Education

മെഡിക്കല്‍ ബിരുദധാരികള്‍ക്ക് സ്വപ്നച്ചിറകേകി യുണീക്ക് മെന്റേഴ്‌സ്

കൊച്ചി മുതല്‍ കശ്മീര്‍ വരെയുള്ള മെഡിക്കല്‍ പ്രൊഫഷണലുകളെ ഈ കടമ്പ കടക്കാന്‍ സഹായിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണീക്ക് മെന്റേഴ്‌സ്

വിദേശത്ത് ജോലി നേടാന്‍ ആഗ്രഹിക്കുന്ന മെഡിക്കല്‍ ബിരുദധാരികള്‍ക്ക് മുന്നിലെ ബാലികേറാമലയാണ് ലൈസന്‍സ് ക്ലിയറിംഗ് പരീക്ഷകള്‍. കൊച്ചി മുതല്‍ കശ്മീര്‍ വരെയുള്ള മെഡിക്കല്‍ പ്രൊഫഷണലുകളെ ഈ കടമ്പ കടക്കാന്‍ സഹായിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണീക്ക് മെന്റേഴ്‌സ്. ദീപ സെയ്‌റ, പ്രവീണ പ്രതാപചന്ദ്രന്‍ എന്നീ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം യുഎഇ, കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷകള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

Advertisement

ജീവിതത്തില്‍ എന്നും പുതിയ ചലഞ്ചുകള്‍ ഏറ്റെടുക്കാന്‍ താല്പര്യമുള്ള രണ്ടു വ്യക്തികള്‍ അധ്യാപന ജീവിതത്തിനിടയില്‍ കണ്ടുമുട്ടി സുഹൃത്തുക്കളാകുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് തുടക്കം കുറിച്ച ആ സൗഹൃദം പിന്നീട് സംരംഭകത്വത്തിലേക്ക് വഴിമാറുന്നു. സ്വന്തമായൊരു ബിസിനസ് എന്ന ചിന്ത സ്വപ്നത്തില്‍ പോലും ഉണ്ടാകാതിരുന്ന ഇരുവരും അവസരങ്ങളെ കൈമുതലാക്കി മുന്നോട്ട് പോയപ്പോള്‍, ചരിത്രം അവര്‍ക്കായി വഴിമാറി. സ്വന്തം കരിയര്‍ കരുപ്പിടിപ്പിക്കുന്നതിനൊപ്പം ഒരു പറ്റം മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ മികച്ച കരിയര്‍ നേടിയെടുക്കുന്നതിനുള്ള വഴിയൊരുക്കിക്കൊണ്ട് കൊച്ചി ആസ്ഥാനമായി തുടക്കം കുറിച്ച യുണീക്ക് മെന്റേഴ്‌സ് എന്ന സ്ഥാപനം ദീപ സെയ്റ, പ്രവീണ പ്രതാപചന്ദ്രന്‍ എന്നീ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ലൈസന്‍സിംഗ് രംഗത്തെ മുന്‍നിര പരിശീലന കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. പ്രചോദനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും വിളിച്ചോതുന്നതാണ് യുണീക്ക് മെന്റേഴ്സിന്റെ കഥ.

അവിചാരിതമായ രാജിയില്‍ നിന്നും തുടക്കം

ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദമുള്ള ദീപ സെയ്റ കൊച്ചി, ഇരുമ്പനത്തുള്ള മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കി വരവെയാണ്, രണ്ടാമത്തെ കുഞ്ഞു ജനിക്കുന്നത്. ജോലിയും കുഞ്ഞിന്റെ പരിപാലനവും ഒന്നിച്ചുകൊണ്ടുപോകാന്‍ പറ്റാത്ത ഒരവസ്ഥ വന്നപ്പോള്‍ ജോലിയില്‍ നിന്നും രാജി വച്ചു. എന്നാല്‍ ഏറെ ആഗ്രഹിച്ച് തെരെഞ്ഞെടുത്ത ജോലിയായ അധ്യാപനത്തില്‍ നിന്നും പെട്ടന്ന് മാറി നില്‍ക്കേണ്ടി വന്നത് ദീപയെ ഏറെ അസ്വസ്ഥയാക്കി. അധികം കാത്തിരിക്കാതെ തന്നെ അധ്യാപനത്തിന്റെ മറ്റൊരു അവസരം ദീപയെത്തേടിയെത്തി. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വിദേശ ജോലി ലഭിക്കുന്നതിനായി ലൈസന്‍സിംഗ് പരീക്ഷകള്‍ നടത്തുന്ന ഒരു സ്ഥാപനത്തില്‍ നിന്നുമായിരുന്നു അവിചാരിതമായ ആ കോള്‍ എത്തിയത്. ലൈസന്‍സിംഗ് പരീക്ഷകളെപ്പറ്റി കേട്ട് പരിചയം പോലുമില്ലാതിരുന്ന ദീപ, അധ്യാപനത്തോടുള്ള ഇഷ്ടം കൊണ്ട് ആ ജോലി തെരെഞ്ഞെടുത്തു.

”വിദേശത്ത് ജോലി ലഭിക്കണമെങ്കില്‍ അതാത് രാജ്യങ്ങളുടെ മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷയില്‍ വിജയിക്കണം എന്നത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. എന്നാല്‍ ആ അറിവില്ലായ്മ എന്റെ ജോലിയെ ബാധിക്കില്ലായിരുന്നു. കാരണം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായുള്ള സിലബസ് പഠിപ്പിക്കുക എന്നതാ
യിരുന്നു എന്റെ ദൗത്യം. എന്നാല്‍ ആ ജോലി എന്നെ സംബന്ധിച്ച് പുതിയ പല അറിവുകളും സമ്മാനിക്കുന്ന ഒന്നായിരുന്നു. ഫിസിയോതെറാപ്പി, ഡെന്‍ഡിസ്ട്രി, ജനറല്‍ മെഡിസിന്‍, മൈക്രോ ബയോളജി തുടങ്ങി വിവിധ വിഷയങ്ങളില്‍ നടക്കുന്ന ലൈസന്‍സിംഗ് എക്സാമിനേഷനുകള്‍, അവയുടെ പ്രോസസ്സിംഗ് എന്നിവയെപ്പറ്റി വിശദമായി പഠിച്ചു. അവിടെ വച്ചാണ് ഞാന്‍ മൈക്രോബയോളജി ഫാക്കല്‍റ്റി ആയിരുന്ന പ്രവീണയെ പരിചയപ്പെടുന്നത്” യുണീക്ക് മെന്റേഴ്‌സ് മാനേജിംഗ് പാര്‍ട്ട്ണറും ഫാക്കല്‍റ്റിയുമായ ദീപ സെയ്റ പറയുന്നു.

അഗാപ്പെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്ടിട്യൂട്ടില്‍ നിന്നും രാജി വച്ച ശേഷമായിരുന്നു പ്രവീണ മൈക്രോബയോളജി അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. അധ്യാപനത്തിനിടയില്‍ ദീപയും പ്രവീണയും തമ്മിലെ സൗഹൃദം വളര്‍ന്നു. സ്ഥാപനത്തിനുള്ളിലെ ചില ക്രമക്കേടുകളോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നതോടെ സുഹൃത്തുക്കള്‍ ഇരുവരും രാജി വയ്ക്കാന്‍ തന്നെ തീരുമാനിച്ചു. പകരം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമായി, സമാനമായ രീതിയില്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ ലൈസന്‍സിംഗ് പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന ഒരു സ്ഥാപനം തുടങ്ങാം എന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിച്ചു. എന്നാല്‍ അധ്യാപനത്തിനപ്പുറം ലൈസന്‍സിംഗ് പരീക്ഷാ പ്രോസസ് ആയ ഡാറ്റാ ഫ്‌ളോ, ക്രെഡന്‍ഷ്യല്‍സ് എന്നിവ എങ്ങനെ ചെയ്യണമെന്ന കാര്യത്തില്‍ ഇരുവര്‍ക്കും ധാരണയുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ പരിചയസമ്പത്തുള്ള ഒരാള്‍ കൂടെ ചേരുകയും പിന്നീട് പുറത്ത് പോകുകയും ചെയ്തു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ അക്കാദമിക് രംഗത്തും ഡാറ്റ ഫ്‌ളോ പ്രോസസിംഗ് രംഗത്തും ഈ സംരംഭക സുഹൃത്തുക്കള്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞിരുന്നു.

2015 ല്‍ രണ്ട് വിദ്യാര്‍ത്ഥികളുമായി തുടക്കം

2015 ജനുവരി 5 ന് എറണാകുളം സൗത്തിലുള്ള വാരിയം റോഡില്‍ യുണീക്ക് മെന്റേഴ്‌സ് എന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ദീപയ്ക്കും പ്രവീണയ്ക്കും ഓരോ വിദ്യാര്‍ത്ഥി വീതമാണ് പരിശീലനത്തിനായി ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണം നോക്കിയല്ല, മറിച്ച് തങ്ങളുടെ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള യാത്രയും അധ്യാപനത്തോടുള്ള പാഷനും മുന്‍നിര്‍ത്തി ഇരുവരും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ചിട്ടയായി തയ്യാറാക്കി സിലബസ് പ്രകാരമുള്ള പഠനം, മോക്ക് പരീക്ഷകള്‍, ചോദ്യോത്തര ബാങ്ക് എന്നിവ മുന്‍നിര്‍ത്തി നടത്തിയ പരിശീലനത്തിനൊടുവില്‍ വിദേശ ജോലിക്കായുള്ള മെഡിക്കല്‍ ലൈസന്‍സ് നേടാന്‍ ആദ്യ
ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു.”പല മെഡിക്കല്‍ ബിരുദധാരികളും വിദേശ ജോലി ആഗ്രഹിക്കുന്നുണ്ട്്, എങ്കിലും മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷകളെപ്പറ്റി അറിവില്ല. യുഎഇ യില്‍ തന്നെ ഓരോ ഇമിറേറ്റിലും ഓരോ മെഡിക്കല്‍ ലൈസന്‍സിംഗ് ബോര്‍ഡുകളാണുള്ളത്. ഉദാഹരണമായി പറഞ്ഞാല്‍, ഇന്ത്യയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ പ്രൊഫഷനലിന് ദുബായില്‍ ജോലി ലഭിക്കണമെങ്കില്‍ ദുബായ് ഹെല്‍ത്ത് അഥോറിറ്റിയുടെ (DHA) പരീക്ഷ വിജയിക്കണം. അബുദാബിയില്‍ ഹെല്‍ത്ത് അഥോറിറ്റി അബുദാബി (HAAD), യുഎഇയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് (MOH), സൗദിയില്‍ സൗദി ലൈസന്‍സിംഗ് എക്‌സാം (SLE) തുടങ്ങി വിവിധങ്ങളായ പരീക്ഷകളാണുള്ളത്. ഇവയുടെ സിലബസും പരിശീലനവും വ്യത്യസ്തമാണ്. ഈ മേഖലകളില്‍ കൃത്യത കൈവരിക്കുക എന്നതാണ് ഞങ്ങള്‍ ആദ്യം ചെയ്തത്” യുണീക്ക് മെന്റേഴ്‌സ് മാനേജിംഗ് ഡയറക്റ്ററും ഫാക്കല്‍റ്റിയുമായ പ്രവീണ പ്രതാപചന്ദ്രന്‍ പറയുന്നു.

കൊച്ചി മുതല്‍ കശ്മീര്‍ വരെ

വിദ്യാര്‍ത്ഥികള്‍ആദ്യ ബാച്ചില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ലൈസന്‍സിംഗ് പരീക്ഷയില്‍ വിജയം നേടിയതിനെ തുടര്‍ന്ന് ഡെന്‍ഡിസ്ട്രി വിഭാഗത്തില്‍ പരിശീലനം നേടുന്നതിനായി കശ്മീരില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയുടെ അന്വേഷണം സ്ഥാപനത്തെത്തേടിയെത്തി. അതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, നോര്‍ത്ത് ഇന്ത്യയില്‍ ഇത്തരത്തില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ് എന്നറിയുന്നത്. അത് വരെ മാര്‍ക്കറ്റിംഗിനെപ്പറ്റി ചിന്തിക്കാതിരുന്ന ദീപയും പ്രവീണയും ഇതൊരു അവസരമായി കണ്ടു. മാര്‍ക്കറ്റിംഗ് ചെയ്യാനായി ഒരു വ്യക്തിയെ നിയോഗിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളിലെ അലുമിനി ലിസ്റ്റ് എടുത്ത് അതില്‍ നിന്നും തല്പരരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തിക്കൊണ്ടായിരുന്നു പിന്നീടുള്ള വളര്‍ച്ച. ഫിസിയോതെറാപ്പി, മൈക്രോബയോളജി തുടങ്ങി രണ്ട് വിഷയങ്ങളില്‍ മാത്രം പരിശീലനം നല്‍കിക്കൊണ്ട് തുടക്കം കുറിച്ച യുണീക്ക് മെന്റേഴ്‌സ് പിന്നീട്, ഡെന്‍ഡിസ്ട്രി, ജനറല്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോപ്പതി, ഫാര്‍മസി, ലാബ്ടെക്നീഷ്യന്‍, നഴ്സിംഗ് തുടങ്ങി വ്യത്യസ്തങ്ങളായ പല വിഷയങ്ങളിലും പരിശീലനം നല്‍കുന്ന തലത്തിലേക്ക് വളര്‍ന്നു. പാര്‍ട്ട്‌ടൈം അധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ മുഴുവന്‍ സമയ ഫാക്കല്‍റ്റികളായി നിയമിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

എന്തുകൊണ്ട യുണീക്ക് മെന്റേഴ്‌സ് ?

മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത കൈയിലുണ്ടായിട്ടും മികച്ച ജോലി ലഭിക്കുന്നില്ല, ഇനി ജോലി ലഭിച്ചാല്‍ തന്നെ അര്‍ഹിക്കുന്ന വേതനം ലഭിക്കുന്നില്ല ഇങ്ങനെ പരിതപിക്കുന്നവര്‍ക്ക് മുന്നിലെ മികച്ച അവസരമാണ് വിദേശത്ത് ലഭിക്കുന്ന ജോലി. ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് യുഎഇ, യുകെ, യുഎസ്, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ വലിയ അവസരമാണുള്ളത്. ഇന്ത്യയില്‍ ലഭിക്കുന്നതിന്റെ നാലോ അഞ്ചോ ഇരട്ടി മാസ വേതനമാണ് ഈ രാജ്യങ്ങളില്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മറ്റേത് രംഗത്തെയും പോലെ എളുപ്പത്തില്‍ ഈ രാജ്യങ്ങളില്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ജോലി നേടാനാകില്ല. അതിന് അതാത് രാജ്യങ്ങളിലെ മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷകള്‍ വിജയിക്കണം. ഡിഗ്രിക്കും, പിജിക്കും പഠിച്ച മുഴുവന്‍ കാര്യങ്ങളും ഈ അവസരത്തില്‍ വീണ്ടും പഠിക്കേണ്ടതായി വരുന്നു. ഇത് സിസ്റ്റമാറ്റിക് ആയി പഠിപ്പിക്കുവാന്‍ ഈ രംഗത്ത് വൈദഗ്ധ്യമുള്ള വ്യക്തികള്‍ക്കേ സാധിക്കൂ. മാത്രമല്ല, പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്ന ഡാറ്റ ഫ്‌ളോ, ക്രെഡന്‍ഷ്യല്‍സ് തുടങ്ങിയ നടപടികള്‍ വ്യക്തിഗതമായി ചെയ്യാന്‍ കഴിയുന്നവയല്ല. ഈ അവസരത്തിലാണ് യുണീക്ക് മെന്റേഴ്‌സ് പോലൊരു സ്ഥാപനത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. കൃത്യമായ പരിശീലനം, മോക്ക് പരീക്ഷകള്‍, വിദ്യാര്‍ത്ഥികളെ പഠനത്തിനായി സഹായിക്കുന്ന പ്രത്യേകം സജ്ജീകരിച്ച സോഫ്റ്റ്വെയറുകള്‍, കൃത്യമായി ഫോളോ അപ്പ് ചെയ്ത് പഠനത്തെ വിലയിരുത്തുന്ന അധ്യാപകര്‍ എന്നീ ഘടകങ്ങള്‍ യുണീക്ക് മെന്റേഴ്സിന്റെ പ്രത്യേകതയാണ്. ഇപ്പോള്‍ മുഴുവന്‍ സമയം പ്രവര്‍ത്തന നിരതരായിരിക്കുന്ന മെഡിക്കല്‍ പ്രൊഫഷനലുകളാണ് സ്ഥാപനത്തില്‍ പരിശീലനത്തിനായി എത്തുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്‍പ്പെടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ഹോസ്റ്റല്‍ സൗകര്യവും പഠന സൗകര്യവും യുണീക്ക് മെന്റേഴ്‌സ് ഉറപ്പാക്കുന്നു. ഒരു മാസം മുതലുള്ള കോഴ്സുകളാണ് നിലവില്‍ സ്ഥാപനം നടത്തുന്നത്.

കൊറോണക്കാലത്ത് ഓണ്‍ലൈന്‍ ട്രെയ്‌നിംഗ്

കൊറോണക്കാലത്ത് വിദ്യാഭ്യാസ മേഖലയുള്‍പ്പെടെ എല്ലാ രംഗവും തകര്‍ന്നടിഞ്ഞപ്പോഴും യുണീക്ക് മെന്റേഴ്‌സ് പിടിച്ചു നിന്നു എന്നത് ഈ സംരംഭകരുടെ വിജയമാണ്. തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ നിന്നിരുന്ന സ്ഥാപനത്തിലെ ജീവനക്കാരെ ഇരുവരും ചേര്‍ത്തു നിര്‍ത്തി. ശമ്പളം വെട്ടിക്കുറച്ചില്ല എന്ന് മാത്രമല്ല, കൊറോണക്കാലത്ത് പുതിയ ഒരാളെ ജോലിക്കെടുക്കാനും യുണീക്ക് മെന്റേഴ്സിന് കഴിഞ്ഞു. കോഴ്സുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി. രാവിലെ അഞ്ചു മണി മുതല്‍ പരിശീലനത്തിനായി അധ്യാപകര്‍ സ്ഥാപനത്തില്‍ സജ്ജരാണ്. അതിനാല്‍ തന്നെ ഈ കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ധിച്ചു.

ഭാവി പദ്ധതികള്‍

നിലവില്‍ യുഎഇ, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ലൈസന്‍സിംഗ് പരീക്ഷകളുടെ പരിശീലനമാണ് സ്ഥാപനം നല്‍കുന്നത്. ഇതില്‍ കാനഡ, യുകെ എന്നിവടങ്ങളിലേക്കുള്ള ഡാറ്റ ഫ്‌ളോ പ്രോസസ് നിലവില്‍ ചെയ്യുന്നില്ല. വരും നാളുകളില്‍ അത് ആരംഭിക്കണം. ഒപ്പം ഭാഷ പഠനത്തിന് സഹായിക്കുന്ന കോഴ്സുകള്‍ ആരംഭിക്കണം. OET, IELTS തുടങ്ങിയ കോഴ്സുകളില്‍ പരിശീലനം താമസം കൂടാതെ തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ദീപയും പ്രവീണയും.

വിജയ രഹസ്യം

ഏത് ചലഞ്ചും ഒരുമിച്ച് ഏറ്റെടുക്കാന്‍ തയ്യാറുള്ള സൗഹൃദമാണ് ജീവിതത്തിലും ബിസിനസിലും ഇരുവരുടെ വിജയരഹസ്യം. പഠനവുമായി ബന്ധപ്പെട്ട മേഖലായതിനാല്‍ തന്നെ ഇരുവരും യുണീക്ക് മെന്റേഴ്സിനെ പൂര്‍ണ്ണമായും ഒരു ബിസിനസ് കണ്ണിലൂടെയല്ല കാണുന്നത്. എന്നാല്‍ ചിട്ടയായ മാനേജ്മെന്റ് രീതികളിലൂടെ നല്ല ഒരു തുക വരുമാനമായി സ്ഥാപനത്തിലേക്കെത്തുന്നുണ്ട്. അക്കാദമിക് വിഭാഗത്തിന്റെ പൂര്‍ണമായ ചുമതല ദീപയ്ക്കാണ്. പ്രവീണ ഫിനാന്‍സ് രംഗം ശ്രദ്ധിക്കുന്നു. ലളിതമായ രീതിയിലുള്ള തുടക്കം, കിട്ടുന്ന വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ചുള്ള വികസനം, ഇതാണ് യുണീക്ക് മെന്റേഴ്സിനെ വളര്‍ത്തിയ പ്രധാന ഘടകം. എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികള്‍, ഇന്‍ഫ്രാസ്ട്രക്ച്ചറുകള്‍ എന്നിവയെല്ലാം സ്ഥാപനം നേടിയത് ഇത്തരത്തിലാണ്. സ്ഥാപനത്തിന്റെ പേരില്‍ ആരംഭിച്ചിരിക്കുന്ന ചിട്ടികളും യുണീക്ക് മെന്റേഴ്സിന് സാമ്പത്തികമായ അടിത്തറ നല്‍കുന്നു. ഉന്നതവിദ്യാഭ്യാസമാണ് ഏതൊരു വ്യക്തിയുടെയും വിജയത്തെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമെന്ന് വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ ഇരുവരും തങ്ങളുടെ പിഎച്ച്ഡിക്ക് വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. പ്രവീണ
പിഎച്ച്ഡി തീസിസ് സമര്‍പ്പിച്ചു കഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top