Top Story

എച്ച് ആര്‍ മാനേജ്‌മെന്റ്; മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാം, ബിസിനസ് വിജയം നേടാം

ബിസിനസ് വിജയിപ്പിക്കുന്നതിനായി സംരംഭകര്‍ കൂട്ടുപിടിക്കുന്നതും ഈ പോസറ്റിവിറ്റിയെ തന്നെയാണ്. സംരംഭകത്വം എന്നത് കൂട്ടിയ പ്രയത്‌നമാണ്. സംരംഭകന്റെ മികച്ച ആശയത്തെ പ്രവര്‍ത്തി പഥത്തില്‍ എത്തിക്കുന്നത് തൊഴിലാളികളാണ്

ഇത് പോസറ്റിവിറ്റിയുടെ കാലഘട്ടമാണ്, ചിന്തയും പ്രവര്‍ത്തിയും നൂറു ശതമാനം പോസറ്റിവ് ആയിരുന്നാല്‍ മാത്രമേ ലക്ഷ്യത്തിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാകൂ. ഇക്കാര്യം വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഒരേ പോലെ ബാധകമാണ്. അതിനാല്‍ തന്നെ ബിസിനസ് വിജയിപ്പിക്കുന്നതിനായി സംരംഭകര്‍ കൂട്ടുപിടിക്കുന്നതും ഈ പോസറ്റിവിറ്റിയെ തന്നെയാണ്. സംരംഭകത്വം എന്നത് കൂട്ടിയ പ്രയത്‌നമാണ്. സംരംഭകന്റെ മികച്ച ആശയത്തെ പ്രവര്‍ത്തി പഥത്തില്‍ എത്തിക്കുന്നത് തൊഴിലാളികളാണ്. അതിനാല്‍ മികച്ച തൊഴില്‍ അന്തരീക്ഷം ഇവര്‍ക്കായി ഒരുക്കി നല്‍കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോള്‍ അത് തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നു. അതിലൂടെ ബിസിനസും വര്‍ധിക്കുന്നു. എന്നാല്‍ പലവിധത്തില്‍പെട്ട തൊഴിലാളികളെ ഒരുമിച്ചൊരു കുടക്കീഴില്‍ സംതൃപ്തരായി കൊണ്ടുപോകുക എന്നത് ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഒരു ചലഞ്ച് ആണ്. എന്നാല്‍ ഇതില്‍ വിജയിക്കുന്ന ഒരു സംരംഭകന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വരില്ല. മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ച് വിജയം നേടുന്നതിന് സഹായിക്കുന്ന ചില എളുപ്പ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

Advertisement

ഒരു വാഴക്കുലയിലെ ഒരു പഴം ചീഞ്ഞാല്‍ അത് മറ്റു പഴങ്ങളേയും കേടാക്കും എന്ന് കേട്ടിട്ടില്ലേ ? സംരംഭകത്വത്തിന്റെ കാര്യത്തിലും ഈ ഉപമ അക്ഷരം പ്രതി വാസ്തവമാണ്. ഒരു സംരംഭത്തിന്റെ അധഃപതനത്തിന് കമ്പനിക്ക് എതിരായി ചിന്തിക്കുന്ന ഒരൊറ്റ വ്യക്തി മതി. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രസ്തുത വ്യക്തിക്ക് തന്റെ സഹപ്രവര്‍ത്തകരെ സ്വാധീനിക്കാനും സ്ഥാപനത്തിനെതിരെ തിരിക്കാനും സാധിക്കും. ഈ ഒരു ഘട്ടത്തില്‍ ഒരു സംരംഭകനാവശ്യം ക്ഷമയാണ്. നെഗറ്റിവ് ആയ ഓഫീസ് അന്തരീക്ഷം സൃഷ്ടിക്കാതെ, ഇത്തരത്തിലുള്ള ഇത്തിള്‍കണ്ണികളെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കി, ഊഷ്മളമായ സംരംഭകാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയണം.ഇവിടെയാണ് പോസറ്റിവ് വര്‍ക്കിംഗ് അറ്റ്‌മോസ്ഫിയര്‍ എന്ന ആശയത്തിന് പ്രസക്തി ലഭിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ ആശയം എത്ര മികച്ചതായാലും അതിനെ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്നത് സ്ഥാപനത്തിലെ തൊഴിലാളികളാണ്. അതിനാല്‍ അതൃപ്തരായ തൊഴിലാളികളുമായി ഒരു സ്ഥാപനത്തിന് അധികകാലം മുന്നോട്ട് പോകാനാകില്ല. ഈ ഒരു ഘട്ടത്തിലാണ് സ്ഥാപനത്തിനകത്ത് ഒരു പുതുക്കിപ്പണി അനിവാര്യമായി വരുന്നത്. എന്നാല്‍ എങ്ങനെ ഒരു മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കും എന്ന ചോദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വ്യക്തി സന്തോഷം, പ്രൊഫഷണല്‍ സാറ്റിസ്ഫാക്ഷന്‍ ഇനീ രണ്ടു ഘടകങ്ങള്‍ ഒരേ പോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സന്ദര്‍ഭം ഉണ്ടാക്കിയാല്‍ മാത്രമേ ഒരു തൊഴിലാളിയില്‍ നിന്നും ഏറ്റവും മികച്ച ഉല്‍പ്പാദനക്ഷമത ലഭിക്കുകയുള്ളൂ.

1. മുതലാളിത്ത വ്യവസ്ഥിതി വേണ്ട

കാലം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകളും മാറണം. അതിനാല്‍ സ്വന്തം സ്ഥാപനമാണ് എന്ന് കരുതി, മുതലാളിത്ത മനോഭാവത്തോടെ, തൊഴിലാളികളെ അടക്കി ഭരിക്കാം എന്നാണ് ചിന്തയെങ്കില്‍ നിരാശയായിരിക്കും ഫലം. ഇത്തരത്തിലുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതിനായി ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും തുറന്നവതരിപ്പിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തൊഴിലാളികളില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു എങ്കില്‍ അവര്‍ക്കാവശ്യമായ സ്വാതന്ത്ര്യം നല്‍കണം. സംരംഭകന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി മാത്രം നിയോഗിച്ചിരിക്കുന്ന ആജ്ഞാനുവര്‍ത്തികളായി മാത്രം തൊഴിലാളികളെ കാണരുത്. ഇത്തരത്തിലുള്ള അന്തരീക്ഷം പിന്നീട് ഗ്രൂപ്പിസത്തിലേക്കും കമ്പനി വിരുദ്ധ നിലപാടിലേക്കും നയിക്കും. അതിനാല്‍ മുതലാളിയും തൊഴിലാളികളും തുടക്കം മുതല്‍ക്ക് സമവായത്തില്‍ പോകണം.

2. പോസിറ്റിവിറ്റി വളര്‍ത്തുക

സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, അതിന്റെ ഏറ്റവും സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമായ ഘടകമാണ് പോസ്!റ്റിവിറ്റി. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും ആത്മവിശ്വാസവും തൊഴിലാളിക്ക് നല്‍കുക. പ്രെഷര്‍ അല്ല പിന്തുണയാണ് അനിവാര്യമായ കാര്യം. സ്ഥാപനം തന്റേതുകൂടിയാണ് എന്ന ചിന്ത തൊഴിലാളികളില്‍ ഉണ്ടാക്കിയെടുക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം. അങ്ങനെ വരുമ്പോള്‍ ജോലി കൃത്യമായി തീര്‍ക്കേണ്ടത് തന്റെ കൂടി ചുമതലയാണ് എന്ന ചിന്ത സ്വമേധയാ തൊഴിലാളികളില്‍ വരുന്നു. ഇത് സ്ഥാപനത്തിന്റെ തൊഴില്‍ അന്തരീക്ഷത്തില്‍ കൂടുതല്‍ മികവ് കൊണ്ട് വരുന്നതിന് സഹായിക്കുന്നു. അനിവാര്യമെങ്കില്‍ ഇടക്കിടക്ക് പോസറ്റീവ് ടോക്കുകള്‍ നടത്തുക, അത്തരം ആശയം പ്രചരിക്കപ്പിക്കുന്ന വീഡിയോകള്‍ , സന്ദേശങ്ങള്‍ എന്നിവ പങ്കുവയ്ക്കുകയൊക്കെയാവാം.

3. നന്ദി രേഖപ്പെടുത്താന്‍ മറക്കരുത്

കാര്യം തൊഴിലാളികള്‍ തന്നെയാണ്, അവര്‍ തൊഴില്‍ ചെയ്യുന്നത് അവരുടെ വരുമാനത്തിന് വേണ്ടിയാണ്. മാത്രമല്ല അതിനു കൃത്യം വേതനം നല്‍കുന്നുമുണ്ട്. എന്നിരുന്നാലും അവര്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിക്കും സ്ഥാപനം അവരോട് നന്ദി രേഖപ്പെടുത്താന്‍ മറക്കരുത്. പ്രത്യേകിച്ച് വ്യക്തിഗമായ ശ്രദ്ധയും കഴിവും അനിവാര്യമായി വരുന്ന കാര്യങ്ങളില്‍ അവരോട് നന്ദി രേഖപ്പെടുത്തുന്നതിന് യാതൊരുവിധ അലംഭാവവും കാണിക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നത് വളരെ ചെറിയ കാര്യമാണ് എന്ന് തോന്നുമെങ്കിലും അത് സ്ഥാപനത്തിലും തൊഴിലാളികളിലും ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. തന്‍ ജോലി ചെയ്യുന്ന സ്ഥാപനം, തന്റെ കഴിവുകളെ അംഗീകരിച്ചു തരുന്നു എന്നും എപ്പോഴും സ്ഥാപനം തനിക്കൊപ്പം ഉണ്ടാകും എന്നുമുള്ള തോന്നല്‍ തൊഴിലാളികളില്‍ ഉടലെടുക്കുന്നു. ഇത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കുന്നു. അതിനാല്‍ നന്ദി പറയാന്‍ ഉപേക്ഷ വിചാരിക്കേണ്ടതില്ല.

4. സന്തോഷം പരക്കട്ടെ

ഓഫീസിനുള്ളില്‍ എന്നും സന്തോഷം നിറഞ്ഞ അന്തരീക്ഷമാണെങ്കില്‍ സ്ഥാപനത്തിന്റെ വിജയത്തിന് മറ്റൊന്നും വേണ്ട. സംരംഭകന്‍ സ്വയം ശ്രദ്ധിക്കേണ്ട കാര്യമാണിത്. നിങ്ങളുടെ സ്ഥാപനത്തിലേക്ക് തൊഴിലാളികള്‍ സന്തോഷത്തോടെയാണോ വരുന്നത് എന്ന് വിലയിരുത്തുക. ഒപ്പം അവധി ദിനം വരുന്നതിനായി തൊഴിലാളികള്‍ അക്ഷമരായി കത്തിക്കാറുണ്ടോ എന്ന് നോക്കുക. അങ്ങനെ കാത്തിരിക്കുന്നുണ്ടെങ്കില്‍ സംരംഭകന്‍ എന്ന നിലയില്‍ നിങ്ങള്‍ പരാജയം സമ്മതിക്കേണ്ടതായി വരും. വീട്ടില്‍ നിന്നും ഏറെ ഉത്സാഹത്തോടെ ഓഫീസില്‍ എത്തുകയും ഏറെ ആര്‍ജവത്തോടെ ഓഫീസില്‍ ജോലി ചെയ്യുകയും ചെയ്യുന്ന തൊഴിലാളികള്‍ ഒരു സ്ഥാപനത്തിന്റെ സ്വത്താണ്. എന്നാല്‍ ഇത്തരം തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്.തൊഴിലാളികളുടെ നേട്ടങ്ങള്‍, ജ•ദിനങ്ങള്‍ എന്നിവ ആഘോഷിക്കുന്നതിലൂടെ വ്യക്തികള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നു. അത് കൂടുതല്‍ മികച്ച ഫലം ചെയ്യും.

5. മോട്ടിവേഷന്‍ നല്‍കുക

ടെസ്റ്റില്‍ മികസിച്ച സ്‌കോര്‍ നേടിയതുകൊണ്ടോ, അഭിമുഖ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ടോ മാത്രം ഒരു വ്യക്തി മികച്ച തൊഴിലാളിയാകുന്നില്ല. പരിചയസമ്പത്ത്, സ്മാര്‍ട്ട് വര്‍ക്ക് ചെയ്യുന്നതിനുള്ള കഴിവ്, സമചിത്തതയോടെ ആശയങ്ങളെ കൈകാര്യം ചെയ്യാനുള്ള പക്വത തുടങ്ങി നിരവധി ഘടകങ്ങള്‍ ഒരു വ്യക്തിയുടെ ജോലിയിലെ മികച്ച പ്രകടനത്തെ സ്വാധീനിക്കുന്നു.അതിനാല്‍ ജോലിയില്‍ പ്രവേശിച്ച അന്ന് മുതല്‍ ഒരു വ്യക്തി മികച്ച പ്രകടനം കാഴ്ചവെക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. ആദ്യ നാളുകളിലെ പ്രകടനം വിലയിരുത്തി ഒരു വ്യക്തിയെ തള്ളിക്കളയാനും ആവില്ല. അതിനാല്‍ മോട്ടിവേഷന്‍ അനിവാര്യമായി വരുന്ന ഘട്ടങ്ങളില്‍ അത് നല്‍കുക. പ്രശസ്തരായ മോട്ടിവേഷണല്‍ സ്പീക്കര്‍മാരുടെ ക്‌ളാസുകള്‍ ഇതിനു സാഹയിക്കും. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇത്തരത്തിലുള്ള ക്‌ളാസുകള്‍ നല്‍കുന്നത് തൊഴിലാളികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

6. വിജയങ്ങള്‍ ആഘോഷിക്കുക

ആഘോഷങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. മാത്രമല്ല, ആഘോഷങ്ങള്‍ വ്യക്തികളെ പരസ്പരം അടുപ്പിക്കുന്നു. അതിനാല്‍ സ്ഥാപനത്തിന്റെ ഓരോ വിജയവും ആഘോഷിക്കുക. വിജയവും ആഘോഷവും ചെറുതോ വലുതോ ആയിക്കോട്ടെ, എന്നാല്‍ അതില്‍ എല്ലാ തൊഴിലാളികളും പങ്കാളികളാകുന്നുണ്ടോ എന്നതാണ് പ്രാധാന്യം. സ്ഥാപനത്തിന്റെ വിജയം തന്റെ വിജയമായി കാണുന്നതിന് ഇത്തരം ആഘോഷങ്ങള്‍ സഹായിക്കും. തൊഴിലാളികള്‍ സ്ഥാപനത്തിനായി ചെയ്ത ന•കള്‍, പങ്കുവച്ച മികച്ച ആശയങ്ങള്‍ എന്നിവ ഈ അവസരത്തില്‍ പങ്കുവെക്കുകയും പ്രസ്തുത തൊഴിലാളികളെ അംഗീകരിക്കുകയുമാകാം. സ്ഥപനത്തിനകത്ത് ഒരിക്കലും പൊളിറ്റിക്‌സ് വളര്‍ന്നു വരുന്നതിനുള്ള അവസരമൊരുക്കരുത്. അതെ സമയം എന്തുതരം ആശയവും പങ്കുവക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയും വേണം.

  1. നന്മയും തിന്മയും തിരിച്ചറിയുക

സ്ഥാപനത്തിന് നന്മ ചെയ്യുന്ന തൊഴിലാളികളെയും സ്ഥപനത്തിനകത്ത് നിന്നുകൊണ്ട് പിന്തിരിപ്പന്‍ നടപടികളിലൂടെ സ്ഥാപനത്തെ പിന്നാക്കം വലിക്കുന്ന തൊഴിലാളികളെയും തിരിച്ചറിയുക. സ്ഥാപനത്തിലെ മുതിര്‍ന്ന തൊഴിലാളികളുടെ സേവനം ഇതിനായി വിനിയോഗിക്കാം. സ്ഥാപനത്തിനകത്തിരുന്നുകൊണ്ട് സ്ഥാപനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെ പുറത്താക്കാനുള്ള ധൈര്യം സംരംഭകന്‍ കാണിക്കണം. കാരണം കമ്പനിക്ക് എതിരായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തി കൂട്ടത്തിലുണ്ടെങ്കില്‍ മറ്റു തൊഴിലാളികളെയും അത് ബാധിക്കും.അതിനാല്‍ എന്നും മികച്ച നിരീക്ഷണപാഠവം ഇക്കാര്യത്തില്‍ വളര്‍ത്തിയെടുക്കുക. സ്ഥാപനത്തിനൊപ്പം നില്‍ക്കുന്ന, മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന വ്യക്തികള്‍ക്ക് മികച്ച പാരിതോഷികങ്ങള്‍ നല്‍കുന്നതിനും മടിക്കരുത്.

  1. കളിയും ചിരിയും കൂട്ടത്തില്‍ കാര്യവും

എപ്പോഴും ഒരേ പാറ്റേണില്‍ പോകുന്ന, എല്ലാ കാര്യങ്ങളെയും ഗൗരവത്തോടെ മാത്രം കാണുന്ന ഒരു അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ ഇന്നത്തെ തൊഴിലാളികള്‍ക്ക് യാതൊരു താല്‍പര്യവും ഉണ്ടാകില്ല. അതിനാല്‍ ഏറ്റവും സരസമായ രീതിയിലുള്ള പെരുമാറ്റമാണ് അനിവാര്യം. കളിയും ചിരിയും എല്ലാം ഓഫീസ് അന്തരീക്ഷത്തിന്റെ ഭാഗമാക്കണം. മള്‍ട്ടിനാഷണല്‍ കമ്പനികളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയുടെ ഓഫീസുകള്‍ ഇക്കാര്യത്തില്‍ മാതൃകയാണ്. ആവശ്യത്തിലേറെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി മികച്ച വരുമാനം ഉണ്ടാക്കുകയാണ് ഈ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഹാര്‍ഡ്‌വര്‍ക്ക് എന്ന ആശയത്തിന് പകരം സ്മാര്‍ട്ട് വര്‍ക്ക് എന്ന ആശയമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതിനാല്‍ തന്നെ തൊഴിലാളികളുടെ പ്രവര്‍ത്തന ക്ഷമതയും ഈ സ്ഥാപനങ്ങളില്‍ വളരെ കൂടുതലാണ്.

9. മികച്ച ആശയവിനിമയം

ഒരു സ്ഥാപനത്തില്‍ മികച്ച തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മികച്ച ആശയവിനിമയം ഉണ്ടാകുക എന്നത്. തൊഴിലാളികള്‍ക്കിടയിലും മാനേജ്‌മെന്റിന് ഇടയിലും ഇത്തരം ഒരന്തരീക്ഷം അനിവാര്യമാണ്. കമ്പനിയുടെ നേട്ടങ്ങള്‍ കോട്ടങ്ങള്‍, തൊഴില്‍ മികവ് ,പാളിച്ചകള്‍ എന്നിവയെല്ലാം തന്നെ തുറന്ന് സംസാരിക്കാന്‍ കഴിയണം അതിനുള്ള അവസ്ഥ ഉണ്ടാക്കിയെടുക്കണം . തുറന്ന സംഭാഷണങ്ങള്‍ തൊഴിലാളികളെ കമ്പനിയോട് കൂടുതല്‍ അടുപ്പിക്കും. പ്രവര്‍ത്തന പുരോഗതിക്കും കാരണമാകും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top