വിദ്യാഭ്യാസം, ഇന്ന് ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിന്റെ അടിസ്ഥാനം മികച്ച വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിന്റെ വിലയറിയണമെങ്കില്‍ ഏറെ ആഗ്രഹിച്ചിട്ടും അത് ലഭിക്കാത്ത ഒരു വ്യക്തിയോട് ചോദിക്കണം. ബീഹാര്‍ സ്വദേശിയായ പ്രകാശ് പാണ്ഡെ അത്തരത്തിലൊരു വ്യക്തിയാണ്. ഏറെ കഷ്ടതകള്‍ നിറഞ്ഞ ബാല്യത്തിനും കൗമാരത്തിനും ഇടയില്‍ മികച്ച വിദ്യാഭ്യാസം എന്നത് പ്രകാശിന് ഒരു സ്വപ്നം മാത്രമായി. സര്‍ക്കാര്‍ സ്‌കൂളുകളിലെ പരിമിതമായ സൗകര്യങ്ങള്‍ക്ക് നടുവില്‍ പത്താം തരം പൂര്‍ത്തിയാക്കി 2012 ല്‍ എയര്‍ ഫോഴ്‌സില്‍ ചേര്‍ന്ന പ്രകാശ് പാണ്ഡെ 2017 തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയത് ഉറച്ച തീരുമാനത്തോടെയായിരുന്നു. ആഗ്രഹിക്കുന്നവര്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസം ലഭ്യമാകണം, ഇതിനായി സ്വന്തം വീട് തന്നെ 400 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വിദ്യാലയമാക്കി മാറ്റിയിരിക്കുകയാണ് പ്രകാശ് പാണ്ഡെ.

‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’ എന്നാണ് പറയപ്പെടുന്നത്. വിദ്യകൊണ്ട് നേടാന്‍ കഴിയാത്തതായി ഈ ലോകത്ത് ഒന്നും തന്നെയില്ലെന്ന് ഈ തത്വം വ്യക്തമാക്കുന്നു. എന്നാല്‍ എല്ലാ ധനത്തിനും മീതെയുള്ള ഈ വിദ്യതന്നെ നേടാന്‍ അവസരമില്ലെങ്കിലോ? ജീവിതം പ്രകാശപൂരിതമല്ലാതായിത്തീരും എന്ന് തന്നെയാണ് അതിനുള്ള ഉത്തരം. വിദ്യയുടെ യാഥാര്‍ത്ഥമൂല്യം എന്തെന്ന് വ്യക്തമാക്കാന്‍ ഏറെ ആഗ്രഹിച്ചിട്ടും അത് ലഭിക്കാത്ത ഒരു വ്യക്തിക്ക് മാത്രമേ കഴിയൂ. ബിഹാറിലെ ചോരാവാന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ ആയ പ്രകാശ് പാണ്ഡെ അത്തരത്തില്‍ ഒരു വ്യക്തിയാണ്. പഠനത്തില്‍ ഏറെ മിടുക്കനായിരുന്നു പ്രകാശ്. എല്ലാ വിദ്യാര്‍ത്ഥികളെയും പോലെ തന്നെ പഠിച്ച് നല്ലൊരു ജോലി നേടണം എന്നതായിരുന്നു പ്രകാശിന്റെ ആഗ്രഹം. എന്നാല്‍ ചോരാവാന്‍ ഗ്രാമത്തിലെ പരിമിതമായ ജീവിത സൗകര്യങ്ങള്‍ അതിനൊരു തടസമായി മാറി.
പ്രകാശിന്റെ കര്‍ഷകരായ മാതാപിതാക്കള്‍ ഏറെ കഷ്ടപ്പെട്ടാണ് മകന് പഠിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി നല്‍കിയത്. എന്നാല്‍ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിനപ്പുറമുള്ള സൗകര്യങ്ങള്‍ മകന് ലഭ്യമാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കാര്യങ്ങള്‍ പിന്നെ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ബെഞ്ചും ഡെസ്‌ക്കും ഒന്നും തന്നെ ആവശ്യത്തിനില്ല. വൈദ്യുതിയുടെ കാര്യം പിന്നെ പറയുകയും വേണ്ട. എന്തെങ്കിലും സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അധ്യാപകരെങ്കിലും കൃത്യമായി എത്തിയേനെ. പഠിക്കാനുള്ള യഥാര്‍ത്ഥ ആഗ്രഹവുമായി എത്തുന്ന കുട്ടികള്‍ക്ക് പോലും ശരിയായ വിദ്യാഭ്യാസത്തിനുള്ള അവസരമില്ലാത്ത അവസ്ഥയാണ് ബീഹാറിലുണ്ടായിരുന്നത്. ഒരുവിധത്തില്‍ പത്താം തരം വരെ കഴിച്ചുകൂട്ടി പ്രകാശ്.

ആഗ്രഹിച്ച പോലെ ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ജീവിക്കാന്‍ ജോലി വേണമല്ലോ? അതിനാല്‍ പത്താം തരം കഴിഞ്ഞയുടന്‍ പ്രകാശ് ഡല്‍ഹിക്ക് യാത്രയായി. അവിടെ പലവിധ ജോലികള്‍ ചെയ്തു വരുമാനം കണ്ടെത്തി. 2009 ല്‍ പത്താം ക്ലാസ് പഠനത്തോടെ ബീഹാറില്‍ നിന്നും ഡല്‍ഹിയിലെത്തിയ പ്രകാശ് 2012 ലാണ് ടെസ്റ്റ് എഴുതി എയര്‍ ഫോഴ്‌സിന്റെ ഭാഗമാകുന്നത്. എയര്‍ ഫോഴ്‌സില്‍ സാമാന്യം ഭേദപ്പെട്ട പോസ്റ്റില്‍ കയറാനായത് മികച്ച ഭാവി ലക്ഷ്യമിട്ട് നടത്തിയ പഠനം കൊണ്ട് മാത്രമാണ്. തന്റെ വിദ്യാഭ്യാസത്തിനു ചേരുന്ന ഒരൊറ്റ മത്സര പരീക്ഷപോലും പ്രകാശ് പാണ്ഡെ ഒഴിവാക്കുമായിരുന്നില്ല. 2012 മുതല്‍ എയര്‍ ഫോഴ്‌സിന്റെ ഭാഗമായി മാറിയ പ്രകാശിനെ ഏറ്റവും കൂടുതല്‍ അലട്ടിയത് തന്റെ നാട്ടിലെ യുവതലമുറയുടെ വിദ്യാഭ്യാസമായിരുന്നു.
സ്ഥിതിയില്‍ മാറ്റമില്ലാതെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
ഓരോ തവണ നാട്ടില്‍ വധിക്ക് വരുമ്പോഴും പ്രകാശ് ആദ്യം അന്വേഷിച്ചിരുന്നത് താന്‍ പഠിച്ച സര്‍ക്കാര്‍ വിദ്യാലയത്തിന്റെ അവസ്ഥയില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്നായിരുന്നു. എന്നാല്‍ പറയത്തക്കമാറ്റം ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, സര്‍ക്കാര്‍ വിദ്യാലയങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസംകൊണ്ട് ഈ കുട്ടികള്‍ക്ക് പ്രത്യേകിച്ച് ഫലം ഒന്നും ലഭിക്കാന്‍ വഴിയില്ല എന്ന് മനസിലാക്കിയ പ്രകാശ് തന്റെ ഗ്രാമത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെപ്പറ്റി ആലോചിച്ചുതുടങ്ങി.

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അല്ലാതെ മറ്റ് പഠനകേന്ദ്രങ്ങള്‍ ഒന്നും തന്നെ ചോരാവാന്‍ പ്രവിശ്യയില്‍ ഉണ്ടായിരുന്നില്ല. നഗരത്തിലെ വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ഫീസ് നല്‍കി പഠിപ്പിക്കുന്നതിനുള്ള അവസരം ഗ്രാമീണരായ മാതാപിതാക്കള്‍ക്കും ഉണ്ടായിരുന്നില്ല. ഈ അവസ്ഥക്ക് ഒരു മാറ്റം വരണമെങ്കില്‍ ഗ്രാമത്തില്‍ ഒരു ബദല്‍ വിദ്യാലയം വരണമെന്ന് പ്രകാശിന് തോന്നി. ഇനി മറ്റ് വിദ്യാര്‍ത്ഥികള്‍ ആരും തന്നെ തന്നെപ്പോലെ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കാതെ വിഷമിക്കുകയും നല്ല ജീവിതം ഇല്ലാതാക്കുകയും ചെയ്യരുതെന്ന് പ്രകാശിന് തോന്നി. അങ്ങനെയാണ് തന്റെ വരുമാനത്തില്‍ നിന്നും ഒരു തുക വിനിയോഗിച്ച് ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വിദ്യാലയം ആരംഭിക്കാം എന്ന ചിന്ത പ്രകാശിനുണ്ടാകുന്നത്.
പ്രകാശിന്റെ പാഠശാല, ബീഹാറിന്റെയും
ബദല്‍ വിദ്യാഭ്യാസം എന്നതിനേക്കാള്‍ ഏറെ അറിവ് പകര്‍ന്നു നല്‍കുക എന്നതായിരുന്നു പ്രകാശിന്റെ ലക്ഷ്യം. ഇതിനായി തന്റെ വീട് തന്നെ ഒരു വിദ്യാലയമാക്കി മാറ്റാനായിരുന്നു പ്രകാശിന്റെ പദ്ധതി. ധാരാളം സ്ഥലമുള്ള ഒരു പ്രദേശത്തായിരുന്നു പ്രകാശിന്റെ വീട്. ഒരു ജോലിയില്‍ കയറി പൂര്‍ണമായും പച്ചപിടിക്കുന്നതിനു മുന്‍പ് തന്നെ ഇത്തരത്തില്‍ വരുമാനം മുഴുവന്‍ വിനിയോഗിച്ചുകൊണ്ടുള്ള ഒരു എടുത്തുചാട്ടത്തിന് പ്രകാശിന്റെ വീട്ടുകാര്‍ എതിരായിരുന്നു. മാതാപിതാക്കള്‍ തങ്ങളുടെ മകനെ കഴിയുന്നതത്ര പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ പ്രകാശിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിന്നീട് മാതാപിതാക്കള്‍ക്ക് പരാജയം സമമതിക്കേണ്ടി വന്നു.
ഒരു വര്‍ഷത്തില്‍ മൂന്നുമാസമാണ് പ്രകാശ് പാണ്ഡെക്ക് അവധിയുള്ളത്. ഈ അവധി ഒരുമിച്ച് രണ്ടു വര്‍ഷങ്ങളിലായി വിനിയോഗിച്ചാണ് പാഠശാല എന്ന പേരില്‍ സ്‌കൂള്‍ പ്രവര്‍ത്തികമാക്കിയത്. പഠിക്കാന്‍ ആഗ്രഹമുള്ള ഏതൊരു വ്യക്തിക്കും പ്രായ വ്യത്യാസം കൂടാതെ ഇവിടെ പഠിക്കാം എന്നതായിരുന്നു പ്രത്യേകത. ഇത് പ്രകാരം ഗ്രാമത്തിലെ പഠിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ ഓരോരുത്തരായി വിദ്യാലയത്തിന്റെ ഭാഗമായി മാറി. എന്നാല്‍ ഒരു സാക്ഷരതാ വിദ്യാഭ്യാസ ക്ലാസ് എന്നതല്ല തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി പ്രകാശ് തന്റെ വിദ്യാലയത്തിലെ കഴിവുള്ള അധ്യാപകരെ കണ്ടെത്തുകയും ഗ്രാമത്തിലെ ഓരോ വ്യക്തിയുടെയും അടുത്തെത്തി മക്കളെ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഏറെ ശ്രമിച്ചിട്ടും വളരെ കുറച്ചു വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പാഠശാലയില്‍ എത്തിയത്. ഇതിന്റെ കാര്യം അന്വേഷിച്ചിറങ്ങിയ പ്രകാശിനോട് ഓരോ വീട്ടിലെയും മാതാപിതാക്കള്‍ പങ്കുവച്ചത് ഇത്തരത്തില്‍ ഒരു വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ അടക്കേണ്ടി വരുന്ന ഉയര്‍ന്ന ഫീസിനെ പറ്റിയുള്ള ചിന്തയാണ്. എന്നാല്‍ തന്റെ വിദ്യാലയം അത്തരത്തിലുള്ള ഒന്നല്ല എന്നും ഇവിടെ പഠിക്കാന്‍ ആഗ്രഹമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച രീതിയില്‍ അതിനുള്ള സാഹചര്യം ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രകാശ് പാണ്ഡെ വ്യക്തമാക്കി. ചെലവ് വഹിക്കാനുള്ള സാമ്പത്തികശേഷിയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നുമാത്രമാണ് ചെറിയ തുക ഈടാക്കിയിരുന്നത്.
തുടര്‍ന്ന് ചലോ സ്‌കൂള്‍ എന്ന പേരില്‍ പ്രകാശ് ഒരു കാമ്പയിന്‍ തുടങ്ങി. ഇത് വളരെപ്പെട്ടന്ന് ജനശ്രദ്ധയാകര്‍ഷിച്ചത്. ഇതോട് കൂടി പാഠശാലയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു. നിലവില്‍ ഒന്നാം തരം മുതല്‍ എട്ടാം തരം വരെ 400 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം , ഇംഗ്ലീഷ് വിദ്യാഭ്യാസം എന്നിവ ഇവിടെ നല്‍കുന്നു. വളരെ കുറഞ്ഞ സമയംകൊണ്ടാണ് ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മാറിയത്. ഇപ്പോള്‍ ഇവിടുത്തെ ആളുകള്‍ മക്കളുടെ ഭാവിയെപ്പറ്റി ശുഭപ്രതീക്ഷയുള്ളവരാണ്. 25 കുട്ടികളുമായി പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയത്തില്‍ രണ്ട് വര്‍ഷം കൊണ്ട് 400 വിദ്യാര്‍ത്ഥികള്‍ എത്തി എന്നത് തന്റെ ആശയത്തിന്റെ വിജയമായി പ്രകാശ് പാണ്ഡെ കരുതുന്നു. വരും വര്‍ഷങ്ങളില്‍ പത്താം ക്ലാസ് വരെ പഠനം തുടരുവാനുള്ള അനുമതി സര്‍ക്കാര്‍ ഈ വിദ്യാലയത്തിന് നല്‍കിയിരിക്കുന്നു. ചെറിയ ചിന്തകളില്‍ നിന്നാണ് വലിയ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ലഭിക്കുന്നതെന്ന് പ്രകാശ് പാണ്ഡെയുടെ ജീവിതം വ്യക്തമാക്കുന്നു
