊണ്ട പോകുക എന്നത്. വ്യക്തമായ ആശയം, ആവശ്യമായ മൂലധനം ,മികച്ച തൊഴിലാളികള്‍, അടിയുറച്ച വിതരണ ശൃംഖല തുടങ്ങി അനേകം കാര്യങ്ങള്‍ കൂടിചേര്‍ന്നാല്‍ മാത്രമേ മികച്ച ഒരു സംരംഭം രൂപപ്പെടുകയുള്ളൂ. വ്യത്യസ്തമായ ആശയായും പ്രവര്‍ത്തിപദവും ഒരു പരിധിവരെ സംരംഭകത്വ വിജയത്തിന് കാരണമാകാറുണ്ട്. അത്തരത്തില്‍ ഒരു വിജയകഥയാണ് ഇന്‍ഡോര്‍ സ്വദേശികളായ രജത് ജെയിന്‍, മോഹിത് ജെയിന്‍ എന്നീ സംരംഭക സഹോദരങ്ങള്‍ക്ക് പറയാനുള്ളത്.

2013 ല്‍ പഠനം മാനേജ്മെന്റ് പൂര്‍ത്തിയാക്കിയിറങ്ങി ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ നിന്നപ്പോള്‍ മോഹിത്തിന്റെയും രാജ്യത്തിന്റെയും മുന്നില്‍ സംരംഭകത്വം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ എന്ത് സ്ഥാപനം തുടങ്ങണം എന്ന കാര്യത്തില്‍ ഇരുവര്‍ക്കും ആശയക്കുഴപ്പമുണ്ടായി. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം വരുമാനമാര്‍ഗമായിരിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. അതിനാല്‍ തന്നെ ആയുര്‍വേദത്തിന്റെ ഗുണങ്ങളും ആയുര്‍വേദം വ്യക്തിജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും ഇരുവര്‍ക്കും നന്നായി അറിയാമായിരുന്നു. അതിനാല്‍ സ്സ്വന്തം സ്ഥാപനം ആയുര്‍വേദവുമായി പ്രത്യക്ഷത്തിലോ പറോക്‌സശത്തിലോ ബന്ധപ്പെട്ട ഒന്നായിരിക്കണം എന്ന ചിന്ത ഇരുവര്‍ക്കുമുണ്ടായിരുന്നു. പഠനത്തിന്റെ ഭാഗമായി പ്രോജക്റ്റ് തയ്യാറാക്കിയിരുന്നു മോഹിത് തന്റെ ജ്യേഷ്ഠന്റെ സഹായത്തോടെ ഒരു ആയുര്‍വേദിക് സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ പുതുതായി കൊണ്ട് വരുന്നതിനെപ്പറ്റി പഠിച്ചു.

നിരവധി ആയുര്‍വേദ ഉല്‍പ്പന്നങ്ങളും കോസ്മറ്റിക് ഉല്‍പ്പന്നങ്ങളും വിപണിവാഴുന്ന സമയമായതിനാല്‍ തന്നെ ഇനിയൊരു പുതിയ ഉല്‍പ്പന്നത്തിന്റെ സാധ്യതയെപ്പറ്റി ഇരുവര്‍ക്കും സംശയമായിരുന്നു.ചര്‍മരോഗങ്ങള്‍ക്കുള്ള പ്രതിവിധിയായുള്ള ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. ഏകദേശം പത്തുമാസം വിപണി പഠനത്തിനായി മാറ്റിവച്ചു .ഫാര്‍മസി തലത്തില്‍ രജത് ജെയിനിനുള്ള അറിവും ബന്ധങ്ങളുമാണ് ഇക്കാര്യത്തില്‍ ഇരുവര്‍ക്കും മുതല്‍ക്കൂട്ടായത്. പത്ത് മാസത്തെ പഠനം പൂര്‍ത്തിയായതോടെ ഇരുവര്‍ക്കും ഒരുകാര്യം മനസ്സിലായി. നൂറുകണക്കിന് ആയുര്‍വേദ ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തില്‍ അത്തരത്തിലുള്ള മറ്റൊരു ഉല്‍പ്പന്നത്തിന് വിപണി കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണ്. മാത്രമല്ല, അതിന്റെ പരാജയ സാധ്യത വളരെ കൂടുതലാണ് താനും. മാത്രമല്ല, അത്തരത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണെങ്കില്‍ മാര്‍ക്കറ്റിംഗ്, പരസ്യങ്ങള്‍ എന്നിവക്കായി നല്ലൊരു തുക ചെലവഴിക്കുകയും വേണം . ഫണ്ട് കുറവായതിനാല്‍ അത്തരം നീക്കങ്ങള്‍ ഒന്നും നടക്കില്ല. അതിനാല്‍ ഇനിയെന്ത് എന്ന ചോദ്യത്തില്‍ ഉടക്കി നില്‍ക്കാനേ ഇരുവര്‍ക്കും കഴിഞ്ഞുള്ളു.

ആശയം സമ്മാനിച്ച ഹോട്ടല്‍ താമസം

ഏത് വിധേനയും ബിസിനസില്‍ തങ്ങള്‍ക്ക് വിജയം കണ്ടെത്തണം എന്ന ചിന്ത ചെറുപ്പം മുതല്‍ക്ക് രജത്തിന്റേയും മോഹിതിന്റെയും മനസ്സില്‍ സജീവമായിരുന്നു . അതിനാല്‍ പരാജയപ്പെട്ടു പോകുന്ന ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കാതെ അവര്‍ കൂടുതല്‍ പരിശ്രമിച്ചു. ആയുര്‍വേദിക് സോപ്പ്, ഷാംപൂ, ക്രീമുകള്‍ എന്നിവയെല്ലാമായിരുന്നു ഇരുവരും വിഭാവനം ചെയ്ത ഉല്‍പ്പന്നങ്ങള്‍. ഒരിക്കല്‍ സംരംഭകത്വ ചര്‍ച്ചകളുടെ ഭാഗമായി ഇഅവര്‍ക്കും മുംബൈ നഗരത്തിലെ പ്രശസ്തമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കേണ്ടതായി വന്നു. രണ്ടു ദിവസത്തെ ആ ഹോട്ടല്‍ വാസമാണ് ഇരുവരെയും ഇന്ത്യകണ്ട മികച്ച സംരംഭകരില്‍ രണ്ടുപേരാക്കി മാറ്റിയത്.

തീര്‍ത്തും അവിചാരിതമായാണ് ഹോട്ടല്‍ മുറികളില്‍ ഉപയോഗിക്കുന്ന സോപ്പ്, ശ്ശമ്പൂ, ക്രീമുകള്‍ തുടങ്ങിയ വസ്തുക്കള്‍ ഉള്‍പ്പെടുന്ന ടോയ്ലെട്ടറീസ് ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധയില്‍ പെടുന്നത്. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു സ്ഥാനം കണ്ടെത്താന്‍ ഒരു പക്ഷെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കില്ലായിരിക്കാം, എന്നാല്‍ താരതമ്യേന ബ്രാന്‍ഡുകള്‍ കുറവായ ഹോട്ടല്‍ ടോയ്ലെട്ടറീസ് വിഭാഗത്തില്‍ തങ്ങള്‍ക്ക് ഒരു ഭാവി കണ്ടെത്താനാകുമെന്ന് ഇരുവരും പ്രതീക്ഷിച്ചു. പിന്നീട് വിപണി പഠനം ആ വഴിക്കായി. വളരെ എണ്ണം കുറഞ്ഞ ബ്രാന്‍ഡുകള്‍ മാത്രമാണ് ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഒട്ടുമിക്ക നക്ഷത്ര ഹോട്ടലുകളും അവരുടെ ബ്രാന്‍ഡ് ഇമേജിന് ചേരുന്ന ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണികളില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് പതിവ്. ഈ അവസരം വേണ്ടരീതിയില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ തങ്ങള്‍ക്ക് വിജയിക്കാനാകുമെന്നു രജതിനും മോഹിത്തിനും തോന്നി.

പിന്നെ ഒട്ടും അമാന്തിച്ചില്ല. ഇന്‍ഡോറില്‍ മടങ്ങിയെത്തിയ ഇരുവരും ഒരു ഒറ്റമുറി പത്ത് ലക്ഷം രൂപ ബാങ്ക് ലോണിന്റെ സഹായത്തോടെ ഫാക്റ്ററി സ്വന്തമാക്കി ഗവേഷണവും ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും ആരംഭിച്ചു. കിമിരിക ഹണ്ടര്‍ എന്നായിരുന്നു ഇവര്‍ തങ്ങളുടെ സ്ഥാപനത്തിന് പേരിട്ടത്. തുടക്കത്തില്‍ മികച്ച പ്രതികരണമൊന്നുമായിരുന്നില്ല ഇന്ത്യന്‍ വിപണിയില്‍ നിന്നും ലഭിച്ചിരുന്നത്. മാര്‍ക്കറ്റിംഗിന്റെ പൂര്‍ണമായ ചുമതല ഏറ്റെടുത്തിരുന്നത് മോഹിത് ആയിരുന്നു. ഉല്‍പ്പന്നവുമായി അദ്ദേഹം സമീപിച്ച ഹോട്ടലുകളില്‍ നിന്നെല്ലാം വളരെ മോശം പ്രതികരണമായിരുന്നു. എന്നാല്‍ പിന്മാറാന്‍ മോഹിത് ഒരുക്കമായിരുന്നില്ല. ഹോട്ടല്‍ മാനേജ്മെന്റുകള്‍ ഓരോന്നിനെയും നേരില്‍ പോയി കണ്ടു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ഒരു തുടക്കം കിട്ടാനായിരുന്നു ബുദ്ധിമുട്ട്. എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ 2013 ല്‍ തന്നെ മാരിയോട്ട് ഹോട്ടല്‍ ശൃംഖല കിമിരിക്കയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കി.

വിവിധ ബ്രാന്‍ഡ് നെയിമുകളിലാണ് കിമിരിക ഹോട്ടല്‍ ടോയ്ലെട്ടറീസ് വിപണിയില്‍ എത്തിച്ചത്. 70 % വരുന്ന ഹോട്ടല്‍ ടോയ്ലെട്ടറീസ് അതുവരെ വിദേശ വിപണിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ മാരിയോട്ടില്‍ നിന്നും ഒരു മികച്ച തുടക്കം ലഭിച്ചതോടെ കിമിരിക ഹണ്ടര്‍ എന്ന സ്ഥാപനത്തിന്റെ ശുക്രദശ തെളിഞ്ഞു.ഇറക്കുമതി പ്രശ്‌നങ്ങള്‍ ഒന്നും കൂടാതെ തന്നെ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമായതോടെ ഹോട്ടലുകള്‍ക്കിടയില്‍ കിമിരിക പ്രശസ്തമായി. ഒറ്റമുറി ഫാക്റ്ററിയില്‍ നിന്നും താമസിയാതെ വലിയൊരു സ്ഥാപനത്തിലേക്ക് കിമിരിക വളര്‍ന്നു.

കൂടുതല്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ കിമിരികയുടെ ഉപഭോക്താക്കളായി. ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും തീം , താല്‍പര്യം എന്നിവ മുന്‍നിര്‍ത്തി വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ സംസ്ഥാപനം നിര്‍മിച്ചു. തുടക്കത്തില്‍ ഗവേഷണം, ഉല്‍പ്പന്ന നിര്‍മാണം, വിപണനം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം തന്നെ കൈകാര്യം ചെയ്തിരുന്നത് രജതും മോഹിത്തുമായിരുന്നു എങ്കിലും അധികം വൈകാതെ, സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം 400 ആയി വര്‍ധിച്ചു. മാരിയോട്ട്, ഹില്‍ട്ടണ്‍ , ഷെറാട്ടണ്‍ തുടങ്ങിയ മുന്‍നിര ഹോട്ടലുകളില്‍ കിമിരിക ഹണ്ടര്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു.

വ്യത്യസ്തം ഈ ബ്രാന്‍ഡുകള്‍

ഹോട്ടലുകള്‍ക്കായി വ്യത്യസ്തമായ ബ്രാന്‍ഡ് നെയിമുകളില്‍ സോപ്പുകള്‍, ക്രീമുകള്‍, ഷാംപൂകള്‍ എന്നിവയാണ് കിമിരിക നിര്‍മിച്ചത്. എല്ലാം തന്നെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ആയിരുന്നു. ലക്ഷ്വറി ബ്രാന്‍ഡ്, ലൈസന്‍സ്ഡ് ബ്രാന്‍ഡ്, യൂണിവേഴ്സല്‍ ഗസ്റ്റ് ആക്സസറീസ് എന്നീ വിഭാഗങ്ങളിലാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്. ലക്ഷ്വറി വിഭാഗത്തില്‍ ദി ഫ്രഞ്ച് നോട്ട്,റോയല്‍ ഡി കോളറ്റ്, ദി ബ്ലാങ്ക്, ഫൈവ് എലമെന്റ്‌സ്, ഇഗ്‌നിസ്, എര്‍ത്ത് ,ഫ്‌ളോറെറ്റ് , എസ്‌കേപ്പ് എന്നീ ബ്രാന്‍ഡുകളും ലൈസന്‍സ്ഡ് ബ്രാന്‍ഡ് വിഭാഗത്തില്‍ പോര്‍ട്ടിക്കോ , ജൂണ്‍ ജേക്കബ്സ്, നെസ്റ്റ്, ടോക്ക, ഫാര്‍മ കോപ്പിയ, അണ്ടര്‍ ദി കനോപ്പി തുടങ്ങിയ ബ്രാന്‍ഫുകളും കിമിരിക വിപണിയിലെത്തിച്ചു. യൂണിവേഴ്സല്‍ ഗസ്റ്റ് ആക്സസറീസ് വിഭാഗത്തില്‍ പതിനഞ്ചോളം ബോക്‌സ് സീരീസുകളാണ് വിപണിയിലെത്തിച്ചത്. ഹോട്ടലുകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ ടോയ്ലെട്ടറീസ് വിഭാഗത്തിന് പ്രത്യേക പ്രസ്ശംസ നല്‍കാന്‍ തുടങ്ങിയതോടെ ഈ സംരംഭക സഹോദരങ്ങള്‍ വിജയത്തിലേക്ക് അടുക്കുകയായിരുന്നു.

വിപണി കണ്ടെത്തുന്നതില്‍ വിജയം കണ്ടതാണ് ഈ സഹോദരങ്ങളെ സംരംഭകത്വത്തില്‍ വ്യത്യസ്തരാകുന്നത്. ഒരു ചെറിയ ബ്രാന്‍ഡാണ് തങ്ങള്‍ എന്ന ലേബലില്‍ സ്വയം ഒതുങ്ങി നില്‍ക്കാതെ മുന്നോട്ട് മാത്രം പോകാനുറച്ച് പ്രവര്‍ത്തിച്ചതായിരുന്നു ഇരുവരുടെയും വിജയത്തിന്റെ അടിസ്ഥാനം. ഇന്ത്യന്‍ വിപണിക്ക് പുറമെ വിദേശ വിപണിക്കും തുടക്കം മുതലേ ഇരുവരും പ്രാധാന്യം നല്‍കി. നൂറ് ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്റ്ററിയില്‍ നിന്നും 7000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥാപനത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ കിമിരിക ഹണ്ടര്‍ എന്ന ബ്രാന്‍ഡ് വിജയം കണ്ടു. കേവലം ആറ് വര്‍ഷം കൊണ്ടാണ് മൂന്നൂറു കോടി രൂപയുടെ ആസ്തിയും 90 കോടിയുടെ വിറ്റുവരവുമുള്ള സ്ഥാപനമായി കിമിരിക മാറിയത് എന്നിടത്താണ് ഈ സംരംഭകരുടെ വിജയം.

എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുക, വേറിട്ട വഴികളിലൂടെ സഞ്ചരിക്കുക, പണം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ബിസിനസ് ചെയ്യാതിരിക്കുക , ഒരിക്കല്‍ ബിസിനസിലേക്ക് ഇറങ്ങിയാല്‍ പിന്നെ വിജയത്തില്‍ കുറഞ്ഞു ഒന്നും പ്രതീക്ഷിക്കരുത്..ഇങ്ങനെ പോകുന്നു രജത്തിന്റേയും മോഹിത്തിന്റെയും സംരംഭകതന്ത്രങ്ങള്‍. പൂര്‍ണമായും ആയുര്‍വേദിക് ഉല്‍പ്പന്നങ്ങളാണ് എന്നതും മൃഗക്കൊഴുപ്പ് പോലുള്ള വസ്തുക്കള്‍ കലര്‍ത്തുന്നില്ല എന്നതും കിമിരികയുടെ ബ്രാന്‍ഡുകളെ ഉപഭോക്താക്കളുടെ ഇഷ്ടങ്ങളോട് ചേര്‍ത്ത് നിര്‍ത്തുന്നു. സാധാരണ ഉപഭോക്തൃ വിപണിയിലേക്ക് പ്രവേശിക്കുന്നതിനായി നിരവധി അവസരങ്ങള്‍ ഉണ്ടെങ്കിലും ഹോട്ടല്‍ ഇന്ഡസ്ട്രിയിലെ ഒന്നാം നമ്പര്‍ ടോയ്ലെറ്ററി ബ്രാന്‍ഡായി മാറുകയാണ് കിമിരിക ഹണ്ടറിന്റെ ലക്ഷ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top