Top Story

ജോലിയും ജീവിതവും ബാലന്‍സ് തെറ്റാതെ…

ജോലിയും ജീവിതവും തമ്മില്‍ മനോഹരമായ ഒരു ബാലന്‍സ് ഉണ്ട്. ആ ബാലന്‍സ് തെറ്റാത്തിടത്തോളം കാലം രണ്ടും ആസ്വദിക്കാം, മറിച്ചായാല്‍ രണ്ടും ദുഷ്‌കരമാകുകയും ചെയ്യും

ജോലി ചെയ്യാന്‍ വേണ്ടി ജീവിക്കണോ, ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യണോ? സ്വയം തീരുമാനിക്കേണ്ട കആര്യമാണത്. ജോലിയും ജീവിതവും തമ്മില്‍ മനോഹരമായ ഒരു ബാലന്‍സ് ഉണ്ട്. ആ ബാലന്‍സ് തെറ്റാത്തിടത്തോളം കാലം രണ്ടും ആസ്വദിക്കാം, മറിച്ചായാല്‍ രണ്ടും ദുഷ്‌കരമാകുകയും ചെയ്യും.

Advertisement

ചിലര്‍ക്ക് ജോലിയെന്നാല്‍ ഒരു പ്രൊഫഷനെക്കാള്‍ ഉപരിയായി ഒരു പാഷനാണ്. അത് നല്ലത് തന്നെ. മികച്ച ജോലി, അത് നല്‍കുന്ന വരുമാനം , സമൂഹത്തില്‍ ലഭിക്കുന്ന മാന്യത തുടങ്ങി പല കാര്യങ്ങള്‍ ഒരു വ്യക്തിയെ ജോലിക്ക് അടിമയാകുന്നു. മറ്റ് ചിലരാകട്ടെ ജീവിതത്തിലെ ബാധ്യതകളില്‍ നിന്നും ഒളിച്ചോടുന്നതിന്റെ ഭാഗമായാണ് ജോലിയില്‍ അമിതമായി മുഴുകുന്നത്. കാര്യം എന്ത് തന്നെയായാലും ജോലിയോടുള്ള പാഷന്‍ അതിര് കടക്കുമ്പോള്‍ ഇല്ലാതാകുന്നത് വ്യക്തി ജീവിതമാണ് . അതിനാല്‍ കോര്‍പ്പറേറ്റ് ലോകത്ത് ഇന്ന് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമാണ് ജോലിയും ജീവിതവും എങ്ങനെ ബാലന്‍സ്ഡ് ആയി കൊണ്ട് പോകാം എന്നത്.

സ്വയം തയ്യാറാക്കിയ ചില ചിട്ടകളിലൂടെ മാത്രമേ ജോലിയും ജീവിതവും ബാലന്‍സ്ഡ് ആയി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കൂ. നമ്മള്‍ ഏത് കമ്പനിക്കു വേണ്ടിയാണോ ജോലി ചെയ്യുന്നത് ആ കമ്പനിക്കു വേണ്ടി ഓരോ ദിവസവും ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ ശ്രമിക്കണം. ജോലിക്കായി അനുവദിച്ചിരിക്കുന്ന സമയം 8 മണിക്കൂര്‍ ആണ്. ഏത് സ്ഥാപനവും ഒരു വ്യക്തിക്ക് പ്രതിഫലം നല്‍കുന്നത് ആ 8 മണിക്കൂര്‍ അധ്വാനത്തിനാണ്. അതിനാല്‍ ജോലി ചെയ്യുന്ന 8 മണിക്കൂറില്‍ പരമാവധി ഉല്‍പ്പാദനക്ഷമത നല്‍കുവാന്‍ ശ്രമിക്കുക. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, മൂല്യങ്ങള്‍ എന്നിവ ഒരിക്കലും ആ കമ്പനിയുടെ മാനേജ്‌മെന്റിന് അടിയറവ് വയ്ക്കരുത്. ജോലി ചെയ്യുന്നത് മികച്ച രീതിയില്‍ ജീവിക്കാനും വരുമാനം കണ്ടെത്താനും വേണ്ടിയാണ്. അപ്പോള്‍ ജീവിതം മറന്നു കൊണ്ട് ജോലിയില്‍ മുഴുകുന്നത് നിങ്ങളുടെ വ്യക്തിത്വം അടിയറവ് വയ്ക്കുന്നതിന് തുല്യമാണ്.

വര്‍ക്ക് ഹോളിക്ക് എന്ന ട്രാപ്പ്

പലപ്പോഴും പലരും പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമാണ്. അവന് ജോലിയാണ് എല്ലാം. ജോലിയാണ് ജീവിതം. വര്‍ക്ക് ഹോളിക്കാണ്. എന്നാല്‍ ഈ പ്രശംസക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതി മനസിലാക്കുക എന്നതാണ് പ്രധാനം . വര്‍ക്ക് ഹോളിക്ക് എന്ന ലേബലില്‍ നിങ്ങളെ നിങ്ങള്‍ തന്നെ തളച്ചിടുന്ന അവസ്ഥ ഉണ്ടാക്കാതിരിക്കുക. വര്‍ക്ക് ഹോളിക്ക് എന്ന ലേബലില്‍ ഒതുങ്ങിയ ഒരു വ്യക്തിക്ക് ജോലി നഷ്ടപ്പെട്ടാലുള്ള സ്ഥിതി ആലോചിച്ചിട്ടുണ്ടോ? റിട്ടയര്‍ ചെയ്താലുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഏറെ ക്ലേശകരമായിരിക്കും അത്തരത്തിലൊരു അവസ്ഥ. സമൂഹത്തിലും ജീവിതത്തിലും ഒറ്റപ്പെട്ടു പോകുന്ന അത്തരമൊരു അവസ്ഥ വരുത്താതെ നോക്കുക.

ജോലിയല്ല ജീവിതമെന്നു മനസിലാക്കുക

ജോലി എന്നത് നിങ്ങളുടെ ജീവിതമല്ല, അത് ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. നിങ്ങളുടെ ആത്മാഭിമാനം, സന്തോഷം എന്നിവ നിര്‍ണയിക്കാനുള്ള അവകാശം ഏതെങ്കിലും ഒരു ജോലിക്കോ മുതലാളിക്കോ ഇല്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നമ്മുടെ ജീവിതത്തില്‍ ചില വേലിക്കെട്ടലുകള്‍ ആവശ്യമുണ്ടെന്ന് ചുരുക്കം. ജോലി, വ്യക്തിജീവിതം, ആരോഗ്യം, മൂല്യങ്ങള്‍ എന്നിവയെ വ്യക്തമായി വേര്‍തിരിച്ചു നിര്‍ത്താന്‍ സാധിക്കുന്നിടത്താണ് ഒരു വ്യക്തിയുടെ യഥാര്‍ത്ഥ വിജയം.പല കമ്പനികളിലും ലക്ഷ്യത്തിലെത്താനുള്ള ഒരു ടൂള്‍ മാത്രമായാണ് ജീവനക്കാരെ കാണുന്നത്. സ്ഥാപനത്തിന് ജീവനക്കാരോടുള്ള നിലപാടും ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്.ജീവനക്കാരെ ഒരു കുടുംബമായാണ് കാണേണ്ടത്. അവരെ വിശ്വസിക്കുകയും ബഹുമാനിക്കുകയും അഭിനന്ദിക്കുകയും സംരക്ഷിക്കുകയും വേണം. ജീവനക്കാരെ അംഗീകരിക്കുകയും അവരുടെ ടാലന്റ് വളര്‍ത്തുന്നതിനായി ശ്രമിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ഒരു ഭാഗ്യമാണ്. ഇത്തരത്തിലുള്ള എത്ര കാലം വേണമെങ്കിലും ജോലി ചെയ്യാന്‍ സാധിക്കും.

മികച്ച തൊഴില്‍ അന്തരീക്ഷമുണ്ടോ ?

വര്‍ക്ക് ഹോളിക് എന്ന ബ്രാന്‍ഡില്‍ ഒതുങ്ങാതെ ജോലിയും ജീവിതവും ഒപ്പത്തിനൊപ്പം കൊണ്ട് പോകാന്‍ അനിവാര്യമായ ഘടകം മികച്ച തൊഴില്‍ അന്തരീക്ഷമാണ്. ജീവനക്കാര്‍ക്ക് അവര്‍ക്ക് അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യവും സൗകര്യവും സ്ഥാപനത്തില്‍ ഉണ്ടായിരിക്കണം. ജീവനക്കാരെ വിശ്വാസമാണെങ്കില്‍ സ്ഥാപനം ഒരിക്കലും അവരെ മൈക്രോ മാനേജ് ചെയ്യാന്‍ പോകരുത്.തൊഴിലാളികളെ ബഹുമാനിക്കുന്ന സ്ഥാപനമാണെങ്കില്‍ അവരുടെ വ്യക്തിപരമായ സമയങ്ങളില്‍ കൈകടത്താന്‍ നോക്കില്ല . അവരോട് അധിക സമയം ഇരുന്ന് ജോലി ചെയ്യാനോ, ജോലി സമയത്തിനു ശേഷം വിളിച്ച് ബുദ്ധിമുട്ടിക്കാനോ കമ്പനി മുതിരില്ല. ഇത്തരം അവസ്ഥയില്‍ ജോലിയും ജീവിതവും തുല്യ പ്രാധാന്യത്തോടെ കൊണ്ടുപോകാന്‍ ഒരു വ്യക്തിക്ക് കഴിയും. സ്ഥാപനത്തില്‍ ഉണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും ഒരേ പോലെ പങ്കുവയ്ക്കാനുള്ള അവസരം വീട്ടിലെ അന്തരീക്ഷത്തിലും ഉണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ ജോലി ഒരിക്കലും ഒരു ഭാരമായി തോന്നുകയില്ല. ജോലി സ്ഥലത്തെക്ക് പോകാനും തിരികെ വീട്ടിലേക്ക് ഏതാനും ഒരേ ആവേശം ഉണ്ടാക്കുക എന്നതാണ് പ്രധാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top