News

തൊട്ടാല്‍ പൊള്ളുന്ന ഉള്ളി; കുടുംബ ബജറ്റില്‍ ഉള്ളി പടിക്ക് പുറത്ത്!

ഇറക്കുമതി ഉള്ളിക്കായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതിനിടെ ഉള്ളിവില പല നഗരങ്ങളിലും 165 രൂപയായി. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില 120 കടന്നിരിക്കുകയാണ്.കൃഷിനാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ഉള്ളിയുടെ വില കുതിച്ചുയകുരുന്നതിനുള്ള പ്രധാന കാരണങ്ങളായി നിരത്തുന്നത്

അടുക്കള മുതല്‍ പാര്‍ലമെന്റ് വരെ ഇപ്പോള്‍ ചര്‍ച്ചാവിഷയം ഉള്ളിയാണ്. കഴിഞ്ഞ ഒരുമാസമായി തുടരുന്ന ഉള്ളിയുടെ വിലവര്‍ധനവ് കുടുംബ ബജറ്റുകളെ തകിടം മറിച്ചിരിക്കുകയാണ്. ഇറക്കുമതി ഉള്ളിക്കായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതിനിടെ ഉള്ളിവില പല നഗരങ്ങളിലും 165 രൂപയായി. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില 120 കടന്നിരിക്കുകയാണ്.കൃഷിനാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ഉള്ളിയുടെ വില കുതിച്ചുയകുരുന്നതിനുള്ള പ്രധാന കാരണങ്ങളായി നിരത്തുന്നത്. സവാള കിലോ 165 രൂപ, ഉള്ളി 200 രൂപ, വെളുത്തുള്ളി 256 രൂപ എന്നിങ്ങനെയാണ് കേരളത്തിലെ വിപണി വില. ഉള്ളിയും സവാളയും ഉള്‍പ്പെടുന്ന പച്ചക്കറി വിഭവങ്ങള്‍ ഇനി ഇറക്കുമതി ചെയ്യുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല.

Advertisement

സമാന സാഹചര്യം ഉണ്ടായ 201516 കാലത്താണ് രാജ്യം അവസാനമായി ഉള്ളി ഇറക്കുമതി ചെയതത്. അന്ന് 1987 ടണ്‍ ഉള്ളിയാണ് ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇന്ന് അതിന്റെ ഇരട്ടിയോളം വിപണിയില്‍ ആവശ്യമാണ്.വര്‍ധിച്ചുവരുന്ന ഉള്ളിവില സമ്പദ്‌വ്യവസ്ഥയിലെ തുടര്‍ച്ചയായ ബലഹീനതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഉള്ളിയുടെ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.നിലവിലെ സാഹചര്യത്തില്‍ അടുത്ത വിളവെടുപ്പ് വരെയെങ്കിലും ഈ വില തുടരുമെന്നാണ് കണക്ക് കൂട്ടല്‍

മലയാളിയുടെ ഭക്ഷണശീലങ്ങളില്‍ അന്നും ഇന്നും ഒഴിച്ചുമാറ്റാന്‍ കഴിയാത്ത ചേരുവകളാണ് സവാളയും ചെറിയുള്ളിയും വെളുത്തുള്ളിയും അടങ്ങുന്ന ഉള്ളി വര്‍ഗങ്ങള്‍. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം അവസാനത്തോടെ കുതിച്ചുയരാന്‍ തുടങ്ങിയ ഉള്ളി വിലയുടെ പരിണിതഫലമായി മേല്‍പ്പറഞ്ഞ വിഭവങ്ങള്‍ എല്ലാം തന്നെ അടുക്കളയില്‍ നിന്നും കുടുംബ ബജറ്റില്‍ നിന്നും പടിക്ക് പുറത്തായ അവസ്ഥയാണ്.നവംബര്‍ പകുതി വരെ കൂടിയും കുറഞ്ഞും ഇരുന്നിരുന്ന ഉള്ളിവില, പിന്നീടങ്ങോട്ട് റോക്കറ്റ് വേഗത്തില്‍ ഒരു പോക്കായിരുന്നു. ഇന്ന് ഒരു കിലോ സവാളക്ക് 165 രൂപയും ഉള്ളിക്ക് 200 രൂപയും വെളുത്തുള്ളിക്ക് 256 രൂപയുമാണ് കേരള വിപണിയിലെ വില.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുഖാന്തരം തൊലിപൊളിച്ച ഉള്ളിയും വെളുത്തുള്ളിയും വിലക്കപെടുമ്പോള്‍ വിലയില്‍ കിലോക്ക് എണ്‍പത് രൂപയോളം വര്‍ധനവ് ഉണ്ടാകുന്നു.കൃഷിനാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ഉള്ളിയുടെ വില കുതിച്ചുയകുരുന്നതിനുള്ള പ്രധാന കാരണങ്ങളായി നിരത്തുന്നത്.മഹാരാഷ്ട്ര, മധ്യപ്രദേശ് അടക്കമുള്ള ഉള്ളി പ്രധാനമായും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായ പ്രളയമാണ് കൃഷി തകര്‍ത്തത്.അതിനാല്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത വിളവെടുപ്പ് വരെയെങ്കിലും ഈ വില തുടരുമെന്നാണ് കണക്ക് കൂട്ടല്‍.

ഉള്ളിയുടെ വില വര്‍ധിച്ചതോടെ അത് കാറ്ററിംഗ്, ഹോട്ടല്‍ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഉള്ളിക്ക് പൊടുന്നനെ വില വര്‍ധിച്ചെന്ന് കരുതി വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലാണ് ഹോട്ടല്‍ മേഖല. സവാളയും ഉള്ളിയും ചേര്‍ത്തുള്ള വിഭവങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് ഹോട്ടലുകള്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗം.

ഇത് പ്രകാരം മുട്ടക്കറി, ഇറച്ചിക്കറി എന്ന് വേണ്ട ബിരിയാണിയില്‍ പോലും സവാള മിഴിയിട്ടു നോക്കിയാല്‍ കാണാന്‍ കഴിയാത്ത അവസ്ഥയാണ്. സാലഡുകളില്‍ സവാളക്ക് പകരം കാബേജ് സ്ഥാനം പിടിച്ചു. സവാള വട, ഉള്ളിവട തുടങ്ങിയ വിഭവങ്ങള്‍ തല്‍ക്കാലത്തേക്ക് ഓര്‍മയായി. ഉള്ളി ഒഴിവാക്കാന്‍ പറ്റാത്ത വിഭവങ്ങളില്‍ നേരത്തേ സ്റ്റോക് ചെയ്ത ഉള്ളിയാണു ഹോട്ടലുകള്‍ ഉപയോഗിച്ചു വരുന്നത്. എന്നാല്‍ സ്റ്റോക്കും തീരുന്നതോടെ ഉയര്‍ന്ന വില നല്‍കി ഉള്ളിവാങ്ങുവാന്‍ ഹോട്ടലുകള്‍ തയ്യാറാകുന്നില്ല.

നൂറു ശതമാനത്തിനു മുകളിലാണ് ഉള്ളി വര്‍ഗങ്ങള്‍ക്കുണ്ടായ വില വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേസമയം 45 മുതല്‍ 50 വരെയായിരുന്നു ഉള്ളി വില.കര്‍ണാടകയില്‍ ഇന്നലെ ചെറിയ ഉള്ളിയുടെ മൊത്തവില കിലോയ്ക്ക് 150 രൂപയായിരുന്നു,സവാള വില കിലോഗ്രാമിന് 130 രൂപയും.തമിഴ്‌നാട്ടില്‍ ഉള്ളിയുടെ ചില്ലറ വില 155 മുതല്‍ 165 രൂപ വരെയാണ്. . സവാളയുടെ ചില്ലറവിലയാകട്ടെ 140 രൂപയും.കേരളത്തില്‍ ഉള്ളി വില ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്നത് 2016 ല്‍ ആണ്. 125 രൂപയായിരുന്നു അന്നത്തെ വില. ഉള്ളി ഏറ്റവും അധികം കൃഷി ചെയ്യുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് കൃഷി നശിച്ചതാണു അന്നത്തേയും വിലകയറ്റത്തിനുള്ള കാരണം. എന്നാല്‍ അന്ന് തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഉള്ളി എത്തിയിരുന്നു. ഇന്ന് അതല്ല അവസ്ഥ.

സപ്ലൈകോ കൈ മലര്‍ത്തുന്നു

ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ഉള്ളി വില വര്‍ധിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ഉള്ളി വില നിയന്ത്രിക്കാന്‍ സപ്ലൈക്കോ വഴി കിലോക്ക് 35 രൂപ നിരക്കില്‍ ഉള്ളി വിതരണം ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ സപ്ലൈക്കോയില്‍ ഉള്ളി അന്വേഷിച്ച് എത്തുന്നവര്‍ക്ക് നിരാശയാണ് ഫലം. നാസിക്കില്‍ നിന്നും ടണ്‍ കണക്കിന് ഉള്ളി എത്തിച്ച ശേഷമാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. ഉള്ളിവില രാജ്യത്തെമ്പാടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സവാള വില നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വീണ്ടും ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴി സവാള സംഭരിക്കാനുള്ള പദ്ധതികളാണ് ഒക്ടോബറില്‍ ആവിഷ്‌കരിച്ചിരുന്നത്. സമാനമായ പദ്ധതികളിലേക്കാണ് വ്യാപാരികളും ഉപഭോക്താക്കളും ഒരു പോലെ പ്രതീക്ഷയര്‍പ്പിക്കുന്നത്.

കുതിച്ചുകയറുന്ന വില നിയന്ത്രിക്കാന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം നേരത്തെ ഉള്ളിക്കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉള്ളിയുടെ ഭൂരിഭാഗവും ആഭ്യന്തര വിപണിയില്‍ തന്നെയാണ് വിറ്റഴിക്കുന്നത്.അതിനാല്‍ കയറ്റുമതി നിരോധനത്തിലൂടെ വലിയ രീതിയിലുള്ള ഒരുമാറ്റം കൊണ്ടുവരാന്‍ സാധിക്കില്ല. മൊത്തവിലയെ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ കഴിഞ്ഞ എട്ട് വര്‍ഷം ഇന്ത്യയിലുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. വന്നും പോയും ഇരിക്കുന്ന മഴയാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഗോഡൗണുകളില്‍ സ്റ്റോക്കുള്ളയിടത്തു നിന്ന് ഇല്ലാത്തയിടത്തേയ്ക്ക് എത്തിക്കാന്‍ കനത്ത മഴ കാരണം കഴിയുന്നില്ല.

ഉള്ളി മോഷണവും വ്യാപകം

ഉള്ളി വില കുതിച്ചുയര്‍ന്നതോടെ വില വര്‍ധനവ് ഒരവസരമായി കാണുകയാണ് ഒരുപറ്റം ആളുകള്‍. അതിനാല്‍ തന്നെ സ്വര്‍ണവും മറ്റ് അമൂല്യവസ്തുക്കളും ഉപേക്ഷിച്ച് ഇപ്പോള്‍ ഉള്ളി മോഷണത്തിലാണ് കള്ള•ാരുടെ ശ്രദ്ധ. കഴിഞ്ഞ ദിവസം ബീഹാറിലെ വെയര്‍ഹൗസില്‍ നിന്ന് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന ഉള്ളിയാണ് മോഷണം പോയത്. സമാനമായ സംഭവം മഹാരാഷ്ട്രയിലെ നാസിക്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നാസികിലെ കര്‍ഷകനായ രാഹുല്‍ ബാദിറാവു പഗറാണ് സവാള മോഷണം പോയതായി ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.നാസിക്കിലെ തന്നെ കല്‍വന്‍ തലുകയിലെ സംഭരണശാലയില്‍ 117 പ്ലാസ്റ്റിക് കൊട്ടകളിലായി സൂക്ഷിച്ചിരുന്ന 25 ടണ്‍ സവാളയും മോഷണം പോയി.ഉള്ളിയുടെ വില ഉയരുന്നത് രാഷ്ട്രീയമായി വലിയ ചലനങ്ങള്‍ക്ക് കാരണമായേക്കാം.പൂഴ്ത്തിവയ്പ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും ഉള്ളിയുടെ വില വര്‍ധനവ് മികച്ച അവസരമാണ്.ഉള്ളിയുടെ വില വര്‍ധനവ് ഉള്ളി ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്.

കേരളത്തിലാണെങ്കില്‍ വില വര്‍ധിച്ചതോടെ പല പച്ചക്കറി കടക്കാരും സവാള, ഉള്ളി തുടങ്ങിയവ വില്‍പനയ്ക്കായി എടുക്കേണ്ട എന്ന തീരുമാനത്തിലാണ്. ഇത്ര വില നല്‍കി വാങ്ങാന്‍ ആളെ കിട്ടുന്നില്ല എന്നതാണ് കാരണം. ജനുവരി പകുതിയാവാതെ സവാള വില കുറയില്ല എന്ന് തന്നെയാണ് കച്ചവടക്കാരുടെ സാക്ഷ്യം. അതിനാല്‍ പച്ചക്കറികടകളിലെ വരുമാനത്തെയും വിലവര്‍ധന സാരമായി ബാധിച്ചിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉള്ളി വര്‍ഗങ്ങള്‍ക്ക് ഓഫറുകള്‍ ഒന്നുമില്ല എന്നതാണ് മറ്റൊരു കാര്യം.

എന്നാല്‍ വര്‍ധിച്ചു വരുന്ന ഉള്ളി വിലയില്‍ നിന്നും ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍ മാത്രമാണെന്നും കര്‍ഷകര്‍ക്ക് കിലോക്ക് 8 മുതല്‍ 15 രൂപവരെ മാത്രമേ ലഭിക്കുന്നുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട് . വില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ മികച്ച തീരുമാനങ്ങള്‍ കൈകൊള്ളാത്തതില്‍ പ്രതിഷേധിച്ച് വ്യത്യസ്തമായ പ്രതിഷേധ മാര്‍ഗങ്ങളാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചിരിക്കുന്നത്.ഉള്ളി വില കുറയാനായി പ്രാര്‍ത്ഥന നടത്തിയാണ് ബിഹാറിലെ മുസാഫര്‍പുരിലുള്ളവര്‍ പ്രതിഷേധിച്ചത്.പച്ചക്കറികള്‍ നിരത്തി അതിനു മുകളില്‍ പൂമാല ചാര്‍ത്തിയും ആരാധന നടത്തിയും ഇവര്‍ പ്രതിഷേധം അറിയിച്ചു.

ഭാവി വിപണി ലക്ഷ്യമിട്ട് ഉണക്കിയ സവാള

ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകുന്നു എന്നാണല്ലോ. ഉള്ളിയുടെയും സവാളയുടെയും വിലവര്‍ധവ് അവസരമായിക്കണ്ട് സംസ്‌കരിച്ച സവാള വിപണിയിലെത്തിക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുമുള്ള ചില സംരംഭകര്‍. അരിഞ്ഞ് ഡ്രയറില്‍ ഉണക്കിയെടുത്ത സവാള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗത്തിലുണ്ടായിരുന്നുവെങ്കിലും കേരളത്തില്‍ ഇതിന് വിപണിയുണ്ടായിരുന്നില്ല. എന്നാല്‍ അപലയിടത്തും സവാള കിട്ടാനില്ലാത്ത സാഹചര്യം വന്നതോടെ കേരളയീരും ഈ ഉല്‍പ്പന്നത്തെ സ്വീകരിച്ചു. സവാളവില കിലോഗ്രാമിന് 160 രൂപ കടനനത്തോടെയാണ് മഹാരാഷ്ട്രയില്‍ നിന്നും എത്തുന്ന ഈ ഉല്‍പ്പനനത്തെ സ്വീകരിക്കാന്‍ മലയാളികള്‍ തയ്യറായത്. സംസ്‌കരിച്ച സവാള വില കിലോഗ്രാമിന് 170 രൂപയാണ്. എന്നാല്‍ അരിയുകയും മറ്റും വേണ്ടെന്ന ഗുണമുണ്ട്. മാത്രമല്ല, വെള്ളത്തിലിട്ടു മൂന്നു മണിക്കൂര്‍ കുതിര്‍ന്നുകഴിയുമ്പോള്‍ മൂന്നു കിലോഗ്രാം പച്ചസവാളയുടെ അളവില്‍ ഇത് വലുതാകും.

അതിനാല്‍ ലാഭകരമാണ് ഈ ഉല്‍പ്പന്നമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നും വരുന്നതായതിനാല്‍ സ്റ്റോക്കിന്റെ പരിമിതി ഒരു വിഷയമാണ്. എന്നാല്‍ സുലഭമായി സവാള ലഭ്യമാകുന്ന അവസരത്തില്‍ വിപണി പിടിക്കാന്‍ സാധ്യതയില്ല എന്നതിനാല്‍ പരമാവധി മാര്‍ക്കറ്റിംഗിനുള്ള അവസരമായി ഇതിനെ കാണുകയാണ് ഉല്‍പ്പാദകര്‍.വെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുന്ന ഈ സവാള വെള്ളം വാര്‍ന്നശേഷം സാധാരണ സവാള പോലെ തന്നെ ഉപയോഗിക്കാം.

വീട്ടുവളപ്പില്‍ ഒരു സവാളത്തോട്ടം

ഉള്ളി വര്‍ഗങ്ങള്‍ക്ക് വില വര്‍ധിച്ചതോടെ, മൂന്നു മാസം മാത്രം ഉല്‍പ്പാദന കാലയളവുള്ള ഈ വിഭവങ്ങള്‍ സ്വന്തം വീട്ടുവളപ്പില്‍ തന്നെ നട്ടുണ്ടാക്കാനുള്ള ശ്രമത്തിലാണ് മലയാളികള്‍. കേരളത്തിലെ കാലാവസ്ഥയില്‍ ഉള്ളിയും സവാളയും വളരില്ല എന്ന് പറഞ്ഞ കര്‍ഷകര്‍ പോലും മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

നവംബര്‍ മുതല്‍ നാലു മാസത്തോളമുല്ല കാലത്ത് കേരളത്തിലെ കാലാവസ്ഥയിലും സവാളകൃഷി നടത്താവുന്നതാണ്. സവാളയുടെ വിത്ത് പാകി പറിച്ചു നടുന്നതാണ് മികച്ച കൃഷി രീതി. ഉത്തരേന്ത്യക്ക് യോജിച്ച ‘അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്’ എന്ന ഇനമാണ് കേരളത്തിന് ചേരുന്നത്. കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളിലും ഇതിന്റെ വിത്തുകള്‍ ലഭ്യമാണ്.

നനവുള്ള മണ്ണില്‍ വിത്ത് പാകി 10 സെന്റീ മീറ്റര്‍ ഉയരമാകുമ്പോഴേക്കും തൈകള്‍ പറിച്ചു നടണം.ആവശ്യത്തിന് വെള്ളം ,ഈര്‍പ്പം, സൂര്യപ്രകാശം എന്നിവ ആവശ്യമാണ്. രാസവളങ്ങള്‍ ഒന്നും ആവശ്യമില്ല. പകരം ചാണകപ്പൊടി, കോഴിക്കാഷ്ഠം, മണ്ണിരക്കമ്പോസ്റ്റ് എന്നിവ പ്രയോഗിക്കാവുന്നതാണ്. ഇത് ലഭ്യമല്ലെങ്കില്‍ മഗ്‌നീഷ്യം, ബോറോണ്‍, സള്‍ഫര്‍ തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയ സൂക്ഷ്മവളക്കൂട്ടുകള്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. ഒന്ന് മുതല്‍ ഒന്നര അടി വരെ അകാലത്തില്‍ വേണം സവാള നടാന്‍.മണ്ണ് ലഭ്യമല്ലെങ്കില്‍ ഗ്രോ ബാഗുകളില്‍ ടെറസിലോ അടുക്കളമുറ്റത്തോ ഇത് നടാവുന്നതാണ്.ചട്ടികളിലും ബാഗുകളിലും നടുമ്പോള്‍ അതില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം.സാധാരണ ഗ്രോ ബാഗില്‍ രണ്ടു മൂന്ന് തൈകള്‍ വരെ നടാം.തൈകള്‍ നട്ട് മൂന്നര നാലു മാസം പ്രായമാകുമ്പോള്‍ വിളവെടുക്കാം. നിലവില്‍ ഇടുക്കി, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് സവാള കൃഷി ആരംഭിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top