Entertainment

ഇമ്മിണി വല്യ ടാറ്റൂയിംഗ്

പണ്ടുകാലത്ത് പച്ചകുത്തല്‍ ആയിരുന്നു ട്രെന്‍ഡ്, എന്നാല്‍ ഇന്ന് ടാറ്റൂയിംഗ് ആണ്. അതും പല നിറത്തില്‍.ഫാഷന്റെയും ട്രെന്‍ഡിന്റെയും സംഗമമാണ് ടാറ്റൂയിംഗ്. മികച്ച വരുമാന സ്രോതസ്സ് ആയതിനാല്‍ തന്നെ ടാറ്റൂ സ്റ്റുഡിയോകളുടെ എണ്ണവും വര്‍ധിക്കുന്നു

മോഡേണ്‍ ആകണോ ടാറ്റൂ നിര്‍ബന്ധമാണ് എന്ന നിലക്കാണ് നമ്മുടെ യുവാക്കളുടെ പോക്ക്. സ്‌റ്റൈലിന്റെ ഭാഗമായും ചില ഓര്‍മപ്പെടുത്തലുകളുടെ ഭാഗമായും സ്‌നേഹത്തിന്റെ ഭാഗമായുമെല്ലാം പലവിധത്തിലുള്ള ടാറ്റൂകള്‍ സ്വന്തം ശരീരത്തില്‍ പതിപ്പിക്കുകയാണ് യുവാക്കള്‍. ഫാഷന്‍ ഭൂപടത്തിന്റെ ടാറ്റൂ സ്റ്റുഡിയോകളും സ്ഥാനം പിടിച്ച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ബാംഗ്ലൂര്‍, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങള്‍ വിട്ട് ടാറ്റൂ ബിസിനസ് കേരളത്തിലും വേരുറപ്പിക്കുന്നത്.പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ബിസിനസാണ് ഈ മേഖലയില്‍ നടക്കുന്നത്

Advertisement

ടാറ്റൂയിംഗ് വിപണിയില്‍ സജീവമായിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ പണ്ട് കാലത്തെ പച്ചകുത്തല്‍ തന്നെയല്ലേ ഇത് എന്ന നിലയിലാണ് പലരും ഇതിനെ കണ്ടിരുന്നത്. എന്നാല്‍ പച്ചകുത്തലും ടാറ്റൂയിംഗും ഒന്നല്ല . പച്ചകുത്തലില്‍ ഒരു സൂചി മാത്രം ഉപയോഗിക്കുമ്പോള്‍, വ്യത്യസ്ത വലുപ്പത്തിലുള്ള പല സൂചികള്‍ കൊണ്ടാണ് ടാറ്റൂയിംഗ് ചെയ്യുന്നത്. ഇതില്‍ ചിത്രങ്ങള്‍ വരക്കാനും ഷെയ്ഡ് കൊടുക്കാനുമൊക്കെയുള്ള സൂചികള്‍ ഒന്നിനൊന്ന് വ്യത്യസ്തമാണ്. ടാറ്റൂയിംഗ് കേരളത്തില്‍ സജീവമായിട്ട് അധിക നാളുകളായിട്ടില്ല. 2010 ന്റെ അവസാനത്തോടെയാണ് കൊച്ചി കേന്ദ്രീകരിച്ച് നിരവധി ടാറ്റൂയിംഗ് സ്റ്ററ്റുഡിയോകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് ഇത് കോഴിക്കോട്,കണ്ണൂര്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു.

ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇന്‍ജക്ട് ചെയ്യുന്നതാണ് ടാറ്റൂ പതിപ്പിക്കലിന്റെ രീതി. ത്വക്കിന്റെ രണ്ടാംപാളിയിലേക്കാണ് ഈ മഷി നിക്ഷേപിക്കപ്പെടുന്നത്. ചിത്ര രചനയില്‍ താല്‍പര്യമുള്ള പലരും ഈ മേഖലയിലേക്ക് വരാവുന്നതാണ്.എന്നാല്‍ ട്രെന്‍ഡുകള്‍ പിന്തുടര്‍ന്ന് ടാറ്റൂ ചെയ്യുക എന്നത് ക്രിയാത്മകത ഏറെ ആവശ്യമുള്ള ഒരു തൊഴില്‍ കൂടിയാണ്. ഒപ്പം മികച്ച ആശയവും വ്യത്യസ്തതമായി വരക്കാനുള്ള കഴിവും പ്രധാനമാണ്. അതിനാല്‍ ഇതെല്ലാം ഒത്തിണങ്ങിയ ഒരു ആര്‍ട്ടിസ്റ്റിന് മികച്ച ജോലി സാധ്യതയാണുള്ളത്.

ത്രീഡിയാണ് ട്രെന്‍ഡ്

ഇപ്പോള്‍ സാധാരണ നീഡില്‍ ടാറ്റൂ മുതല്‍ ത്രീ ഡീ ടാറ്റൂ വരെ കേരളത്തില്‍ ചെയ്യപ്പെടുന്നു. നൂറുശതമാനം യഥാര്‍ഥമെന്ന് തോന്നിക്കുന്ന വിധത്തില്‍ മുറിവും തീപ്പൊള്ളലും സൃഷ്ടിച്ചെടുക്കാന്‍ കഴിവുള്ളവയാണ് ത്രി ഡി ടാറ്റൂകള്‍. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നല്‍കിയ മാതൃക പിന്തുടര്‍ന്നാണ് ത്രീ ഡീ ടാറ്റൂ കേരളത്തില്‍ സജീവമായത്. ഒപ്പം തന്നെ പല നിറങ്ങളില്‍ ടാറ്റൂ ചെയ്യാനായി എത്തുന്നവരും കൂടുതലാണ്. ഉപയോഗിക്കുന്ന നിറങ്ങളെ അടിസ്ഥാനമാക്കി ടാറ്റൂ ചാര്‍ജ് വ്യത്യാസപ്പെടും. തങ്ങളുടെ വ്യക്തിത്വം, സ്വാതന്ത്ര്യബോധം, ചിന്താഗതികള്‍, എന്നിവയെല്ലാം വെളിപ്പെടുത്തുന്ന രീതിയിലുള്ള ടാറ്റൂയിംഗ് ആണ് പലര്‍ക്കും താല്‍പര്യം.തീം അടിസ്ഥാനമാക്കിയുള്ള ടാറ്റൂകളാണ് പോട്രെയ്റ്റ് ടാറ്റൂകള്‍. ഉപഭോക്താക്കള്‍ തന്നെ തീമുമായി വരികയോ, അവര്‍ തീം നല്‍കിയശേഷം ടാറ്റൂ ആര്‍ട്ടിസ്റ്റ് അത് വികസിപ്പിക്കുകയോ ചെയ്യുന്നു.

ബഡ്ജറ്റില്‍ ഒതുക്കാന്‍ കഴിയുമോ?

ടാറ്റൂ ചെയ്യാന്‍ എടുക്കുന്ന ചിത്രം, അതിന്റെ ആശയം, ടാറ്റൂ ചെയ്യാനെടുക്കുന്ന സമയം , വലുപ്പം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ ചാര്‍ജ് നിശ്ചയിക്കുന്നത്. ഒരു സ്‌ക്വോയര്‍ ഇഞ്ചിന് 800 രൂപ മുതല്‍ 1000 രൂപ വരെയാണ് ഇപ്പോള്‍ പല ടാറ്റൂ സ്റ്റുഡിയോകളും ഈടാക്കുന്നത്. കൈത്തണ്ട, പുറംഭാഗം, കാലുകള്‍, കഴുത്തിനു പിന്‍ഭാഗം എന്തിനേറെ പറയുന്നു ഇപ്പോള്‍ കണ്ണിനു മുകളില്‍ വരെ ആളുകള്‍ ടാറ്റൂ ചെയ്യുന്നുണ്ട്. പ്രിയപ്പെട്ടവരുടെ മുഖം കൈകളില്‍ ടാറ്റൂ ചെയ്യുന്നത് ഇപ്പോഴത്തെ പുതിയ ട്രെന്‍ഡാണ്. ദിവസം ലക്ഷങ്ങളുടെ ബിസിനസ് നടക്കുന്ന സ്റ്റാര്‍ റേറ്റഡ് ടാറ്റൂ സ്റ്റുഡിയോകള്‍ വരെ ഇവിടെയുണ്ട്.

ഉപയോഗിച്ച നീഡില്‍ തന്നെ വീണ്ടും ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ടാറ്റൂ ചെയ്യുന്ന സ്റ്റുഡിയോകള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.ടാറ്റൂ ചെയ്യാന്‍ ഉറപ്പിച്ചവര്‍ അത് അംഗീകൃത സ്റ്റുഡിയോകളില്‍ മാത്രം ചെയ്യുക. ഉപയോഗിക്കുന്ന നീഡില്‍ പുതിയതാണോ എന്ന് ഉറപ്പിക്കുക.ടാറ്റൂചെയ്യുന്ന സ്റ്റുഡിയോകള്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതുപോലെ തന്നെ ഉപയോഗിക്കുന്ന മഷിയുടെ നിലവാരവും ചോദിച്ചറിയുക. ഇപ്പോള്‍ ഏകദേശം 42 കളറുകളാണ് ടാറ്റൂ ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് . അത് പോലെ തന്നെ പെര്‍മനന്റ് ടാറ്റൂ ആണ് ചെയ്യുന്നത് എങ്കില്‍ രണ്ടുവട്ടം ആലോചിക്കുക. ഒരിക്കല്‍ വേണ്ടെന്ന് തോന്നിയാല്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതിനു ചെലവും കൂടുതലായിരിക്കും.

അപകടം കാരണമോ ശസ്ത്രക്രിയകാരണമോ ഉണ്ടായ പാടുകള്‍ മായ്ക്കാനുള്ള കുറുക്കുവഴിയായും പച്ചകുത്തലിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. പുരികമില്ലാത്തവര്‍ പുരികം സൃഷ്ടിക്കാനും ഇന്ന് ടാറ്റൂ ഉപയോഗിക്കുന്നു. ഇതിനാലെല്ലാം തന്നെയാണ് ടാറ്റൂ സ്‌റുഡിയോകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നതും. കാന്‍സര്‍ മൂലം മുടികൊഴിഞ്ഞവര്‍ വിഗ്ഗിനെ ആശ്രയിക്കാതെ തലയോട്ടിയില്‍ ടാറ്റൂ ചെയ്യുന്നത് ട്രെന്‍ഡ് ആയിരുന്നു.തങ്ങളുടെ ബോള്‍ഡ്‌നെസ്സ് തുറന്ന് കാണിക്കുന്ന ഇത്തരം ടാറ്റൂവിനു ഏറെ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.ഒരു മണിക്കൂറില്‍ താഴെയാണ് ശരാശരി ഒരു ടാറ്റൂ ചെയ്യുന്നതിനായി എടുക്കുന്ന സമയം. ടാറ്റൂ ചെയ്യുന്നതിന് മുന്‍പായി തൊലി സെന്‌സിറ്റിവ് ആണോ എന്ന് പരിശോധിക്കുക.

പ്രമേഹരോഗികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മദ്യപിച്ചവര്‍ എന്നിവര്‍ ടാറ്റൂചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. പ്രമേഹരോഗികള്‍ക്ക് മുറിവുണങ്ങാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഒരു പ്രശ്‌നം. അണുബാധയുണ്ടാവാനിടയുള്ളതിനാല്‍ ,മുലയൂട്ടുന്ന അമ്മമാരേ മാറ്റി നിര്‍ത്തുന്നത്. ഹൃദയസംബന്ധിയായ രോഗമുള്ളവര്‍ രക്തം വേഗം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ ടാറ്റൂ ചെയ്യരുത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top